UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡിഎല്‍എഫിലെ ഭാര്യമാര്‍

Avatar

ടീം അഴിമുഖം

ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് ഭീമനായ ഡിഎല്‍എഫിന് വിലക്കേര്‍പ്പെടുത്തി കഴിഞ്ഞ തിങ്കളാഴ്ച്ച സെബി (ദി സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഉത്തരവിറക്കിയിരിക്കുന്നു. ഇതോടൊപ്പം കമ്പനിയുടെ ആറു മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളെയും ഓഹരി വിപണിയില്‍ ഇടപെടുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. നമ്മുടെ നാട്ടിലെ വന്‍ ബിസിനസ്സ് സംരംഭങ്ങളുടെ ഉപജാപകസ്വഭാവമാണ് ഈ ഉത്തരവ് പറഞ്ഞുതരുന്നത്. അതോടൊപ്പം എങ്ങിനെയാണ് അജ്ഞാതരും മിക്കപ്പോഴും ദരിദ്രരുമായ ആളുകളുടെ ചെലവില്‍ നിയന്ത്രണ ചട്ടങ്ങള്‍ മറികടക്കാന്‍ ഇത്തരം കമ്പനികള്‍ ശ്രമിക്കുന്നത് എന്നതും. ഡിഎല്‍എഫിന്റെ കേസില്‍ 10വീട്ടമ്മമാരെയാണ് അവര്‍ ഉപയോഗിച്ചത്. 

ഡി എല്‍ എഫിനെയും ചെയര്‍മാനും മുഖ്യ പ്രമോട്ടറുമായ കെ പി സിംഗ് ഉള്‍പ്പെടെ ആറ് എക്സിക്യൂട്ടീവുകളെയാണ് സെബി വിലക്കിയിയിരിക്കുന്നത്. ഐ പി ഒയുടെ സമയത്ത് വിവരങ്ങള്‍ ബോധപൂര്‍വം മറച്ചുവച്ചതിന് മൂന്നു വര്‍ഷത്തേക്ക് ഓഹരി വിപണിയില്‍ ഇടപെടുന്നതിനാണ് വിലക്ക്.  കെ പി സിംഗിനെ കൂടാതെ അദ്ദേഹത്തിന്റെ പുത്രനും വൈസ് ചെയര്‍മാനുമായ രാജീവ് സിംഗ്, ആജീവനാന്ത ഡയറക്ടര്‍ കൂടിയായ പുത്രി പിയ സിംഗ്, മാനേജിംഗ് ഡയറക്ടര്‍ ടി സി ഗോയല്‍, മുന്‍ സിഎഫ്ഒ രമേഷ് സന്‍ക, 2007ലെ പബ്ലിക് ഓഫറിന്റെ സമയത്ത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ (നിയമം) ആയിരുന്ന കാമേശ്വര്‍ സ്വരൂപ് എന്നിവര്‍ക്കുമാണ് വിലക്കുള്ളത്.

നാലുവര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍,ഐ പി ഒയുമായി ബന്ധപ്പെട്ട് ഡി എല്‍ എഫ് കമ്പനിയെക്കുറിച്ചുള്ള യാര്‍ത്ഥ വിവരം മറച്ചുവച്ച് നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയും വഞ്ചിക്കുകയുമായിരുന്നുവെന്ന് 43 പേജുകളിലായി തയ്യാറാക്കിയ ഉത്തരവില്‍ സെബിയുടെ ആജീവനാന്ത അംഗമായ രാജീവ് അഗര്‍വാള്‍ പറയുന്നുണ്ട്. ഡിഎല്‍എഫിന്റെ ഈ നിയമലംഘനം ഓഹരിവിപണയില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നതും വിപണിയുടെ സുതാര്യതയെയും സുരക്ഷയെയും ബാധിക്കുന്നതുമാണെന്നും ഉത്തരവില്‍ കുറ്റപ്പെടുത്തുന്നു.

ഈ തട്ടിപ്പിന്റെ കേന്ദ്രം ഡിഎല്‍എഫ് എക്‌സിക്യൂട്ടീവുകളുടെ, പത്തു കുടുംബിനികളാണ്. ഗുര്‍ഗോണ്‍ ആസ്ഥാനമായ സുദിപ്തി എസ്റ്റേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഷാലിക എസ്‌റ്റേറ്റ് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഫെലിസിറ്റ് ബില്‍ഡേഴ്‌സ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡ് എന്നീ കമ്പനികളുടെ നിയന്ത്രണം തങ്ങളുടെ കൈവശം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഈ തട്ടിപ്പിന് കളമൊരുക്കുന്നത്. 

സെബി കണ്ടെത്തിയതനുസരിച്ച് ഈ കമ്പനികള്‍ ഡിഎല്‍എഫിന്റെ ഉപകമ്പനികളാണെങ്കിലും ഇവയെക്കുറിച്ച് യാതൊരു വിശദീകരണങ്ങളും നല്‍കാന്‍ ഡിഎല്‍എഫ്, 2007 ല്‍, ഇന്ത്യയിലെ തന്നെ എറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന, തങ്ങളുടെ ആദ്യ ഐ പി ഒയുടെ വേളയില്‍9,187.5 കോടി രൂപ സമാഹരിക്കുമ്പോള്‍ നിക്ഷേപകരുടെ മുന്നില്‍ വയ്ക്കാന്‍ തയ്യാറായിരുന്നില്ലെന്ന് വ്യക്തമാകുന്നുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം 

രഘുറാം രാജന്‍ റിപ്പോര്‍ട്; ഭരണഘടന സ്ഥാപനങ്ങളുടെ ഇടയിലേക്ക് ഒരു കള്ളക്കടത്ത്
ആരേയും കൂസാത്ത ഓഡിറ്റര്‍മാര്‍
ലോക്പാല്‍: മുതലാളിമാര്‍ക്കു വേണ്ടി ഒരവിശുദ്ധ കൂട്ടുകെട്ട്
ടാറ്റയ്ക്കും റിലയന്‍സിനും എന്താ കൊമ്പുണ്ടോ?
നെഹ്റുവിന്റെ സ്വന്തം എം.ഒ മത്തായി പുറത്തായതെങ്ങനെ?

2006 മാര്‍ച്ച്- നവംബര്‍ മാസങ്ങള്‍ക്കിടയില്‍ മേല്‍പ്പറഞ്ഞ മൂന്നു കമ്പനികളുടെയും ഓഹരിയുടമസ്ഥാവകാശം ഡിഎല്‍എഫ് ഹോം ഡവലപ്പേഴ്‌സ് ലിമിറ്റഡ്(ഡിഎച്ച്ഡിഎല്‍), ഡിഎല്‍എഫ് എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് ലിമിറ്റഡ്(ഡിഇഡിഎല്‍)ഡിഎല്‍എഫ് ഡവലപ്പേഴ്‌സ് ലിമിറ്റഡ്(ഡിആര്‍ഡിഎല്‍)- എന്നീ മൂന്നു ഡിഎല്‍എഫ് ഉപകമ്പനികളിലേക്ക് മാറ്റപ്പെട്ടിരുന്നു. ഈ കമ്പനികളുടെ സാരഥ്യം വഹിച്ചിരുന്നത് മൂന്നു സ്ത്രീകളുമായിരുന്നു.

പദ്മജ സന്‍ക, മധുലിക ബാസക്, നിതി സക്‌സേന എന്നിവരുടെ പേരിലായിരുന്നു ഈ കമ്പനികളുടെ നൂറുശതമാനം ഓഹരികളും. ഇവര്‍ മൂന്നുപേരും ഡിഎല്‍എഫിന്റെ ഉന്നതപദവിയിലിരിക്കുന്ന മൂന്നു എക്‌സിക്യൂട്ടീവുകളുടെ ഭാര്യമാരാണ്. ഡിഎല്‍എഫ് ഗ്രൂപ്പ് സിഎഫ്ഒ രമേഷ് സന്‍കയുടെ ഭാര്യയാണ് പദ്മജ സന്‍ക, ഡിഎല്‍എഫ്(ഫിനാന്‍സ്) വൈസ് പ്രസിഡന്റുമാരായ സുരോജിത് ബാസക്, ജോയ് സക്‌സേന എന്നിവരുടെ ഭാര്യമാരാണ് യഥാക്രമം മധുലികയും നിതിയും.

ഓഹരികൈമാറ്റം പൂര്‍ത്തിയായശേഷം മധുലികയുടെയും നിതിയുടെയും പേരില്‍ 30 ശതമാനവും പദ്മജ സന്‍കയുടെ പേരില്‍ 40 ശതമാനം ഓഹരിയും കൈവന്നു. ഫെലിസിറ്റ് കമ്പനിയിലും സുദിപ്തിയിലും ഷാലികയിലും നൂറുശതമാനം ഒഹരിയും സ്വന്തമാക്കിയ ഈ മൂന്നു സ്ത്രീകളാണ് അവിടെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ശരിക്കും പറഞ്ഞാല്‍ അവിടെ നിന്നാണ് ഡിഎല്‍എഫിന്റെ ദുര്‍ദിശ തുടങ്ങുന്നതും.

“ഓഹരി കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയ മൂന്നു സ്ത്രീകളും കുടുംബിനികളായിരുന്നു. ഇവര്‍ക്കെല്ലാം തങ്ങളുടെ ബഹുമാന്യരായ ഭര്‍ത്താക്കന്മാരുമായി ചേര്‍ന്നുള്ള ജോയിന്റ് ബാങ്ക് അക്കൌണ്ടുകളുമാണുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ്, ഫെലിസിറ്റ് കമ്പനിയുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ ഈ സ്ത്രീകള്‍ക്ക് പണം വരുന്നത് തങ്ങളുടെ ഭര്‍ത്താക്കന്മാരുമായി ചേര്‍ന്നുള്ള ജോയിന്റ് അകൗണ്ടുകളില്‍ നിന്നാണ്”. സെബിയുടെ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. 

മൂന്നു കമ്പനികളുടെയും ഷെയര്‍ ഹോള്‍ഡര്മാര്‍ കുടുംബിനികള്‍ ആണെന്നതും ഫെലിസിറ്റിന്റെ ഷെയറുകള്‍ വാങ്ങുന്നതിനുള്ള പണം വന്നത് ജോയിന്‍റ് അക്കൌണ്ടില്‍ നിന്നാണ് എന്നുള്ളതും കൊണ്ടുതന്നെ ഫെലിസിറ്റ്, സുദിപ്തി, ഷാലിക എന്നീ കമ്പനികളുടെ നിയന്ത്രണം ഡി എല്‍ എഫിന് നഷ്ടമാകില്ല.” സെബി ആരോപിക്കുന്നു.  

മൂന്നു കമ്പനികളിലെയും ഓഹരികളും ഡിഎല്‍എഫും അതിന്റെ അനുബന്ധസ്ഥാപനങ്ങളും സ്വന്തമാക്കുന്നത് തട്ടിപ്പിലൂടെയാണ്. മൂന്നു ഭാര്യമാരുടെയും ബാങ്ക് അക്കൌണ്ടുകള്‍ പരിശോധിക്കുന്നതിലൂടെയാണ് ഇവരുടെ ഭര്‍ത്താക്കാന്മാരുടെ പങ്ക് സെബിക്ക് വ്യക്തമാകുന്നതും ഇതിനു പിന്നിലെ അസാധാരണമായ പണമിടപാടുകളുടെ ചിത്രം വ്യക്തമാവുന്നതും.

ഫെലിസിറ്റില്‍ ഇവര്‍ ഓഹരികള്‍ വാങ്ങുന്നതിന് മുമ്പ് ഓരോ അകൗണ്ടിലേക്കും 20 ലക്ഷം വീതം ക്രെഡിറ്റ് ആയിട്ടുണ്ട്. ഈ പണം ഇവരുടെ ഭര്‍ത്താക്കന്മാരായ രമേഷ് സന്‍ക, സുരോജിത് ബസക്, ജോയി സക്‌സേന എന്നിവര്‍ക്ക് കൊടക് മഹീന്ദ്രാ ബാങ്ക് നീട്ടിനല്‍കിയ പേഴ്‌സണല്‍ ലോണില്‍ നിന്ന് എടുത്തിട്ടുള്ളതാണെന്നും സെബിക്ക് കണ്ടെത്താനായിട്ടുണ്ട്. ലോണ്‍ എടുത്ത് ഈ പണം ഓരോരുത്തരും അവരുടെ ഭാര്യയുമായി ചേര്‍ന്നെടുത്തിട്ടുള്ള ജോയിന്റ് അകൗണ്ടിലേക്ക് 2006 നവംബര്‍ 28, നവംബര്‍10, ഡിസംബര്‍ 16 എന്നീ തീയതികളില്‍ നിക്ഷേപിക്കുകയായിരുന്നു.  അതിനുശേഷം ഈ പണം ഫെലിസ്റ്റ് കമ്പനിയുടെ ഐസിഐസിഐ ബാങ്ക് അകൗണ്ട് നമ്പറിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.

കൊട്ടക് മഹീന്ദ്ര ബാങ്ക് ഇതേപോലെ ഡിഎല്‍എഫിലെ മറ്റു എഴ് എക്‌സിക്യൂട്ടീവുകള്‍ക്കു കൂടി പേഴ്‌സണല്‍ ലോണ്‍ അനുവദിക്കുകയും അവരും 20 ലക്ഷം വീതം ഫെലിസിറ്റിന്റെ അകൗണ്ടിലേക്ക്  ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തിട്ടുള്ളതായും സെബി പരമാര്‍ശിക്കുന്നുണ്ട്. 2006 ഡിസംബര്‍ 14 ന് ഫെലിസിറ്റ്10 പേര്‍ക്ക് രണ്ടുലക്ഷം രൂപയുടെ വീതം ഓഹരികള്‍ അനുവദിച്ചിട്ടുണ്ട്. ഈ പത്തുപേരും ഡിഎല്‍എഫ് എക്‌സിക്യൂട്ടീവുകളുടെയും ഡിഎല്‍ഫിന്റെ ഡയറക്ടര്‍മാരുടെയും മറ്റു ജോലിക്കാരുടെയും ഭാര്യമാരാണ്.

പദ്മജ സിന്‍ക, മധുലിക ബസക്, നീതു സക്‌സേന എന്നീ മൂന്ന് യഥാര്‍ത്ഥ ഷെയര്‍ ഹോള്‍ഡെര്‍മാര്‍ നിലവില്‍ 10.10 ശതമാനം ഓഹരികള്‍ കൈവശപ്പെടുത്തിയിരിക്കുമ്പോള്‍ മറ്റു ഏഴു ഭാര്യമാര്‍ക്ക് 9.5 ശതമാനമാണ് പങ്കാളിത്തം. മീനാക്ഷി ഗുപ്ത,റിതു ചൗള,സംഗീത ഗുപ്ത,സരോജ് ഖന്ന,മുക്ത ജിന്‍ഡാല്‍,നിഷി ഗോയാല്‍, സീമ സേഥി എന്നിവരാണ് മറ്റുള്ള എഴുഭാര്യമാര്‍. ഡിഎല്‍എഫുമായി ബന്ധപ്പെട്ടവര്‍ തങ്ങളുടെ പേഴ്‌സണല്‍ ലോണില്‍ നിന്ന് പണം എടുത്തിരിക്കുന്നത് ഭാര്യമാരുടെ പേരില്‍ ഫെലിസിറ്റിന്റെ ഓഹരികള്‍ വാങ്ങാന്‍ എന്നത് വ്യക്തമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളതായി സെബിയുടെ ഉത്തരവില്‍ വിശദീകരിക്കുന്നുണ്ട്.

ഫെലിസിറ്റില്‍ ഓഹരിയുള്ള ഏതെങ്കിലും ഒരു ഡിഎല്‍ഫ് പ്രതിനിധിയും അയാളുടെ ഭാര്യയും കമ്പനി വിട്ടുപോവുകയാണെങ്കില്‍ ആ ഓഹരികള്‍ മറ്റൊരു ഡിഎല്‍എഫ് പ്രതിനിധിക്ക് കൈമാറും. ജോയി സക്‌സേന ഡിഎല്‍എഫ് വിട്ടപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ നീതുവിന്റെ പേരിലുള്ള ഓഹരി ഡിഎല്‍എഫിലെ മറ്റൊരു പ്രതിനിധിയുടെ ഭാര്യയ്ക്ക് കൈമാറിയിരുന്നു. ഇങ്ങിനെ ഓഹരികള്‍ കൈമാറുമ്പോള്‍ ഓഹരി വാങ്ങാനെടുത്ത പേഴ്‌സണല്‍ ലോണ്‍ പുതിയായി ഓഹരി കൈമാറ്റം ചെയ്ത് കിട്ടുന്നവര്‍ ഏറ്റെടുക്കും. ഇക്കാരണങ്ങളാല്‍ തന്നെ ഡിഎല്‍എഫിന് ഒരിക്കലും ഫെലിസിറ്റിലും ഷാലികയിലും സുദിപ്തിയിലുമെല്ലാമുള്ള തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നില്ല.

ഇതിലേല്ലാമുപരി ഇത്തരം ഓഹരി കൈമാറ്റം നടന്നു കഴിഞ്ഞാലും ഈ മൂന്ന് കമ്പനികളുടെയും ബോര്‍ഡ് ഓഫ് ഡയറക്‍ടേര്‍സിന്റെ കാര്യത്തില്‍ മാറ്റമുണ്ടാകുന്നില്ല. “അതുകൊണ്ട് തന്നെ ഫെലിസിറ്റ്,ഷാലിക സുദീപ്തി എന്നീ കമ്പനികളുടെ നിയന്ത്രണം ഡി എല്‍ എഫിന് നഷ്ടമാകില്ല”, സെബി ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് കള്ള ഇടപാടുകള്‍ നടത്തുന്നത് ഡിഎല്‍എഫ് മാത്രമാണെന്ന് പറയാന്‍ കഴിയില്ല. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പൂര്‍തി ഗ്രൂപ്പിനെ മാധ്യമങ്ങള്‍ വിചാരണ ചെയ്യുന്നതോടെ പുറത്തുവന്നത് ഇതേപോലെ ഡല്‍ഹി മുതല്‍ കല്‍ക്കട്ട വരെ, രാജ്യത്തിന്റെ പലകോണുകളിലുള്ള നിഗൂഢ നേതൃത്വങ്ങള്‍ നയിക്കുന്ന നിരവധി സ്ഥാപനങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് പൂര്‍തി ഗ്രൂപ്പിന്‍റെ കൈവശമെത്തിയത്. 

ഡിഎല്‍എഫിന്റെ കഥ മറ്റുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തികളില്‍ നിന്ന് വ്യത്യസ്തമൊന്നുമല്ല. ഇന്ത്യന്‍ ബിസിനസ്സ് ലോകം ഉറക്കം വിട്ടുണരാനും ആധുനികമായ വ്യവസായ സമ്പ്രദായത്തിന് ആരംഭം കുറിക്കാനും സമയമായിരിക്കുന്നു എന്നാണ് ഈ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്.  ഡിഎല്‍എഫിന്റെ കാര്യത്തില്‍ സെബി എടുത്ത നടപടി അതിന്റെയൊരു തുടക്കമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍