UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നമ്മുടെ ജനപ്രതിനിധികള്‍ കൂടി അറിയേണ്ട കുറച്ചു മനുഷ്യരുടെ നരകജീവിതം

Avatar

ഉണ്ണികൃഷ്ണന്‍ വി

‘എന്റെ മോനാണെങ്കി എന്നും പണിയില്ല. പണിക്കു പോയാ തന്നെ കിട്ടണത് ഇരുന്നൂറോ ഇരുന്നൂറ്റമ്പതോ. അവന്റെ കുഞ്ഞിന് മാനസിക വളര്‍ച്ച പൂര്‍ണമല്ല. അതിന് ഒരു ദിവസം കൊടുക്കാനുള്ള മരുന്നിന് പോലും തികയില്ല ഈ കാശ്. ഇരുന്നയിരുപ്പില്‍ തന്നെയാണ് ആ കുഞ്ഞിന്റെ മലവും മൂത്രവുമൊക്കെ പോകുന്നത്. ഈ കുഞ്ഞിനെ നോക്കാന്‍ ഒരാളെപ്പോഴും അടുത്തുവേണം. മരുമോള് ജോലിക്കൊന്നും പോകാതെ എപ്പോഴും ഈ കൊച്ചിന്റെ അടുത്തു തന്നെയാണ്. ഇതെല്ലാം കണ്ടോണ്ട് ഒരിടത്തിരിക്കാമെന്നുമാത്രമെ എന്നെക്കൊണ്ടൊക്കൂ. ഈ കാലും വച്ച് നടക്കാന്‍ തന്നെ എനിക്കൊരാളുടെ സഹായം വേണം. സ്വന്തമായി ഇത്തിരി ഭൂമിയെങ്കിലുമുണ്ടായിരുന്നെങ്കില്‍ ഒരു ലോണെടുത്ത് എന്തെങ്കിലും ചെയ്യാരുന്നു. അതിനും വഴിയില്ല. തീര്‍ത്തും ഗതികെട്ടവരായി പോയല്ലോ ഞങ്ങള്‍.. ഇടറി നിന്ന ആ വാക്കുകളിലും അടര്‍ന്നുവീണ കണ്ണീരിലും സോമന്‍ എന്ന മനുഷ്യന്‍ ജീവിതത്തെ പറഞ്ഞൊതുക്കി.

അംഗപരിമിതരായി ജനിച്ചുപോയി എന്നതാണ് സോമന്‍ അടക്കമുള്ള കുറെയധികം മനുഷ്യര്‍ ഈ ഭൂമിയില്‍ ചെയ്ത’ തെറ്റ്’.

അംഗപരിമിതരും സമൂഹത്തിന്റെ ഭാഗമാണ്. അവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. എല്ലാ വിഭാഗക്കാര്‍ക്കും ഒരേ പരിഗണനയും നാനാത്വത്തില്‍ ഏകത്വവും പറയുന്നൊരു രാജ്യത്ത് പക്ഷെ ചിലര്‍ മാത്രം ഇപ്പോഴും ജീവിതത്തിന്റെ പുറമ്പോക്കില്‍. സാധാരണക്കാര്‍ക്ക് ഈ അവഗണനയ്‌ക്കെതിരെ എതിര്‍പ്പുയര്‍ത്താനെങ്കിലും പറ്റും; എഴുന്നേറ്റു നില്‍ക്കാന്‍ പോലും ത്രാണിയില്ലാത്തവരോ?

തിരുവനന്തപുരം കിഴക്കേകോട്ടയില്‍ നിന്നു രണ്ടു കിലോമീറ്റര്‍ മാറി ഈഞ്ചക്കലില്‍ വികലാംഗര്‍ കോളനി എന്നൊരു കോളനിയുണ്ടെന്നും അവിടെ കുറച്ചു മനുഷ്യര്‍ ഉണ്ടെന്നും നമ്മുടെ ഭരണകൂടം മറന്നുപോവുന്നതും ആ നിസ്സാഹയരുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുകളൊന്നും ഉയരില്ലായെന്ന വിശ്വാസത്തിലാകണം. 

മൂപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭിന്നശേഷിയുള്ള ഏതാനും പേര്‍ താമസം ആരംഭിച്ചതോടെയാണ് ഈ കോളനി ഭിന്നശേഷിക്കാരുടെ  കോളനി എന്നറിയപ്പെടാന്‍ തുടങ്ങിയത്. മുമ്പ് ഈഞ്ചക്കലില്‍ തന്നെ ശീലാന്തി മുക്ക് എന്ന സ്ഥലത്ത് സര്‍ക്കാര്‍ പുനരധിവസിപ്പിച്ചവരായിരുന്നു അവര്‍. വിമാനത്താവളത്തിനുവേണ്ടി 1972ല്‍ സ്ഥലമേറ്റെടുത്തപ്പോള്‍ കിടപ്പാടം തുച്ഛമായ വിലയ്ക്ക് സര്‍ക്കാരിന് തിരികെ നല്‍കേണ്ടി വന്നവര്‍. അന്നവര്‍ക്ക് നഷ്ടമായത് മഴയും വെയിലും കൊള്ളാതെ കിടക്കാനുണ്ടായിരുന്ന കൂരയാണ്. സെന്റിനു തുച്ചമായ വില നല്‍കി വസ്തു ഏറ്റെടുത്ത സര്‍ക്കാര്‍ പക്ഷെ പകരം ഭൂമി നല്‍കിയില്ല. ഭരണകൂടത്തിന്റെ കാരുണ്യം കൊണ്ട് വഴിയാധാരമായവര്‍, പുറമ്പോക്കായി കിടന്ന ഇന്നത്തെ കോളനിയില്‍ താമസം തുടങ്ങുകയായിരുന്നു.

 ഭിന്നശേഷിക്കാരെ സര്‍ക്കാര്‍ ശതമാനം ഇട്ടു തിരിച്ചിട്ടുണ്ടല്ലോ; 50 ശതമാനം ,60 ശതമാനം, 100 ശതമാനം എന്നിങ്ങനെ. ആ കൂട്ടത്തില്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്ന കുറച്ചു പേര്‍, പരസഹായമില്ലാതെ ഒന്നെഴുന്നേറ്റു നില്‍ക്കാന്‍ പോലും ആവതില്ലാത്തവര്‍; അങ്ങനെയുള്ളവരാണ് ഇന്നും ഒരു തുണ്ട് ഭൂമി സ്വന്തമായില്ലാതെ നരകിക്കുന്നത്. മരിച്ചാല്‍ അടക്കാന്‍ ആറടി മണ്ണിനുപോലും അവകാശമില്ലാത്തവര്‍. 

ആദ്യകാലത്തെ താമസക്കാരുടെ പിന്‍തലമുറക്കാരാണ് ഇപ്പോള്‍ ഇവിടെയധികവും. അവരുടെ താമസസ്ഥലത്തെ വീടെന്നൊന്നും പറയാനില്ല, ഏതുനിമിഷവും തകര്‍ന്നു വീഴാവുന്ന നാലു ചുമരും പൊളിഞ്ഞൊരു മേല്‍ക്കൂരയും.

മഴക്കാലമാണ് ഇവര്‍ക്ക് ഏറ്റവുമധികം ദുരിതം വിതയ്ക്കുന്നത്. മാലിന്യസംസ്‌കരണകരണ കേന്ദ്രത്തിന്റെ അരികിലാണെന്നതാണ് സ്ഥിതി കൂടുതല്‍ ദയനീയമാക്കുന്നത്. നഗരസഭയുടെ ഓടകള്‍ക്കു മുകളിലാണ് കോളനിക്കാരുടെ കൂരകള്‍ നില്‍ക്കുന്നത് തന്നെ. മഴയില്‍ ജലനിരപ്പുയരുമ്പോള്‍ മാലിന്യങ്ങള്‍ ഈ കൂരകള്‍ക്കുള്ളില്‍ നിറയും. ഇതിന്റെ തുടര്‍ച്ചയായി രോഗങ്ങള്‍ പടരും. ചോര്‍ന്നൊലിക്കുന്ന കൂരകള്‍ക്കുള്ളില്‍ മാലിന്യങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും നടുവില്‍ കഴിയേണ്ടിവരികയാണ് കുട്ടികളടക്കമുള്ള ഈ പാവങ്ങള്‍; ആരോടു തങ്ങളുടെ ദുരിതങ്ങള്‍ പറയുമെന്നറിയാതെ. തിരക്കേറിയ റോഡിനോട് ചേര്‍ന്നാണ് ഈ കോളനിയെന്നത് ഇതൊരു അപകട മേഖലകൂടിയാക്കുന്നു. വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്ന കുട്ടികള്‍ ഇവിടെ സ്ഥിരം കാഴ്ച്ചയായി മാറുന്നു.

‘എല്ലാ ഇലക്ഷനും മുടങ്ങാതെ പാര്‍ട്ടിക്കാരെത്തുന്നുണ്ട്, വോട്ടുകിട്ടാനായി ഒരുപാട് വാഗ്ദാനങ്ങളും തരും. ഈ വാഗ്ദാനങ്ങളല്ലാതെ മറ്റൊന്നും ഇതുവരെ തന്നിട്ടില്ലെന്നുമാത്രം’; കോളനിവാസിയായ മനോജ് പറയുന്നു. രാഷ്ടീയക്കാരുടെ ഈ നാടകം കണ്ടു മടുത്ത ഞങ്ങള്‍ കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ സമയത്ത് വോട്ടു ചെയ്യണ്ടാ എന്ന് തീരുമാനിച്ചു. കുറച്ചു ടീവിക്കാര്‍ വന്നു ഞങ്ങളുടെ പ്രതിഷേധം എടുത്തോണ്ടു പോയി. അതുകണ്ട് മുഖ്യമന്ത്രി പറഞ്ഞിട്ട് ആരോഗ്യമന്ത്രി ശിവകുമാര്‍ ഇവിടെ വന്നിട്ടുണ്ടായിരുന്നു. മന്ത്രി വന്നു ഞങ്ങളോട് ചോദിച്ചത് ‘നിങ്ങള്‍ക്കിടവിടെ ഒരു പ്രശ്‌നവുമില്ലലോ, ഇത്രയൊക്കെ സൗകര്യങ്ങളുണ്ടല്ലോ. പിന്നെയെന്താ?’ എന്നാണ്. അങ്ങനെ ചോദിക്കുന്നൊരാളോട് ഞങ്ങളെന്തു പറയാന്‍. അത് കഴിഞ്ഞിട്ട് നടത്തിയ സര്‍വേയും മറ്റും കഴിഞ്ഞപ്പോള്‍ 300 വീടുകള്‍ അവിടെ ഉണ്ടെന്നും അത്രയും പേര്‍ക്കും കൂടി ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും റിപ്പോര്‍ട്ട് വന്നു. അതിനു ശേഷം ഞങ്ങള്‍ ആരെയും കാണാന്‍ പോയിട്ടില്ല‘- നിരാശയും പ്രതിഷേധവും നിറഞ്ഞ വാക്കുകളോട് മനോജ് തങ്ങളുടെ വിധിയെ സ്വയം ശപിച്ചു.

വിഎച്ച്എസ്‌സി കഴിഞ്ഞ മനോജ് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഒരു ജോലിക്കായി കാത്തിരുന്നത് വര്‍ഷങ്ങളാണ്. ‘ഭിന്നശേഷിക്കാര്‍ക്ക്‌സംവരണമുണ്ടല്ലോ എന്ന പ്രതീക്ഷയായിരുന്നു. ഇപ്പോള്‍ എനിക്കു വയസ്സ് 33 ആയി. ആദ്യമൊക്കെ പ്രതീക്ഷയുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും ഒന്നും നടന്നില്ല. ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന് മനസ്സിലായപ്പോള്‍ കടം വാങ്ങിയും പണയം വച്ചുമൊക്കെ ഞാനൊരു സൈക്കിള്‍ റിപ്പയറിംഗ് ഷോപ്പ് തുടങ്ങി. ഇപ്പോള്‍ സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ കുറവാണെങ്കിലും കഞ്ഞികുടി മുട്ടാറില്ല. അതാണൊരാശ്വാസം. സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ എന്നെങ്കിലും നടപ്പാകുമെന്ന് കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല. ജോലിയുണ്ടെങ്കില്‍ കാശുണ്ട്. ആരുടേം കാലു പിടിക്കണ്ടല്ലോ. ലോണ്‍ എടുക്കണമെങ്കില്‍ മിനിമം ഒരു സെന്റ് ഭൂമിയുടെ ഈടെങ്കിലും കൊടുക്കണം. അതുപോലുമില്ലാത്ത ഞങ്ങള്‍ എന്തു ചെയ്യും? എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡും ആധാറുമൊക്കെയുണ്ട്. എന്നാലും കാര്യമില്ലല്ലോ. ഈ സാധനങ്ങള്‍ കൊണ്ട് ചെന്നാല്‍ ആരേലും ലോണ്‍ തരുമോ. സ്‌കീമുകള്‍ പലതുണ്ടെങ്കിലും അതൊക്കെ പേരിനു മാത്രം– മനോജ് പറഞ്ഞു.

വിധിവൈപര്യത്താല്‍ ജീവിതം മുടന്തിപ്പോയവര്‍ മനോജിനെപോലെ വേറെയുമുണ്ട് കോളനിയില്‍. അതിലൊരാളാണ് 80 വയസ്സുകാരനായ ശിവന്‍. കോളനിയിലെ ആദ്യകാല അന്തേവാസികളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ചുരുക്കം ചിലരിലൊരാള്‍.

ഈയിടെ ഒരാള്‍ തന്നതാണിത്, ഒരു മുച്ചക്ര സൈക്കിള്‍ ചൂണ്ടിക്കാട്ടി ശിവന്‍ പറഞ്ഞു തുടങ്ങി. ‘ഇതിലാണെന്റെ അധ്വാനം മുഴുവന്‍. കടം വാങ്ങിയ കാശു കൊണ്ട് ലോട്ടറി വാങ്ങി വിറ്റാലെ വല്ലതും കഴിക്കാന്‍ പറ്റൂ. രാവിലെ ഒന്നര കിലോമീറ്റര്‍ അപ്പുറത്തുള്ള കിഴക്കെ പാലം വരെ ഭാര്യ കൊണ്ടുവന്നാക്കും. ആരോഗ്യമില്ലെങ്കിലും അവള്‍ ആ പാലം കടക്കുന്ന വരെ വണ്ടി തള്ളും. പിന്നെ ഉള്ള ആരോഗ്യം വച്ച് ഞാനിതുമുരുട്ടി നടക്കും. കൈയ്യിലിരിക്കുന്ന ലോട്ടറി തീര്‍ക്കേണ്ടേ. പഷേ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ലോട്ടറി നികുതി കൂട്ടിയതോടെ ഉള്ള ലാഭവും പോയി. നമ്മടെ കഞ്ഞിയില്‍ അവരും മണ്ണു വാരിയിട്ടു.

ഇതുവരെ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് അര സെന്ററ് ഭൂമി പോലും തന്നിട്ടില്ല. ഞങ്ങള്‍ ഇവിടെ താമസിക്കുന്നുവെന്നേ ഉള്ളു. ഈ മണ്ണില്‍ ഞങ്ങള്‍ക്കൊരവകാശവുമില്ല. ഇടയ്ക്കു ഫ്‌ളാറ്റ് കെട്ടിത്തരാം എന്നും പറഞ്ഞു കൊണ്ട് ഒരാള്‍ വന്നിരുന്നു. പിന്നെ ആരേം കണ്ടില്ല’ -ശിവന്‍ തന്റെ വിഷമങ്ങള്‍ ആരോടെന്നില്ലാതെ പറഞ്ഞു.

മാസാമാസം കിട്ടാറുണ്ടായിരുന്ന പെന്‍ഷന്‍ പോലും ഈ പാവങ്ങള്‍ക്ക് മുടങ്ങിയിരിക്കുന്നു. ആറു മാസമായിട്ട് പെന്‍ഷന്‍ കിട്ടുന്നില്ല. ജോലിക്കു പോകാന്‍ കഴിയാത്തവര്‍ക്ക് അതൊരു പിടിവള്ളിയായിരുന്നു. അതാണിപ്പോള്‍ ഇല്ലാതായിരിക്കുന്നത്.

കോളനിയിലെ ചെറുപ്പക്കാരില്‍ ഭൂരിഭാഗവും നിര്‍മാണ തൊഴിലാളികളാണ്. പക്ഷെ അതൊരു സ്ഥിരം തൊഴിലെന്നു പറയാന്‍ പറ്റില്ല, ഉള്ളപ്പോള്‍ ഉണ്ട്, അത്രമാത്രം. എല്ലാ കുടുംബങ്ങളും തന്നെ അര്‍ദ്ധ പട്ടിണിയിലാണ്. ഒരു മുറിക്കുള്ളില്‍ തിങ്ങി ഞെരുങ്ങി കഴിയുന്നത് രണ്ടും മൂന്നും കുടുംബങ്ങളാണ് .അവരില്‍ നല്ലൊരു ശതമാനവും രോഗികളും. രോഗികളുടെ ചികിത്സാ ചിലവിനു തന്നെ നല്ലൊരു തുകവേണം.

ആരോടാണ് ഞങ്ങളുടെ ദുരിതങ്ങള്‍ ഇനി പറയേണ്ടത്- കോളനിവാസിയായ സോമന്‍ ചോദിക്കുന്നു.

‘ഒട്ടും സ്വാധീനമില്ലാത്ത ഇടത്തേ കാലും വച്ച് ഏന്തിയേന്തി ഞാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ മിച്ചഭൂമിക്ക് അപേക്ഷ കൊടുക്കാന്‍ പോയി. ഉമ്മന്‍ ചാണ്ടി സാര്‍ അന്ന് അതിന് നടപടികള്‍ എടുക്കാമെന്ന് പറഞ്ഞതാണ്. പക്ഷേ പിന്നെ നോക്കിയപ്പോള്‍ സ്വാഹ, എനിക്ക് മിച്ച ഭൂമിക്കു യോഗ്യത ഇല്ലത്രെ!

ചുറ്റുപാടുമുള്ള സ്ഥലങ്ങളില്‍ നല്ലൊരു ഭാഗം സിബിഐക്കും പട്ടാളത്തിനും കൊടുത്തു. ദാ ഇപ്പൊ പുതിയൊരു സര്‍വേ. സ്‌കൂളിനു സ്ഥലം കൊടുക്കാന്‍ വില്ലേജ് ഓഫിസുകാര്‍ നടപടി തുടങ്ങി. ഇത്രകാലമായിട്ടും ഞങ്ങള്‍ ഇവിടെക്കിടന്നു നരകിക്കുന്നത് കാണാന്‍ ഇവര്‍ക്കാര്‍ക്കും കഴിഞ്ഞില്ലേ? വികലാംഗരാണെന്ന് കരുതി തഴഞ്ഞു കളയുകയാണോ ഞങ്ങളെ. അതെന്താ നിങ്ങളുടെ ജീവനും ഞങ്ങളുടെ ജീവനും രണ്ടു വിലയാണോ. ഞങ്ങളുടെ ജീവന് പുല്ലുവിലയിടാന്‍ നിങ്ങള്‍ക്കാരാണധികാരം തന്നത്? സോമന്റെ ചോദ്യങ്ങളില്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടവന്റെ രോഷമായിരുന്നു.

‘ഈ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരുമൊക്കെ കൊണ്ട് നടക്കുന്ന എസി കാറും അതിലെ പെട്രോളും വരെ ഞങ്ങള്‍ കൂടി അടയ്ക്കുന്ന നികുതിയില്‍ നിന്നാണ്. പീഢിപ്പിക്കാനും ഖജനാവില്‍ കൈയിട്ടു വാരി സ്വന്തം കുടുംബത്തെ സുഖിപ്പിക്കാനും മാത്രം നടന്നാല്‍പ്പോര, ഇടറിയ വാക്കുകളോടെ സോമന്‍ പറഞ്ഞുനിര്‍ത്തി. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സോമനും മനോജും ശിവനും അവരെപ്പോലുള്ള മറ്റ് അംഗപരിമിതരും അവരുടെ കുടുംബങ്ങളും ആവശ്യപ്പെടുന്നത് ഒരേയൊരു കാര്യം മാത്രമാണ്, സ്വന്തം പേരില്‍ കുറച്ചു സ്ഥലം. കുട്ടികളെയും പ്രായമായവരെയും സുരക്ഷിതരായി താമസിപ്പിക്കാന്‍ ഒരിടം.

രാജേന്ദ്ര സിംഗ് റഹേലുവിനെപ്പോലെയുള്ള ഒരു ഭിന്നശേഷിക്കാരന്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേടിയ വെള്ളി മെഡലിന്റെ പേരില്‍ അഭിമാനം കൊണ്ടൊരു രാജ്യമാണ് നമ്മുടെത്. എന്നാല്‍ ശാരീരിക പരിമിതികളാല്‍ മെച്ചമായൊരു ജീവിതം നിഷേധിക്കപ്പെടുന്നവരാണ് ഈ ഗണത്തില്‍ ഭൂരിഭാഗവും എന്ന ഥാര്‍ത്ഥ്യവും ഇതേ രാജ്യത്ത് നിലനില്‍ക്കുന്നു. സഹതാപമല്ല, ജീവിക്കാനുള്ള അവരുടെ ആഗ്രഹത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത്. നിര്‍ഭാഗ്യവശാല്‍ സമൂഹവും അധികാരികളും ഇവരെ മാറ്റിനിര്‍ത്തുന്നു. അവരെക്കൊണ്ടു സാധിക്കുന്നത് ഭിക്ഷയെടുക്കാനും ലോട്ടറി വില്‍ക്കാനും മാത്രമാണെന്ന് വിധിയെഴുതുന്നു. സത്യമതല്ല, അവരുടെ അവകാശങ്ങളും ലഭ്യമാകേണ്ട ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട് ജീവിതം വഴിമുട്ടുമ്പോഴാണ് അവരില്‍ ചിലര്‍ ഭിക്ഷയെടുക്കേണ്ടി വരുന്നതെന്ന് മനസ്സിലാക്കണം, അതിലുപരി അവരും മനുഷ്യരാണെന്ന കാര്യവും.

36 വര്‍ഷമായി ഈ കോളനിയില്‍ ജീവിതം ഹോമിക്കുന്ന കുറച്ചു മനുഷ്യജന്മങ്ങളുടെ ദുരിതം തീര്‍ക്കാന്‍ ഇനിയും നിങ്ങള്‍ക്ക് ആയില്ലെങ്കില്‍ ജനപ്രതിനിധി എന്ന് സ്വയം വിശേഷിപ്പിക്കരുത്, ആ വിശേഷണം ഒട്ടും ഭൂഷണമാകില്ല നിങ്ങള്‍ക്കാര്‍ക്കും.

 

(അഴിമുഖത്തില്‍ ട്രെയിനി ജേര്‍ണലിസ്റ്റ് ആണ് ഉണ്ണികൃഷ്ണന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍