UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചണ്ഡീഗഢിനു വേണ്ടിയുള്ള പിടിവലി

Avatar

അഴിമുഖം പ്രതിനിധി

പഞ്ചാബിന്റേയും ഹരിയാനയുടെയും സംയുക്ത തലസ്ഥാന നഗരമായ ചണ്ഡീഗഢ് വീണ്ടും വിവാദമായിരിക്കുകയാണ്. കേന്ദ്ര ഭരണപ്രദേശമായ ചണ്ഡിഗഢില്‍ ഒരു സ്വതന്ത്ര അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാനുള്ള നീക്കം പഞ്ചാബിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടി വന്നു. ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ ചണ്ഡിഗഢിനുമേലുള്ള അവകാശവാദം വൈകാരിക വിഷയമായി തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നു വരുമെന്ന കാര്യത്തില്‍ സംശയമില്ല. ഭരണകക്ഷിയായ അകാലിദളും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസും ഇതിനകം തന്നെ ഈ വിഷയത്തെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ ചണ്ഡീഗഢ് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചത് പ്രതിപക്ഷത്തിന്റേ മാത്രമല്ല ബിജെപി കൂടി പങ്കാളിയായ സംസ്ഥാനം ഭരണത്തിന് നേതൃത്വം നല്‍കുന്ന അകാലിദളിന്റേയും കടുത്ത എതിര്‍പ്പ് കാരണമായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിന്റെ ചണ്ഡീഗഢിനു മേലുണ്ടെന്ന് പറയപ്പെടുന്ന അധികാരത്തെയും അവകാശവാദത്തേയും അവഗണിക്കുന്ന ഒന്നായി കണ്ടാണ് പഞ്ചാബിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ നിയമന നീക്കത്തെ എതിര്‍ത്ത് ശക്തമായാണ് പ്രതികരിച്ചത്.

ചണ്ഡീഗഢിനു മേലുള്ള പൂര്‍ണ അധികാരം തിരിച്ചു പിടിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനോട് ആവശ്യപ്പെട്ടു കൊണ്ട് ഈ വിഷയം കോണ്‍ഗ്രസ് കരുതിക്കൂട്ടി കുത്തിപ്പൊക്കിയിരിക്കുകയാണ്. എന്നാല്‍ തുടര്‍ച്ചയായി ഭരിച്ച മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് പഞ്ചാബില്‍ നിന്നും ഛണ്ഡീഗഢിനെ പിടിച്ചുപറിക്കാന്‍ കൂട്ടുനിന്നതെന്ന ആരോപണമാണ് ബാദലിന്റെ മറുപടി. ‘തലസ്ഥാന നഗരിയുടെ മേലുള്ള പഞ്ചാബിന്റെ അധികാരം ഉറപ്പിക്കാന്‍ ഇത്രയും നല്ല ഒരു സാഹചര്യം ഇനി ഉണ്ടാവില്ല. കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയില്‍ അകാലികളും പങ്കാളികളാണ്. അതിനു പുറമെ ഹരിയാനയിലും ബിജെപി സര്‍ക്കാരാണ്,’ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗ് ഈയിടെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞു. ‘ബാദലിനു ഇതു നേടിയെടുക്കാന്‍ ഇപ്പോള്‍ കഴിഞ്ഞില്ലെങ്കില്‍ ചണ്ഡീഗഢിനു മേലുള്ള പഞ്ചാബിന്റെ അവകാശവാദത്തെ അദ്ദേഹം ഒരിക്കലും ഗൗരവമായി എടുത്തിരുന്നില്ലെന്നു മനസ്സിലാക്കാം,’ അമരിന്ദര്‍ പറഞ്ഞു.

കാലങ്ങളായി ഈ നഗരത്തെ ചൊല്ലി പഞ്ചാബും ഹരിയാനയും കൊമ്പുകോര്‍ക്കുന്നു. ഇരു സംസ്ഥാനങ്ങളുടേയും ആവശ്യം ചണ്ഡീഗഢിനെ തങ്ങളുടെ തലസ്ഥാനമാക്കണമെന്നാണ്. അകാലി നേതൃത്വവും ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെ പഴിച്ച് രംഗത്തു വന്നിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പഞ്ചാബിനേട് അനീതിയും വിവേചനവുമാണ് കാണിച്ചതെന്നാണ് ബാദല്‍ ആരോപിച്ചത്. ചണ്ഡീഗഢ് കൈമാറുന്നതു സംബന്ധിച്ച് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പാര്‍ലമെന്റില്‍ വച്ച് പഞ്ചാബിലെ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

‘ചണ്ഡീഗഢ് പഞ്ചാബിനു കൈമാറുമെന്ന് പാര്‍ലമെന്റില്‍ വച്ച് പ്രഖ്യാപനം നടത്തിയെങ്കിലും മുന്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി പിന്മാറുകയാണുണ്ടായത്,’ സംഗ്രൂറില്‍ ഒരു പരിപാടിക്കിടെ ബാദല്‍ പറഞ്ഞു. മാതൃസംസ്ഥാനമായിരിക്കെ ചണ്ഡീഗഢിനുമേല്‍ പൂര്‍ണ്ണ അവകാശം പഞ്ചാബിനുണ്ടെന്ന കാര്യം ആര്‍ക്കും തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ചണ്ഡീഗഢിന്റെ പ്രത്യേക പദവി
സംസ്ഥാനം വിഭജിച്ച് ഹരിയാന രൂപീകരിക്കുന്നതിനു മുമ്പ് 1952 മുതല്‍ 1966 വരെ പഞ്ചാബിന്റെ തലസ്ഥാനമായിരുന്നു ചണ്ഡീഗഢ്. പിന്നീട് ഈ നഗരത്തെ ചൊല്ലിയുള്ള ഇരു സംസ്ഥാനങ്ങളുടേയും അവകാശവാദത്തില്‍ തീര്‍പ്പു കല്‍പ്പിനാകാതെ വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ 1966-ലെ പഞ്ചാബ് പുനസ്സംഘടനാ നിയമത്തിലെ നാലാം വകുപ്പു പ്രകാരം 1966 നവംബര്‍ ഒന്നു മുതല്‍ ചണ്ഡീഗഢിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുകയായിരുന്നു. അങ്ങനെ ചണ്ഡീഗഢ് ഭരണം നേരിട്ട് കേന്ദ്രത്തിന്റെ കൈകളിലെത്തുകയും ഒരു ഐ എ എസ് ഓഫീസറെ ചീഫ് കമ്മീഷണറായി നിയമിക്കുകയും ചെയ്തു.

1980-കളുടെ തുടക്കത്തിലുണ്ടായ പഞ്ചാബ് സായുധ പോരാട്ടത്തിന്റെ അനുരണനങ്ങള്‍ ചണ്ഡീഗഢിലും ഉണ്ടായി. തീവ്രവാദ പ്രശ്‌നങ്ങളും ക്രമസമാധാനവും കൈകാര്യം ചെയ്യാന്‍ കേന്ദ്രം 1983-ല്‍ ചണ്ഡീഗഢ് പ്രശ്‌നബാധിത മേഖലാ നിയമം പാര്‍ലമെന്റില്‍ പാസാക്കി. 1984 ജൂണ്‍ ഒന്നു മുതല്‍ പഞ്ചാബ് ഗവര്‍ണര്‍ക്ക് നഗര ഭരണത്തിന്റെ ചുമതല നല്‍കുകയും തീവ്രവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പഞ്ചാബുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ചണ്ഡീഗഢ് ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ചീഫ് കമ്മീഷണര്‍ എന്ന പദവി അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേശകന്‍ എന്നാക്കി മാറ്റി. ചണ്ഡീഗഢ് അഡ്മിനിസ്‌ട്രേറ്ററുടെ പദവിയുള്ള പഞ്ചാബിന്റെ ആദ്യ ഗവര്‍ണര്‍ അര്‍ജുന്‍ സിംഗ് ആയിരുന്നു. 2012-ല്‍ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി ചണ്ഡീഗഢ് പ്രശ്‌നബാധിത മേഖലാ നിയമം റദ്ദാക്കിയെങ്കിലും ഈ രീതി തന്നെ പിന്തുടര്‍ന്നു പോന്നു.

പഞ്ചാബ് ഗവര്‍ണര്‍ തന്നെ ചണ്ഡീഗഢ് അഡ്മിനിസ്‌ട്രേറ്ററുടെ പദവി കൂടി വഹിക്കുന്ന 34 വര്‍ഷത്തെ രീതി ഈ നഗരം പഞ്ചാബിന്റെ തലസ്ഥാനമാണെന്ന വാദത്തെ പിന്താങ്ങുന്നതാണെന്നാണ് പഞ്ചാബ് സര്‍ക്കാരിന്റേയും പ്രതിപക്ഷത്തിന്റെ നിലപാട്. ഹരിയാന സ്വന്തമായി പുതിയ തലസ്ഥാന നഗരം രൂപീകരിക്കുന്നതുവരെ തല്‍സ്ഥിതി തുടരാമെന്ന ഒരു ധാരണ ഉണ്ടായിരുന്നതായും വാദമുണ്ട്. കാലക്രമേണ, ചണ്ഡീഗഢ് പഞ്ചാബിനു കൈമാറുക, ഹരിയാനയുമായി നദീജലം പങ്കിടുക, പഞ്ചാബി സംസാരിക്കുന്ന ഹരിയാന പ്രദേശങ്ങള്‍ പഞ്ചാബിന് കൈമാറുക എന്നിവ പഞ്ചാബില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടികള്‍ക്ക് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തരത്തിലുള്ള വലിയ രാഷ്ട്രീയ പ്രശ്‌നങ്ങളായി മാറി. എന്നിരുന്നാലും നഗര ഭരണം പഞ്ചാബ് ഗവര്‍ണറുടെ കയ്യിലായത് റദ്ദാക്കപ്പെട്ട ചണ്ഡീഗഢ് പ്രശ്‌നബാധിത മേഖലാ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്ന കാര്യം പാര്‍ട്ടികള്‍ അവഗണിച്ചു.

വിവാദത്തിലേക്ക് അല്‍ഫോണ്‍സ് കണ്ണന്താനവും
കേരളത്തില്‍ നിന്നുള്ള 63-കാരന്‍ കണ്ണന്താനം 1979-ലെ സിവില്‍ സര്‍വീസ് പരീക്ഷയിലെ ടോപ്പര്‍മാരില്‍ ഒരാളാണ്. 90-കളില്‍ ദല്‍ഹി കമ്മീഷണറായിരിക്കെ എതിര്‍പ്പുകളെ അവഗണിച്ച് ആയിരക്കണക്കിന് അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചു നിരപ്പാക്കിയതിലൂടെ ‘ഡിമോളിഷന്‍ മാന്‍’ എന്ന വിളിപ്പേരിലും അറിയപ്പെടുന്ന ആളാണ് കണ്ണന്താനം. 2011-ലാണ് അദ്ദേഹം ബിജെയില്‍ ചേര്‍ന്നത്. ‘ഞാന്‍ നിരാശനാണ്. വാസ്തവത്തില്‍ ഒരു പദ്ധതിയിട്ട് താമസിയാതെ അത് പിന്‍വലിക്കുമ്പോള്‍ നിരാശയുണ്ടാകും. ഉള്ള കാര്യം പറഞ്ഞാല്‍ ഈ നിയമന കാര്യം അറിയിച്ച് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ചപ്പോള്‍ ദല്‍ഹി വിട്ട് പുറത്തു പോകുന്നതില്‍ ഞാന്‍ സന്തുഷ്ടനായിരുന്നില്ല. പിന്നീട് എനിക്ക് ആയിരക്കണക്കിന് അഭിനന്ദന സന്ദേശങ്ങളെത്തിയതോടെ ഒരു പാട് കേട്ടറിഞ്ഞ ഒരു നഗരത്തിലെത്താന്‍ എനിക്ക് ആവേശമായി. ചണ്ഡീഗഢിന്റെ ആഗോള പദവി ഉയര്‍ത്താന്‍ എനിക്കു പദ്ധതിയുണ്ടായിരുന്നു,’ കണ്ണന്താനം പറഞ്ഞു.

തീരുമാനം അവസാന നിമിഷം മാറ്റാനുണ്ടായ പ്രധാന കാരണം പഞ്ചാബ് തെരഞ്ഞെടുപ്പാണെന്ന് കണ്ണന്താനം പറയുന്നു. ‘ചണ്ഡീഗഢില്‍ ഒരു മുഴു സമയ അഡ്മിനിസ്‌ട്രേറ്റര്‍ ഉണ്ടാകുന്നത് തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് പഞ്ചാബ് ആശങ്കപ്പെടുന്നു,’ കണ്ണന്താനം പറഞ്ഞു. താന്‍ അല്‍പസമയത്തേക്ക് മാധ്യമങ്ങളില്‍ മാത്രമാണ് അഡ്മിനിസ്‌ട്രേറ്ററായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചണ്ഡീഗഢിന്റെ പ്രശസ്തിയിലേക്കുള്ള കുതിപ്പ്
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമാണിത്. താമസിക്കാനുള്ള ഒരു യന്ത്രമായി വീടിനെ വിശേഷിപ്പിച്ച സ്വിസ്സ് ആര്‍ക്കിടെക്റ്റ് ലി കൊബുസിയര്‍ 1950-ല്‍ ഈ നഗരം പണി പൂര്‍ത്തിയാക്കിയപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടത് തടാകങ്ങളും പൂന്തോപ്പുകളും മികവുറ്റ പൊതു കെട്ടിടങ്ങളും നടപ്പാതകളും ഉള്‍പ്പെടുന്ന ഒരു ജന കേന്ദ്രീകൃത നഗരമാണ്. നഗരത്തിന്റെ എല്ലാഭാഗവും കാല്‍നടയാത്രാ സൗഹൃദവും പരിപൂര്‍ണത ഉള്‍ക്കൊള്ളുന്നതുമാണ്.

വാസ്തുവിദ്യ, സാംസ്‌കാരിക വളര്‍ച്ച, അധുനികവല്‍ക്കരണം എന്നീ കാര്യങ്ങളില്‍ ലോകത്തെ മികച്ച നഗരങ്ങളിലൊന്നായാണ് ചണ്ഡീഗഢിനെ 2015-ല്‍ ബിബിസി എണ്ണിയത്. ചണ്ഡീഗഢിലെ കാപിറ്റോള്‍ കോംപ്ലക്‌സിന് ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി കഴിഞ്ഞ മാസമാണ് യുനെസ്‌കോ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ സ്മാര്‍ട്ടി സിറ്റി മിഷനിലും ഈ നഗരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍