UPDATES

രൂപേഷ് കുമാര്‍

കാഴ്ചപ്പാട്

ബ്ളാക്ക് ലെറ്റേഴ്സ്

രൂപേഷ് കുമാര്‍

സിനിമ

അടൂരില്‍ നിന്നുള്ള ഡോക്ടര്‍ ബിജു ഒരു അടൂര്‍ ഗോപാലകൃഷ്ണന്‍ ആകരുത്

ഇത് എഴുതിക്കരുതേ എഴുതിക്കരുതേ എന്ന് ഒരു പാട് തവണ സ്വയം പറഞ്ഞു നോക്കിയതാണ്. എന്നാലും ചിലപ്പോള്‍ കൈ വിട്ടു പോകും. എന്നാല്‍ പിന്നെ അങ്ങോട്ട് എഴുതുക തന്നെ. പ്രമുഖ മലയാള സംവിധായകന്‍ ഡോക്ടര്‍ ബിജു ജൂണ്‍ അഞ്ചിന് റിലീസ് ചെയ്യുന്ന ‘അണ്‍ടു ദി ഡസ്‌ക്’, ‘ക്രൈം നമ്പര്‍ 89’ എന്നീ രണ്ടു സിനിമകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടതു കണ്ടു. തീര്‍ച്ചയായും ഈ സിനിമകളെ ഞാനും പിന്തുണയ്ക്കുന്നു. ഈ സിനിമകള്‍ തിയേറ്ററില്‍പോയിത്തന്നെ കാണണം. ശമ്പളം കിട്ടി കയ്യില്‍ കാശുണ്ടെങ്കില്‍ പറ്റുമെങ്കില്‍ ജൂണ്‍ അഞ്ചിന് തന്നെ, മഴയത്താണെങ്കിലും പോയി കാണും. ഈയുള്ളവന്‍ പഠിപ്പിക്കുന്ന പിള്ളേരോടും പോയി കാണാന്‍ പറയും. തീര്‍ച്ച. 

പക്ഷെ ഡോക്ടര്‍ ബിജുവിന്റെ സ്റ്റാറ്റസിനോട്, അതിന്റെ ചില കണ്ടന്റുകളോട് ഇതെഴുതുന്ന ലേഖകന് ശക്തമായ ചില വിയോജിപ്പുകളുണ്ട്. ആ വിയോജിപ്പുകള്‍ കേരളത്തിലെ പൊതുമണ്ഡലത്തില്‍ ഷെയര്‍ ചെയ്‌തെ പറ്റൂ എന്ന അതിശക്തമായ വിശ്വാസത്തിന്റെ പുറത്ത് കൂടിയാണ് ഈ കുറിപ്പ്. അതിനകത്ത് ഏറ്റവും വലിയ പ്രശ്‌നവും അശ്ലീലവും ആയി തോന്നിയത് ‘കപടതയും വ്യാജ നിര്‍മിതകളും മാത്രം ഇഷ്ടപ്പെടുന്ന ഭൂരിഭാഗം മലയാള പ്രേക്ഷകരും’ എന്ന ഒരു ഭാഗം ആണ്. ബഹുമാനപ്പെട്ട ഡോക്ടര്‍ ബിജു താങ്കള്‍ എങ്ങനെ ആണ് ഭൂരിഭാഗം മലയാള പ്രേക്ഷകരുടെയും തല തൊട്ടപ്പന്‍ ആകുന്നത്? എന്ത് അടിസ്ഥാനത്തിലാണ് ഒരു പ്രേക്ഷക സമൂഹത്തെ ഇങ്ങനെ നിര്‍വചിച്ചുവെക്കുന്നത്? ഒരു ജനസമൂഹം മുഴുവന്‍ ഇങ്ങനെ ആണ് എന്ന് അടിവരയിട്ടു പറയാന്‍ ആരാണ് താങ്കള്‍ക്ക് അവകാശം തന്നത്? ഇംഗ്ലീഷ് അറിയാത്തവര്‍ ഫിലിം ഫെസ്റ്റിവലിന് വരേണ്ട എന്ന് അടൂര്‍ ഗോപാല കൃഷ്ണന്‍ പറയുന്നതും താങ്കളുടെ മേല്‍പറഞ്ഞ ഈ ‘ക്വോട്ടും’ തമ്മില്‍ എന്താണ് വ്യത്യാസം? ഒരു പൊതു സമൂഹത്തെ മുഴുവന്‍ താങ്കള്‍ ഒരാള്‍ നിര്‍വചിച്ചാല്‍ താങ്കളും ഒരു ഹിറ്റ്‌ലര്‍ അല്ലേ. നിരന്തരം വിമര്‍ശിക്കുന്ന സിനിമ തമ്പുരാക്കന്മാരുടെ തൊപ്പി അല്ലേ താങ്കളും എടുത്തണിയുന്നത്?

ഇതെഴുതുന്ന ലേഖകന്‍ ചെറിയ ഡോക്യുമെന്റികള്‍ ഒക്കെ ചെയ്ത ഒരാള്‍ ആണ്. ബല്യ ഫിലിം ഫെസ്റ്റിവലിലൊന്നും നമ്മടെ ഡോക്യുമെന്ററി കളിച്ചിട്ടില്ല. അതവിടെ നിക്കട്ട്. പക്ഷെ ഞങ്ങളുടെ ആദ്യത്തെ ഒരു ഡോക്യുമെന്റി കണ്ടിട്ട്, എന്റെ ഒരു സഹോദരന്‍ എന്നെ കെട്ടിപ്പിടിച്ചു കവിളത്ത് ഉമ്മ വെച്ചു ‘ദളിതന്റെ നട്ടെല്ല് നീ കാണിച്ചു കൊടുത്തു’ എന്നൊക്കെ പറഞ്ഞു. അതിലും വലിയ ഫെസ്റ്റിവലൊന്നും നമ്മക്ക് ഇവിടെ ഉണ്ടായിട്ടില്ല. പക്ഷെ അങ്ങനെ ഒരു കൊച്ചു സിനിമ എടുക്കാവുന്ന വഴികളുണ്ടാക്കിയത് ജീവിതത്തില്‍ പലപ്പോഴും പൈസ മോഷ്ടിച്ചും ക്ലാസ് കട്ട ചെയ്തും ചോറ് ഒഴിവാക്കി നാരങ്ങ വെള്ളം കുടിച്ചും രണ്ടു രൂപ തറ ടിക്കറ്റ് എടുത്തും കണ്ട ഉച്ചപ്പടങ്ങളും മാറ്റിനിയും ജെറ്റ്‌ലി പടവും മമ്മൂട്ടി/മോഹന്‍ലാല്‍ പടവുമൊക്കെ തന്നെ ആണ്. അല്ലെങ്കില്‍ അവയും കൂടെ ആണ്. അവ കണ്ടു ഇഷ്ടപ്പെട്ടില്ലെങ്കില്‍ പച്ചക്ക് ചീത്ത വിളിച്ചിട്ടും ഉണ്ട്. എഴുതാവുന്ന കാലഘട്ടത്തില്‍ അവയെ നിശിതമായി വിമര്‍ശിച്ചിട്ടും ഉണ്ട്. സിനിമ എന്ന മാധ്യമത്തിലേക്ക് എന്നെപ്പോലുള്ളവരെ അടുപ്പിച്ചതിനു ഈ സിനിമകള്‍ കൂടി സഹായിച്ചിട്ടുണ്ടെന്ന വാസ്തവം മറച്ചുവയ്ക്കുന്നില്ല. ഡോക്ടര്‍ ബിജുവിന്റെ ഒരു സിനിമ പോലും പൂര്‍ണമായി എനിക്ക് കാണാന്‍ ഭാഗ്യക്കേട് കൊണ്ട് സാധിച്ചിട്ടില്ല. താങ്കളുടെ വീട്ടിലേക്കുള്ള വഴി ഒരു പതിനഞ്ചു മിനിറ്റ് യൂ ട്യുബില്‍ കണ്ടു വെറുതെ എം ബി കളയണ്ടാന്നും കരുതി പൂട്ടി വെച്ചു. ചെലപ്പോള്‍ താങ്കള്‍ മോളില്‍ പറഞ്ഞ ‘വ്യാജ നിര്‍മിതികളെ’ ഇഷ്ടപ്പെടുന്നത് കൊണ്ട് മാത്രമല്ല. അഥവാ അങ്ങനെ ആരെങ്കിലും വിചാരിച്ചാലും അതൊരു പ്രശ്‌നവും അല്ല.

പിന്നെ താങ്കള്‍ മുകളില്‍ പറഞ്ഞ പല ‘വ്യാജ നിര്‍മിതികള്‍ തന്നെ ആണ് എന്നെപ്പോലുള്ളവരെ സിനിമയുടെ ലോകത്തേക്ക് അല്ലെങ്കില്‍ സിനിമയെ സ്‌നേഹിപ്പിച്ചത്. ചില ഓര്‍മ്മകള്‍ ഇവിടെ കുറിക്കാതെ പോകുന്നത് ശരിയല്ല എന്ന് തോന്നുന്നു. ‘കോളിളക്കം’ എന്ന സിനിമ ആണ് ഞാന്‍ ആദ്യമായി കണ്ടതെന്നു എന്റെ അമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. എന്റെ അച്ഛന്റെ അനിയന്‍ കൃഷ്ണാപ്പന്‍ എന്റെ ഒരു പിറന്നാളിന് ഒരു ജുബ്ബയും വാങ്ങിച്ചു തന്നു തളിപ്പറമ്പ് ആലങ്കീല്‍ ടാക്കീസില്‍’എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്’ എന്ന സിനിമ കാണിച്ചു തന്നപ്പോള്‍ അവസാനത്തെ ഷോട്ടില്‍ മോഹന്‍ ലാല്‍ ആ പെട്ടിയും തൂക്കി നടന്നു പോകുമ്പോള്‍ കരഞ്ഞിട്ടുണ്ട്. ഇപ്പോഴും ബസ് യാത്രയ്ക്കിടയില്‍ ആലങ്കീല്‍ ടാക്കീസ് കാണുമ്പോള്‍ അതൊക്കെ ഓര്‍മ വരും. ആ ഓര്‍മയൊക്കെ തന്നെയാണ് ഞങ്ങളെയൊക്കെ ജീവിപ്പിക്കുന്നതും. പിന്നെ എന്റെ തന്നെ ഒരു ഏട്ടന്‍, ഗണേശേട്ടന്‍, ‘സുനില്‍ വയസ്സ് ഇരുപത്’ എന്ന സിനിമ കാണിക്കാന്‍ കൊണ്ട് പോയപ്പോള്‍ ഇരിക്കാന്‍ സ്ഥലമില്ലാത്തതുകൊണ്ട് നിന്നാണ് കണ്ടത്. അന്ന് അച്ഛന്റെ വായീന്ന് സിനിമ കാണാന്‍ പോയതിനു നല്ല ചീത്ത കിട്ടി. പിന്നീട് കൗമാരത്തില്‍ ചിറക്കല്‍ പ്രകാശ് എന്ന ടാക്കീസില്‍ ആണ് ആദ്യമായി ‘ചുവപ്പ് താളം’ എന്ന ഒരു കമ്പിപ്പടം കണ്ടത്. ആ സിനിമയിലെ ഒരു കുളി സീനില്‍ ഷഡി താഴ്ത്തി ചന്തിയില്‍ സോപ്പ് തേക്കുന്ന ഒരു സീന്‍ ഇപ്പോഴും മറന്നിട്ടില്ല. ആ ഷഡി താഴ്ത്തല്‍ എന്റെയൊക്കെ കാമക്കണ്ണിന്റെ മുഖത്തേക്കുള്ള ഒരു പെണ്ണിന്റെ ശക്തമായ അടി ആണെന്ന് ആരൊക്കെയോ പിന്നീട് ചര്‍ച്ചയും ചെയ്തിട്ടുണ്ട്. എന്നെങ്കിലും സുരേഷ് ഗോപിയെ നേരിട്ട് കണ്ടാല്‍ ഇങ്ങളെ ‘കമ്മീഷണറും’ ‘ഏകലവ്യനും’ കണ്ടിട്ടാണ് ഞാന്‍ പ്രീഡിഗ്രീ തോറ്റത് എന്ന് പറയാന്‍ ഒരു മടിയും ഉളുപ്പും ഇല്ല. നാടോടിക്കാറ്റ് എന്ന സിനിമയില്‍ മോഹന്‍ ലാല്‍ പെട്ടിയും തൂക്കി പോകുന്ന ഒരു സീന്‍കണ്ടു ‘എന്റെ അച്ചന്‍…’ എന്ന് ഒരു കുഞ്ഞനിയന്‍ പറഞ്ഞതും മറക്കാന്‍ പറ്റില്ല. എണ്‍പത്തി ഒമ്പതിലെ അവധിക്കാലത്ത്’റാംജിറാവു സ്പീക്കിംഗ്’ എന്ന സിനിമയുടെ കഥ പറഞ്ഞു ചിരിപ്പിച്ച ചേച്ചിമാരെയും മറക്കാന്‍ പറ്റില്ല. റഹ്മാന്‍ എന്ന് പറഞ്ഞാല്‍ വീണു മരിക്കുന്ന എലെമ്മമാരെയും മറക്കാന്‍ പറ്റില്ല. ഒരു എസ് എസ് എല്‍സി ക്ലാസ്സില്‍ കിലുക്കത്തിലെ കഥ പറഞ്ഞു ചിരിപ്പിച്ച നിശാമോന്‍ യൂസഫ് എന്ന സുഹൃത്തിനെയും മറക്കാന്‍ പറ്റില്ല. ബെന്‍ ജോണ്‍സന്‍ എന്ന സിനിമയില്‍ കലാഭവന്‍ മണിയുടെ ഉഗ്രന്‍ സ്റ്റണ്ട് മറക്കാന്‍ പറ്റില്ല. തെങ്കാശിപ്പട്ടണം എന്ന സിനിമ കണ്ടു ചിരിച്ചു മടുത്തിരിക്കുമ്പോള്‍ തൊട്ടടുത്തിരിക്കുന്ന സുഹൃത്ത് ‘പടം കുറച്ച് ലാഗിംഗ്’ ആണെന്ന് ബുജി ഡയലോഗ് പറഞ്ഞപ്പോള്‍ കുനിച്ച് നിര്‍ത്തി ഇടിച്ചതും മറക്കില്ല. ഒരു പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിലേക്ക് ഓടി വന്നു അനുമോദ് എന്ന സുഹൃത്ത് ‘എടാ തിരുവനന്തപുരം ശ്രീകുമാറില്‍ ഒരു ബാലെ കളിക്കുന്നുണ്ട്. പേര് ഒന്നാമന്‍, നാല് പാട്ട് ആറു സ്റ്റണ്ട്’ എന്ന ക്രിട്ടിസിസവും മറക്കില്ല.

മുകളില്‍ പറഞ്ഞതൊക്കെ സിനിമയെക്കുറിച്ചുള്ള താങ്കള്‍ പറഞ്ഞ വ്യാജ നിര്‍മിതകള്‍ കണ്ടു നടക്കുന്ന പൊതു സമൂഹത്തിലെ ഒരു ‘ചെറിയ’ ഓര്‍മ്മകളാണ്. ഇതൊക്കെ നിഷേധിച്ചാണോ താങ്കള്‍ ഈ പ്രേക്ഷകരെ ഒക്കെ നിര്‍വചിക്കുന്നത്? ഇങ്ങനെ ഒക്കെ സിനിമ കണ്ടവരൊക്കെ മോശക്കാരാണെന്നാണോ താങ്കള്‍ പറയുന്നത്? താങ്കള്‍ എപ്പോഴും താര രാജാക്കന്മാര്‍ താര രാജാക്കന്മാര്‍ എന്ന് പറയുന്നുണ്ടല്ലോ. താങ്കള്‍ അഭിനയിപ്പിച്ച പ്രിത്ഥ്വിരാജ് എന്ന നടന്‍ ഒരിക്കലും ഒരു താര രാജാവിനെ പോലെ പെരുമാറി എന്നൊന്നും പറയുന്നില്ല. പക്ഷെ അദ്ദേഹം ഈ കച്ചവട സിനിമയുടെ വക്താവായിരുന്നില്ലേ? എങ്കില്‍ താങ്കള്‍ എന്തിനു അദേഹത്തെ താങ്കളുടെ സിനിമയില്‍ അഭിനയിപ്പിച്ചു? അദ്ദേഹത്തിന്റെ ‘പുതിയ മുഖം’ നല്ല ബ്രാഹ്മണിക്കല്‍ പൊളിറ്റിക്‌സ് മുന്നോട്ട് വെക്കുന്ന സിനിമയാണെന്ന് വായനകള്‍ ഉണ്ടായിട്ടുണ്ടല്ലോ. എന്തിനു താങ്കള്‍ നെടുമുടി, ഇന്ദ്രജിത്ത്, അമല പോള്‍ എന്നീ നടീനടന്മാരെ താങ്കളുടെ സിനിമകളില്‍ അഭിനയിപ്പിച്ചു? താങ്കള്‍ പറഞ്ഞ മറ്റൊരു പരാതി് പരസ്പരം പുകഴ്ത്തലുകള്‍ അണ്. താങ്കള്‍ ഏറ്റവും പുതിയ സിനിമയില്‍ അഭിനയിപ്പിച്ച കുഞ്ചാക്കോ ബോബന്റെ ഗൃഹലക്ഷ്മി അഭിമുഖങ്ങളൊക്കെ എന്താണ്? എന്നിട്ട് അങ്ങേരെ താങ്കള്‍ സിനിമയില്‍ അഭിനയിപ്പിച്ചില്ലേ? ഒരു സിനിമക്ക് പരസ്യം ചെയ്യുന്നതില്‍ എന്താണ് തെറ്റ്? ബിഗ്ബഡ്ജറ്റ് സിനിമ എടുക്കുന്നതില്‍ എന്താണ് തെറ്റ്? ഇപ്പോള്‍ താങ്കള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സുദേവന്റെ ക്രൈം  നമ്പര്‍ 89 എന്ന സിനിമ തന്നെ പുതിയ പരസ്യ തന്ത്രവും ആയി ഓണ്‍ലൈനില്‍ വന്നില്ലേ? അതിനെ അംഗീകരിക്കുന്നില്ലേ ജനം? സാറേ, താങ്കള്‍ പറയുന്നതൊന്നു ചെയ്യുന്നത് വേറൊന്നു എന്നതില്‍ വല്ലാത്ത ഒരു നിരാശ ഉണ്ട്.

പിന്നെ താരങ്ങളുടെ കൊച്ചു വര്‍ത്തമാനങ്ങളുടെ പിന്നാലെ നടക്കാന്‍ പഠിച്ചിട്ടുള്ള മാധ്യമങ്ങളും. ഇങ്ങനെയൊക്കെ പറയാമോ? ഇങ്ങനെ ഒക്കെ അടച്ചാക്ഷേപിക്കാമോ? ഇതേ മാധ്യമങ്ങളില്‍ തന്നെ അല്ലേ ഡോക്ടര്‍ ബിജു താങ്കളുടെ ‘വീട്ടിലേക്കുള്ള വഴി’ എന്ന സിനിമ കാണിച്ചത്? കൊച്ചു വര്‍ത്തമാനങ്ങള്‍ കാണുന്നതില്‍ എന്താ തെറ്റ്? ഡോക്ടര്‍ ബിജുവിന്റെ ഇന്റര്‍വ്യൂ മാത്രം കണ്ടിരിക്കുക എന്നാണോ ഉദ്ദേശിക്കുന്നത്? ഡോക്ടര്‍ ബിജുവിന്റെ സിനിമ ‘വീട്ടിലേക്കുള്ള വഴി’ കാണിക്കുമ്പോള്‍ ഭൂരിപക്ഷം കാണികളുടെയും കൈ റിമോട്ടിലേക്ക് പോകുന്നതില്‍ കാണികളെ കുറ്റം പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? വളരെ ചെറിയ ചിലവില്‍ ചെയ്ത ‘പാരനോര്‍മല്‍ ആക്ടിവിറ്റി’ എന്ന സിനിമ കാണുമ്പോള്‍ അതെ കാണിയുടെ കൈ റിമോട്ടിലേക്ക് പോകാത്തതെന്തുകൊണ്ട്? താങ്കളുടെ ഇത്തരത്തിലുള്ള വര്‍ത്തമാനങ്ങളല്ലേ മലയാളത്തിലെ ബ്രാഹ്മണിക് സിനിമകള്‍ ഉത്പാദിപ്പിക്കുന്നതിനേക്കാളും വലിയ ഫാസിസം നിര്‍മ്മിക്കുന്നത്? പിന്നെ താങ്കള്‍ പറഞ്ഞ ന്യൂ ജനറേഷന്‍ സിനിമകള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് ഒരു കുറ്റമാണോ? ‘ബിലാല്‍ പഴേ ബിലാല്‍ അല്ല’ എന്ന ഡയലോഗ് പറയുന്നതും അതിനു കയ്യടിക്കുന്നതും താങ്കള്‍ പറയുന്ന സിനിമകള്‍ കാണാത്തതും പൊതുജനത്തിന്റെ കുറ്റം ആണെന്ന് പറയുന്നതില്‍ എന്താണ് ഒരു കറക്ട്‌നെസ്സ്? അന്‍വര്‍ റഷീദിന്റെ ‘ചോട്ടാ മുംബ’യിലെ തമാശകള്‍ ആസ്വദിക്കുന്നത് ഒരു കുറ്റം ആണോ? സിനിമ അറിയുന്നവര്‍ വിമര്‍ശിച്ചാല്‍ മതി എന്ന സത്യന്‍ അന്തിക്കാട് വചനവും താങ്കളുടെ ‘കപടത ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍’ എന്ന ആറ്റിറ്റ്യൂഡും ഏകദേശം ഒരേ പോലെ അല്ലേ? ന്യൂ ജനറേഷന്‍ എന്ന അസംബന്ധ സിനിമ എന്നൊക്കെ അങ്ങ് വെച്ചു കാച്ചുമ്പോള്‍ താങ്കള്‍ സ്വയം ഒരു ‘തമ്പുരാന്‍’ ചമയലാകലല്ലേ? അത് സത്യായിട്ടും വെറുപ്പിക്കല്‍ അല്ലെ?

പിന്നെ വേറൊരു ബലമായ സംശയം, അടൂരിന്റെയും അരവിന്ദന്റെയും സിനിമകള്‍ കണ്ടു ഇഷ്ടപ്പെട്ടിട്ടില്ല, അത് വെറുത്തു പോയ ഒരു ലേഖകന്‍ തന്നെയാണിത്. അത് പറയുന്നതില്‍ ഒരു നാണക്കേടും ഇല്ല. പക്ഷെ ഒരു കാര്യം, സിനിമയുടെ വേഗത, ലാംഗ്വേജ് എന്നിവയുടെ കാര്യത്തില്‍ താങ്കളുടെ ‘വീട്ടിലേക്കുള്ള വഴി’, അടൂരിന്റെ സിനിമകള്‍ അരവിന്ദന്റെ സിനിമകള്‍ എന്നിവയിലൊക്കെ എന്ത് വ്യത്യാസം ആണ് ഉള്ളത് എന്ന് വ്യക്തമാക്കാമോ? പാടത്തും പറമ്പിലും കെട്ടിട നിര്‍മാണ തൊഴിലും കോളേജിലെ പഠിപ്പിക്കലും ഒക്കെ കഴിഞ്ഞു വരുന്ന ഞങ്ങള്‍ പാവങ്ങള്‍ ഏതൊക്കെ സ്റ്റഡി ക്ലാസില്‍പോയിക്കഴിഞ്ഞിട്ടാണ് താങ്കളുടെ ഒക്കെ സിനിമകള്‍ കാണാന്‍ വരേണ്ടത്? എന്താണ് താങ്കളുടെ സിനിമകള്‍ ഒരു നിമിഷം ചിരിക്കാന്‍ തരുന്നത്? എന്താണ് താങ്കളുടെ സിനിമകള്‍ ഞങ്ങളെ കരയിപ്പിക്കുന്നത്? എന്താണ് താങ്കളുടെ സിനിമകള്‍ ഞങ്ങളെ ചിന്തിപ്പിക്കുന്നത്? എങ്ങനെയാണ് താങ്കളുടെ സിനിമകള്‍ ഞങ്ങളെ ഉത്തേജിപ്പിക്കുന്നത്? അഥവാ താങ്കളുടെ സിനിമകള്‍ ഞങ്ങളെ ചിന്തിപ്പിക്കുന്നുണ്ടെങ്കില്‍ ഈ ചിന്തിപ്പിക്കല്‍ മാത്രാണോ സിനിമ? പിന്നെ താങ്കള്‍ സൂചിപ്പിച്ച ശ്രേണിയിലുള്ള ‘ഒരാള്‍പൊക്കം’ പോലുള്ള സിനിമകള്‍ ഈ ലേഖകന്‍ അടക്കം കണ്ടിട്ടുള്ളതാണ്. അത്തരം സിനിമകളോടുള്ള രാഷ്ട്രീയമായ വിയോജിപ്പ് ആ സിനിമാക്കാരോട് തന്നെ ഞങ്ങളൊക്കെ വളരെ ശക്തമായി പ്രകടിപ്പിച്ചതാണ്. അത് അതിന്റെ സിനിമയിലെ പിന്നണിയിലുള്ളവര്‍ക്ക് അറിയാം. അത്തരം സിനിമകള്‍ക്ക് പിന്നിലെ സ്ട്രഗിള്‍ മനസ്സിലാക്കിയാണ് ആ സിനിമകള്‍ക്ക് ഞങ്ങളെപ്പോലുള്ളവര്‍ പ്രദര്‍ശനം ഒരുക്കാന്‍ കൂടെ നിന്നതും. ‘പാപ്പിലിയോ ബുദ്ധ’ പോലുള്ള സിനിമകള്‍ ഉത്പാദിപ്പിക്കുന്ന അര്‍ത്ഥങ്ങളോടൊക്കെ ശക്തമായ വിയോജിപ്പ് ഈ ലേഖകനും ഉണ്ട്. ഈ കലാമൂല്യം എന്നത് താങ്കള്‍ പറയുന്ന സിനിമകള്‍ക്ക് മാത്രം അവകാശപ്പെട്ടതാണോ? കലാമൂല്യത്തിന്റെ സര്‍ട്ടിഫിക്കെറ്റ് താങ്കളാണോ അടിച്ചു നല്‍കുന്നത്? ‘പാപ്പിലിയോ ബുദ്ധ’ എന്ന സിനിമയുടെ രാഷ്ട്രീയം കേരള സമൂഹം വിശദമായി ചര്‍ച്ച ചെയ്തതാണ്. ഇനിയും ആ ചര്‍ച്ചകള്‍ക്ക് സ്‌കോപ്പ് ഉണ്ട് എന്ന് തന്നെ ആണ് ഞാന്‍ വിശ്വസിക്കുന്നത്.

നിങ്ങള്‍ ഇപ്പോള്‍പറയുന്ന ‘ഒരാള്‍പൊക്കം’ പോലുള്ള സിനിമകളിലെ ജാതി, ഹൈന്ദവത, പ്രണയം, ജ്യോഗ്രഫി സിനിമാറ്റിക് ടെക്സ്റ്റ് എന്നിവയൊക്കെ വിശദമായി കേരളം ചര്‍ച്ച ചെയ്യേണ്ടതുണ്ട് അത് ന്യൂ ജനറേഷന്‍ സിനിമകളെ തള്ളിപ്പറഞ്ഞ് ‘ഒരാള്‍പൊക്കം’ ഒക്കെ ഒരു ധൈര്യം ആണ് എന്ന് പറയുന്നതും രാഷ്ട്രീയമായി തന്നെ ചര്‍ച്ച ചെയ്യണം എന്നും ഞാന്‍ വിശ്വസിക്കുന്നു. പിന്നെ കലാമൂല്യത്തിന്റെ കാര്യം കേരളത്തിലെ മലയാള സിനിമയുടെ എഴുപത്തിയഞ്ചു വര്‍ഷത്തില്‍ കാണികള്‍ മുഴുവന്‍ എഴുന്നേറ്റു നിന്ന് ഡാന്‍സ് കളിച്ചത് ജാസ്സി ഗിഫ്റ്റിന്റെ ‘ലജ്ജാവതിയെ’ എന്ന പാട്ടിനായിരിക്കും. അതിനു കലാമൂല്യം ഇല്ല എന്നാണോ പറയുന്നത്? കച്ചവട സിനിമയില്‍ അഭിനയിച്ച കലാഭവന്‍ മണി ഒന്നും ഒരു കലാമൂല്യവും ഇല്ലാത്ത അഭിനേതാവാനെന്നാണോ താങ്കള്‍ പറയുന്നത്? മുമ്പ് മിമിക്രിക്കെതിരെ ശ്രീനിവാസനെപ്പോലുള്ളവര്‍ പ്രസ്താവനകള്‍ ഇറക്കിയിരുന്നു. മിമിക്രിയെ പുച്ഛത്തോടെ കണ്ടവരും ഉണ്ട്. പക്ഷെ തുറന്നു പറയട്ടെ എന്റെ ഒക്കെ കുഴപ്പം കൊണ്ടായിരിക്കാം മിമിക്രി ഞങ്ങക്കൊക്കെ പെരുത്തിഷ്ടാണ്. നാടകത്തെക്കാളും സിനിമയേക്കാളും. ഞങ്ങളിപ്പോഴും ഡി ഫോര്‍ ഡാന്‍സും കോമഡി എക്‌സ്പ്രസും കാണും. അതിനര്‍ത്ഥം അതുല്‍പ്പാദിപ്പിക്കുന്ന ജാതി -വംശീയത ഒക്കെ അപ്പടി വിഴുങ്ങുക എന്നതല്ല. പിന്നെ മിമിക്രിക്കാര്‍ ചെയ്ത ‘ഇന്‍ഹരിഹര്‍ നഗര്‍’ ഒക്കെ ഇപ്പൊള്‍ ടിവിയില്‍ വന്നാലും ഞങ്ങള്‍ കാണും. അതില്‍ രാഷ്ട്രീയമായ വിയോജിപ്പുണ്ടെങ്കില്‍ അത് വിളിച്ചു പറയുകയും ചെയ്യും. അതൊരു വലിയ തെറ്റാണെന്നൊന്നും ഈ ലേഖകന് തോന്നുന്നില്ല. 

പ്രിയപ്പെട്ട ഡോക്ടര്‍ ബിജു, താങ്കള്‍ ഈ മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്നതും പ്രതികരിക്കുന്നതും ഒക്കെ ബഹുമാനത്തോടെ നോക്കിക്കാണുന്ന ഒരു സാദാ സിനിമ പ്രേക്ഷകനും ഒരു സിനിമ പ്രവര്‍ത്തകനും കൂടി ആണ് ഈ ലേഖകന്‍. ‘പാപ്പിലിയോ ബുദ്ധ’യ്ക്കും ‘ഒരാള്‍ പൊക്ക’ത്തിനും ‘വീട്ടിലേക്കുള്ള വഴി’ക്കും ഉള്ളത് പോലെ പ്രശ്‌നങ്ങള്‍ ‘ദൃശ്യ’ത്തിനും ‘ബാംഗ്ലൂര്‍ ഡയ്‌സി’നും ‘ചിത്ര’ത്തിനും ഒക്കെ ഉണ്ടാകും. പലതും പല ദിശകളിലും രാഷ്ട്രീയമായി നില കൊള്ളുന്നതുമായിരിക്കും. പക്ഷെ ഇതൊക്കെ കാണുന്നവര്‍ മുഴുവന്‍ ഒന്നിനും കൊള്ളാത്തവര്‍ ആണെന്ന രീതിയിലുള്ള വര്‍ത്താനം വരുമ്പോഴാണ് പ്രശ്‌നം. അങ്ങനെ പറയുമ്പോള്‍ അടൂര്‍ സ്വദേശം ആയ താങ്കള്‍’സബ്‌ടൈറ്റില്‍ വായിക്കാന്‍ അറിയാത്തവര്‍’ സിനിമ കാണേണ്ട എന്ന് പറയുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ ആവുകയാണ്.

എന്റെ അമ്മയെ കഴിഞ്ഞ മുപ്പത്തെട്ടു വര്‍ഷമായി ഞാന്‍ കാണുകയാണ്. എന്റെ വീട്ടില്‍ അച്ചനും ഞങ്ങള്‍ മൂന്ന് ആണ്‍മക്കളും പിന്നെ അമ്മയും ആണ്. ഞങ്ങള്‍ നാല് ആണുങ്ങളെ ആ സ്ത്രീ കഴിഞ്ഞ മുപ്പത്തിയെട്ടു വര്‍ഷമായി സ്‌നേഹിക്കുകയും സഹിക്കുകയും ഒക്കെ ആണ്. അവര്‍ വീട്ടിലെ പണിയൊക്കെ കഴിഞ്ഞു അവര്‍ക്ക് കുടുംബശ്രീ എന്നൊരു കൂട്ടായ്മ ഉണ്ട്. അവര്‍ അതില്‍ ജൈവീകമായി കൃഷി ഒക്കെ ചെയ്യും, പച്ചക്കറി ഒക്കെ ഉത്പാദിപ്പിക്കും. അവരുടെ ജീവിതത്തിനു അവരുടെതായ ഒരു രാഷ്ട്രീയം ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ എന്നും സീരിയല്‍ കാണും. ചിലപ്പോള്‍ സീരിയല്‍ കഴിഞ്ഞാലെ എനിക്കൊക്കെ ഭക്ഷണം തരൂ. എനിക്ക് ഭക്ഷണം എടുത്തു കഴിച്ചാലെന്താ എന്ന ചിന്ത മാറ്റി വെച്ചു അമ്മയോട് ദേഷ്യപ്പെടും. ഇവിടെ അമ്മ സീരിയല്‍ കാണുന്നത് കൊണ്ട് ഒരു മോശം പ്രേക്ഷകയാണോ? അവരുടെ ജൈവീകത നഷ്ടപ്പെടുന്നുണ്ടോ എന്നതാണ് ചോദ്യം. ഞാന്‍ ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്നത്. കലാമൂല്യം/നല്ലത് എന്നൊക്കെ ഒരു വിഭാഗത്തിനു മാത്രം ചാര്‍ത്തി കൊടുക്കുന്നത്, എഴുപതുകളിലും എണ്‍പതുകളിലും ഒക്കെ രൂപപ്പെട്ട പാരലല്‍ സിനിമ നല്ലത് എന്ന മുദ്രാവാക്യം വീഞ്ഞ് പുതിയ കുപ്പിയില്‍ ആക്കുന്ന പരിപാടി അല്ലേ?

പുതിയ സിനിമാപ്രേക്ഷകരില്‍ നിന്നും അമിട്ട് പൊട്ടുന്ന പോലെ സിനിമകളെക്കുറിച്ച് രാഷ്ട്രീയമായ വിലയിരുത്തലുകള്‍ നടക്കുന്നുണ്ട് എന്ന് തന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതിനു ഒരു പാട് ഉദാഹരണങ്ങളുമുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഒരിക്കല്‍ ഫെയ്‌സ്ബുക്കില്‍ ഒരു ബുദ്ധിമാന്‍ എഴുതിയ ‘ഗീതാഞ്ജലി’ എന്ന സിനിമയെക്കുറിച്ചുള്ള ഒരു വിലയിരുത്തല്‍ ആണ്. ‘ഞാന്‍ ഇപ്പോള്‍ ഈ സിനിമ കളിച്ചോണ്ടിരിക്കുന്ന തീയേറ്ററിന്റെ പുറത്ത് നിക്കുകയാണ്. ഞാനിപ്പോള്‍ സൈക്കോസിസിന്റെയും ന്യൂറോസിസിന്റെയും ഇടയിലുള്ള ഒരു പ്രത്യേക അവസ്ഥയിലൂടെ കടന്നു പോവുകയാണ്. മിക്കവാറും ഈ സിനിമ കഴിയുമ്പോഴേക്കും ഈ ടാക്കീസില്‍ഒരു കൊലപാതകം നടക്കും’. ഇത് ശക്തമായ ഒരു വിലയിരുത്തല്‍ തന്നെ ആണ് എന്നാണ് എന്റെ അഭിപ്രായം. സിനിമയെക്കുറിച്ച് വിലയിരുത്തലുകളും സംവാദങ്ങളും സംഘര്‍ഷങ്ങളും ഒക്കെ കേരളത്തില്‍ നടക്കുന്നുണ്ട്. അത് താങ്കള്‍പറയുന്ന രീതിയില്‍ തന്നെ വേണം എന്നൊക്കെ വിചാരിക്കുന്നത് ഒരു അധികാര പ്രയോഗം അല്ലേ? ‘ഓകെ കണ്മണി’ എനന്ന സിനിമയോട് രാഷ്ട്രീയമായി വലിയ വിയോജിപ്പുണ്ട് ഈ ലേഖകന്. പക്ഷെ എന്തുകൊണ്ട് ജനം ‘ഓകെ കണ്മണി’ കാണാന്‍ പോകുമ്പോള്‍ അതീവ താല്പര്യം കാണിക്കുന്നു എന്നതും ‘പേരറിയാത്തവര്‍’ കാണാന്‍ പോകാം എന്ന് പറയുമ്പോള്‍ കാണിക്കാത്തതും എന്നും ഡോക്ടര്‍ ബിജു സ്വയം ചോദിക്കേണ്ട ചോദ്യമാണ്. അതിനു ജനത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടെന്നും തോന്നുന്നില്ല. 

ഇതെഴുതുന്ന ലേഖകന്‍ എന്നെങ്കിലും ഒരു സിനിമ എടുക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതില്‍ സ്റ്റണ്ടും പാട്ടും ഡാന്‍സും സെക്‌സും ഒക്കെ ഉണ്ടാകും. അത് പറയാന്‍ എനിക്കൊരു നാണക്കേടും ഇല്ല. അതില്‍ കലാഭവന്‍ മണിയും സുരേഷ് ഗോപിയും മോഹന്‍ലാലും ഒക്കെ ഉണ്ടാകും. അതിനര്‍ത്ഥം താങ്കള്‍ പറഞ്ഞ പോലെ മലയാള സിനിമയിലെ ‘ദുഷ്പ്രഭുത്വത്തിനെ’ അംഗീകരിച്ചു കൊടുക്കലൊന്നുമല്ല. എനിക്ക് സിനിമയിലൂടെ സംസാരിക്കാനുള്ളത് ഇവിടത്തെ കല്ലുവെട്ടുകാരനോടും കൃഷിക്കാരനോടും ടൈല്‍സ് പണിക്കാരനോടും ഞാന്‍ താമസിക്കുന്ന ഒരു കോളനിയിലെ സഹോദരങ്ങളോടും എന്റെ അമ്മയോടും അച്ഛനോടും എന്റെ കോളനിക്ക് പുറത്തുള്ള ജനങ്ങളോടും ആണ്. അവരെ ഉദ്‌ബോധിപ്പിക്കല്‍ അല്ല അവരെ ഇഷ്ടപ്പെടുത്തല്‍ ആണ് എന്റെ സിനിമേടെ ഉദ്ദേശം എന്നാണ് ഞാന്‍ കരുതുന്നത്. അതിലൂടെ എനിക്ക് പറയാന്‍ പറ്റുന്ന രാഷ്ട്രീയം, അത് പറയുക എന്നതാണ് ഞാന്‍ കരുതുന്നത്. 

താങ്കളുടെ ‘വീട്ടിലേക്കുള്ള വഴി’ എന്ന ഒരൊറ്റ സിനിമ മാത്രമേ ഞാന്‍ ഒരു കുറച്ച് സമയം കണ്ടിട്ടുള്ളൂ. സത്യം പറഞ്ഞാല്‍ എനിക്കിഷ്ടായില്ല. താങ്കള്‍ പറഞ്ഞ കുഴപ്പം കൊണ്ടായിരിക്കും. എന്ന് വെച്ചു താങ്കളുടെ സിനിമയ്ക്ക് പിന്നിലെ സ്ട്രഗിളിനെ ബഹുമാനത്തോടെ മാത്രേ കാണാനും കഴിയൂ. താങ്കള്‍ ‘സൈറ’ പോലുള്ള സിനിമ എടുക്കുന്നതിനു പിന്നിലെ ബുദ്ധിമുട്ടുകള്‍ നേരിട്ട് തന്നെ എന്നോടൊക്കെ സംസാരിച്ചിട്ടുണ്ട്. പക്ഷെ താങ്കള്‍ ‘ഒരാള്‍പൊക്ക’വും ‘പാപ്പിലിയോ ബുദ്ധയും’ ഒക്കെ കലാമൂല്യവും ചങ്കൂറ്റമുള്ള സിനിമകള്‍ ആണെന്നും പറഞ്ഞു വെക്കുന്നതില്‍ ഞങ്ങള്‍ക്കൊന്നും തോന്നുന്നുമില്ല. താങ്കളുടെ സിനിമകള്‍ കാണാത്തത് കൊണ്ട് അതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ താങ്കളുടെ ‘വലിയ ചിറകുള്ള പക്ഷികള്‍’ എന്ന ഏറ്റവും പുതിയ സിനിമയുടെ പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ താങ്കള്‍തന്നെ പോസ്റ്റ് ചെയ്തത് കണ്ടു. എന്‍ഡോസള്‍ഫാന്‍ ബാധിതരെ ഇത്രയും അധികം ഇരവത്കരിച്ച്ചു കൊണ്ട് ഒരു പോസ്റ്റര്‍ സത്യമായിട്ടും താങ്ങാന്‍വയ്യ. ആ പോസ്റ്റര്‍ കാണുമ്പോള്‍ തന്നെ സത്യം പറയാല്ലോ ആ സിനിമ കാണാന്‍ തോന്നുന്നുമില്ല. അതുകൊണ്ട് ഇത്രമാത്രേ പറയാനുള്ളൂ. അടൂരില്‍നിന്ന് വരുന്ന ഡോക്ടര്‍ ബിജു ദയവു ചെയ്തു അടൂര്‍ ഗോപാലകൃഷ്ണന്‍ ആകരുത്. 

ഇതെഴുതുന്നതിന്റെ ഇടയിലാണ് ഞാന്‍ ടിവിയില്‍’ചതുരംഗ വേട്ട’ എന്ന ഒരു തമിഴ് സിനിമ കാണുന്നത്. വേണമെങ്കില്‍ ന്യൂ ജനറേഷന്‍ തമിഴ് സിനിമ എന്ന് പറയാം. ഒരു ദളിത് കോളനിയില്‍ ജീവിച്ചു വളര്‍ന്ന ഒരുവന്റെ അപാര ബുദ്ധിയുടെ പടം ആണ്. അയാള്‍ പൈസ ഉണ്ടാക്കുന്ന പടം. മറ്റൊരു ‘ഗുണ്ട’, അയാള്‍ സ്‌നേഹത്തിനു വേണ്ടി പൈസ ഉപേക്ഷിക്കുന്ന ഒരു പടം. രണ്ടാമത്തെ തവണ ആണ് അത് കാണുന്നത്. കാണുമ്പോള്‍ രോമം എഴുന്നേല്‍ക്കും ചിലപ്പോഴൊക്കെ. എന്റെ അനിയനും സുഹൃത്തും ആയ സൂരജ് മോഹന്‍ ആണ് ‘രൂപേഷേട്ടാ…ഉഗ്രന്‍ പടാട്ട…കണ്ടൊ’ന്നു പറഞ്ഞതു. അവന്റെ വാക്ക് കേട്ടില്ലെങ്കില്‍ എനിക്ക് തെറ്റിപ്പോയേനെ. അപ്പുറത്തെ ചാനലില്‍ കറുത്ത വംശക്കാരനെ/ആഫ്രിക്കക്കാരനെ അടിക്കുന്ന സൂര്യയുടെ ‘സിംഹം’ എന്ന പടം. എന്റെ സുഹൃത്തും ജീവിത പങ്കാളിയും ആയ രമ്യ പറഞ്ഞത്, ‘അയ്യോ….സിംഹം വേണ്ടേ…..നമ്മക്കിത് കാണാം’. സാര്‍ പ്രേക്ഷകരിലും ചില മരുന്നൊക്കെ ഉണ്ട് സാര്‍. അങ്ങനെ പൂര്‍ണമായും തള്ളിക്കളയാതെ ആ പാവങ്ങളെ.

‘അണ്‍ടു ദി ഡസ്‌ക്കും’ ‘ക്രൈം  നമ്പര്‍8’9 നും ‘വലിയ ചിറകുള്ള പക്ഷികളും’ പറക്കട്ടെ. എല്ലാ ആശംസകളും.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഡോ. ബിജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.facebook.com/Dr.BijuOfficial/posts/960342294012661

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

രൂപേഷ് കുമാര്‍

രൂപേഷ് കുമാര്‍

പ്രശസ്ത ഡോക്യൂമെന്ററി ഫിലിം സംവിധായകന്‍. ഇന്ത്യയിലെ ജാതി അനുഭവങ്ങളെ മുന്‍ നിര്‍ത്തി ദളിത് പ്രശ്‌നങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നവയാണ് രൂപേഷിന്റെ ഡോക്യൂമെന്ററികള്‍. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങീലില്‍ ജനനം. Documentaries Don’t be our fathers Don’t be our fathers Music video Black Board Twinkle Twinkle Little Caste Crime and Punishment 3D Stereo Caste All Indians are… Sabitha: A Woman and a Day By the side of a River Love stories In Black letters Underworld Memories of Untouchables ബ്ളാക്ക് ലെറ്റേഴ്‌സ് 1980-കള്‍ക്കു ശേഷമുള്ള ദളിത് ജീവിതാനുഭവങ്ങളും ദളിത് ഓര്‍മകളും ദളിത് മനോഭാവങ്ങളുമാണ് ഈ എഴുത്തില്‍ വരിക. നിയതവും ചിട്ടപ്പെടുത്തിയതുമായ അവസ്ഥകളിലല്ല ജീവിതം സംഭവിക്കുന്നതെന്നതിനാല്‍ എഴുത്തും ഇതേ രീതി പിന്തുടരുന്നു. എന്നാല്‍ മുറിഞ്ഞുപോകുന്ന ജീവിതാവസ്ഥകളെ വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് ബ്ളാക്ക് ലെറ്റേഴ്‌സ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍