UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വകാര്യ വൈദ്യുതി കമ്പനികളിലെ CAG ഓഡിറ്റിനെതിരെ കോടതി; ഉപഭോക്താവിനെ ആര് സംരക്ഷിക്കും?

Avatar

ടീം അഴിമുഖം

ഡല്‍ഹിയിലെ സ്വകാര്യ വൈദ്യുത വിതരണ കമ്പനികളിലെ സി എ ജി (Comptroller and Auditor General of India) കണക്കെടുപ്പ് നിയമവിരുദ്ധമാണെന്ന് പറഞ്ഞ, സംശയകരമായ ജിജ്ഞാസ ഉയര്‍ത്തുന്ന തരത്തില്‍  ഡല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ച  വിധി രാജ്യത്തെ ഏതാണ്ടെല്ലാ ജനങ്ങള്‍ക്കും മേല്‍ നാടകീയമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക.

എന്തായാലും രാജ്യത്തെ എല്ലാ വൈദ്യുതി ഉപഭോക്താക്കളേയും അത് നേരിട്ടു ബാധിക്കുമെന്ന് ഉറപ്പാണ്. മാത്രവുമല്ല, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാലങ്ങളായി സര്‍ക്കാരിന്റെ ഉത്തരവാദിത്തങ്ങള്‍ എന്നു കരുതിവരുന്ന സേവന മേഖലകളുടെ സ്വകാര്യവത്കരണം സംബന്ധിച്ച വിപുലവും ഗൌരവുമായ ചോദ്യങ്ങളെ നേരിട്ടു ബാധിക്കുന്ന തരത്തിലുള്ളതുമാണ് അമ്പരപ്പുളവാക്കുന്ന ഈ ഉത്തരവ്.

വിധി ഇതിനകം തന്നെ മുതിര്‍ന്ന അഭിഭാഷകരടക്കമുള്ളവരുടെ വിമര്‍ശനത്തിന് വിധേയമായിരിക്കുന്നു. ഡല്‍ഹിയിലെ സ്വകാര്യ വൈദ്യുത വിതരണ കമ്പനികള്‍ അവരുടെ ചെലവുകള്‍ 8000 കോടി രൂപയിലേറെ പെരുപ്പിച്ചു കാട്ടി എന്ന സി എ ജി ഓഡിറ്റിലെ  കണ്ടെത്തലിനെ തള്ളിക്കളയാന്‍ നിരത്തിയ വാദങ്ങള്‍ മിക്കവരേയും അത്ഭുതപ്പെടുത്തുന്നവയാണ്. ഡല്‍ഹിയിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്കു ഇരുട്ടടി പോലെ കിട്ടുന്ന കനത്ത ബില്ലുകള്‍ ഇതിന്റെ നേരിട്ടുള്ള ഫലമാണ്. രാജ്യത്തെ ഒരു വൈദ്യുത വിതരണ കമ്പനിയെയും സി എ ജിക്ക് ഓഡിറ്റ് നടത്താനാകില്ലെന്നാണ് കോടതി വിധിയുടെ അര്‍ത്ഥം.

വിധിയില്‍ ഇങ്ങനെ പറയുന്നു: 
“Audit under Section 20(1), for the reasons stated i.e. for determination of tariff is not expedient in public interest as the determination of tariff is on the sole domain of DERC (Delhi Electricity Regulatory Commission) which is well empowered to itself conduct the same or have the same conducted and the report of CAG of audit of DISCOMs has no place in the Regulatory Regime brought about by the Electricity Act and the Reforms Act.” (നിരക്കുകള്‍ നിശ്ചയിക്കാനുള്ള അധികാരം DERC-യില്‍ (ഡല്‍ഹി വൈദ്യുതി നിയന്ത്രണ കമ്മീഷന്‍) മാത്രം നിക്ഷിപ്തമാണ്. അത് നടത്താനും, നടത്തിക്കാനും എല്ലാ തരത്തിലും അവരെ അധികാരപ്പെടുത്തിയിട്ടുമുണ്ട്.  DISCOMS-ല്‍ സി എ ജി നടത്തിയ ഓഡിറ്റ് വൈദ്യുതി നിയമവും പരിഷ്കരണ നിയമവും അനുസരിച്ചുള്ള നിയന്ത്രണ സംവിധാനത്തില്‍ നിലനില്‍ക്കുന്നതല്ല. ഇക്കാരണങ്ങളാല്‍ 20(1)-ആം വകുപ്പ് പ്രകാരം, നിരക്കുകള്‍ നിശ്ചയിക്കുന്നതിനുമായി നടത്തിയ ഓഡിറ്റ് പൊതുതാത്പര്യാര്‍ത്ഥല്ല.)

“Thus, the impugned direction for audit of DISCOMs under Section 20(1) of the CAG Act is quashed / set aside. We therefore allow the petitions of the DISCOMs by quashing the impugned directives of the GNCTD and dismiss the PIL.” (അതുകൊണ്ട് DISCOMS-ല്‍ ഓഡിറ്റ് നടത്താനുള്ള സി എ ജി നിയമം വകുപ്പ് 20 (1) പ്രകാരമുള്ള തെറ്റായ നിര്‍ദേശത്തെ റദ്ദാക്കിയിരിക്കുന്നു. വൈദ്യുതി വിതരണ കമ്പനികളുടെ ഹര്‍ജികള്‍ അനുവദിച്ചുകൊണ്ട് GNCTD-യുടെ തെറ്റായ നിര്‍ദേശങ്ങള്‍ റദ്ദാക്കുകയും പൊതു താത്പര്യ ഹര്‍ജി തള്ളുകയും ചെയ്യുന്നു.)

“Needless to state, all actions undertaken in pursuance to impugned directive are also rendered inoperative and to no effect.” (ഈ തെറ്റായ നിര്‍ദേശപ്രകാരം നടത്തിയ എല്ലാ നടപടികളും ഇതിനാല്‍ റദ്ദായിരിക്കുന്നു.)

നിയന്ത്രണ സംവിധാനത്തിന് മാത്രമേ (Regulator) വൈദ്യുതി വിതരണ കമ്പനികളെ കണക്കെടുപ്പിന് വിധേയമാക്കാവൂ എന്നാണ് വിധി പറയുന്നത്. പക്ഷേ ഇതേ നിയന്ത്രണ സംവിധാനമാണ് സി എ ജിയോട് കണക്കെടുപ്പിന് ആവശ്യപ്പെട്ടതെന്നതിനെക്കുറിച്ച് കോടതി ഒന്നും പറയുന്നില്ല. അനില്‍ അംബാനി ഗ്രൂപ്പും ടാറ്റയും നടത്തുന്ന വിതരണ കമ്പനികളുടെ അവകാശവാദങ്ങളെക്കുറിച്ച് സംശയമുണ്ടെന്നും തങ്ങള്‍ക്ക് അവയുടെ കണക്കെടുപ്പ് നടത്താനുള്ള വിദഗ്ധ ശേഷിയില്ലെന്നുമുള്ള നിയന്ത്രണ സംവിധാനത്തിന്റെ വാദത്തെക്കുറിച്ചും കോടതി നിശബ്ദത പാലിക്കുന്നു.

വിധിയെക്കുറിച്ച്  ‘അസംബന്ധം’ എന്നാണ് പ്രശാന്ത് ഭൂഷന്‍ തന്റെ ട്വീറ്റില്‍ പ്രതികരിച്ചത്. തങ്ങളുടെ ലാഭത്തിന്റെ ഒരു ഭാഗം സര്‍ക്കാരിന് നല്‍കുന്ന ടെലികോം കമ്പനികളെ, സി എ ജിക്ക് കണക്കെടുപ്പിന് വിധേയമാക്കാമെന്ന് സുപ്രീം കോടതി ഇതിനകം വിധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അപ്പോഴാണ് സര്‍ക്കാരിന് 49% പങ്കാളിത്തമുള്ള വൈദ്യുതി വിതരണ കമ്പനികളില്‍ കണക്കെടുപ്പ് നടത്താനാകില്ലെന്ന് പറയുന്നത്!

‘ഹൈക്കോടതി ജഡ്ജിമാരെ ഒരു കണക്കെടുപ്പിന് വിധേയമാക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന്’ ഭൂഷന്‍ പറഞ്ഞു.

വൈദ്യുതി വിതരണ കമ്പനികള്‍ 8000 കോടി രൂപ പെരുപ്പിച്ചു കാട്ടിയെന്ന സി എ ജി കണ്ടെത്തലിനെ ഹൈക്കോടതി വിധി റദ്ദാക്കുന്നു. ഡല്‍ഹിയിലെ വൈദ്യുതി ഉപഭോക്താക്കള്‍ പെരുപ്പിച്ച ബില്ലുകള്‍ അടയ്ക്കണമെന്നാണോ കോടതി പറയുന്നത്? എവിടെപ്പോയീ ഉപഭോക്താവിന്റെ അവകാശങ്ങള്‍?

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍