UPDATES

വിദേശം

ട്രംപിനും റിപ്പബ്ലിക്കന്‍മാര്‍ക്കുമിടയില്‍ റഷ്യ എന്ന കീറാമുട്ടി

ട്രംപും റിപ്പബ്ലിക്കന്‍ സെനറ്റ്, കോണ്‍ഗ്രസ് അംഗങ്ങളും തമ്മിലുള്ള തര്‍ക്കം ട്രംപ് യുഗത്തിലെ കോണ്‍ഗ്രസ് റിപ്പബ്ലിക്കന്‍ ഭൂരിപക്ഷത്തിന്റെ പ്രവര്‍ത്തനത്തില്‍ അസാധാരണമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കും

കരൌന്‍ ഡെമിരിജിയാന്‍, പോള്‍ കെയിന്‍, എദ് ഒ കെഫീ

നിരവധി ദേശീയ അന്തര്‍ദേശീയ വിഷയങ്ങളില്‍ റിപ്പബ്ലിക്കന്‍മാര്‍ ഡൊണാള്‍ഡ് ട്രംപുമായി വിയോജിപ്പിലാണ്. റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസില്‍ നിയുക്ത പ്രസിഡണ്ടിന് എല്ലാം അത്ര സുഗമമാകില്ല എന്ന സൂചനയാണിത് നല്‍കുന്നത്.

പാര്‍ട്ടിയിലെ പല കോണില്‍ നിന്നും ട്രംപിന് ആവേശകരമായ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും റഷ്യയെക്കുറിച്ചും യു.എസ് തെരഞ്ഞെടുപ്പിലെ അതിന്റെ ഇടപെടലിനെക്കുറിച്ചും സെനറ്റിലെയും കോണ്‍ഗ്രസിലെയും മുതിര്‍ന്ന റിപ്പബ്ലിക്കന്‍ നേതാക്കളില്‍ പലരും ട്രംപിനെ തുറന്നെതിര്‍ക്കുന്നു. അയാളുടെ വ്യാപാര താത്പര്യങ്ങള്‍ നാളെ സൃഷ്ടിക്കാവുന്ന പ്രശ്നങ്ങള്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചില കമ്പനികളോട്, പ്രത്യേകിച്ച് വിദേശത്തേക്ക് തൊഴില്‍ നല്‍കുന്ന കമ്പനികളോടുള്ള കടുത്ത നിലപാടും വിമര്‍ശനവിധേയമാകുന്നു.

എക്സോണ്‍ മൊബില്‍ സി ഇ ഒ റെക്സ് ടില്ലേഴ്സനെ വിദേശകാര്യ സെക്രട്ടറിയായി തെരഞ്ഞെടുത്തതും പ്രതിഷേധമുയര്‍ത്തി. റഷ്യയുമായുള്ള അയാളുടെ അടുത്ത ബന്ധം മൂലം പല റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും അയാള്‍ക്ക് വോട്ട് ചെയ്തേക്കില്ലെന്നും പാര്‍ട്ടിയുടെ ഉപദേശകര്‍ മുന്നറിയിപ്പ് നല്കുന്നു.

seneter
മിച്ച് മക്കോണല്‍

ഡെമോക്രാറ്റിക് ദേശീയ സമിതിയിലും മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളിലും റഷ്യന്‍ നുഴഞ്ഞുകയറ്റം ഉണ്ടായി എന്ന യു.എസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ സൂചനകളെ ട്രംപ് തള്ളിക്കളഞ്ഞത് ട്രംപ്-റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ തമ്മിലുള്ള ഭിന്നതകളെ കൂടുതല്‍ രൂക്ഷമാക്കി. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മോസ്കോ ട്രംപിനെ അനുകൂലിച്ചു എന്ന CIA സൂചനയെ ട്രംപ് അപഹസിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ അന്വേഷണം വേണമെന്ന ഡെമോക്രാറ്റ് ആവശ്യത്തോടൊപ്പം സെനറ്റര്‍ ജോണ്‍ മാക്കെയിന്‍ അടക്കം നിരവധി റിപ്പബ്ലിക്കന്‍മാര്‍ കൂടിയതോടെ തര്‍ക്കങ്ങള്‍ രൂക്ഷമായി.

“റഷ്യക്കാര്‍ നമ്മുടെ സുഹൃത്തുക്കളല്ല,” അന്വേഷണ ആവശ്യത്തെ പിന്തുണച്ചുകൊണ്ട് സെനറ്റിലെ ഭൂരിപക്ഷ നേതാവ് മിച്ച് മക്കോണല്‍ പറഞ്ഞു.

ഒരു പ്രത്യേക സെലക്ട് കമ്മറ്റി അന്വേഷണം എന്ന ആവശ്യത്തെ അംഗീകരിക്കുന്നതിനടുത്താണ് മാക്കോണല്‍. എന്നാല്‍ സെനറ്റ് രഹസ്യവിവര സമിതി അന്വേഷണത്തിന് പ്രാപ്തമാണെന്ന് അദ്ദേഹം പറയുന്നു.

“ഇതൊരു കക്ഷി രാഷ്ട്രീയ വിഷയമല്ല.”

CIA-യെക്കുറിച്ചും മാക്കോണല്‍ ട്രംപുമായി അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചു. തനിക്ക് അവരില്‍ അതിയായ വിശ്വാസമുണ്ടെന്നും, “നിസ്വാര്‍ത്ഥരായ രാജ്യസ്നേഹികളും അമേരിക്കന്‍ ജനതയ്ക്കായി അജ്ഞാതരായി ജീവന്‍ അപായപ്പെടുത്തുന്നവരുമാണ് അവരെന്നും” മാക്കോണല്‍ പറയുന്നു.

റഷ്യയുമായുള്ള ടില്ലെഴ്സന്‍റെ അടുപ്പത്തെക്കുറിച്ചും പ്രതിരോധത്തിന് മാക്കോണല്‍ മുതിര്‍ന്നില്ല. ലിന്‍ഡ്സെ  ഗ്രഹാം, മാര്‍കോ റൂബിയോ തുടങ്ങിയ സെനറ്റര്‍മാര്‍ എക്സോന്‍ മൊബില്‍ മേധാവിയുടെ നിയമനം ഉണ്ടാക്കുന്ന ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണിത്.

അമേരിക്കയുടെ ഏറ്റവും മുതിര്‍ന്ന നയതന്ത്രപ്രതിനിധി ‘താത്പര്യ സംഘര്‍ഷത്തിനുള്ള സാധ്യതയില്‍ നിന്നും മുക്തമായിരിക്കണമെന്ന്’ റൂബിയോ പറഞ്ഞു. എന്നാല്‍ ‘ടില്ലെഴ്സന്‍റെ നിലപാടുകളെക്കുറിച്ച്’ കൂടുതല്‍ അറിയാന്‍ ശ്രമിക്കുമെന്ന് പറഞ്ഞു ഒരു ഒത്തുതീര്‍പ്പിനുള്ള സാധ്യതയും റൂബിയോ തുറന്നുവെച്ചിട്ടുണ്ട്.

ആര്‍ക്ടിക് സമുദ്രത്തില്‍ റഷ്യന്‍ നിയന്ത്രിത പ്രദേശത്ത് എണ്ണ പര്യവേക്ഷണത്തിന് എക്സോണ്‍ മൊബിലിന് അനുമതി ലഭിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ 2013-ല്‍ ടില്ലെഴ്സണ് റഷ്യന്‍ പ്രസിഡണ്ട് വ്ലാദിമിര്‍ പുടിനില്‍നിന്നും Order of Friendship ലഭിച്ചു. 2014-ലെ റഷ്യയുടെ ഉക്രെയിന്‍ സൈനിക നടപടിയെ തുടര്‍ന്ന് യു.എസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടര്‍ന്ന് കരാര്‍ മരവിപ്പിച്ചിരിക്കുകയാണ്.

ടില്ലെഴ്സണ്‍-പുടിന്‍ ബന്ധം അയാളുടെ നാമനിര്‍ദേശത്തെ എതിര്‍ക്കാന്‍ ചില റിപ്പബ്ലിക്കന്മാരെ പ്രേരിപ്പിക്കും എന്നു കരുതുന്നു ചില മുതിര്‍ന്ന റിപ്പബ്ലിക്കന്‍ ഉപദേശകര്‍. ഏഴു പേരെങ്കിലും ഇപ്പോള്‍ത്തന്നെ എതിര്‍ത്തു വോട്ടുചെയ്യുമെന്ന് പറഞ്ഞതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉപദേശകന്‍ പറഞ്ഞു.

പുടിനെ ഒരു ‘തെമ്മാടിയും കൊലപാതകിയും’ എന്നു വിശേഷിപ്പിച്ച മക്കെയിന്‍ റഷ്യന്‍ പ്രസിഡന്‍റിനോടുള്ള അടുപ്പത്തിന്റെ പേരില്‍ ടില്ലെഴ്സനെ ചോദ്യം ചെയ്തു. “പഴയ KGB ഏജന്റുമായി ഒരാള്‍ക്ക് എങ്ങനെ സുഹൃത്താവാന്‍ കഴിയും എന്നെനിക്ക് മനസിലാകുന്നില്ല,” എന്നു മക്കെയിന്‍ CNN-നോട് പറഞ്ഞു.

ടില്ലെഴ്സനെക്കുറിച്ചും അയാളുടെ റഷ്യന്‍ ബന്ധത്തെക്കുറിച്ചും  സെനറ്റര്‍ ജെയിംസ് ലാങ്ക്ഫോര്‍ഡിന് നിരവധി സംശയങ്ങളുണ്ടെന്ന് സെനറ്ററുടെ വക്താവ് പറഞ്ഞു.

Russian President Vladimir Putin looks on during a panel session with business leaders at the St. Petersburg International Economic Forum 2016 (SPIEF) in Saint Petersburg, Russia, on June 17, 2016. MUST CREDIT: Bloomberg photo by Simon Dawson.

റിപ്പബ്ലിക്കന്‍മാര്‍ക്ക് വലിയ പരീക്ഷ
ട്രംപും റിപ്പബ്ലിക്കന്‍ സെനറ്റ്, കോണ്‍ഗ്രസ് അംഗങ്ങളും തമ്മിലുള്ള തര്‍ക്കം ട്രംപ് യുഗത്തിലെ കോണ്‍ഗ്രസ് റിപ്പബ്ലിക്കന്‍ ഭൂരിപക്ഷത്തിന്റെ പ്രവര്‍ത്തനത്തില്‍ അസാധാരണമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കും. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന് എതിരായിരുന്ന പല റിപ്പബ്ലിക്കന്‍മാരും അയാളുടെ  ആവേശഭരിതരായ വോട്ടര്‍മാരെ പിണക്കാതിരിക്കാന്‍ പല മേഖലകളിലും അയാള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. എന്നാല്‍ ജനാധിപത്യ സ്ഥാപനങ്ങളുടെ സുതാര്യതയ്ക്ക് അനിവാര്യമായ പൊതു പരിശോധനയെ ശീലിക്കാത്ത ഒരു വ്യാപാരിയായിരുന്ന പ്രസിഡന്റിനെ, തങ്ങളുടെ ഭരണഘടന ചുമതലകള്‍ക്കുളില്‍  എങ്ങനെ ഉള്‍ക്കൊള്ളണമെന്ന വിഷമത്തിലാണവര്‍. പ്രത്യേകിച്ചും അയാളുടെ സ്വകാര്യ സമ്പത്തിന്റെ കാര്യത്തില്‍.  ട്വിറ്ററിലൂടെ രാഷ്ട്രീയ എതിരാളികളെ ആക്ഷേപിക്കുന്ന ട്രംപ് തങ്ങളെയും വെറുതെവിടില്ല എന്ന തോന്നാലും അവര്‍ക്കുണ്ട്.

ട്രംപിന് മേല്‍ അന്വേഷണം നടത്താനോ അയാളുടെ നാമനിര്‍ദേശങ്ങള്‍ അട്ടിമറിക്കാനോ ഡെമോക്രാറ്റുകള്‍ക്ക് ശേഷിയില്ല. 2013-ല്‍ റിപ്പബ്ലിക്കന്‍മാരുടെ തടസങ്ങളെ മറികടക്കാന്‍ അവസാന അനുമതിക്കായി 60 സെനറ്റര്‍മാരുടെ വോട്ട് വേണമെന്നുള്ള ചട്ടത്തിനെതിരായി വോട്ട് ചെയ്തു. ഇപ്പോള്‍ സുപ്രീം കോടതിയിലേക്കുള്ളത് ഒഴിച്ചുള്ള ട്രംപിന്റെ നാമനിര്‍ദേശങ്ങള്‍ക്കെല്ലാം കേവല ഭൂരിപക്ഷം മാത്രം മതി.

സെനറ്റില്‍ 48 പേരുള്ള ഡെമോക്രാറ്റുകള്‍ക്ക് ഒരു നാമനിര്‍ദേശം തടയാന്‍ കുറച്ചു റിപ്പബ്ലിക്കന്‍മാരുടെ പിന്തുണ മതി. എന്നാല്‍ അതിനു ഡെമോക്രാറ്റുകള്‍ക്ക് പൂര്‍ണ ഐക്യം ഉണ്ടാകണം. എന്നാല്‍ ട്രംപ് ജയിച്ച സംസ്ഥാനങ്ങളില്‍ നിന്നും രണ്ടു വര്‍ഷത്തിനുള്ളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നേരിടേണ്ടിവരുന്ന 10 സെനറ്റര്‍മാര്‍ ഉള്ളപ്പോള്‍ അത് ബുദ്ധിമുട്ടാണ്. പ്രസിഡണ്ട് ഒബാമയുടെ ആദ്യകാലത്ത് അയാള്‍ നാമനിര്‍ദേശം ചെയ്തവര്‍ക്കെതിരെ റിപ്പബ്ലിക്കന്‍മാര്‍ നടത്തിയ പോലെ വ്യക്തിപരവും സാമ്പത്തികവുമായ ആരോപണങ്ങള്‍ ഉയര്‍ത്തുക എന്നതാണു ഡെമോക്രാറ്റുകളുടെ മുന്നിലുള്ള ഒരു വഴി.

ട്രംപിനെ സഹായിക്കാനുള്ള സമ്മര്‍ദം നേരിടുന്ന കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍മാര്‍ക്കിടയിലാകും വലിയ നാടകം അരങ്ങേറുക. തന്റെ സഹപ്രവര്‍ത്തകര്‍ ട്രംപിന് എതിരായി ഉയര്‍ത്തിയ പല വിഷയങ്ങളിലും ഒപ്പം നില്ക്കാന്‍ സഭ സ്പീക്കര്‍ പോള്‍ ഡി റിയാന്‍ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍, റഷ്യ ട്രംപിനെ പിന്തുണച്ചു എന്ന വാദം, ട്രംപിന്റെ ആഗോള വ്യാപാര താത്പര്യങ്ങളും പ്രസിഡണ്ട് പദവിയും തമ്മിലുള്ള സംഘര്‍ഷം എന്നിവയിലൊക്കെ വിമര്‍ശകര്‍ക്കൊപ്പം നില്ക്കാന്‍ റിയാന്‍ വിസമ്മതിക്കുന്നു.

“കോണ്‍ഗ്രസില്‍ ഇതിനെക്കുറിച്ചല്ല എനിക്കു ആശങ്ക,” റിയാന്‍ പറഞ്ഞു.

തന്റെ വ്യാപാര പരിപാടികളെക്കുറിച്ച് ട്രംപ് ഒരു വാര്‍ത്താസമ്മേളനം നടത്താന്‍ ഉദ്ദേശിച്ചെങ്കിലും അടുത്ത മാസത്തേക്ക് മാറ്റിവെക്കാനായിരുന്നു ഉപദേശം. തന്റെ ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ട് മക്കളെ നടത്തിപ്പ് ഏല്‍പ്പിക്കും എന്നാണ് ട്രംപ് സൂചിപ്പിച്ചത്.

ജനുവരി 20-നു മുമ്പ് തന്റെ പ്രായപൂര്‍ത്തിയായ രണ്ടു ആണ്‍മക്കള്‍ക്ക് വ്യാപാരനടത്തിപ്പു കൈമാറുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

തന്റെ ഉടമസ്ഥത ട്രംപ് നിലനിര്‍ത്തുകയാണെങ്കില്‍ പൊതുതാത്പര്യങ്ങള്‍ കണക്കിലെടുത്ത് എടുക്കുന്ന തീരുമാനങ്ങളില്‍ നേരിട്ടും വ്യക്തിപരമായും ഉള്ള സാമ്പത്തിക താത്പര്യങ്ങളും കോണ്‍ഗ്രസ് സമിതികള്‍ക്ക് മുമ്പാകെ ട്രംപ് വിശദീകരിക്കേണ്ടിവരുമെന്ന് ഇരുകക്ഷികളിലെയും നൈതിക വിദഗ്ധര്‍ പറയുന്നു. ഇത്തരം താത്പര്യ വൈരുദ്ധ്യങ്ങളുടെ നിജസ്ഥിതി, ട്രംപ് തന്റെ നികുതി രേഖകള്‍ പുറത്തുവിടാന്‍ വിസമ്മതിച്ചതോടെ പൊതുജനത്തെ സംബന്ധിച്ച് ഒന്നുകൂടി ഇരുട്ടിലായി.

“കുടുംബത്തിനെ ഏല്‍പ്പിക്കുകയും അതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നത് എന്റെയുള്ളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്നു,” സെനറ്റര്‍ ഗ്രഹാം പറയുന്നു. “ഇതിനൊരു പരിഹാരം കണ്ടില്ലെങ്കില്‍ അതയാളുടെ പ്രസിഡണ്ട് കാലത്തെ ചൂഴ്ന്നുനില്‍ക്കും.”

ഇക്കാര്യത്തിലെ വിദഗ്ധര്‍ ആവശ്യപ്പെടുന്നത് ട്രംപ് കുടുംബവുമായി ബന്ധമില്ലാത്ത ഒരു സ്വതന്ത്ര ട്രസ്റ്റിയെ, ആസ്തികള്‍ വില്‍ക്കാനും അയാളുടെ അറിവോടുകൂടിയല്ലാതെ നിക്ഷേപിക്കാനുമായി  നിയമിക്കണമെന്നാണ്.  എന്നാല്‍ ഇതിനെ ട്രംപ് തള്ളിക്കളയുന്നു.

“ഞാന്‍ മത്സരിച്ചപ്പോള്‍ എല്ലാവര്‍ക്കും അറിയായിരുന്നു ഞാന്‍ ലോകത്താകെ വ്യാപാരമുള്ള ഒരാളാണെന്ന്,”ട്രംപ് ഒരഭിമുഖത്തില്‍ പറഞ്ഞു. “കമ്പനിയുടെ നടത്തിപ്പുമായി എനിക്കൊരു ബന്ധവുമുണ്ടാകില്ല. റിയല്‍ എസ്റ്റേറ്റ് വില്‍പ്പന ഓഹരി വില്‍പ്പന പോലെയല്ല. അതിന് ഏറെക്കാലമെടുക്കും. എനിക്കതുമായി ഇനി ബന്ധമില്ല. അതിലെന്ത് നടന്നാലും ഞാനിനി കാര്യമാക്കുന്നില്ല.”

പദവി ഏറ്റെടുക്കുന്നതിനാല്‍ കോടിക്കണക്കിനു ഡോളറിന്റെ ഇടപാടുകളാണ് താന്‍ വേണ്ടെന്നുവെക്കുന്നതെന്ന് ട്രംപ് പറയുന്നു. “ഞാന്‍ ഇടപാടുകള്‍ നടത്തുന്നേയില്ല. അത് വൈരുധ്യമാണോ എന്നൊന്നും എനിക്കറിയില്ല. എനിക്കത് ചെയ്യാനുള്ള അവകാശമുണ്ട്. പക്ഷേ ഞാനത് ചെയ്യുന്നില്ല. കാരണം ഞാനിതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്നു.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍