UPDATES

സയന്‍സ്/ടെക്നോളജി

കെട്ടുകഥകള്‍ പൊളിയുന്നു; ഹിമാലയത്തിലെ രൂപ്കുണ്ട് തടാകത്തിലെ അസ്ഥികളില്‍ ഭൂരിഭാഗവും 1000 വര്‍ഷങ്ങള്‍ക്കിടയില്‍ മരണപ്പെട്ട ഗ്രീക്ക് വംശജരുടേതെന്ന് ഡി എന്‍ എ പഠനം

ഇന്ത്യയിലെ അസ്ഥിതടാകമെന്നാണ് ഉത്തരാഖണ്ഡിലെ രൂപ്കുണ്ട് താടാകം അറിയപ്പെടുന്നത്

ഇന്ത്യയിലെ അസ്ഥിതടാകമെന്നാണ് ഉത്തരാഖണ്ഡിലെ രൂപ്കുണ്ട് താടാകം അറിയപ്പെടുന്നത്. വര്‍ഷത്തില്‍ പകുതിയില്‍ അധികം സമയവും മഞ്ഞില്‍ പുതഞ്ഞ് തണുത്തുറഞ്ഞു കിടക്കുന്ന ഇവിടെ 1942 ലാണ് ഒരു കൂട്ടം അസ്ഥികള്‍ കണ്ടെത്തുന്നത്. ഗ്രീഷ്മകാലത്തു തടാകത്തിലെ ഐസ് ഭാഗീകമായി ഉരുകുമ്പോൾ മാത്രമാണ് ഈ അസ്ഥികൾ ദൃശ്യമാകുന്നത്. അസ്ഥികൾ മാത്രമല്ല പണിയായുധങ്ങളും തടികൊണ്ടുള്ള ഉപകരണങ്ങളുമെല്ലാം ഈ സമയത്തു തെളിഞ്ഞു വരും. എണ്ണൂറിലധികം മനുഷ്യരുടെ അസ്ഥികൾ ഈ തടാകത്തിലുണ്ടെന്ന് അനുമാനിക്കപ്പെടുന്നു.

കെട്ടുകഥകളുടെ കൂമ്പാരം

ടിബറ്റിൽ യുദ്ധത്തിനുപോയ കാശ്മീരി പട്ടാളക്കാർക്ക് തിരികെ വന്നപ്പോൾ വഴിതെറ്റി ഇവിടെ എത്തി അപകടത്തിൽ പെട്ടുവെന്നും അവരുടെ അവശിഷ്ടങ്ങളാണ് ഈ കാണുന്ന അസ്ഥികൂടങ്ങളെന്നും ഒരു കഥയുണ്ട്. കാനൂജിലെ രാജാവായ ജസ്‌ഥാവലും പരിവാരങ്ങളും നന്ദാ ദേവി ക്ഷേത്രത്തിലേക്കുളള തീർത്ഥയാത്രക്കിടയിൽ ഹിമക്കാറ്റിൽ പെട്ടു മരിച്ചുവെന്നും അവരുടെ അസ്ഥികളാണിത് എന്നതാണ് മറ്റൊരു കഥ. മഞ്ഞു മലകളില്‍ പ്രത്യേകിച്ച് ഗദ്വാള്‍-കുമായോണ്‍ മലനിരകളില്‍ പലരും കണ്ടിട്ടുണ്ടെന്ന് പറയപ്പെടുന്ന ‘യതി’-യുടെ സാന്നിധ്യമുണ്ട്… അങ്ങിനെ പ്രദേശവാസികളും പുറം ലോകത്തുള്ളവരും പലപല കെട്ടുകഥകളിലൂടെയാണ് നിഗൂഡതകളുടെ ഈ തടാകത്തെ അറിഞ്ഞിരുന്നത്. എന്നാല്‍ എല്ലാ കഥകകളേയും കാറ്റില്‍പ്പറത്തിക്കൊണ്ട് ശാസ്ത്രീയമായ സ്ഥിരീകരണങ്ങളുമായി എത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.

ഉത്തരങ്ങളെക്കാളേറെ ചോദ്യങ്ങള്‍

ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജി (സിസിഎംബി) യില്‍ നടത്തിയ പത്തുവർഷത്തെ ഗവേഷണത്തിന്‍റെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അസ്ഥികൂടങ്ങള്‍ ഒന്നും ഒരു വിഭാഗത്തിന്‍റേതല്ല. മറിച്ച്, ഇന്ത്യൻ, മെഡിറ്ററേനിയൻ, തെക്കുകിഴക്കൻ ഏഷ്യൻ ജനതകളുടേതാണെന്നാണ് നിഗമനം. അവരെല്ലാം മരണപ്പെട്ടത് ഒരൊറ്റ കാലയളവിലുമല്ല, ഏതാണ്ട് 1,000 വർഷങ്ങൾക്കിടയിലാണ്. 2000ത്തിന്റെ തുടക്കത്തിൽ ഇവിടുത്തെ അസ്ഥികളില്‍ നടത്തിയ പഠന ഫലങ്ങളെല്ലാം തള്ളിക്കളയുന്നതാണ് പുതിയ നിഗമനങ്ങള്‍. റൂപ്കുണ്ടിൽ മരണമടഞ്ഞ ആളുകൾ ദക്ഷിണേഷ്യൻ വംശജരാണെന്നും, എ.ഡി 800-കളിലാണ് അത് സംഭവിച്ചതെന്നുമായിരുന്നു അന്നു കണ്ടെത്തിയിരുന്നത്.

എന്നാലിപ്പോള്‍ 38 സെറ്റ് അസ്ഥികൂട അവശിഷ്ടങ്ങളിൽ നടത്തിയ പൂർണ്ണ ജീനോമിക് വിശകലനങ്ങൾ ആ കഥകളെല്ലാം തള്ളിക്കളയുന്നു. പരിശോധിച്ചതില്‍ 23 പേര്‍ മാത്രമാണ് ദക്ഷിണേഷ്യൻ വംശജര്‍. എ.ഡി ഏഴാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനുമിടയിൽ ഉണ്ടായിട്ടുള്ള ഒന്നോ അതിലധികമോ സംഭവങ്ങളാണ് മരണകാരണം. അതുകഴിഞ്ഞ് ആയിരം വര്‍ഷങ്ങള്‍ക്കുശേഷം മരിച്ചവരുടെ അസ്ഥികളും അവിടെയുണ്ട്. മെഡിറ്ററേനിയന്‍, കൃത്യമായിപ്പറഞ്ഞാല്‍ ഗ്രീസിലെ ക്രെറ്റെയുമായി ബന്ധപ്പെട്ട ജനിതക വംശപരമ്പര പിന്തുടരുന്നവരുടെ ശേഷിപ്പുകളാണ് മിക്കവയും.

അപ്പോള്‍ അവരെല്ലാം എന്തിന്, എങ്ങിനെ അവിടെയെത്തി? ഏതു സാഹചര്യത്തിലാണ് അവര്‍ മരണപ്പെട്ടത്? തുടങ്ങിയ പല ചോദ്യങ്ങള്‍ക്കും ഇനി ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഹിമാലയൻ പർവതനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്റർ ഉയരത്തിലാണ് രൂപ്കുണ്ട് തടാകം സ്ഥിതി ചെയ്യുന്നത്. അത്രയും ഉയരത്തിലുള്ള തടാകത്തിലേക്ക് വിദൂരദേശത്തുള്ളവരെപ്പോലും വിവിധ സമയങ്ങളില്‍ എത്തിച്ചത് ഏതു സാഹചര്യമാകും? എങ്ങിനെയാണ് അവര്‍ മരണപ്പെട്ടതെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, ഹിമപാതം, പാറക്കെട്ട്, മഞ്ഞുവീഴ്ച തുടങ്ങിയ കടുത്ത പ്രകൃതിദുരന്തങ്ങളാകാം മരണകാരണങ്ങളെന്നു സിസിഎംബിയില്‍ നിന്നുള്ള മുഖ്യ ശാസ്ത്രജ്ഞനായ ഡോ. കുമാരസാമി തങ്കരാജ് പറയുന്നു.

‘രൂപ്കുണ്ട് തടാകത്തിന്‍റെ ചരിത്രം നമ്മള്‍ പ്രതീക്ഷിച്ചതിലും സങ്കീർണ്ണമാണെന്നാണ് പ്രധാന കണ്ടെത്തല്‍. മെഡിറ്ററേനിയനിൽ നിന്നുള്ള കുടിയേറ്റക്കാർ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈ സ്ഥലത്ത് എങ്ങനെ എത്തി, എങ്ങിനെ മരണപ്പെട്ടു തുടങ്ങിയ ശ്രദ്ധേയമായ ചോദ്യങ്ങള്‍ അവശേഷിക്കുന്നു’- പഠനത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ പ്രൊഫ. ഡേവിഡ് റീച്ച് പറഞ്ഞു.

കൂടുതല്‍ വായിക്കാം: www.nationalgeographic.com

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍