UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ, നീ സമാധാനത്തില്‍ വിശ്രമിക്കരുത്, സമാധാനമായി വിശ്രമിക്കാന്‍ ആരെയും സമ്മതിക്കുകയുമരുത്; ഷെഹ്‌ല റാഷിദ് എഴുതുന്നു

Avatar

ഷെഹ്‌ല റാഷിദ്

പ്രിയപ്പെട്ട ജിഷ,

എനിക്ക് നിന്നെ അറിയില്ല, നിനക്ക് എന്നെയും.

തനിക്കും രാജ്യത്തിനും നല്ല ഭാവി കൊതിച്ച ഒരു സാധാരണ വിദ്യാര്‍ത്ഥിനിയായിരുന്നിരിക്കാം നീ. ആകാശവും താരകങ്ങളും സ്വപ്‌നം കണ്ട രോഹിത് വെമുലയെപ്പോലെ ഒരാളായിരുന്നിരിക്കാം. നീ നിയമവിദ്യാര്‍ത്ഥിനിയായിരുന്നു എന്ന് എനിക്കറിയാം. എന്നാല്‍ ഈ രാജ്യത്തെ നിയമം നമ്മെ പലപ്പോഴും തോല്‍പിച്ചുകളയുന്നു എന്നു പറയേണ്ടിവരുന്നതില്‍ ഞാന്‍ ഖേദിക്കുന്നു.

ഒരു ഭന്‍വാരി ദേവിക്ക് നീതി കിട്ടാത്തതുകൊണ്ടാണ് ഭഗാന ഉണ്ടാകുന്നത്. ഭഗാനയില്‍ ഒരാള്‍ക്കും നീതി കിട്ടാത്തതുകൊണ്ടാണ് ഒരു ഡെല്‍റ്റ മേഘ്‌വാള്‍ ഉണ്ടാകുന്നത്. ഡെല്‍റ്റ് മേഘ്‌വാളിനു നീതി കിട്ടാത്തതുകൊണ്ടാണ് ജിഷ ഉണ്ടാകുന്നത്. വേദനയോടെ പറയട്ടെ, നിനക്കും നീതി കിട്ടാന്‍ ഇടയില്ലെന്ന് എനിക്കു മുന്‍കൂട്ടി പറയാനാകും.

നീ പഠിച്ച നിയമമല്ല ഈ രാജ്യത്ത് നടപ്പാകുന്നത് എന്നതാണ് കാരണം. മനുസ്മൃതിയെന്ന സമാന്തരനിയമം അനുസരിച്ചാണ് ഈ രാജ്യം പ്രവര്‍ത്തിക്കുന്നത്. വിധിപ്രസ്താവങ്ങളില്‍ ന്യായാധിപന്മാര്‍ ഇത് പതിവായി ഉദ്ധരിക്കാറുണ്ട്. എന്നാല്‍ നിയമവിദ്യാലയത്തില്‍ നീ ഇത് പഠിച്ചിട്ടുണ്ടാകില്ല. മനുസ്മൃതി എന്ന ആ നിയമമാണ് വനിതകള്‍ക്കും ദലിതര്‍ക്കും പരിധികള്‍ നിശ്ചയിക്കുന്നത്.

നിശ്ചിത സമയത്തിനുശേഷം സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പാടില്ല, സ്ത്രീകള്‍ വിദ്യാഭ്യാസം നേടുകയോ സ്വന്തം കാലില്‍ നില്‍ക്കുകയോ ചെയ്യാന്‍ പാടില്ല, ദലിതര്‍ പഠിക്കുകയോ കഴിവുകള്‍ സമ്പാദിക്കുകയോ ചെയ്യരുത് എന്നിവയൊക്കെ രാജ്യത്ത് നടപ്പുള്ള നിയമത്തിലെ അനുശാസനങ്ങളാണ്.

നീ ഒരുപക്ഷേ ഈ രാജ്യത്തെ സ്‌നേഹിച്ചിരുന്നിരിക്കാം. എന്നാല്‍ ഖേദത്തോടെ പറയട്ടെ ഇത് സ്ത്രീകള്‍ക്കുള്ള രാജ്യമല്ല. പുരുഷാധിപത്യത്തെയോ ജാതി മത വിവേചനങ്ങളെയോ എന്നെങ്കിലും നീ ചോദ്യം ചെയ്തിരുന്നെങ്കില്‍ നിനക്കു മറുപടിയായി ലഭിക്കുക ഒന്നോ രണ്ടോ മുദ്രാവാക്യങ്ങള്‍ മാത്രമായിരുന്നു. അനീതിയെപ്പറ്റി പരാതി പറയുന്ന ആര്‍ക്കും നല്‍കാന്‍ നമ്മുടെ സര്‍ക്കാര്‍ കരുതിവച്ചിട്ടുള്ള രണ്ടു പ്രിയ മുദ്രാവാക്യങ്ങള്‍ ഇവയാണ്: ‘ ബോലോ ഭാരത് മാതാ കി ജയ്’, ‘ ബോലോ വന്ദേമാതരം’.

നീ ദേശഭക്തയും രാജ്യത്തെ സ്‌നേഹിക്കുന്നവളുമായിരുന്നിരിക്കാം എന്നു ഞാന്‍ ഊഹിക്കുന്നു. എന്നാല്‍ ബലാല്‍സംഗത്തിന് ഇരയാകുമ്പോഴും കൊല്ലപ്പെടുമ്പോഴും ഭാരത് മാതാ കി ജയ് എന്ന പ്രഖ്യാപനം നിന്റെ രക്ഷയ്‌ക്കെത്തില്ല. നിന്റെ മരണത്തെപ്പറ്റി പുറത്തുവന്നിട്ടുള്ള ഭയാനകമായ വിവരങ്ങളോര്‍ത്ത് ഞാന്‍ ഞെട്ടിവിറയ്ക്കുന്നു. പെണ്‍കുഞ്ഞുങ്ങളെ ശൈശവത്തില്‍ത്തന്നെ കൊന്നുകളയുന്ന ആളുകളുടെ പ്രവൃത്തി ശരിയല്ലേ എന്നു ചിന്തിക്കാന്‍ പോലും അത് എന്നെ പ്രേരിപ്പിക്കുന്നു. എന്നെപ്പോലെ ശക്തയും ശാന്തയുമാണെന്നു കരുതപ്പെടുന്ന ഒരാളെപ്പോലും ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്ര നിരാശ! പക്ഷേ അത് ഞാനുമാകാമായിരുന്നു, ആരുമാകാമായിരുന്നു. എനിക്ക് നിന്നെ അറിയില്ല. എന്നാല്‍ നീ അനുഭവിച്ചിട്ടുണ്ടാകാവുന്ന ഭയം എനിക്ക് ഊഹിക്കാനാകും.

നിന്നോട് ചെയ്യപ്പെട്ടവയെല്ലാം ട്വിറ്ററിലൂടെ ബിജെപി പ്രവര്‍ത്തകര്‍ എന്നോട് പറഞ്ഞിട്ടുള്ളവയാണ്. എവിടെ നിന്നാണ് ഈ ചിന്ത വരുന്നത്? സംഘി ട്രോളുകളുടെയും നിന്നെ ബലാല്‍സംഗം ചെയ്തവരുടെയും ചിന്തയില്‍ എങ്ങനെയാണ് സമാനത ഉണ്ടാകുന്നത്? അത് മനുവിന്റെ പ്രത്യയശാസ്ത്രമാണ്, വിദ്വേഷത്തിന്റെയും മതാധിപത്യത്തിന്റെയും തത്വസംഹിത. അത് ഇരുപക്ഷത്തെയും ക്രിമിനലുകളെ ഇത്തരം കാര്യങ്ങള്‍ പറയാനും ചെയ്യാനും പ്രേരിപ്പിക്കുന്നു.

നിനക്ക് നീതി കിട്ടാനിടയില്ല. കാരണം ഒരു മാനഭംഗം നടന്നാല്‍ അതിന്റെ യഥാര്‍ത്ഥകാരണമൊഴികെ മറ്റെന്തിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവരാണ് നാം. സ്ത്രീകളുടെ വേഷം, അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍, ദാരിദ്ര്യം, മദ്യം, ചൗമീന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങി അനേകം അബദ്ധസിദ്ധാന്തങ്ങള്‍ ഉയരും. എന്നാല്‍ പുരുഷാധിപത്യം, ജന്മിത്തം, മുതലാളിത്തം സ്ത്രീകളെ കച്ചവടവല്‍ക്കരിക്കുന്നത്, ജാതി വ്യവസ്ഥ, നമ്മുടെ സമൂഹം എന്നിവയെ ഒന്നും കുറ്റക്കാരായി കാണില്ല.

നിന്നെപ്പോലുള്ള സ്ത്രീകള്‍ക്ക് നീതി കിട്ടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുമ്പോള്‍, ഭഗാന കൂട്ടബലാല്‍സംഗത്തിലെ സ്ത്രീകള്‍ക്കു നീതിക്കു വേണ്ടി വാദിക്കുമ്പോള്‍, കശ്മീരിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും തോക്കിന്‍ മുനയുടെ ഭയപ്പാടില്‍ സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നതിനെപ്പറ്റി പറയുമ്പോള്‍, സോണി സൂരിയെപ്പറ്റി പറയുമ്പോള്‍ – അവരെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. കാരണം ആദിവാസികളെ ഇല്ലായ്മ ചെയ്യാനുള്ള കോര്‍പറേറ്റ് ശ്രമങ്ങളെ എതിര്‍ക്കുന്ന അവര്‍ ഭരണകൂടത്തിന് മാവോയിസ്റ്റാണ് – രാഷ്ട്രീയപ്രവര്‍ത്തനം നടത്താതെ പഠനത്തില്‍ ശ്രദ്ധിക്കാനാണ് ഞങ്ങള്‍ക്കു ലഭിക്കുന്ന ഉപദേശം.

രാഷ്ട്രീയപ്രവര്‍ത്തനമില്ലാതെ പഠനത്തില്‍ മാത്രം ശ്രദ്ധിക്കുന്ന ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നിരിക്കാം നീയും. എന്നിട്ടും സമൂഹത്തിന്റെ ക്രൂരത നിന്നെ വെറുതെ വിട്ടില്ല. നിനക്കു നേരിടേണ്ടി വന്ന ക്രൂരത വ്യക്തിപരമായ ശത്രുത കൊണ്ടാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അത് സ്ത്രീകള്‍ക്കെതിരെ ആഴത്തില്‍ വേരോടിയിട്ടുള്ള മുന്‍വിധികള്‍കൊണ്ടാണ്. പരക്കെയുള്ള സ്ത്രീവിരുദ്ധത കൊണ്ടാണ്. സ്ത്രീകളെ ഉപയോഗിച്ച് വലിച്ചെറിയാവുന്ന ഉപഭോഗവസ്തുക്കളായി കാണുന്നതുകൊണ്ടാണ്.

നീ നേരിട്ട അക്രമം എല്ലാ സ്ത്രീകള്‍ക്കുമെതിരെ നിലനില്‍ക്കുന്ന വിദ്വേഷത്തിന്റെ പ്രകടനമാണ്. എനിക്കെതിരെ, സുഹൃത്തുക്കള്‍ക്കെതിരെ, ചിന്തിക്കുന്ന, സംസാരിക്കുന്ന, ജോലി ചെയ്യുന്ന, പഠിക്കുന്ന, ചോദ്യം ചെയ്യുന്ന, രാഷ്ട്രീയത്തില്‍ സജീവമായ എല്ലാവര്‍ക്കുമെതിരെ. പരമ്പരാഗതമായി സമൂഹത്തിന്റെ മേലേത്തട്ടില്‍ ഉള്ളവരല്ല ഞങ്ങള്‍ എന്നതുകൊണ്ട് പ്രത്യേകിച്ചും. ലിംഗഭേദത്തെ മറികടക്കാന്‍ അവര്‍ക്ക് ധൈര്യമോ? രണ്ടാംകിട ന്യൂനപക്ഷമെന്ന അവസ്ഥ മറികടക്കാനുള്ള ധൈര്യമോ? താഴ്ന്ന ജാതിയെ മറികടക്കാനുള്ള ധൈര്യമോ?

ജാതി, വര്‍ഗം, ലിംഗഭേദം, വംശം, ഭിന്നശേഷി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ജനങ്ങളെ വിഭജിക്കരുതെന്നാണ് ഞങ്ങളോട് പറയപ്പെട്ടിട്ടുള്ളത്. നിയമത്തില്‍ എഴുതിവച്ചിട്ടുള്ളതിനാല്‍ തുല്യത നിലവില്‍ വന്നുകഴിഞ്ഞുവത്രെ!

എന്നാല്‍ ജാതീയതയുടെ വൃത്തികെട്ട യാഥാര്‍ത്ഥ്യങ്ങള്‍ ഉടന്‍ തന്നെ ഉദയം ചെയ്യും. ഞങ്ങള്‍ നിനക്ക് നീതി ആവശ്യപ്പെടുമ്പോള്‍, നിന്റെ മരണം എല്ലാവരും നിര്‍ഭയ എന്നുവിളിച്ച ആ യുവതിയുടെ മരണത്തെക്കാള്‍ ഒട്ടും ഭേദമല്ലെങ്കിലും ദേശത്തിന്റെ മനഃസാക്ഷിയെ ഉണര്‍ത്തുന്നതില്‍ പരാജയപ്പെടുമ്പോള്‍, നിന്റെ കേസില്‍ ആരും കഠിനമായി ശിക്ഷിക്കപ്പെടാതിരിക്കുമ്പോള്‍(കുറ്റവാളികള്‍ വളരെ ദരിദ്രരല്ലെങ്കില്‍).

മറ്റൊരു സ്ത്രീയെന്ന നിലയില്‍ നിന്നോട് ‘സമാധാനത്തില്‍ വിശ്രമിക്കൂ’ എന്നു പറയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നാല്‍ നാം ജീവിക്കുന്ന ഈ കാലം അതിന് എന്നെ അനുവദിക്കുന്നില്ല.

ജിഷ സമാധാനമായി വിശ്രമിക്കരുത് എന്നു പറയാന്‍ ഞാന്‍ നിര്‍ബന്ധിതയായിരിക്കുന്നു. ഈ രാജ്യത്ത് ആരെയും സമാധാനമായി വിശ്രമിക്കാന്‍ സമ്മതിക്കുകയുമരുത്.

ഈ രാജ്യത്തെ, ഈ ലോകത്തെ രോഷം കൊള്ളിക്കുക. അലംഭാവത്തില്‍നിന്ന് അതിനെ ഉണര്‍ത്തുക.

സ്വന്തം
ഷെഹ്‌ല.

( ഷെഹ്‌ല റാഷിദ് ജവാഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ ലോ വിദ്യാര്‍ത്ഥിനിയും ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഐഎസ്എഫ്) പ്രവര്‍ത്തകയും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റുമാണ്.)

കടപ്പാട്; കഫില

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍