UPDATES

വാര്‍ത്തകള്‍

മോദിക്ക് ക്ലീന്‍ ചിറ്റ്; കമ്മീഷനില്‍ ഭിന്നത, തീരുമാനം ഭൂരിപക്ഷ അഭിപ്രായ പ്രകാരം

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭൂരിപക്ഷ അഭിപ്രായ പ്രകാരം തീരുമാനമെടുക്കുന്ന അവസരങ്ങള്‍ കുറവാണ്

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയത് ഭൂരിപക്ഷ അഭിപ്രായ പ്രകാരം. രണ്ട് പരാതികളില്‍ തീരുമാനം ഉണ്ടായത് ഭൂരിപക്ഷ അഭിപ്രായ പ്രകാരമാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ദയില്‍ ഏപ്രില്‍ ഒന്നിന് നടത്തിയ പ്രസംഗവും ഏപ്രില്‍ ഒമ്പതിന് പട്ടാളക്കാര്‍ക്ക് വേണ്ടി വോട്ടുചെയ്യാന്‍ ആദ്യ വോട്ടര്‍മാരോട് നടത്തിയ അഭ്യര്‍ത്ഥനയിലുമാണ് ഭൂരിപക്ഷ അഭിപ്രായപ്രകാരം തുടര്‍ നടപടികള്‍ വേണ്ടെന്ന നിലപാടെടുത്തത്.

ഹിന്ദുക്കളെ പേടിച്ചാണ് രാഹുല്‍ഗാന്ധി വയനാട്ടിലേക്ക് പോയതെന്നായിരുന്നു ഏപ്രില്‍ ഒന്നാം തീയതി മോദി നടത്തിയ പ്രസംഗം. ബാലക്കോട്ട് ആ്ക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആദ്യം വോട്ടുചെയ്യുന്ന യുവാക്കളോട് സൈനികര്‍ക്ക് വേണ്ടി വോട്ടു രേഖപ്പെടുത്താന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഇത് രണ്ടും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമല്ലെന്നാണ് കമ്മീഷന്‍ ഭൂരിപക്ഷ അഭിപ്രായ പ്രകാരം കണ്ടെത്തിയത്. കമ്മീഷനിലെ ഒരംഗം തീരുമാനത്തോട് വിയോജിച്ചുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇന്ത്യ ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് ദീപാവലിക്ക് പൊട്ടിക്കാന്‍ വേണ്ടിയല്ലെന്ന് മോദിയുടെ പ്രസ്താവന ചട്ടലംഘനമല്ലെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്ന് അംഗങ്ങളും ഏകാഭിപ്രായക്കാരായിരുന്നു. ‘ഞങ്ങള്‍ക്ക് ആണവ ബട്ടന്‍ ഉണ്ടെന്നാണ് എപ്പോഴും അവര്‍ പറയുന്നത്. ഞങ്ങള്‍ക്ക് അതുള്ളത് ദീപാവലിക്ക് വേണ്ടിയല്ല’ ഇതായിരുന്നു പ്രധാനമന്ത്രി രാജസ്ഥാനില്‍ ബാര്‍മറില്‍ പറഞ്ഞത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയും കമ്മിഷന്‍ അംഗങ്ങളായ അശോക് ലാവാസ, സുനില്‍ ചന്ദ്ര എന്നിവര്‍ ഉള്‍പ്പെട്ടതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പ്രകാരം വിവിധ വിഷയങ്ങളില്‍ സാധ്യമായിടത്തോളം ഏകകണ്ഠമായി തീരുമാനിക്കാനാണ് നിര്‍ദ്ദേശിക്കുന്നത്. അതേസമയം മുഖ്യകമ്മീഷണറും അംഗങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യസമുണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ ഭൂരിപക്ഷ അഭിപ്രായ പ്രകാരം തീരുമാനിക്കണമെന്നും ചട്ടം നിര്‍ദ്ദേശിക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭൂരിപക്ഷ അഭിപ്രായ പ്രകാരം തീരുമാനങ്ങള്‍ എടുത്ത അവസരങ്ങള്‍ കുറവാണ്. വിദേശത്തുനിന്ന് അവാര്‍ഡ് സ്വീകരിച്ചതിന് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ അയോഗ്യയാക്കണമെന്ന പരാതിയില്‍ അന്നത്തെ കമ്മീഷന്‍ തീരുമാനമെടുത്തത് ഭൂരിപക്ഷ അഭിപ്രായ പ്രകാരമായിരുന്നു. അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ഗോപാലസ്വാമി ഇക്കാര്യത്തില്‍ തുടര്‍ അന്വേഷണങ്ങള്‍ നടത്തണമെന്നായിരുന്നു നിലപാട് സ്വീകരിച്ചത്. എന്നാല്‍ മറ്റ് രണ്ട് അംഗങ്ങളായിരുന്ന എസ് വൈ ഖുറേഷിയും നവീന്‍ ചാവ്‌ലയും തുടര്‍ അന്വേഷണം വേണ്ടെന്നും സോണിയാ ഗാന്ധിയ്‌ക്കെതിരായ പരാതിയില്‍ അന്വേഷണം ആവശ്യമില്ലെന്നും പരാതി തള്ളണമെന്നുമുള്ള നിലപാടിലായിരുന്നു.

ഒസ്മാനബാദ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ച് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ കണ്ടെത്തിലിന് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരായ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളില്‍ മെയ് ആറാം തീയതിയ്ക്കകം നിലപാട് സ്വീകരിക്കാന്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍