UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൂര്യപ്രകാശമേല്‍ക്കാതെ സൂക്ഷിക്കുന്ന വിശ്വാസങ്ങളും വികാരങ്ങളുമാണ് നാം ലംഘിക്കേണ്ടത്

Avatar

(ഫെബ്രുവരി 12-ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ഡല്‍ഹിയില്‍ സംഘടിപ്പിച്ച രാജേന്ദ്ര മാഥുര്‍ സ്മാരക പ്രഭാഷണത്തില്‍ നോബല്‍സമ്മാന ജേതാവ് അമര്‍ത്യ സെന്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം)

സ്വന്തം അനുഭവത്തില്‍നിന്നു തുടങ്ങാം. എനിക്ക് ഒരു വയസ് തികയുംമുന്‍പ് 1934 ഓഗസ്റ്റ് 22ന് അച്ഛന്റെ ബന്ധുവും എന്റെ അമ്മാവനുമായ ഷിദ്ധു (ജ്യോതിര്‍മൊയി സെന്‍ഗുപ്ത) ബര്‍ദ്വാന്‍ ജയിലില്‍നിന്ന് അയച്ച കത്തില്‍ ഇങ്ങനെ ചോദിച്ചു: ‘അമര്‍ത്യ എങ്ങനെയുണ്ട്?’. രബീന്ദ്രനാഥ ടഗോര്‍ എനിക്ക് അമര്‍ത്യ എന്നു പേരിട്ടതില്‍ അമ്മാവന്‍ ഖിന്നനായിരുന്നു. വയസായതോടെ ടാഗോറിന് ചിന്താശക്തി നഷ്ടപ്പെട്ടുവെന്നും അതുകൊണ്ടാണ് ഇത്ര ചെറിയൊരുകുട്ടിക്ക് ഇത്ര കഠിനമായ പേരിട്ടതെന്നുമായിരുന്നു അമ്മാവന്റെ വാദം.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അവസാനമുണ്ടാക്കാനുള്ള ശ്രമങ്ങളെത്തുടര്‍ന്നാണ് ജ്യോതിര്‍മൊയി ജയിലിലായത്. ഡാക്ക ജയില്‍, അലിപുര്‍ സെന്‍ട്രല്‍ ജയില്‍, ബര്‍ദ്വാന്‍ ജയില്‍, മിഡ്‌നാപുര്‍ സെന്‍ട്രല്‍ ജയില്‍ എന്നിങ്ങനെ പല ജയിലുകളിലേക്ക് നിരന്തരം അദ്ദേഹത്തെ മാറ്റിക്കൊണ്ടിരുന്നു. ബ്രിട്ടീഷുകാരുടെ ഇന്ത്യന്‍ ജയിലുകളില്‍ ഇതേ അനുഭവം നേരിട്ടുകൊണ്ടിരുന്നവരില്‍ എന്റെ മറ്റു പല ബന്ധുക്കളും അമ്മാവന്മാരുമുണ്ടായിരുന്നു.

ജയിലുകളിലെ പട്ടിണിയില്‍നിന്നുണ്ടായ ക്ഷയരോഗം മൂലമാണ് ജ്യോതിര്‍മോയി മരിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹവുമായി ഏതാനും തവണ സംസാരിക്കാന്‍ കഴിഞ്ഞിട്ടുള്ളത് എന്റെ ഭാഗ്യമാണ്. അദ്ദേഹം പറഞ്ഞതും എഴുതിയതുമായ കാര്യങ്ങള്‍ വളരെ പ്രചോദനം തരുന്നവയായിരുന്നു. ‘ഭരണകര്‍ത്താക്കള്‍ നമുക്കുമേല്‍ കൂനകൂട്ടിയ അസ്വാതന്ത്ര്യം’ എടുത്തുകളയുന്നതില്‍ പ്രതിബദ്ധനായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഭരണം ഇല്ലാതായ, അസ്വാതന്ത്ര്യം കൂനകൂട്ടപ്പെടാത്ത ഇന്നത്തെ ഇന്ത്യയില്‍ ജ്യോതിര്‍മോയി എത്ര സന്തുഷ്ടനാകുമായിരുന്നു.

എന്നാല്‍, ചോദ്യം ഇതാണ് – അസ്വാതന്ത്ര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവസാനിച്ചോ? സാമ്രാജ്യത്വ ഭരണകര്‍ത്താക്കള്‍ നമുക്കുമേല്‍ അടിച്ചേല്‍പിച്ച ശിക്ഷാനിയമങ്ങള്‍ ഇന്നും നമ്മുടെ ജീവിതത്തിന്റെ പ്രധാനഭാഗമാണ്. ഇവയില്‍ സ്വവര്‍ഗരതി കുറ്റകരമാക്കുന്ന സെക്ഷന്‍ 377 ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. സുപ്രിംകോടതിയുടെ ഭരണഘടനാ ബഞ്ച് അത് പുനഃപരിശോധിക്കുന്നുവെന്നത് നല്ല കാര്യം തന്നെ.

മതവികാരങ്ങളെ – എത്ര വിശാല അര്‍ത്ഥത്തിലായാലും – ചോദ്യം ചെയ്യാതിരിക്കുക എന്നതും ബ്രിട്ടീഷുകാരുടെ അവശേഷിപ്പാണെന്നത് പലപ്പോഴും നാം തിരിച്ചറിയുന്നില്ല. 1927-ലാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 295 എ നിലവില്‍ വന്നത്. എത്ര വ്യക്തിപരമായാലും എത്ര വിചിത്രമാംവിധം ദുര്‍ബലമായാലും മറ്റൊരാളുടെ മതവികാരം വ്രണപ്പെടുത്തി എന്ന ആരോപണത്തിന് ഒരാളെ ജയിലില്‍ അടയ്ക്കാനാകും. എന്നാല്‍, മറുവാദങ്ങള്‍ എത്രയുണ്ടായാലും, ഇങ്ങനെയൊരു നിബന്ധന ഇന്ത്യന്‍ ഭരണഘടനയില്‍ ഇല്ല എന്നതാണ് സത്യം.

 

2014 മാര്‍ച്ച് മൂന്നിന് നടത്തിയ ഒരു വിധിപ്രസ്താവത്തില്‍ സുപ്രിം കോടതി മുന്‍ഗണന നല്‍കിയത് അഭിപ്രായസ്വാതന്ത്ര്യമെന്ന ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശത്തിനാണ്. ക്രമസമാധാനം, അന്തസ്, ധാര്‍മികത എന്നിവ നിലനിര്‍ത്തണമെന്ന ഭരണഘടനയുടെ അനുശാസനത്തിന് മതവികാരങ്ങളുടെ പേരില്‍ ഇന്നത്തെ സംഘടിത രാഷ്ട്രീയ പാര്‍ട്ടികള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന നിയമക്രമവുമായി യാതൊരു പൊരുത്തവുമില്ല.

ആരെങ്കിലും ബീഫ് കഴിക്കുന്നതിലോ അത് ഫ്രിജില്‍ സൂക്ഷിക്കുന്നതിലോ ഭരണഘടനയ്ക്കു വിരോധമൊന്നുമില്ല. മറ്റുള്ളവരുടെ ആഹാരരീതികള്‍ ചില പശുആരാധകരെ ചൊടിപ്പിക്കാമെങ്കിലും.

മതവികാരങ്ങളുടെ തലം അതിശയകരമാംവിധം വലിച്ചുനീട്ടപ്പെട്ടിരിക്കുന്നു. മറ്റുള്ളവര്‍ സ്വകാര്യമായി ഭക്ഷണം കഴിക്കുന്നത് കൊലപാതകങ്ങള്‍ക്കുവരെ കാരണമാകുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും സ്‌കൂളുകളില്‍ കുട്ടികള്‍ക്കു നല്‍കുന്ന ഭക്ഷണത്തില്‍ മുട്ടയുടെ പോഷണം ലഭിക്കുന്നില്ല. അധികാരസംഘങ്ങള്‍ സസ്യഭക്ഷണം മാത്രമേ നല്‍കാവൂ എന്ന് വാശിപിടിക്കുന്നു.

ഗൗരവമായ ഗവേഷണത്തിനുശേഷം പ്രസിദ്ധീകരിക്കപ്പെടുന്ന രാജ്യാന്തര കൃതികള്‍ ഇന്ത്യയിലെത്തുമ്പോള്‍ പ്രസാധകരെ ഭയപ്പെടുത്തി അവയെ നിലവാരമില്ലാത്തതാക്കുന്നു. അതും മതവികാരങ്ങളുടെ പേരില്‍ത്തന്നെ. വിജിലാന്റെ ഗ്രൂപ്പുകളുടെ നിയമങ്ങള്‍ ലംഘിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഭീഷണിക്കിരയാകുന്നു. ഭീഷണികള്‍ക്കെതിരെ ചെറുത്തുനിന്ന ചരിത്രമുള്ള ഒന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍. പക്ഷേ അഭിപ്രായസ്വാതന്ത്ര്യത്തിനും മാധ്യമപ്രവര്‍ത്തനത്തിനും കൂടുതല്‍ സാമൂഹിക പിന്തുണ ആവശ്യമുണ്ട്.

ഇവയെല്ലാം ‘അസഹിഷ്ണുതയുള്ള ഇന്ത്യ’യുടെ തെളിവായി കാണുന്നത് ഒരു പ്രത്യേക സാമൂഹിക സ്വഭാവത്തിന് ആളുകളുടെ പീഡനത്തിനിരയാകുക എന്നത് ഭരണഘടനാനുസൃതമാണെന്നു പറയുന്നതിനു തുല്യമായ തെറ്റാണ്. ഹിന്ദുക്കള്‍ എന്ന് തരംതിരിക്കപ്പെട്ടിരിക്കുന്നവര്‍ ഉള്‍പ്പെടെ ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും (ഞാനും ഇതില്‍പ്പെടുന്നു) ഹിന്ദുക്കളും അഹിന്ദുക്കളുമായ മറ്റുള്ളവരുടെ ആഹാരരീതികളിലെ വൈവിധ്യം അംഗീകരിക്കാന്‍ മടിയില്ല. ചെലവ് താങ്ങാനാകുമെങ്കില്‍ മുട്ടയുടെ പോഷണം സ്വന്തം കുട്ടികള്‍ക്കു കൊടുക്കാന്‍ ഇവര്‍ക്കാര്‍ക്കും വൈമനസ്യവുമില്ല.

മതവിശ്വാസങ്ങളെപ്പറ്റിയുള്ള തര്‍ക്ക, വിതര്‍ക്കങ്ങള്‍ മൂവായിരം വര്‍ഷത്തിലേറെയായി ഹിന്ദുക്കള്‍ക്ക് സുപരിചിതമാണ്. അവര്‍ക്ക് അതില്‍ അസഹിഷ്ണുതയുമില്ല. (അത് എന്നുമുതല്‍ ഉണ്ടായെന്ന് ആര്‍ക്ക് അറിയാം? ഉയരങ്ങളിലെ സ്വര്‍ഗത്തില്‍ ആരുടെ കണ്ണുകളാണ് ഈ ലോകത്തെ നിയന്ത്രിക്കുന്നത്, അയാള്‍ യഥാര്‍ത്ഥത്തില്‍ അത് അറിയുന്നു. അല്ലെങ്കില്‍ ഒരുപക്ഷേ അയാള്‍ക്കും അറിയില്ല: ഋഗ്വേദം).

ഒരു ചെറിയ, വളരെ സംഘടിതമായ ഗ്രൂപ്പിന്റെ വിചിത്രമായ വാദങ്ങള്‍ ഹിന്ദുക്കള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുന്നത് ഇന്ത്യക്കാര്‍ക്കാകെയും ഹിന്ദുക്കള്‍ക്കു പ്രത്യേകിച്ചും അപമാനകരമാണ്. അവര്‍ പ്രചരിപ്പിക്കാനാഗ്രഹിക്കുന്ന ചില നിയമങ്ങള്‍ ലംഘിക്കുന്നവരുടെ മേല്‍ ചാടിവീഴാന്‍ തയാറായിരിക്കുന്ന ഈ സംഘത്തിന്റെ ആയുധം സൂര്യപ്രകാശമേല്‍ക്കാതെ സൂക്ഷിക്കേണ്ട വിശ്വാസങ്ങളും വികാരങ്ങളുമാണ്.

ഭിന്നാഭിപ്രായങ്ങളുടെ അടിച്ചമര്‍ത്തലും ജനങ്ങളുടെ മനസില്‍ ഭയം സൃഷ്ടിക്കുന്നതും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. അതിലുപരി ജനാധിപത്യസമൂഹത്തിന്റെ ക്രിയാത്മക പ്രവര്‍ത്തനത്തിനു വിഘാതമാണ്. ഇന്ത്യക്കാര്‍ അസഹിഷ്ണുതയുള്ളവരാകുന്നു എന്നതല്ല പ്രശ്‌നം. യഥാര്‍ത്ഥത്തില്‍ നേരെ വിപരീതമാണ് കാര്യങ്ങള്‍. അസഹിഷ്ണുതയോട് നാം വളരെയധികം സഹിഷ്ണുത കാണിക്കുന്നു.

ഏതാനും പേര്‍ – മത, സമൂഹ, പണ്ഡിത ന്യൂനപക്ഷങ്ങള്‍ – ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ക്ക് നമ്മുടെ പിന്തുണ ആവശ്യമാണ്. ഇത് ഇപ്പോള്‍ വേണ്ടത്ര ഉണ്ടാകുന്നില്ല. നേരത്തെയും ഇത് ആവശ്യത്തിനുണ്ടായിരുന്നില്ല.

ഭിന്നാഭിപ്രായങ്ങളോടും വ്യത്യസ്ത മതരീതികളോടുമുള്ള അസഹിഷ്ണുത ഇപ്പോഴത്തെ സര്‍ക്കാര്‍ തുടങ്ങിയതല്ല. ഇതുവരെയുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഗണ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയെന്നുമാത്രം. ഇന്ത്യയിലെ മുന്‍നിര ചിത്രകാരന്മാരില്‍ ഒരാളായിരുന്ന എം എഫ് ഹുസൈനെ രാജ്യത്തുനിന്ന് വേട്ടയാടി പുറത്താക്കിയത് ഒരു ചെറിയ സംഘം ആളുകളാണ്. എന്നിട്ടും അദ്ദേഹത്തിന് ന്യായമായും കിട്ടേണ്ടിയിരുന്ന ജനപിന്തുണ ലഭിച്ചില്ല. ആ സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടിരുന്നില്ല. (അദ്ദേഹത്തെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് പലതും ചെയ്യാന്‍ കഴിയുമായിരുന്നു എങ്കിലും.)

സല്‍മാന്‍ റുഷ്ദിയുടെ സാത്താനിക് വേഴ്‌സസ് നിരോധിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയതാണ് സര്‍ക്കാരിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കിയ സംഭവം.

സ്വാതന്ത്യത്തെയും അവകാശങ്ങളെയും പിന്തുണയ്ക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് എന്താണു ചെയ്യാനാകുക?

ഒന്ന: ഭരണഘടനയില്‍ ഇല്ലാത്ത ഒരു കാര്യത്തിന് അതിനുമേല്‍ കുറ്റം ചുമത്തുന്നത് നാം അവസാനിപ്പിക്കണം.

രണ്ട്: കോളനിവാഴ്ചക്കാലത്തെ അസ്വാതന്ത്ര്യം അടിച്ചേല്‍പിക്കുന്ന ശിക്ഷാനിയമത്തെ നിലനില്‍ക്കാന്‍ അനുവദിക്കരുത്.

മൂന്ന: നമ്മുടെ ജനാധിപത്യത്തിന്റെ വിലയിടിക്കുന്ന, പല ഇന്ത്യക്കാരുടെയും ജീവിതത്തില്‍ ദാരിദ്ര്യം നിറയ്ക്കുന്ന, പീഡകര്‍ക്ക് സംരക്ഷണം നല്‍കുന്ന സംസ്‌കാരത്തിനു രൂപം നല്‍കുന്ന അസഹിഷ്ണുതയോട് സഹിഷ്ണുത കാണിക്കുന്നത് അവസാനിപ്പിക്കണം.

നാല്: കോടതികള്‍, പ്രത്യേകിച്ച് സുപ്രീം കോടതി രാജ്യത്തു നിലനില്‍ക്കുന്ന ബ്രിട്ടീഷ് കാല നിയമങ്ങള്‍ പുനഃപരിശോധിക്കണം. ഈ നിയമങ്ങള്‍ രാജ്യത്തെ തെറ്റായ ദിശയിലേയ്ക്കല്ലേ നയിക്കുന്നത് എന്നു പരിശോധിക്കണം. ആ നിയമങ്ങള്‍ക്കെതിരെയാണ് സ്വാതന്ത്ര്യസമരകാലത്ത് നാം പോരാടിയത്. സംഘടിതപീഡകര്‍ക്ക് ‘വ്രണിതരാ’കാതിരിക്കാനുള്ള സാങ്കല്‍പിക അവകാശം എവിടെനിന്നു ലഭിക്കുന്നു എന്ന് പ്രത്യേകമായി പരിശോധിക്കണം. ഇത്തരമൊരു അവകാശം ലോകത്ത് മറ്റ് ഏതെങ്കിലും രാജ്യത്തുണ്ടെന്നു തോന്നുന്നില്ല.

അഞ്ചാമത് ഏതെങ്കിലും സംസ്ഥാനങ്ങള്‍ ഇത്തരം അസ്വാതന്ത്ര്യങ്ങള്‍ പ്രാദേശികനിയമനിര്‍മാണം വഴി അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ അഭിപ്രായ സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ മൗലിക അവകാശങ്ങളുമായി ഒത്തുപോകുന്നവയാണോ ഈ നിയമങ്ങളെന്ന് കോടതികള്‍ പരിശോധിക്കണം.

ഇന്ത്യക്കാരെന്ന നിലയ്ക്ക് പാരമ്പര്യത്തെയും വൈവിധ്യത്തെയും പറ്റി നമുക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്. എന്നാല്‍ അത് അതേപടി നിലനിര്‍ത്തണമെങ്കില്‍ നാം കഠിനാധ്വാനം ചെയ്‌തേ തീരൂ. കോടതികള്‍ അവരുടെ കടമകള്‍ നിര്‍വഹിക്കണം, (അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതുപോലെ തന്നെ. പക്ഷേ കൂടുതല്‍, കൂടുതല്‍) നാം നമ്മുടെ കടമകളും (വളരെക്കൂടുതല്‍). സ്വാതന്ത്ര്യത്തിന്റെ വില ജാഗ്രതയാണെന്നു വളരെ നേരത്തതന്നെ തിരിച്ചറിഞ്ഞിട്ടുള്ളതാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍