UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രൊഫ. പരാഞ്ജപേ, ഞങ്ങള്‍ ‘അസംതൃപ്തി നിര്‍മ്മിക്കുകയല്ല’; ഒരു ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ തുറന്ന കത്ത്

Avatar

മൈത്രേയി ശുക്ല

പ്രിയപ്പെട്ട ഡോക്ടര്‍ പരാഞ്ജപേ,

ഞാന്‍ ജെ എന്‍ യുവിലെ ഒരു വിദ്യാര്‍ത്ഥിയാണ്. ക്ലാസുകളില്‍ കൃത്യമായി പോകുന്ന, ഒരു രാഷ്ട്രീയ കക്ഷിയിലും അംഗമല്ലാത്ത, താങ്കള്‍ പറഞ്ഞതുപോലെ ‘സ്വതന്ത്ര ബുദ്ധിജീവി’യാകാന്‍ ആഗ്രഹിക്കുന്ന ഒരാള്‍. ഞാന്‍ താങ്കളുടെ ദേശീയതയെക്കുറിച്ചുള്ള പ്രഭാഷണം കേട്ടു, പിന്നീട് Newsd യില്‍ വന്ന അഭിമുഖവും. ഞാനിതു പറഞ്ഞത് താങ്കള്‍ക്ക് ഒരു തുറന്ന കത്തെഴുതാനുള്ള എന്റെ സാധൂകരണം എന്താണെന്ന് കാണിക്കാനാണ്. 

താങ്കളുടെ പ്രഭാഷണം ദേശീയതയെക്കുറിച്ച് വ്യത്യസ്തമായൊരു കാഴ്ചപ്പാട് നല്‍കിയതില്‍ ഞാന്‍ താങ്കളെ അഭിനന്ദിക്കട്ടെ. അതുപോലെ ഇടതുപക്ഷത്തേയും ജെ എന്‍ യുവിനെയും വിമര്‍ശിച്ചതിനും. താങ്കളുടെ വിമര്‍ശനം ശ്രദ്ധയോടെ കേട്ട സദസ് ജെ എന്‍ യുവിനെക്കുറിച്ച് എനിക്കു അഭിമാനമുണ്ടാക്കി. താങ്കളോടുള്ള ചില ചോദ്യങ്ങളില്‍ അല്പം അസഹിഷ്ണുത ഉണ്ടായിരുന്നു, എനിക്കതില്‍ നിരാശയും തോന്നി . കനയ്യയുടെ പ്രസംഗം താങ്കളെ ആവേശം കൊള്ളിക്കാഞ്ഞതുപോലെ താങ്കളുടെ പ്രഭാഷണം എന്നെയും സ്വാധീനിച്ചില്ല എന്നതാണു വാസ്തവം. 

പക്ഷേ അത് നീണ്ടുനിന്നില്ല. കുറച്ചുദിവസങ്ങള്‍ക്ക് ശേഷമാണ് Newsdയിലെ അഭിമുഖം കണ്ടത്. എനിക്കു കടുത്ത നിരാശ തോന്നി. കാരണം താങ്കളുടെതന്നെ പ്രഭാഷണവുമായി പൊരുത്തമില്ലാത്തതരം അവാസ്തവങ്ങള്‍ നിറഞ്ഞതായിരുന്നു അത്. 

താങ്കളുടെ പ്രഭാഷണത്തിന്റെ ഭൂരിഭാഗവും സിദ്ധാന്തങ്ങളുടെയും ആശയങ്ങളുടെയും സംഭവങ്ങളുടെയും ലഘൂകരണ സമവാക്യങ്ങളില്‍ ഞങ്ങള്‍ വീണുപോകരുതെന്ന മുന്നറിയിപ്പായിരുന്നു. എല്ലാത്തിനെയും സാഹചര്യവത്കരിക്കാനും രണ്ടു തീവ്രധ്രുവങ്ങള്‍ക്കിടയില്‍ ഇടം കണ്ടെത്താനും താങ്കള്‍ ആവശ്യപ്പെട്ടു. അര്‍ത്ഥശൂന്യമായ ദ്വന്തങ്ങളില്‍ കുടുങ്ങരുതെന്നായിരുന്നു താങ്കളുടെ പ്രഭാഷണത്തിന്റെ കാതല്‍. എന്നിട്ടും എന്തുകൊണ്ടാണ് താങ്കള്‍ ഏറെ ന്യൂനീകൃതവും പക്ഷപാതപരവുമായ വാദങ്ങളോടെ അഭിമുഖം ആരംഭിച്ചത്?

ആദ്യം തന്നെ താങ്കള്‍ ഇന്ത്യയിലെ മുഴുവന്‍ വിദ്യാര്‍ത്ഥി മുന്നേറ്റത്തെയും ‘അസംതൃപ്തി നിര്‍മ്മിക്കാനുള്ള’ ശ്രമമായി ചുരുക്കി. ഒരു പ്രത്യയശാസ്ത്രവും വിമര്‍ശനത്തിന് അതീതമല്ലെന്ന് ഞാന്‍ സമ്മതിക്കുന്നു. ജെ എന്‍ യുവും ഒരു ഉടോപ്യായല്ല. പക്ഷേ മുഴുവന്‍ വിദ്യാര്‍ത്ഥി മുന്നേറ്റത്തെയും തട്ടിപ്പാണെന്ന് പറയുന്നതു ശരിയാണോ? അല്ല. 

ഇന്ത്യയിലെ സര്‍വകലാശാലകള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് എപ്പോഴും മെച്ചപ്പെട്ട രീതിയിലല്ല. സാഹചര്യം മുഴുവനായും മോശമാണ് എന്നു ഞാന്‍ പറയില്ല, കാരണം വിമതശബ്ദങ്ങള്‍ ജനാധിപത്യത്തിന്റെ നല്ല സൂചനകളാണ്. മോശം ഭാഗം എന്നത് ഇപ്പോഴത്തെ ഭരണകൂടം നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നതാണ്. ആദ്യം അവര്‍ NET ഇതര ഫെല്ലോഷിപ്പുകള്‍ എടുത്തുകളഞ്ഞു. പിന്നെ രോഹിത് വെമുലയുടെ ആത്മഹത്യ. ഇപ്പോള്‍ ജെ എന്‍ യുവിനെ അടിച്ചമര്‍ത്തലും. ചിലതരം അസംതൃപ്തികള്‍ നിര്‍മ്മിക്കുന്നു എന്നത് താങ്കള്‍ പറഞ്ഞത് ശരിയാണ്. പക്ഷേ അത് വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നല്ല, ഭരണകൂടമാണ് ചെയ്യുന്നത്. 

മാധ്യമങ്ങളുടെ പ്രിയപ്പെട്ട ആരോപണം ‘നികുതിദായകരുടെ പണം’ താങ്കളും ആവര്‍ത്തിച്ചുകണ്ടു. എന്നെ അമ്പരപ്പിച്ച കാര്യം, ഇടത്തരക്കാരെ മാത്രമേ താങ്കള്‍ നികുതിദായകരായി കാണുന്നുള്ളൂ എന്നാണ്. കനയ്യയെ വസ്തുതാപരമായ പിഴവുകളുടെ പേരില്‍ കുറ്റം പറഞ്ഞ താങ്കള്‍ ഇത്തരം പാതിവെന്ത വിവരങള്‍ തട്ടിമൂളിച്ചത് എന്നെ അത്ഭുതപ്പെടുത്തി. മധ്യവര്‍ഗവും ധനികരും മാത്രമല്ല, പ്രത്യക്ഷവും പരോക്ഷവുമായി രാജ്യത്തെ ഓരോ പൗരനും നികുതി നല്‍കുന്നുണ്ട്. ഈ രാജ്യത്തെ ഓരോ പൗരനും ഞങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള പണം നല്‍കുന്നുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നതുകൊണ്ട് അതിനെ പരമാവധി ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ ചുമതലപ്പെട്ടവരാണ്. 

താങ്കള്‍ ഉദ്ധരിച്ചപോലെ, സ്വാതന്ത്ര്യം എന്നാല്‍ രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല. ആരെങ്കിലുമൊരാള്‍ കഷ്ടപ്പെടുന്നിടത്തോളം എന്റെ സ്വാതന്ത്ര്യം അര്‍ത്ഥശൂന്യമാണ്. ഇതുകൊണ്ടാണ് പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കുമായി നിലകൊള്ളേണ്ടത് ഞങ്ങളുടെ കടമയായി കണക്കാക്കുന്നത്. ഇന്ത്യന്‍ ജനതയുടെ 10 ശതമാനത്തില്‍ താഴെയാണ് സര്‍വകലാശാലകളില്‍ പഠിക്കുന്നതെന്ന് താങ്കള്‍ക്ക് അറിയാമായിരിക്കും. പാര്‍ശ്വവത്കൃതരായ വര്‍ഗങ്ങളിലും സമൂഹങ്ങളിലും നിന്നുള്ളവരുടെ എണ്ണം അതിലും കുറവാണ്. ഇത്ര നിരാശാജനകമായ അവസ്ഥയില്‍ NET ഇതര ഫെല്ലോഷിപ്പുകള്‍ വെട്ടിക്കുറയ്ക്കുകയാണ് മാനവശേഷിമന്ത്രാലയം ചെയ്തത്. പറയൂ സര്‍, ഈ വസ്തുതകളും ഗാന്ധിയുടെ വാക്കുകളും കണക്കിലെടുത്താല്‍ വിദ്യാര്‍ത്ഥികള്‍ ഫെല്ലൊഷിപ്പ് ആവശ്യപ്പെടുന്നതില്‍ എന്താണ് തെറ്റ്?

രോഹിത് വെമുലയുടെ ആത്മഹത്യ വിദ്യാര്‍ത്ഥികള്‍ മുതലെടുത്ത് എന്ന താങ്കളുടെ ആരോപണം ഞെട്ടിപ്പിക്കുന്നു എന്നു പറയാതെ വയ്യ. പാര്‍ലമെന്റിലെ നാടകീയമായ പ്രസംഗം താങ്കളെ ആവേശം കൊള്ളിച്ചു എന്നു തോന്നുന്നു. ദേശീയതയുടെയും ധാര്‍മികതയുടെയും ഏക അവകാശികള്‍ എന്നു കരുതുന്ന ഒരു വിഭാഗത്തിന്റെ കള്ളപ്പരാതിയെ അടിസ്ഥാനമാക്കിയാണ് അയാളുടെ സ്‌കോളര്‍ഷിപ് മരവിപ്പിച്ചതും സ്ഥാപനത്തിലും സാമൂഹ്യമായും അയാളുടെ ബഹിഷ്‌കരണം സൃഷ്ടിച്ചതും. ‘ജാതീയവും”ദേശവിരുദ്ധവുമായ’ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അയാള്‍ പ്രവര്‍ത്തിച്ച അംബേദ്കര്‍ വിദ്യാര്‍ത്ഥി സംഘടനയുടെനടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു ഒന്നല്ല അഞ്ചു കത്തുകളാണ് മാനവശേഷി മന്ത്രാലയം സര്‍വകലാശാലയ്ക്ക് എഴുതിയത്. ആത്മഹത്യയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ ഇതായിരുന്നു. അതൊരു കൊലപാതകമായിരുന്നൂ സര്‍, ഒരു സ്ഥാപനം നടത്തിയ കൊലപാതകം. അയാളുടെ അവസാനസങ്കടം,’ഒരാള്‍ അയാളുടെ തൊട്ടടുത്ത സ്വത്വമായി ചുരുക്കപ്പെടുന്നു’ എന്നതായിരുന്നു. എന്നിട്ടും അയാളുടെ സ്ഥാപനക്കൊലയെ, മറ്റ് പലരെയും പോലെ താങ്കളും വെറുമൊരു ആത്മഹത്യയാക്കി. എത്ര ലജ്ജാകരം! 

ജെ എന്‍ യുവിനെയും വിദ്യാര്‍ത്ഥി മുന്നേറ്റത്തെയും കുറിച്ചുള്ള താങ്കളുടെ വിമര്‍ശനങ്ങളുടെ ന്യായങ്ങളാണ് മുന്തിയത്. ഒരിക്കല്‍ക്കൂടി വ്യക്തമാക്കട്ടെ, ഒരു സ്ഥാപനവും പ്രത്യയശാസ്ത്രവും വിമര്‍ശനത്തിന് അതീതമാണെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ വിമര്‍ശം ചില യുക്തികളെ ആധാരമാക്കിയായിരിക്കണം. താങ്കളുടെ വാദങ്ങള്‍ ഒരു (സംഘി) ഭക്തന്റെ വാഗ്ദാനങ്ങളില്‍ നിന്നും വിഭിന്നമല്ല. 

ആദ്യമായി, IIT-കളുടെ ഘടനയെ ജെ എന്‍ യുവോ മറ്റ് സര്‍വകലാശാലകളോ ആയി താരതമ്യം ചെയ്യുന്നതേ ചിരിക്ക് വകനല്‍കുന്നതാണ്. അവരുടെ മുഴുവന്‍ വിഷയങ്ങളും വ്യത്യസ്തമാണ്. സാമൂഹ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ സാമൂഹിക പ്രശ്‌നങ്ങളോട് ഇത്രയധികം സംവാദാത്മകത പുലര്‍ത്തുന്നത് അവര്‍ എളുപ്പമുള്ള വിഷയങ്ങള്‍ പഠിക്കുന്നതുകൊണ്ടല്ല, അവരുടെ പഠനവിഷയംതന്നെ ഈ സമൂഹമായതുകൊണ്ടാണ്! അതുകൊണ്ട് IIT,IIM വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ ധാരാളം പണം നല്‍കുന്നതുകൊണ്ട് അവര്‍ കൂടുതല്‍ ശ്രദ്ധിച്ചു പഠിക്കുന്നു എന്നു താങ്കള്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്? ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള ഒരു ഒളിനിര്‍ദേശം ആയിരുന്നോ അത്?

ഞങ്ങളുടെ പഠനത്തിനായി പണം ചെലവഴിക്കുന്ന മധ്യവര്‍ഗത്തിനും ഭരണകൂടത്തിനും തിരിച്ചു നന്ദികേട് മാത്രമല്ല, അടിച്ചമര്‍ത്തലിന്റെയും അസമത്വത്തിന്റെയും ആരോപണങ്ങളുമാണ് ലഭിക്കുന്നതെന്ന് താങ്കള്‍ പറഞ്ഞപ്പോള്‍ അതെത്ര പൊള്ളയായിരുന്നു എന്നു താങ്കള്‍ അറിഞ്ഞിരിക്കില്ല. താങ്കളെപ്പോലെ വിവരമുള്ളോരു മനുഷ്യന്‍ കാര്യങ്ങളെ ഇത്ര യുക്തിരഹിതമായി വിലയിരുത്തിയതുകണ്ട് ഞാന്‍ വാസ്തവത്തില്‍ കണ്ണും മിഴിച്ചിരുന്നു. അസമത്വവും അടിച്ചമര്‍ത്തലും ഞങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അല്ലെന്നും യാഥാര്‍ത്ഥ്യമാണെന്നും എങ്ങനെയാണ് താങ്കളോട് പറഞ്ഞു തുടങ്ങേണ്ടതെന്ന് എനിക്കിപ്പോഴും അറിയില്ല. ഞങ്ങള്‍ ആരെയും അപകീര്‍ത്തിപ്പെടുത്തുകയല്ല, ഇന്ത്യന്‍ സമൂഹത്തെ യാഥാര്‍ത്ഥ്യബോധത്തോടെ നോക്കാന്‍ പ്രേരിപ്പിക്കുകയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്ന ഗാന്ധിയുടെ ‘നിര്‍ഭയരായ ജനത’യാണ് ഞങ്ങള്‍. 

മഹിഷാസുര ദിനവും ബീഫ് മേളയും സംഘടിപ്പിച്ചുകൊണ്ട് ഒരു പ്രത്യേക ജനവിഭാഗത്തെ വ്രണപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിച്ചെന്നു താങ്കള്‍ ആരോപിക്കുന്നു. മഹിഷാസുരനെ ആരാധിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ദുര്‍ഗയെ ലൈംഗിക തൊഴിലാളിയായി വിശേഷിപ്പിക്കരുതെന്നും താങ്കള്‍ പറഞ്ഞു. ഒന്നാമതായി, ഒരു ലൈംഗിക തൊഴിലാളിയാകുന്നതില്‍ എന്താണിത്ര അപമാനകരം എന്ന് എനിക്കു മനസിലാകുന്നില്ല. ഒരു രതി തൊഴിലാളിയെ ദൈവമായി ആരാധിക്കുന്ന ഒരു കൂട്ടത്തിന്റെ ഭാഗമാകാന്‍ എനിക്കു സന്തോഷമേയുള്ളൂ. രണ്ടാമതായി, സവര്‍ണന്‍മാര്‍ക്ക് ഒരു ഗോത്ര ഐതിഹ്യത്തെ അവരുടെ ഐതിഹ്യങ്ങളില്‍ നിന്ദിക്കാമെങ്കില്‍ ഗോത്ര ഐതിഹ്യങ്ങളില്‍ ഒരു സവര്‍ണ ഐതിഹ്യത്തെ അപമാനിക്കുന്നതില്‍ എന്താണ് തെറ്റ്? പലതരം ഐതിഹ്യങ്ങള്‍ ഉണ്ടെന്ന് താങ്കള്‍ മനസിലാക്കണം. രാമായണത്തിന് തന്നെ മുന്നൂറിലേറെ വ്യാഖ്യാനങ്ങളുണ്ട്. 

ഞങ്ങള്‍ പശുവിറച്ചി മേള നടത്തി, പന്നിയിറച്ചി മേള നടത്തിയില്ല എന്ന ആരോപണത്തേക്കുറിച്ചാണെങ്കില്‍ കാരണം ലളിതമാണ്. പന്നിയിറച്ചി നിരോധിച്ചിട്ടില്ല. പന്നിയിറച്ചി തിന്നതിന് ആരെയും തല്ലിക്കൊന്നിട്ടുമില്ല. ഡല്‍ഹിയിലെ നിരവധി ഭക്ഷണശാലകളില്‍ പന്നിയിറച്ചി ഒരു തടസവുമില്ലാതെ വിളമ്പുന്നത് താങ്കള്‍ക്ക് കാണാം. സര്‍വകലാശാല വളപ്പിലെ പല ഭക്ഷ്യ മേളകളിലും അന്താരാഷ്ട്ര ഭക്ഷ്യ മേളയിലുമെല്ലാം. 

ജെ എന്‍ യുവിനൊപ്പമാണെന്നും മെച്ചപ്പെടുത്താനുള്ള ചില നിര്‍ദേശങ്ങളാണെന്നും താങ്കള്‍ പറയുമ്പോള്‍ വിമര്‍ശനത്തിന്റെ നാട്യത്തില്‍ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് താങ്കള്‍ ചെയ്യുന്നത്. താങ്കളുടെ വാദങ്ങളെല്ലാം വസ്തുതാവിരുദ്ധവും യുക്തിയില്ലാത്തതുമാണ്. 

അവസാനിപ്പിക്കുന്നതിന് മുമ്പായി ഒരിക്കല്‍ക്കൂടി പറയട്ടെ, അതിനെക്കുറിച്ചുള്ള എല്ലാ മിഥ്യാധാരണകളും മാറ്റിവെച്ചാലും ജെ എന്‍ യുവും അതിലെ വിദ്യാര്‍ത്ഥി മുന്നേറ്റവും, ഈ ജനാധിപത്യം ശക്തിപ്പെടുത്താന്‍ താങ്കള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അനിവാര്യമാണ്. നമ്മുടെ സര്‍വകലാശാലകളില്‍ പഠന മികവുണ്ടാകണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. എന്നാല്‍ ഈ സ്ഥാപനങ്ങളുടെ സ്വയംഭരണത്തിനും, വിമതശബ്ദങ്ങള്‍ക്കുമെതിരെയുള്ള നിരന്തരാക്രമണങ്ങളെ നേരിടാതെ അത് സാധ്യമല്ല. 

ജെ എന്‍ യുവിലെ ഓരോ ആത്മാവിനെയും തകര്‍ക്കാനുള്ള ശ്രമത്തിന്റെ നടുവിലാണ് നാം നില്‍ക്കുന്നത്. ഈ നിര്‍ണായക സന്ദര്‍ഭത്തില്‍ അതിനൊപ്പം നില്‍ക്കാന്‍ താങ്കള്‍ തയ്യാറായില്ലയെന്നത് ചരിത്രം ഒരിക്കലും മറക്കില്ല.
 

വിശ്വസ്തതയോടെ,

ഒരു ജെ എന്‍ യു വിദ്യാര്‍ത്ഥി

പിന്‍കുറിപ്പ്: എതിരഭിപ്രായം പറഞ്ഞതിനാല്‍ തനിക്കെതിരെ തുറന്ന കത്തുകളെഴുതി ഒരു ഭീഷണിപ്രചാരണം നടക്കുന്നതായി താങ്കള്‍ പറഞ്ഞു. ഈ കത്ത് താങ്കളെ ഇടിച്ചിരുത്താനുള്ള ശ്രമമല്ല എന്നു വ്യക്തമാക്കട്ടെ. സംവാദങ്ങളില്‍ ഇടപെടാനുള്ള ഒരു മാധ്യമമാണ് തുറന്ന കത്ത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍