UPDATES

ട്രെന്‍ഡിങ്ങ്

കോഴിക്കോട് ഹോട്ടലില്‍ വസ്ത്ര വിവേചനം കാണിച്ചുവെന്ന് പരാതി; ലുങ്കി പ്രൊട്ടസ്റ്റുമായി കൂട്ടായ്മ

ഇന്ന് ഹോട്ടിലിന് മുന്നില്‍ പ്രതിഷേധം

ശ്രീഷ്മ

ശ്രീഷ്മ

കോഴിക്കോട്ടെ ഹോട്ടലില്‍ ലുങ്കിയുടുത്ത് എത്തിയതിന്റെ പേരില്‍ മുന്‍ മാധ്യമപ്രവര്‍ത്തകന് പ്രവേശനം നിഷേധിച്ചതായി പരാതി. ലുങ്കിയുടുത്തതിന്റ പേരില്‍ കോഴിക്കോട് ബീച്ചിനടുത്തുള്ള സീക്വീന്‍ ഹോട്ടലില്‍ വച്ച് ദുരനുഭവമുണ്ടായതായാണ് മാധ്യമപ്രവര്‍ത്തകനായിരുന്ന കരീം ചേലേമ്പ്രയുടെ ആരോപണം. പതിമൂന്നാം തീയതി വൈകീട്ട് സുഹൃത്തിനൊപ്പം ഹോട്ടലിലത്തിയ കരീം ചേലേമ്പ്രയെ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരില്‍ അകത്തു കയറ്റാന്‍ വിസമ്മതിക്കുകയും, വംശീയാധിക്ഷേപം നടത്തുകയും ചെയ്തുവെന്നാണ് പരാതി. ലുങ്കിയുടുത്തവരെ ഹോട്ടലില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നും, ഇടത്തോട്ടു മുണ്ടുടുത്തവരെ അകത്തു കയറ്റുന്നതിന് തടസ്സമുണ്ടെന്നും ഫ്രണ്ട് ഓഫീസിലെ ജീവനക്കാര്‍ പറഞ്ഞതായാണ് കരീം കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയിരിക്കുന്ന പരാതിയിൽ പറയുന്നു.

ഹോട്ടലില്‍ തടഞ്ഞുവയ്ക്കുമ്പോള്‍ കരീമിനൊപ്പമുണ്ടായിരുന്ന എഴുത്തുകാരന്‍ സ്വാമിദാസ് മുചുകുന്നിനെ ഷര്‍ട്ടും പാന്റും ധരിച്ചതിന്റെ പേരില്‍ കയറ്റിവിടാന്‍ തയ്യാറായത് വസ്ത്രധാരണത്തിന്റെ പേരിലുള്ള വിവേചനത്തിന്റെ തെളിവാണെന്നും ഇവര്‍ പറയുന്നു. ലുങ്കിയുടുത്തതിന്റെ പേരില്‍ ഏതു നിയമപ്രകാരമാണ് തങ്ങളെ തടഞ്ഞുവച്ചിരിക്കുന്നത് എന്ന് ചോദ്യം ചെയ്‌തെങ്കിലും, ഹോട്ടലിലെ ജീവനക്കാര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും, കൂടുതല്‍ സംസാരിച്ചപ്പോള്‍ ഇടത്തോട്ടു മുണ്ടുടുക്കുന്നവരെ കയറ്റിവിടാന്‍ സാധിക്കില്ലെന്ന തരത്തില്‍ വംശീയമായ പരാമര്‍ശം നടത്തുകയായിരുന്നുവെന്നും കരീം ആരോപിച്ചു.  തൊട്ടടുത്ത ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലിലെത്തി മാനേജര്‍ അടക്കമുള്ളവരോട് സംസാരിച്ച കരീമിന്, ലുങ്കിയുടുത്തു വന്നതു കാരണം പ്രവേശനം നിഷേധിച്ചുവെന്ന് ഹോട്ടല്‍ പ്രതിനിധികള്‍ രേഖാമൂലം എഴുതിനല്‍കിയിട്ടുമുണ്ട്. ഇക്കാര്യം കണക്കിലെടുത്ത് ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയിന്മേല്‍ കേസെടുത്തിട്ടുണ്ട്.

വസ്ത്രധാരണരീതിയെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് കോഴിക്കോട്ടെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ. ലുങ്കി ധരിച്ചവര്‍ക്ക് ഹോട്ടലില്‍ പ്രവേശനം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമായി കണക്കിലെടുത്താണ് ഇന്ന് രാവിലെ പതിനൊന്നു മണിയോടെ സീക്വീന്‍ ഹോട്ടലിനു മുന്‍വശത്തായി ബീച്ചില്‍ പ്രതിഷേധപരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ലുങ്കി സമരം എന്ന പേരില്‍ വസ്ത്രധാരണ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു പ്രതിഷേധക്കൂട്ടായ്മാണ് നടക്കുക എന്ന് സമരത്തിന്റെ കോ-ഓര്‍ഡിനേറ്ററായ നാടകപ്രവര്‍ത്തകന്‍ നവീന്‍ രാജ് പറയുന്നു. ‘മുണ്ടുടുത്ത് കയറരുത്, അതും ഇടത്തോട്ടുടുത്തവര്‍ കയറരുത് എന്നാണ് ഹോട്ടലിലെ ജീവനക്കാര്‍ പറഞ്ഞിരിക്കുന്നത്. പറഞ്ഞ കാര്യം എഴുതിത്തന്നിട്ടുമുണ്ട്. ഈ നിലപാടിനെതിരെയുള്ള പ്രതിഷേധക്കൂട്ടായ്മയാണ് ലുങ്കിസമരം എന്ന പേരില്‍ നടക്കുക. പാട്ടും നൃത്തവുമെല്ലാം ചേര്‍ന്നുള്ള ഒരു കൂട്ടായ്മയാണിത്. കോഴിക്കോട്ടെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകരെല്ലാം പങ്കെടുക്കും.’

വ്യക്തികള്‍ ഏതു വസ്ത്രം ധരിക്കണമെന്ന് ഹോട്ടലുടമകള്‍ തീരുമാനിക്കുന്നത് അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നും എതിര്‍ക്കപ്പെടേണ്ടതാണെന്നും ദളിത് അവകാശപ്രവര്‍ത്തകനും, പ്രതിഷേധക്കൂട്ടായ്മയുടെ ഭാഗവുമായ ഒ. പി രവീന്ദ്രനും വിശദീകരിക്കുന്നു. ‘പ്രശ്‌നം നടന്നതിന്റെ പിറ്റേ ദിവസം ഹോട്ടല്‍ മാനേജരുമായി ചര്‍ച്ച ചെയ്യാമെന്നു തീരുമാനിച്ചിരുന്നു. പൊലീസുദ്യോഗസ്ഥര്‍ക്ക് ചെറിയ അസൗകര്യം നേരിട്ടതിനാല്‍ വലിയ ചര്‍ച്ചകളൊന്നും നടക്കാതെ പോവുകയാണ് ചെയ്തത്. രണ്ടു കാര്യങ്ങളാണ് ഹോട്ടലിനു മുന്നില്‍ നടക്കാന്‍ പോകുന്ന പ്രതിഷേധക്കൂട്ടായ്മ മുന്നോട്ടുവയ്ക്കുന്നത്. ഒന്നാമത്, ഏതു വസ്ത്രം ധരിക്കണമെന്ന് നമ്മളോട് പറയുന്നത്. രണ്ടാമത്, ഇടത്തോട്ടു മുണ്ടുടുത്തവരെ കയറ്റാന്‍ സാധിക്കില്ലെന്ന് വംശീയ പരാമര്‍ശം. എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ചലച്ചിത്ര പ്രവര്‍ത്തകരുമെല്ലാം പങ്കെടുക്കുന്ന ഒരു കൂട്ടായ്മയായിരിക്കും ലുങ്കിസമരം എന്ന പേരില്‍ ഇതിനെതിരെ നടക്കുക.’

എന്നാല്‍, ഇടത്തോട്ടു മുണ്ടുടുക്കുന്നവരെ കയറ്റാന്‍ സാധിക്കില്ലെന്ന തരത്തില്‍ ജീവനക്കാരാരും പ്രതികരിച്ചിട്ടില്ലെന്നും, കരീമിനെ അകത്തു പ്രവേശിപ്പിക്കാതിരുന്നത് നന്നായി മദ്യപിച്ചിരുന്നതു കൊണ്ടു കൂടിയാണെന്നുമാണ് സീക്വീന്‍ ഹോട്ടലിന്റെ ജനറല്‍ മാനേജര്‍ അഭിജിത്തിന്റെ പ്രതികരണം. എല്ലാ ഹോട്ടലിനും ഡ്രസ്സ് കോഡുണ്ടെന്നും, റൂഫ് ടോപ്പ് റസ്റ്റോറന്റിലെത്തുന്ന സ്ത്രീകള്‍ അടക്കമുള്ളവരുടെ സുരക്ഷയെക്കരുതിയാണ് കരീമിനെ തടഞ്ഞുവെച്ചതെന്നും മാനേജര്‍ പറയുന്നു. ‘തടഞ്ഞു എന്നത് സത്യമാണ്. പക്ഷേ അത് അവര്‍ ആരോപിക്കുന്ന കാരണങ്ങള്‍ കൊണ്ടല്ല. അദ്ദേഹം നന്നായി മദ്യപിച്ചിരുന്നു. താഴെ ഞങ്ങള്‍ക്ക് രണ്ടു റസ്റ്റോറന്റുകളുണ്ട്. അവിടെ ആര്‍ക്കും ഒരു തടസ്സവുമില്ലാതെ വരാവുന്നതാണ്. പക്ഷേ റൂഫ് ടോപ്പിലെ റസ്റ്റോറന്റ് പ്രീമിയം ആണ്. സ്ത്രീകളും കുടുംബങ്ങളുമൊക്കെ വരുന്നത് അവിടെയാണ്. കോഴിക്കോട് മറ്റൊരു ഹോട്ടലിലുമില്ലാത്ത സുരക്ഷിതത്വമാണ് സ്ത്രീകള്‍ക്ക് ഇവിടെ കിട്ടുന്നത്. ഇദ്ദേഹത്തെ റൂഫ് ടോപ്പിലേക്ക് വിട്ടാല്‍ അത് അവര്‍ക്കൊരു ബുദ്ധിമുട്ടായിരിക്കും എന്നു കരുതിയാണ് അത്തരമൊരു സ്റ്റാന്റെടുത്തത്. ഫ്രണ്ട് ഓഫീസില്‍ വച്ച് ലുങ്കിയഴിച്ചു മാറ്റുക വരെ ചെയ്തിട്ടുണ്ട് ഇദ്ദേഹം. അതുകൂടിയായപ്പോഴാണ് കയറ്റാന്‍ പറ്റില്ല എന്നു തീര്‍ത്തു പറഞ്ഞത്. മുണ്ടുടുത്തവരെ ഞങ്ങള്‍ കയറ്റിവിടാറുണ്ട്. വരകളുള്ള മുണ്ടും കാവിമുണ്ടും ഉടുത്തവരെയും കയറ്റാറുണ്ട്. ഇദ്ദേഹത്തിന്റേത് മുഷിഞ്ഞ ലുങ്കിയായിരുന്നു. താഴെയുള്ള റസ്റ്റോറന്റിലേക്ക് പോകാം എന്ന് പല തവണ അദ്ദേഹത്തോട് പറഞ്ഞു നോക്കിയതാണ്. ഇടത്തോട്ടു മുണ്ടുടുത്തു എന്ന പരാമര്‍ശമൊന്നും ആരില്‍ നിന്നും ഉണ്ടായിട്ടില്ല. ഡ്രസ് കോഡിന്റെ കാര്യം ഇതിനോടകം എത്രയോ പേരോട് പറയുകയും എല്ലാവരും സഹകരിക്കുകയും ചെയ്തിട്ടുള്ളതാണ്.’

തങ്ങളുടെ പക്ഷത്ത് തെറ്റൊന്നുമില്ലാത്തതിനാല്‍, തടഞ്ഞുവച്ചതിന്റെ കാരണം എഴുതിക്കൊടുക്കാന്‍ പറഞ്ഞപ്പോള്‍ അതും ചെയ്യുകയായിരുന്നെന്നും മാനേജര്‍ പറയുന്നു. സമരത്തെ കാര്യമായെടുക്കുന്നില്ലെന്നും, തങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന തരത്തിലേക്ക് നീങ്ങിയാല്‍ മാത്രം നിയമപരമായി നേരിടാനാണ് തീരുമാനമെന്നും സീക്വീന്‍ ഹോട്ടല്‍ അധികൃതര്‍ വിശദീകരിക്കുന്നു.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍