UPDATES

പുലപ്രക്കുന്നുകാര്‍ക്ക് കലക്ടര്‍ സാംബശിവ റാവുവിന്റെ ഉറപ്പ്; മുപ്പതു ദിവസത്തിനകം ഭൂമി; ആഴ്ചയിലൊരു ദിവസം ദളിത് കോളനികള്‍ സന്ദര്‍ശിക്കാന്‍ തീരുമാനം

പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ ആഴ്ച തോറും അവലോകന യോഗം ചേരുമെന്നും കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീഷ്മ

ശ്രീഷ്മ

പുലപ്രക്കുന്നിലെ അടിസ്ഥാന സൗകര്യവികസനത്തിന് ദ്രുതഗതിയിലുള്ള നീക്കങ്ങള്‍ക്ക് തയ്യാറെടുത്ത് ജില്ലാ ഭരണകൂടം. കോളനിയിലെ പത്തു കുടുംബങ്ങള്‍ക്ക് മുപ്പതു ദിവസത്തിനകം സ്ഥലം പതിച്ചു നല്‍കി രേഖകള്‍ കൈമാറുമെന്നും അതിനായി വില്ലേജ് ഓഫീസറടക്കമുള്ളവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. പുലപ്രക്കുന്നിലെ ദളിത് കുടുംബങ്ങള്‍ നേരിടുന്ന സാമൂഹിക വിവേചനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചര്‍ച്ചയായതിനെത്തുടര്‍ന്ന് ഇന്നലെ കലക്ടര്‍ കോളനി സന്ദര്‍ശിച്ചിരുന്നു.

കോളനിവാസികളുടെ അവസ്ഥ നേരിട്ടു കണ്ട് ബോധ്യപ്പെട്ടെന്നും ഏറ്റവുമടുത്ത ദിവസം തന്നെ ഭൂമി നല്‍കുന്നതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു കൈമാറാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ പറയുന്നു. ഒരാഴ്ചയ്ക്കകം സര്‍വേ നടപടികളോടനുബന്ധിച്ച രേഖകള്‍ തയ്യാറാക്കി പഞ്ചായത്തിനു കൈമാറാനും അതിനു ശേഷം ഉടന്‍ തന്നെ പട്ടയവും കൈവശാവകാശ രേഖകളും കോളനിക്കാര്‍ക്ക് ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്. നിലവിലെ ടാങ്കിനു പകരം കോളനിയിലേക്ക് കുടിവെള്ളമെത്തിക്കാന്‍ നേരത്തേ നിലവിലുണ്ടായിരുന്ന കിണര്‍ പദ്ധതി നടപ്പിലാക്കും. അതിനുള്ള നടപടിക്രമങ്ങള്‍ ജനുവരി മുപ്പത്തിയൊന്നിനകം പൂര്‍ത്തീകരിക്കും. പുലപ്രക്കുന്നിലേക്കുള്ള റോഡും നവീകരിച്ച് ഗതാഗതയോഗ്യമാക്കും.

പുലപ്രക്കുന്നിലെ സ്ത്രീകള്‍ക്ക് സാമൂഹ്യക്ഷേമവകുപ്പിന്റേയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ സ്വയംതൊഴില്‍ പരിശീലനം നല്‍കും. സാഹചര്യങ്ങള്‍ പഠിച്ച ശേഷം നിലവിലുള്ള സ്വയംതൊഴില്‍ പദ്ധതികളിലേക്ക് പുലപ്രക്കുന്നിലെ സ്ത്രീകളെ ഉള്‍പ്പെടുത്തുകയോ, ഇവര്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുകയോ ചെയ്യും. കൈവശാവകാശ രേഖകള്‍ക്കൊപ്പം എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തൊഴില്‍ കാര്‍ഡ് എന്നിവ ലഭിച്ചുവെന്ന് ഉറപ്പുവരുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ആദ്യഘട്ടത്തില്‍ ലൈഫ് പദ്ധതിയോടു ചേര്‍ത്ത് പുലപ്രക്കുന്നുകാര്‍ക്ക് കെട്ടുറപ്പുള്ള വീടുകള്‍ നല്‍കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും, പദ്ധതിയിലെ സങ്കീര്‍ണതകള്‍ മുന്‍നിര്‍ത്തി ആ ചിന്ത ഉപേക്ഷിക്കുകയായിരുന്നു. ലൈഫ് പദ്ധതിയുടെ ലിസ്റ്റ് കുറച്ചുകാലമായി മുടങ്ങിക്കിടക്കുന്നതിനാല്‍ പദ്ധതിയില്‍ പുതിയതായി ഉള്‍പ്പെടുത്തുന്നവര്‍ക്ക് സഹായമെത്താന്‍ കാലതാമസമുണ്ടാകുമെന്ന തിരിച്ചറിവിലാണിത്. പുലപ്രക്കുന്ന് കോളനിയില്‍ കൃത്യമായ ഡെഡ്‌ലൈനുകള്‍ വച്ചാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നും, പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ ആഴ്ച തോറും അവലോകന യോഗം ചേരുമെന്നും കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പുലപ്രക്കുന്നിലെ ജനങ്ങളുടേതിന് സമാനമായ അവസ്ഥയില്‍ ജീവിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാരുള്ള കോളനികള്‍ തിരിച്ചറിഞ്ഞ് അവിടെയെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള പദ്ധതികളും ജില്ലാ ഭരണകൂടം ആവിഷ്‌കരിക്കുന്നുണ്ട്. ആഴ്ചയിലൊരു ദിവസം ജില്ലാ കലക്ടര്‍ നേരിട്ട് ഓരോ വില്ലേജുകളിലെയും കോളനികള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനാണ് പദ്ധതി. എല്ലാ കോളനികളിലും നേരിട്ടുള്ള പരിശോധന ഉറപ്പുവരുത്തുന്നതോടൊപ്പം എസ്.സി പ്രമോട്ടര്‍മാരെയും മറ്റുദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയ അവലോകന യോഗങ്ങള്‍ ആഴ്ചതോറും കലക്ട്രേറ്റില്‍ ചേരാനും തീരുമാനമായിട്ടുണ്ട്. കോളനികളില്‍ നടപ്പില്‍ വരുത്തുന്ന പദ്ധതികള്‍ ശരിയായി മുന്നോട്ടു പോകുന്നുണ്ടോ എന്ന് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ നീക്കം.

Read More: അവര്‍ക്ക് വൃത്തിയില്ലെങ്കില്‍ അത് നിങ്ങള്‍ വെള്ളം കൊടുക്കാത്ത കൊണ്ടാണ്; കോഴിക്കോട് പുലാപ്രക്കുന്നിലെ ഒന്നാം നമ്പര്‍ അയിത്ത കേരളം

Read More: പുലാപ്രക്കുന്നിലെ ദളിതരുണ്ടെങ്കില്‍ സദ്യക്ക് പോലും ആളുകള്‍ ഭക്ഷണം കഴിക്കില്ല, കുട്ടികള്‍ ഒരു ബഞ്ചില്‍ ഇരിക്കില്ല; ജാതിവെറിയുടെ ഞെട്ടിക്കുന്ന കഥകള്‍

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍