UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കല്‍ക്കരി ഖനി നിയമ ഭേദഗതി- കെ.എന്‍ ബാലഗോപാലിന്റെ വിയോജന കുറിപ്പ്

Avatar

കല്‍ക്കരി ഖനികള്‍ (പ്രത്യേക നിബന്ധനകള്‍) ബില്‍ 2015ല്‍ സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ കെ എന്‍ ബാലഗോപാല്‍ എം പി അവതരിപ്പിച്ച വിയോജന കുറിപ്പ്. 

കല്‍ക്കരി ഖനികള്‍ (പ്രത്യേക നിബന്ധനകള്‍) ബില്‍ 2015നെ കുറിച്ചുള്ള സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ടിനോടുള്ള എന്റെ വിയോജനക്കുറിപ്പ് വലിയ നിരാശയോടെ രേഖപ്പെടുത്തേണ്ടി വന്നിരിക്കുകയാണ്.

കൂലി കുടിശികകള്‍, ആദിവാസികളുടെയും വനം കൊണ്ട് ഉപജിവനം നടത്തുന്നവരുടെയും വനാവകാശങ്ങള്‍, വന, പാരിസ്ഥിതിക അംഗീകാരങ്ങള്‍, ഭരണഘടനയില്‍ അന്തര്‍ലീനമായിട്ടുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായ ഐക്യം രൂപീകരിക്കാന്‍ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍, ഈ അഭിപ്രായ ഐക്യം ഉണ്ടാക്കിയിരിക്കുന്ന വിഷയങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന തരത്തില്‍ ഉയര്‍ന്നുവന്ന നിയമ ഭേദഗതികള്‍ സ്വീകരിക്കാന്‍ സെലക്ട് കമ്മിറ്റിക്ക് സാധിച്ചില്ല.

ദീര്‍ഘമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന് ഉറപ്പുള്ള ഒരു ബില്ല് പരിഗണിക്കാന്‍ സെലക്ട് കമ്മിറ്റിക്ക് ഏഴ് പ്രവൃത്തി ദിവസങ്ങള്‍ പോലും തികച്ച് നല്‍കിയതുമില്ല! ബില്ല് മൂലം ജീവിതം വഴിമുട്ടാന്‍ സാധ്യതയുള്ള ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളുടെ ഭാഗം കേള്‍ക്കാനുള്ള സാവകാശം പോലും ഞങ്ങള്‍ക്ക് ലഭിച്ചില്ല. ഒരു പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരു സെലക്ട് കമ്മിറ്റിയുടെ അടിസ്ഥാന ചുമതല അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കല്‍ക്കരി വിഭവങ്ങളുടെ യഥാര്‍ത്ഥ ഉടമകളായ സംസ്ഥാന സര്‍ക്കാരുകളുടെ കാഴ്ചപ്പാടുകള്‍ ബില്ലിന്റെ കരട് തയ്യാറാക്കുന്ന സമയത്ത് പരിഗണിക്കപ്പെട്ടില്ല. ലേല പ്രക്രിയയില്‍ നിന്നുള്ള വരുമാനത്തിന്റെ കാര്യത്തിലും പണമടവ് മുന്‍ഗണനയുടെ (preferential payment)  കാര്യത്തിലും ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വരുമാനം കൈമാറുന്ന കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കെ, സംസ്ഥാന സര്‍ക്കാരിന്റെ കാഴ്ചപ്പാടുകള്‍ക്ക് നിര്‍ണായക പ്രധാനമുണ്ട്.

തൊഴില്‍ മന്ത്രാലയത്തിന്റെ അഭിപ്രായവും തേടിയിട്ടില്ല. തൊഴിലാളി യൂണിയനുകളുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും പരിഗണിക്കപ്പെട്ടിട്ടില്ല. കോള്‍ ഇന്ത്യയുടെ സമ്പുഷ്ടമായ അനുഭവങ്ങളും വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെയും പട്ടികവര്‍ഗ മന്ത്രാലയത്തിന്റെയും അഭിപ്രായങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടില്ല. എന്തിന് പെസ (PESA) ഭരണഘടനയുടെ ഭാഗമായി മാറിയതിന് ശേഷം ഇത്തരം കാര്യങ്ങളില്‍ പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ അഭിപ്രായം തേടേണ്ടത് നിയമപരമായ ബാധ്യതയാണെന്നിരിക്കെ അത് പോലും പരിഗണിക്കാന്‍ ബില്ലിന്റെ കരട് രൂപപ്പെടുത്തിയവര്‍ തയ്യാറായിട്ടില്ല.

നിര്‍വചന വകുപ്പുകളില്‍ പോലും അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന്, ബില്ലിലെ ‘കോര്‍പ്പറേഷന്‍’ (വകുപ്പ് 3(ജി)) എന്ന വാക്കിന് 2013 ലെ കമ്പനീസ് ചട്ടത്തിലെ പതിനൊന്നാം വകുപ്പിലെ രണ്ടാം ഉപവിഭാഗത്തില്‍ കൊടുത്തിരിക്കുന്ന അതേ അര്‍ത്ഥമാണ് നല്‍കിയിരിക്കുന്നത്. 2013 ലെ കമ്പനീസ് ചട്ടത്തിലെ ഉപവിഭാഗം 2 (11) പ്രകാരം ‘ബോഡി കോര്‍പ്പറേറ്റ്’ അല്ലെങ്കില്‍ ‘കോര്‍പ്പറേഷന്‍’ എന്ന വാക്കില്‍ ഇന്ത്യയ്ക്ക് പുറത്ത് സംയോജിക്കപ്പെട്ട കമ്പനികളും ഉള്‍പ്പെടുന്നു. അതായത്, ലേലത്തില്‍ പങ്കെടുക്കുന്നതിനായി ഒരു വിദേശ കമ്പനിക്ക് വേണമെങ്കിലും ‘കോര്‍പ്പറേഷന്‍’ എന്ന വാക്കിന്റെ വിശദീകരണത്തിനുമേല്‍ അവകാശം ഉന്നയിക്കാം എന്ന് സാരം. വളരെ ധൃതിപിടിച്ച് കരട് രൂപപ്പെടുത്തി എന്ന് അനുമാനിക്കേണ്ടി വരുന്ന ബില്ലില്‍ നിന്നും ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.

അതുകൊണ്ട് തന്നെ ലോക്‌സഭ പാസാക്കിയ 2015ലെ കല്‍ക്കരി ഖനികള്‍ (പ്രത്യേക നിബന്ധനകള്‍) ബില്ലില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

1. ലേലം വഴിയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും രീതിയിലോ (കോള്‍ ഇന്ത്യ ലിമിറ്റഡും സിങ്കരേനി കൊളീയെറീസും ഒഴികെ) കല്‍ക്കരി പാടങ്ങളില്‍ ഖനനത്തിനുള്ള അനുമതി ലഭിക്കുന്ന കമ്പനികളുടെ അവകാശങ്ങള്‍ ‘സ്വന്തം ഉപഭോഗത്തിന് അല്ലെങ്കില്‍ കൃത്യമായി നിര്‍വചിക്കപ്പെട്ട അവസാന ഉപയോഗത്തിന്’ മാത്രമായി ചുരുക്കുകയും, ബില്ലിന്റെ നിര്‍ദ്ദേശങ്ങളില്‍ എവിടെയൊക്കെ ‘വില്‍പ്പന അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും ഉദ്ദേശത്തോടെ,’ എന്ന വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ടോ അതൊക്കെ പിന്‍വലിക്കുകയോ/മരവിപ്പിക്കുകയോ ചെയ്യണം. കൂടാതെ, കല്‍ക്കരി ഖനികളുടെ അവകാശം ലഭ്യമാകുന്നവര്‍ അത് സ്വന്തം ആവശ്യത്തിന് അല്ലെങ്കില്‍ മുന്‍കൂറായി നിശ്ചയിക്കപ്പെട്ട അവസാന ഉപയോഗത്തിനല്ലാതെ വില്‍ക്കാനുള്‍പ്പെടെയുള്ള മറ്റ് ഉദ്ദേശങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി, 1973 ലെ കല്‍ക്കരി ഖനി (ദേശസാല്‍ക്കരണം) ചട്ടത്തിലും 1957ലെ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ചട്ടത്തിലും ഇപ്പോഴത്തെ ബില്‍ നിര്‍ദ്ദേശിക്കുന്ന ഭേദഗതികള്‍ പിന്‍വലിക്കുകയോ അല്ലെങ്കില്‍ യുക്തമായ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യണം.

(മറ്റ് പല കാരണങ്ങള്‍ക്കുമൊപ്പം, രാജ്യത്തെ 240 കല്‍ക്കരി ഖനികള്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ വിവിധ കമ്പനികള്‍ക്ക്/സ്ഥാപനങ്ങള്‍ക്ക് സ്വന്തം ആവശ്യത്തിന് അല്ലെങ്കില്‍ മുന്‍കൂറായി പ്രഖ്യാപിച്ച നിശ്ചത അവസാന ഉപയോഗത്തിന് നിയന്ത്രണമില്ലാത്ത രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ പതിച്ച് നല്‍കിയത് റദ്ദാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തെ അഭിസംബോധന ചെയ്യുന്നതിന് വേണ്ടിയാണ് 2014ലെ കല്‍ക്കരി ഖനികള്‍ (പ്രത്യേക വകുപ്പുകള്‍) ഓര്‍ഡിനന്‍സും അതിന്റെ പിന്തുടര്‍ച്ചയായി ഇപ്പോഴത്തെ ബില്ലും കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് റദ്ദാക്കപ്പെട്ട കല്‍ക്കരി ഖനനികളില്‍ ഖനനത്തിന്റെ തുടര്‍ച്ച/ പുനരാരംഭം ഉറപ്പാക്കുന്നതിനായി ഈ ഖനികള്‍ ലേലത്തിലൂടെയോ അല്ലെങ്കില്‍ സുതാര്യമായ വില പറയല്‍ പ്രക്രിയയിലൂടെയോ പതിച്ചു നല്‍കുന്നതിനാണ് ഇപ്പോഴത്തെ ഓര്‍ഡിനന്‍സ് പ്രഖ്യാപിക്കുകയും അതിന് ശേഷം ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കുകയും ചെയ്യുന്നതെന്നാണ് ഒരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

എന്നാല്‍, പാര്‍ലമെന്റ് പാസാക്കുകയും 2010 സെപ്റ്റംബര്‍ 9ന് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്ത 2010ലെ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) നിയമത്തിലൂടെ തന്നെ കല്‍ക്കരി ഖനികള്‍ ലേലം ചെയ്യാനുള്ള നിയമപരിരക്ഷ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട്, ഇപ്പോള്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയതും അതിനെ തുടര്‍ന്ന് ബില്‍ അവതരിപ്പിക്കുന്നതും റദ്ദാക്കപ്പെട്ട കല്‍ക്കരി ഖനികള്‍ ലേലത്തിലൂടെ വിതരണം ചെയ്യേണ്ട അടിയന്തിരാവശ്യം നിലനില്‍ക്കുന്നതുകൊണ്ടാണെന്ന സര്‍ക്കാരിന്റെ ന്യായീകരണം വിലപ്പോകുന്നതല്ല.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കല്‍ക്കരി ഖനനം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയ 1973 ലെ കല്‍ക്കരി ഖനികള്‍ (ദേശസാല്‍ക്കരണം) നിയമത്തിലൂടെ ദേശസാല്‍ക്കരിക്കപ്പെട്ട കല്‍ക്കരി ഖനന മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള പാത സുഗമമാക്കുന്നതിനുള്ള വഴിയൊരുക്കുക എന്നതാണ് 2015ലെ കല്‍ക്കരി ഖനികള്‍ (പ്രത്യേക വകുപ്പുകള്‍) നിയമത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശം. വാണിജ്യ ആവശ്യങ്ങള്‍ക്കായി കല്‍ക്കരി ഖനനം ചെയ്യുന്നതിനുള്ള പൂര്‍ണ ദൗത്യം പൂര്‍ണമായും പൊതുമേഖലയിലുള്ള കോള്‍ ഇന്ത്യ ലിമിറ്റഡിനെയും സിങ്കരേനി കൊളീയെറീസ് ലിമിറ്റഡിനെയുമാണ് (എസ് സി എല്‍) ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍, മറ്റൊന്നിനും ഉപയോഗിക്കരുത് എന്ന നിബന്ധനയോടെ നിശ്ചിത നിയന്ത്രണത്തിലുള്ള ഉപഭോഗത്തിന് (captive consumption) മാത്രമായി കല്‍ക്കരി ഖനനം ചെയ്യുന്നതിനുള്ള അനുമതി കോള്‍ ഇന്ത്യ ലിമിറ്റഡും എസ് സി എല്ലും അല്ലാതെയുള്ള മറ്റ് ചില തിരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് അനുവദിക്കുന്ന മറ്റൊരു നിയമനിര്‍മ്മാണം 1993ല്‍ നടപ്പിലാക്കുകയുണ്ടായി.

എന്നാല്‍, 2015ലെ കല്‍ക്കരി ഖനികള്‍ (പ്രത്യേക വകുപ്പുകള്‍) നിയമം, കല്‍ക്കരി പാടങ്ങള്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് ലേലത്തിലൂടെ പതിച്ചുനല്‍കുന്നതിന് മാത്രമല്ല, കല്‍ക്കരി പാടങ്ങളുടെ അവകാശം ലേലത്തിലൂടെ ലഭ്യമാകുന്നവര്‍ക്ക് ‘വില്‍പനയ്‌ക്കോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും ആവശ്യങ്ങള്‍ക്കോ’ ആയി കല്‍ക്കരി ഖനനം നടത്തുന്നതിനുള്ള അനുവാദം നല്‍കുന്നതിനും വ്യവസ്ഥ ചെയ്യുന്നു. ഇന്ത്യയുടെ സാമ്പത്തിക വികസന പ്രക്രിയയില്‍ ഒരു നാഴിക കല്ലെന്ന് വിശേഷിപ്പിക്കുന്ന 1973ലെ കല്‍ക്കരി ഖനികള്‍ (ദേശസാല്‍ക്കരണം) നിയമത്തിന്റെ അടിസ്ഥാന ആശയങ്ങളെ അട്ടിമറിക്കുകയോ അല്ലെങ്കില്‍ നേര്‍വിപരീതമാക്കുകയോ ആണ് ഇപ്പോഴത്തെ വകുപ്പുകള്‍ ചെയ്യുന്നത്. 

ഇപ്പോള്‍ പ്രചാരത്തിലുള്ള സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടുള്ള 1973 ലെ കല്‍ക്കരി ഖനികള്‍ (ദേശസാല്‍ക്കരണം) നിയമത്തില്‍ നിന്നുള്ള ഈ വ്യതിയാനം, സ്വകാര്യവല്‍ക്കരണത്തിനുള്ള വഴി ഉറപ്പായും തെളിക്കുമെന്ന് മാത്രമല്ല അതിന് സാധ്യമാകുന്ന നിയമ വകുപ്പുകള്‍ സൃഷ്ടിക്കുകയും അങ്ങനെ മൊത്തം കല്‍ക്കരി ഖനനമേഖലയും നിര്‍ണായക ധാതു വിഭവങ്ങള്‍ പടിപടിയായി സ്വകാര്യ കൈകളിലെത്തുകയും അത് ദേശീയ താല്‍പര്യങ്ങളെ ഹനിക്കുകയും ചെയ്യും.)

2. ലേലത്തിനായി രേഖപ്പെടുത്തപ്പെട്ട/തിരഞ്ഞെടുക്കപ്പെട്ട കല്‍ക്കരി പാടങ്ങള്‍ക്ക് പരിസ്ഥിതി സംരക്ഷണ നിയമം, വനസംരക്ഷണ നിയമം എന്നിവ പ്രകാരമുള്ള അനുമതികളും, ഗ്രാമസഭയുടെ അനുമതിയും (1996ലെ പെസ നിയമ പ്രകാരവും 2006ലെ വനാവകാശ നിയമപ്രകാരവും) മുന്‍കൂട്ടി ലഭിച്ചിരിക്കണം എന്ന് അനുശാസിക്കുന്ന ഒരു പുതിയ വകുപ്പ് ബില്ലിന്റെ യുക്തമായ സ്ഥലത്ത് കൂട്ടിച്ചേര്‍ക്കണം.

(ലേലവും അനുമതി നല്‍കലും പ്രയോജനപ്രദവും ഉല്‍പാദനക്ഷമവുമാക്കുന്നതിന്, നിര്‍ദ്ദിഷ്ട പ്രവര്‍ത്തനങ്ങളോ അല്ലെങ്കില്‍ ഖനന പ്രവര്‍ത്തനങ്ങളോ ഉടനടി ആരംഭിക്കുന്നു എന്നുറപ്പാക്കുന്നതിനായി മേല്‍ പറഞ്ഞ വകുപ്പ് ആവശ്യമാണ്. കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കിടയില്‍ അനുമതി നല്‍കപ്പെട്ട 240 കല്‍ക്കരി പാടങ്ങളില്‍ വെറും 40 എണ്ണം മാത്രമായിരുന്ന പ്രവര്‍ത്തനക്ഷമം എന്ന് ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഇത്തരം അനുമതികള്‍ ഇല്ലാതിരുന്നതായിരുന്നു ബാക്കി മുന്നൂറ് പാടങ്ങള്‍ നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളി. പട്ടികകളില്‍ ഉള്‍പ്പെട്ടുത്തിയിരിക്കുന്ന ഭൂരിപക്ഷം കല്‍ക്കരി പാടങ്ങള്‍ക്കും ഇപ്പോഴും അവശ്യമായ പാരിസ്ഥിതിക അനുമതിയോ വനാനുമതിയോ ലഭിച്ചിട്ടില്ല. ഉദാഹരണത്തിന്, ചത്തീസ്ഗഡിലുള്ള (പട്ടിക 1) 42 കല്‍ക്കരി പാടങ്ങളില്‍ 27 എണ്ണത്തിനും പാരിസ്ഥിതിക അനുമതിയും വനാനുമതിയും ലഭിച്ചിട്ടില്ല; ഇതില്‍ നാല് പാടങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കോടതിയിലാണെങ്കില്‍ രണ്ടെണ്ണത്തിന്റെ അനുമതികള്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ തടഞ്ഞുവച്ചിരിക്കുകയാണ്.)

3. ബില്ലിന്റെ മൂന്ന്, അഞ്ച് അദ്ധ്യായങ്ങളില്‍ താഴെ പറയുന്ന വകുപ്പുകള്‍/ഭേദഗതികള്‍ കൂട്ടിച്ചേര്‍ക്കണം:

എ) പുതുതായി ലേലത്തിന് വയ്ക്കുന്ന കല്‍ക്കരി പാടങ്ങളില്‍ ജോലിയെടുക്കുന്ന (നേരത്തെ അനുമതി ലഭിച്ച ആളുടെ കീഴില്‍) തൊഴിലാളികളുടെ വേതനം, ബോണസ്, പെന്‍ഷന്‍, ഗ്രാറ്റുവിറ്റി തുടങ്ങിയ ഇനങ്ങളിലുള്ള കുടിശ്ശികകള്‍, മുന്‍തൊഴില്‍ ദാതാവ് വഴി കൊടുത്തു തീര്‍ത്തിട്ടുണ്ടെന്നോ അല്ലെങ്കില്‍ പിന്‍ഗാമി/പുതുതായി അനുമതി ലഭിക്കുന്ന ആളില്‍ ആ കുടിശ്ശികയുടെ ഉത്തരവാദിത്വം നിക്ഷിപ്തമാക്കിയിട്ടുണ്ടെന്നോ സര്‍ക്കാര്‍ അല്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ട അധികൃതര്‍ ഉറപ്പാക്കണം.

ബി) മുമ്പ് ഖനി നടത്തിയിരുന്ന ആളിന്റെ നേരിട്ടുള്ള കീഴിലോ അല്ലെങ്കില്‍ കരാറുകരോ മറ്റേതെങ്കിലും വഴിയോ ആ ഖനികളില്‍ ഇപ്പോള്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ തൊഴിലാളികളെയും ജീവനക്കാരെയും, പുതുതായി അനുമതി ലഭിച്ചയാള്‍ അല്ലെങ്കില്‍ ലേലത്തില്‍ ജയിച്ചയാള്‍ തുടര്‍ന്നും അതേ ഖനികളില്‍ ജോലി ചെയ്യിക്കാന്‍ ബാധ്യസ്ഥമാണ് എന്ന് ഉറപ്പാക്കണം.

സി) നേരിട്ടോ അല്ലെങ്കില്‍ കരാറുകാര്‍ വഴിയോ കല്‍ക്കരി ഖനികളില്‍ നിയമനം ലഭിച്ച തൊഴിലാളികളുടെയും ജീവനക്കാരുടെയും വേതനം, മറ്റ് ആനുകൂല്യങ്ങള്‍, സേവന സാഹചര്യങ്ങള്‍ എന്നിവ, 2012 ജനുവരി 31ന് അംഗീരിക്കപ്പെട്ട ദേശീയ കല്‍ക്കരി കൂലി ഉടമ്പടി-IXയിലും കാലാകാലങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങളിലും നിര്‍ദ്ദേശിച്ചിട്ടുള്ള വേതന/ആനുകൂല്യവും സേവന സാഹചര്യങ്ങള്‍ക്കും തതുല്യമായിരിക്കണം.

(ഖനനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളില്‍ വലിയൊരു ഭാഗം പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന് മാത്രമല്ല അവരില്‍ ഭൂരിപക്ഷത്തെയും നിയമിച്ചിരിക്കുന്നത് കരാറുകാരുമാണ്. അനുമതി പ്രക്രിയ ലേലം വഴിയായതിനാല്‍, ഉടമസ്ഥാവകാശം കൈമാറപ്പെടാന്‍ സാധ്യതയുള്ളതു കൊണ്ട്, നിര്‍ദ്ദിഷ്ട തൊഴിലാളികള്‍ക്ക് തങ്ങളുടെ ജീവസന്ധാരണ മാര്‍ഗ്ഗങ്ങള്‍ നഷ്ടപ്പെടരുത് എന്ന് മാത്രമല്ല അത് നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പാക്കേണ്ട ധാര്‍മ്മിക ബാധ്യത ലേലം/അനുമതി പ്രക്രിയയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ബന്ധപ്പെട്ട അധികാരികളിലോ സര്‍ക്കാരിലോ നിക്ഷിപ്തമാക്കുകയും ചെയ്യണം.

ഖനി തൊഴിലാളികള്‍ കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ തൊഴില്‍ പട്ടികകള്‍ക്ക് കീഴില്‍ വരുന്നില്ല എന്നതിനാല്‍, കേന്ദ്ര തലത്തിലോ സംസ്ഥാന തലത്തിലോ നിശ്ചയിക്കപ്പെട്ടിരിക്കുന്ന നിയമപരമായ കുറഞ്ഞ കൂലി അവര്‍ക്ക് ബാധകമാവുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍, ഖനി തൊഴിലാളികളുടെ അടിസ്ഥാന കൂലിയും സേവന സാഹചര്യങ്ങളും നിശ്ചയിക്കാനുള്ള ചുമതല അനുമതി ലഭിച്ച കമ്പനിക്ക് വിട്ടുകൊടുക്കാന്‍ പാടില്ല. ഔചിത്യപരമായ നടപടി എന്ന നിലയില്‍, കല്‍ക്കരി മേഖയില്‍ ജോലി ചെയ്യുന്ന സ്ഥിരം തൊഴിലാളികളുടെയും കരാര്‍ തൊഴിലാളികളുടെയും സേവന, വേതന വ്യവസ്ഥകള്‍ 2012 ജനുവരി 12ലെ ദേശീയ കല്‍ക്കരി വേതന കരാര്‍-IXലെയും പിന്നീട് കോള്‍ ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കിയ ഉത്തരവുകളെയും വ്യവസ്ഥകള്‍ക്ക് അനുസൃതമാക്കേണ്ടതാണ്.)

4. മുന്‍ പാട്ടക്കാരന്റെ എല്ലാ ബാധ്യതകളും പുതിയ പാട്ടക്കാരനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നുവെന്നോ അല്ലെങ്കില്‍ അത്തരം ബാധ്യതകള്‍ തീര്‍ക്കുന്നതിനായി സര്‍ക്കാരോ അല്ലെങ്കില്‍ നിര്‍ദ്ദിഷ്ട അധികാരികളോ നടപടികള്‍ സ്വീകരിച്ചുവെന്നോ അല്ലെങ്കില്‍ മുന്‍ പാട്ടക്കാരന്റെ അത്തരം വിഴ്ച വന്ന ബാധ്യതകള്‍ തീര്‍പ്പാക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നോ ഉറപ്പാക്കുന്നതിനായി, മുന്‍ പാട്ടക്കരാന്റെ ബാധ്യതകള്‍ പരിഹരിക്കുന്നതിനുള്ള ബില്ലിലെ 14-ാം വകുപ്പില്‍ മതിയായ ഭേദഗതികള്‍/പുനഃക്രമീകരണങ്ങള്‍ വരുത്തേണ്ടതാണ്. രണ്ടാമതായി, ഈ ബില്ല് പാസാക്കുന്നതിന് മുമ്പുള്ള പട്ടിക ഒന്നുമായി ബന്ധപ്പെട്ട ഏതെങ്കിലും വിധിയോ കോടതിയുടെയോ ട്രിബ്യൂണലിന്റെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും അധികാരികളുടെയോ നിര്‍ദ്ദേശങ്ങളോ ഉത്തരവുകളോ സര്‍ക്കാരിനെതിരെയോ പുതിയ പാട്ടക്കാരനെതിരെയോ പ്രയോഗിക്കാന്‍ പാടില്ലെന്ന് വിശദീകരിക്കുന്ന 14 (ബി) വകുപ്പിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും ഭരണഘടനാ വിരുദ്ധമായതിനാല്‍ അത് അപ്പാടെ ഉപേക്ഷിക്കേണ്ടതാണ്.

(ഖനനപ്രദേശങ്ങളിലെ പീഢിതരായ ജനങ്ങളുടെ അനേകം പരാതികള്‍ നിരവധി കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. അത്തരം ഖനനപ്രദേശങ്ങളിലെ, ഗോത്ര വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ജനവിഭാഗങ്ങളുടെ കെട്ടിക്കിടക്കുന്ന പരാതികള്‍ക്ക് കോടതികള്‍ ഉള്‍പ്പെടെയുള്ള അംഗീകൃത മാര്‍ഗ്ഗങ്ങളിലൂടെ യുക്തിസഹമായ ഒരു പരിഹാരം കണ്ടെത്താനുള്ള സാധ്യതകള്‍ ഈ നിയമം മൂലം തടസപ്പെട്ടുകൂടാ. പലപ്പോഴും ഇത്തരം അന്യായങ്ങളില്‍ സംഭവിക്കാറുള്ളത് പോലെ, മുന്‍ പാട്ടക്കാരനുമായോ സര്‍ക്കാരുമായോ ഇപ്പോള്‍ നടക്കുന്ന തര്‍ക്കങ്ങളില്‍ ഉള്‍പ്പെടുന്ന ബാധ്യതകള്‍ (അതുണ്ടെങ്കിലും ഇല്ലെങ്കിലും) എഴുതിത്തള്ളാന്‍ സാധ്യമല്ല എന്ന് മാത്രമല്ല അത്തരം തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്വം പുതിയ പാട്ടക്കാരനോ സര്‍ക്കാരോ അല്ലെങ്കില്‍ ഇരുവരും ചേര്‍ന്നോ വഹിക്കുകയും ചെയ്യണം. രണ്ടാമതായി, കോടതികളുടെയും അതുപോലെയുള്ള സ്ഥാപനങ്ങളുടെയും ഉത്തരവുകള്‍ ലംഘിക്കുന്നതിന് തുല്യമാകും എന്നതിനാല്‍, കല്‍ക്കരി ഖനികളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കോടതിയുടെയോ മറ്റ് അധികാരികളുടെയോ ഉത്തരവുകളോ വിധികളോ തീര്‍പ്പുകളോ നിരസിക്കാനും പാടില്ല.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍