UPDATES

സയന്‍സ്/ടെക്നോളജി

മരങ്ങള്‍ ഉറങ്ങാറുണ്ടോ?

Avatar

എയ്മി എല്ലിസ് നട്ട്
(വാഷിംഗ്ടന്‍ പോസ്റ്റ്)

‘കണ്ണീരൊഴുക്കുന്ന’ മരങ്ങളെ പറ്റി നമ്മള്‍ കേട്ടിട്ടുണ്ട്. ‘വിറയ്ക്കുന്ന’ മരങ്ങള്‍, കയ്പ്പുള്ളവ, പെട്ടെന്ന് ഒടിയുന്നവ, സാദാ മരങ്ങള്‍, ഊര്‍ജ്ജസ്വലര്‍ അങ്ങനെ മരങ്ങളെ പല രീതിയില്‍ വിശേഷിപ്പിക്കാറുണ്ട്.

പക്ഷേ മരങ്ങള്‍ ഉറങ്ങാറുണ്ടോ?

ഒരു പക്ഷേ.

ഒരര്‍ത്ഥത്തില്‍ വളരെ മനോഹരവും സുപ്രധാനവുമായ ഒരു ഗവേഷണത്തിലാണ് ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, ഹംഗറി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞന്മാര്‍ ഏര്‍പ്പെട്ടത്. അവര്‍ ബെര്‍ച്ച് (birch) മരങ്ങളുടെ രാത്രികാല ചലനങ്ങള്‍ ലേസര്‍ ഉപയോഗിച്ച് രേഖപ്പെടുത്തി. അതിലെ കണ്ടെത്തലുകള്‍ അപ്രതീക്ഷിതമായിരുന്നു: രാത്രിയാകുന്നതോടെ മരങ്ങള്‍ ചാഞ്ഞു വിശ്രമിക്കുന്നതു പോലെ കാണപ്പെട്ടു. അറ്റത്തുള്ള കൊമ്പുകള്‍ ഏതാണ്ട് നാലിഞ്ചോളം താണിരുന്നു.

“മുഴുവന്‍ മരത്തിലും ഒരുപോലെ കണ്ട മാറ്റം; വളരെ വ്യക്തമായിരുന്നു അത്,” ഹംഗറിയിലെ സെന്‍റര്‍ ഫോര്‍ ഇക്കോളജിക്കല്‍ റിസര്‍ച്ചിലെ ആന്ദ്രാസ് സ്ലിന്‍സ്കി ഈയാഴ്ച ‘ന്യൂ സയന്‍റിസ്റ്റി’നോട് പറഞ്ഞു. “ഒരു വൃക്ഷത്തെ മുഴുവനായി ഇത്തരത്തില്‍ ആരും മുന്‍പ് നിരീക്ഷിച്ചിട്ടില്ല. മാറ്റങ്ങളുടെ തോതു കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു.”

ഓസ്ട്രിയയിലും ഫിന്‍ലാന്‍ഡിലുമുള്ള ഓരോ ബെര്‍ച്ച് മരങ്ങളായിരുന്നു ഈ പരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. അവയുടെ വൃക്ഷത്തലപ്പുകള്‍ സൂര്യാസ്തമയം മുതല്‍ അടുത്ത സൂര്യോദയം വരെയുള്ള സമയത്ത് ലേസര്‍ ഉപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ സ്കാന്‍ ചെയ്തു. ഒരേ രാത്രിയാണ് ഈ പഠനം നടത്തിയത്. രണ്ടു സ്ഥലങ്ങളിലും ഒരേ ചുറ്റുപാടുകള്‍ ആയിരുന്നു; മഴയില്ല, ചെറിയ കാറ്റ്. സോളാര്‍ ഇക്വിനോക്സ് സമയത്താണ് പരീക്ഷണം നടത്തിയത്. രണ്ടു സ്ഥലത്തെയും രാത്രികളുടെ നീളം ഏതാണ്ട് ഒരുപോലെ ആകാനായിരുന്നു ഇത്.

‘ഫ്രോണ്ടിയേഴ്സ് ഇന്‍ പ്ലാന്‍റ് സയന്‍സി’ല്‍ പ്രസിദ്ധീകരിച്ച പഠനം അവര്‍ ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: “പഠനത്തിലൂടെ ലഭിച്ച അളവുകള്‍ കാണിച്ചത് ഫിന്‍ലാന്‍ഡിലെ മരത്തിന്‍റെ ശീര്‍ഷഭാഗത്തെ ചലനങ്ങളും ഓസ്ട്രിയയിലേതിന്‍റെ കൊമ്പുകളുടെ ചലനങ്ങളും രാത്രി സമയത്ത് ഒരേ രീതിയിലുള്ളതായിരുന്നു. സൂര്യോദയത്തോടടുത്ത് മരക്കൊമ്പുകള്‍ അസ്തമയ സമയത്തേക്കാള്‍ താഴ്ന്നു തൂങ്ങിയിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ക്രമേണയാണ് ഈ ചലനങ്ങള്‍ സംഭവിച്ചത്. കാറ്റ് വീശിയത് കൊണ്ടുണ്ടായ മാറ്റമല്ല എന്ന് അതില്‍ നിന്ന് ഉറപ്പിക്കാം.”

രണ്ട് സിദ്ധാന്തങ്ങളാണ് ഈ നിരീക്ഷണങ്ങളോട് ബന്ധപ്പെട്ട് ടീം മുന്നോട്ടു വയ്ക്കുന്നത്: മരങ്ങളുടെ ഉള്ളിലെ വെള്ളം മൂലമുള്ള മര്‍ദ്ദത്തിന്‍റെ (turgor pressure) കുറവു കൊണ്ട് തണ്ടുകളുടെയും കൊമ്പുകളുടെയും ദാര്‍ഢ്യം കുറയുന്നതിനാലാകാം അവ തൂങ്ങുന്നത്. പ്രകാശസംശ്ലേഷണം (Photosynthesis) നടക്കുമ്പോഴാണ് ഈ മര്‍ദ്ദമുണ്ടാകുന്നത്. കാര്‍ബണ്‍ ഡയോക്സൈഡും ജലവും സംയോജിപ്പിച്ചു പഞ്ചസാര ഉണ്ടാക്കുന്ന പ്രക്രിയയായ പ്രകാശസംശ്ലേഷണം സൂര്യപ്രകാശത്തിന്‍റെ സാന്നിദ്ധ്യത്തില്‍ മാത്രമാണു നടക്കുന്നത്. അതിനാലാകാം രാത്രി മരങ്ങള്‍ വിശ്രമിക്കുന്നു എന്ന പ്രതീതിയുണ്ടാകുന്നത്.

മറ്റൊരു വാദം വൃക്ഷങ്ങളും ചെടികളും മറ്റ് ജീവികളുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന അതേ ജൈവഘടികാരമനുസരിച്ച് ശരിക്കും വിശ്രമിക്കുന്നതാകാം എന്നതാണ്. പകല്‍ സമയത്ത് കൂടുതല്‍ സൂര്യപ്രകാശം സ്വീകരിക്കുന്നതിനായി ഇലകളും ശിഖരങ്ങളും മുകളിലേയ്ക്ക് വളഞ്ഞു നില്‍ക്കുന്നു. അധിക ഊര്‍ജ്ജം ആവശ്യമുള്ള ഈ സ്ഥിതി രാത്രികാലങ്ങളില്‍ ആവശ്യം വരുന്നില്ല.

ചെടികളുടെ ജൈവഘടികാരത്തെ കുറിച്ചുള്ള പല പഠനങ്ങളും പരീക്ഷണ ശാലകള്‍ക്കുള്ളില്‍ നടന്നിട്ടുണ്ട്. ഇതേ നിരീക്ഷണങ്ങള്‍ വൃക്ഷങ്ങളില്‍ ചെയ്യുക ബുദ്ധിമുട്ടാണ്. എന്നാല്‍ ലേസര്‍ സ്കാനറുകള്‍ ഇത് എളുപ്പമാക്കുന്ന പുതിയ സാങ്കേതിക വിദ്യയാണ്. സസ്യജാലങ്ങളിലെ വെള്ളത്തിന്‍റെ ഉപയോഗത്തിന്‍റെ മാതൃകകളും രീതിയും കൂടുതല്‍ നന്നായി മനസ്സിലാക്കുന്നത് കാലാവസ്ഥാമാറ്റത്തെ കുറിച്ചു പഠിക്കുന്ന ശാസ്ത്രജ്ഞന്മാരെ സംബന്ധിച്ച് വളരെ പ്രധാനമാണ്.

“ബെര്‍ച്ച് മരങ്ങളുടെ ശാഖകള്‍ തൂങ്ങുന്നത് ജലമര്‍ദ്ദത്തിന്‍റെ കുറവു മൂലമാണോ അതോ ‘ഉറക്കം’ കൊണ്ടാണോ എന്നത് നിര്‍ണ്ണയിക്കപ്പെടേണ്ടിയിരിക്കുന്നു,” സ്ലിന്‍സ്കി പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഒരു മുന്നറിയിപ്പ് തരാനുണ്ട്. “ചില കൊമ്പുകള്‍ സൂര്യോദയത്തിന് മുന്‍പു തന്നെ അവയുടെ പകല്‍ സമയത്തെ സ്ഥിതിയിലേക്ക് തിരിച്ചു വന്നിരുന്നു. ഇതു കാണിക്കുന്നത് ‘Betula pendula’ (ഒരിനം ബെര്‍ച്ച് മരം)യുടെ ജൈവഘടികാര (circadian clock)മാണ് അവയെ നിയന്ത്രിക്കുന്നത് എന്നാണ്.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍