UPDATES

മുംബൈ വാസം വിജയകരമായി പൂര്‍ത്തിയാക്കി അവര്‍ തിരിച്ചെത്തുമ്പോള്‍ കാത്തിരിക്കുന്നത് മന്ത്രി പദവിയോ അയോഗ്യതയോ? കര്‍ണാടകയില്‍ സ്പീക്കര്‍ ഇനി എന്ത് ചെയ്യും

ബിജെപി സര്‍ക്കാര്‍ നാളെ അധികാരമേറ്റെടുക്കുമെന്നാണ് സൂചന

കര്‍ണാടകയില്‍ 18 ദിവസം നീണ്ടുനിന്ന ‘ജനാധിപത്യ പരീക്ഷണ’ങ്ങളുടെ ഒരു ഘട്ടം പിന്നിട്ടിരിക്കുന്നു. എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. ഇതേതുടര്‍ന്ന് അദ്ദേഹം രാജി സമര്‍പ്പിച്ചു. ഇന്ന് തന്നെ ബിജെപി നേതാവ് ബി എസ് യെദ്യുരപ്പ ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതോടുകൂടി കര്‍ണാടകത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിക്കുമെന്ന് കരുതാന്‍ വയ്യ. സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ ഇനി എന്തു ചെയ്യുമെന്നതാണ് പ്രധാനം. യെദ്യുരപ്പ സര്‍ക്കാര്‍ രൂപികരിച്ചാല്‍ അദ്ദേഹം വിശ്വാസ വോട്ട് തേടുക രമേഷ് കുമാറിന്റെ അധ്യക്ഷതയിലായിരിക്കുമോ എന്നതാണ് അടുത്ത പ്രശ്‌നം. വിശ്വാസ വോട്ടിന് മുമ്പ് സ്പീക്കറെ നീക്കുമോ അതോ രമേഷ് കുമാര്‍ രാജിവെയ്ക്കുമോ?

രണ്ടാഴ്ചത്തെ മുംബൈ വാസം വിജയകരമായി പൂര്‍ത്തിയാക്കിയാണ് വിമത എംഎല്‍എമാര്‍ നാട്ടിലേക്ക് തിരിക്കുന്നത്. ഉദ്യമം വിജയിച്ചുവെന്നതിന്റെ സന്തോഷമാണ് ഇവര്‍ പരസ്യമായി പ്രകടിപ്പിക്കുന്നത്. കുമാരസ്വാമി സര്‍ക്കാരിനെ താഴെ ഇറക്കുകയായിരുന്നു ലക്ഷ്യം. അത് വിജയിച്ചു. എന്തായിരുന്നു കുമാരസ്വാമി സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യസമെന്ന കാര്യം ഇവര്‍ ആരും ഇതുവരെ പറഞ്ഞിട്ടില്ല. 12 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡി എസ്സ് എല്‍എല്‍എമാരുമാണ് സ്വന്തം പാളയം ഉപേക്ഷിച്ച് മൂംബൈയിലേക്ക് പറന്നത്.

ഇവരുടെ രാജി സ്വീകരിക്കുന്നതിന് മുമ്പ് അതേക്കുറിച്ച് തനിക്ക് ബോധ്യം വരണമെന്നാണ് സ്പീക്കറുടെ നിലപാട്. മറ്റ് താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലല്ല, രാജിയെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ രാജി സ്വീകരിക്കേണ്ടതുള്ളൂവെന്ന് കൂറുമാറ്റ നിരോധന നിയമം സ്പീക്കര്‍ക്ക് അധികാരം നല്‍കുന്നുണ്ട്.

മന്ത്രി പദവി വാഗ്ദാനം ചെയ്താണ് ഇതില്‍ പലരേയും പാര്‍ട്ടി മാറാന്‍ ബിജെപി പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ അഞ്ച് പേരെയെങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണത്രെ യെദ്യുരപ്പ ആലോചിക്കുന്നത്. എന്നാല്‍ കൂറുമാറി മന്ത്രിയാകാന്‍ കഴിയുമോ എന്ന കാര്യത്തില്‍ യഥാര്‍ത്ഥ തീരുമാനം സ്പീക്കറാണ് സ്വീകരിക്കുക. ഈ എംഎല്‍എമാരെ അയോഗ്യരാക്കിയാല്‍ പുതുതായി രൂപികരിക്കപ്പെടുന്ന സര്‍ക്കാരില്‍ ഇവര്‍ക്ക് ഉടന്‍ മന്ത്രിമാരാകാന്‍ കഴിയില്ല. അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ചതിന് ശേഷം മാത്രമെ മന്ത്രിമാരാകാന്‍ സാധിക്കുകയുള്ളു. രാജി സ്വീകരിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ മന്ത്രിമാരാകാം. ആറുമാസത്തിനുള്ളില്‍ എംഎല്‍എയായി വിജിയിച്ചാല്‍ മതി. അതുകൊണ്ടുതന്നെ മന്ത്രിമോഹങ്ങള്‍ ഉള്ളില്‍ പേറി മുംബൈയിലേക്ക് വിമാനം കയറി, അവിടെ രണ്ടാഴ്ച താമസിച്ച് തിരിച്ചെത്തുന്നവരുടെ മോഹങ്ങള്‍ക്ക് മേല്‍ തീരുമാനമെടുക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണ്.

രാജി സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ ഇവരെ അയോഗ്യരാക്കണമെന്ന അപേക്ഷ സ്പീക്കര്‍ക്ക് മുന്നിലുണ്ടായിരുന്നുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അതുകൊണ്ട് തന്നെ അയോഗ്യതക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്നും അവര്‍ വാദിക്കുന്നു. അതുകൊണ്ട് തന്നെ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാകുമെങ്കിലും വിമത എംഎല്‍എമാരുടെ ഭാവി സ്പീക്കര്‍ തീരുമാനിക്കും.

ഗവര്‍ണര്‍ ബിജെപി സര്‍ക്കാരിനെ നിയമിച്ചാലും സഭയില്‍ വിശ്വാസ വോട്ടു തേടുക കോണ്‍ഗ്രസുകാരനായ സ്പീക്കറുടെ നിയന്ത്രണത്തിലായിരിക്കുമോ എന്നതാണ് അടുത്ത പ്രശ്‌നം. സ്പീക്കറെ അതിന് മുമ്പ് ഭരണപക്ഷം നീക്കം ചെയ്യുമോ അതോ രമേഷ് കുമാര്‍ രാജിവെയ്ക്കുമോ എന്നീ കാര്യങ്ങളുമെല്ലാം കര്‍ണാടകയെ സംബന്ധിച്ച് പ്രധാനമാണ്.

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞു 18 മാസത്തിന് ശേഷമാണ് ബിജെപി അധികാരത്തിലെത്തുന്നത്. തെക്കെ ഇന്ത്യയില്‍ ബിജെപി അധികാരത്തിലെത്തിയ ഏക സംസ്ഥാനമായ കര്‍ണാടകയില്‍ ഇത്തവണയും ബി എസ് യെദ്യൂരപ്പ തന്നെയായിരിക്കും മുഖ്യമന്ത്രി എന്നാണ് സൂചന. ബിജെപിയുടെ പാര്‍ലമെന്റിറി പാര്‍ട്ടി ഇന്ന് യോഗം ചേര്‍ന്ന് നേതാവിനെ തെരഞ്ഞെടുക്കും.

വിമത എംഎല്‍എമാരെ തിരിച്ച് പാര്‍ട്ടിയിലെടുക്കില്ലെന്ന് കോണ്‍ഗ്രസും ജനാതാദളും വ്യക്തമാക്കിയിട്ടു്ണ്ട്. എന്നാല്‍ കൂറുമാറ്റം സ്വാഭാവിക രാഷ്ട്രീയ സംസ്‌ക്കാരമായ കര്‍ണാടകയില്‍ ഇനിയം എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രവചിക്കുക എളുപ്പമല്ല.

Read More: കൂറുമാറ്റ നിരോധന നിയമത്തിന് അന്ത്യമാകുന്നു? ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യം വീണ്ടും ‘ആയാ റാം ഗയാ റാം’ കാലത്തേക്കോ? കര്‍ണാടക നല്‍കുന്ന പാഠങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍