കേരളത്തിലെ ഏതോ ഒരാശുപത്രി. കുറേ പണ്ടാണ്. എം.ബി.ബി.എസ്. കഴിഞ്ഞയുടനെ ഞാന്‍ അവിടെ ജൂനിയര്‍ ഡോക്ടറായി ജോലി ചെയ്യുകയാണ്. ചേര്‍ന്നിട്ട് ഒന്നു രണ്ടു ദിവസമേ ആയിട്ടുള്ളു.
അന്നാമ്മ മാഡം എന്ന സീനിയര്‍ ഒഫ്താല്‍മോളജിസ്റ്റിനെ സഹായിക്കാനാണ് ഞാന്‍ തിയറ്ററില്‍ കയറിയത്. കണ്ണിന് എന്തോ ഓപ്പറേഷനാണ്. മരുന്നൊഴിച്ച് കണ്ണ് തരിപ്പിച്ചിട്ടേയുള്ളു. രോഗിക്ക് പൂര്‍ണ്ണ ബോധമുണ്ട്.
മാഡവും ഞാനും സിസ്റ്ററും കൈയ്യെല്ലാം അണുവിമുക്തമാക്കി കെട്ടി, ഓപ്പറേഷന് തയ്യാറെടുക്കുകയാണ്. രോഗി കിടക്കുന്നു.
അന്നാമ്മ മാഡം നല്ല മിടുക്കിയാണ്. നല്ല ഡോക്ടര്‍ തികഞ്ഞ ഈശ്വരവിശ്വാസിയായ മാഡം അടുത്ത കാലത്ത് പെന്തകോസ്തില്‍ ചേര്‍ന്നു എന്നു കേട്ടിട്ടുണ്ട്.
എല്ലാം റെഡിയായപ്പോള്‍ പെട്ടെന്ന് മാഡം എഴുന്നേറ്റ് നിന്നു. കണ്ണുകളടച്ചു, ഗ്ലൗസിട്ട കൈകള്‍ മേലോട്ടുയര്‍ത്തി. നഴ്‌സ് ചിരിയടക്കുന്നതുപോലെ തോന്നി. ഞാന്‍ മിഴിച്ചുനിന്നു. മാഡം തുടങ്ങി.
”കാരുണ്യവാനായ കര്‍ത്താവേ, പ്രപഞ്ചം മുഴുവനും സൃഷ്ടിച്ചവനേ, സര്‍വ്വശക്താ. എല്ലാറ്റിന്റേയും ഉറവിടമേ.”
രോഗി തല ചെരിച്ച് നോക്കി. വെളിയില്‍ നില്‍ക്കുന്ന ഒരു നഴ്‌സ് അയാളുടെ തല പിടിച്ച് നേരെയാക്കി. ‘അനങ്ങാതെ കിടക്ക്’ എന്ന് ആംഗ്യം കാണിച്ചു.
”എല്ലാ രോഗശമനത്തിന്റേയും ആദികാരണം അങ്ങാണല്ലോ. ലാസറിനെ ഉയര്‍പ്പിച്ചവനേ, ഈ സഹോദരന്റെ കണ്ണുകള്‍ക്ക് കാഴ്ച കൊടുക്കാന്‍ എന്നെ പ്രാപ്തയാക്കണമേ. കുരുടന്‍മാര്‍ക്ക് പലപ്പോഴായി അങ്ങ് സൗഖ്യം കൊടുത്തിട്ടുണ്ടല്ലോ. എന്നോട് കരുണ കാട്ടണമേ.”
രോഗി പകുതി എഴുന്നേറ്റു. ഓപ്പറേഷന്‍ ചെയ്യേണ്ട കണ്ണും മറ്റേ കണ്ണും തുറിച്ചുതുറിച്ചു വരികയാണ്. അയാളുടെ നെഞ്ചത്തമര്‍ത്തി ആരോ വീണ്ടും കിടത്തി. കൈയിലും കാലിലും പലരും മൃദുവായി ആശ്വസിപ്പിക്കാനെന്ന വണ്ണം പിടിച്ചു.
”ഞാന്‍ വെറും ദുര്‍ബലയാണ്. കഴിവില്ലാത്തവള്‍. എല്ലാ കഴിവുകളും അങ്ങില്‍ നിന്നു വരുന്നു. ഈ കണ്ണ് ഞാന്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു. എന്റെ കൈകളില്‍ നീ എഴുന്നള്ളി വരണമേ. കൈ വിറക്കാന്‍ സമ്മതിക്കരുതേ. ഈ കണ്ണ് കുളമാവാതെ നീ കാത്തോളണേ.”
ചുറ്റുമുള്ളവരെയെല്ലാം തട്ടി മാറ്റി രോഗി ചാടിയെണീറ്റു. പത്തെണ്‍പത്തഞ്ച് വയസ്സായ ഒരു ദുര്‍ബല വൃദ്ധനാണ് രോഗി. കണ്ണു ശരിയായില്ലെങ്കിലും വാര്‍ദ്ധക്യസഹജമായ അവശതയെല്ലാം കര്‍ത്താവ് ഞൊടിയിടയില്‍ സുഖപ്പെടുത്തിയിരിക്കുന്നു! അത്ഭുതം! ഹല്ലേലൂയ. പിടിക്കാന്‍ വന്ന ചെറുപ്പക്കാരെയെല്ലാം തള്ളിമാറ്റി അദ്ദേഹം ഉശിരോടെ, ചുണയോടെ, ഓപ്പറേഷന്‍ ടേബിളില്‍ നിന്ന് ചാടിയിറങ്ങി. തളര്‍വാതത്തില്‍ നിന്ന് പൂര്‍ണ്ണ സുഖം പ്രാപിച്ച ബൈബിള്‍ കഥാപാത്രത്തെ നാണിപ്പിക്കുന്ന വീറോടെ ഓടിയ അദ്ദേഹത്തെ പിന്നെ ഞങ്ങളാരും കണ്ടിട്ടില്ല. മൂന്നു കിലോമീറ്റര്‍ ദൂരെയുള്ള വീട്ടില്‍ അദ്ദേഹം സുരക്ഷിതനായി ഓടിയെത്തി എന്ന അറിയിപ്പു വന്നപ്പോള്‍ ഞാന്‍ മനസ്സില്‍ ദൈവത്തിന് നന്ദി പറഞ്ഞു.
ഞാന്‍ നിരീശ്വരവാദിയല്ല. പ്രാര്‍ത്ഥിക്കാറുമുണ്ട്. രോഗികള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിച്ചിട്ടുണ്ട് എന്ന് ലജ്ജയോടെ സമ്മതിക്കേണ്ടി വരും.
എന്തിനാണ് ലജ്ജ? ഒരു ശാസ്ത്രമായ വൈദ്യശാസ്ത്രം അഭ്യസിക്കുമ്പോള്‍ ദൈവത്തിനെന്തു കാര്യം? എല്ലാ ശാസ്ത്രജ്ഞരും ബുദ്ധിമാന്‍മാരും വിവരമുള്ളവരും നിരീശ്വരവാദികളാവണ്ടതല്ലേ? ഇതെല്ലാമാണ് ഇപ്പോഴത്തെ പലരുടെയും അഭിപ്രായം.
പാവം രാധാകൃഷ്ണന്‍ സാര്‍ (ഐ.എസ്.ആര്‍.ഒ.), ചൊവ്വാ യാത്രക്കു മുമ്പേ തേങ്ങായുടച്ചു എന്നു പറഞ്ഞ് എന്തായിരുന്നു ബഹളം. അതിലൊന്നും എനിക്ക് ലവലേശം എതിരില്ല. അതെല്ലാം വ്യക്തിയുടെ വിശ്വാസം. എന്നു മാത്രമല്ല, നിലവിളക്കു കൊളുത്തില്ല, പ്രസാദം തിന്നില്ല, പൂജയില്‍ പങ്കെടുക്കില്ല എന്നു പറയുന്നതിനോടൊന്നും എനിക്ക് തീരെ യോജിപ്പില്ല. ഏതെങ്കിലും ഒരു മതത്തിന് എല്ലാ ഉത്തരങ്ങളുമുണ്ടെന്ന് ഞാന്‍ ഒട്ടും വിശ്വസിക്കുന്നില്ലെങ്കിലും.
ഈയടുത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്ന ഇന്ത്യയിലെ ഡോക്ടര്‍മാരുടെ വലിയ സംഘടനാ യോഗത്തില്‍ ഒരു സംഭവം നടന്നു. രുദ്രാഭിഷേക പൂജ. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന പൂജയില്‍ പന്ത്രണ്ട് പൂജാരിമാരും മിക്ക ഭാരവാഹികളും സംബന്ധിച്ചു. സാധാരണയായി രണ്ടു മിനുട്ട് നിശബ്ദപ്രാര്‍ത്ഥനയാണ് ഐ.എം.എ. യോഗങ്ങളില്‍ ഉണ്ടായിരുന്നത്.
പൂജയില്‍ പ്രതിഷേധിച്ച് ഐ.എം.എ. പ്രസിഡന്റ്, കേരളീയന്‍ മാര്‍ത്താണ്ഡന്‍പിള്ള സാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. കേരളത്തില്‍ നിന്നുള്ള എല്ലാവരും ഇതിനെ (പൂജയെ) എതിര്‍ത്തത്രേ. കേരളത്തില്‍ നിന്നു മാത്രം. മലയാളികള്‍ തീരെ ശരിയല്ല എന്ന് ഉത്തരേന്ത്യന്‍ ഡോക്ടര്‍മാര്‍ അടക്കം പറഞ്ഞത്രേ.
നിശബ്ദ പ്രാര്‍ത്ഥനയ്ക്ക് കുറേയേറെ ഗുണങ്ങള്‍ ഉണ്ട്. ഹിന്ദുക്കള്‍ക്ക് ഭഗവാനെ ഓര്‍ക്കാം. മുസ്ലീങ്ങള്‍ക്ക് അള്ളാവിനേയും, ക്രിസ്ത്യാനികള്‍ക്ക് കര്‍ത്താവിനേയും പ്രാര്‍ത്ഥിക്കാം. പിന്നെ എല്ലാത്തരം ദൈവങ്ങളെയും എല്ലാ ദൈവങ്ങളുടെയും ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തെ അനുഗ്രഹിക്കാനും മതി. നിരീശ്വരന്‍മാര്‍ക്ക് ധ്യാനിക്കാം, മനസ്സില്‍ ചിരിക്കാം.
പൂജക്കും കുഴപ്പമൊന്നുമില്ല. രണ്ടു മിന്നിട്ടു നീണ്ട ഒരു ചെറിയ പൂജ നടത്താം. (രണ്ടു മണിക്കൂര്‍ അധികപ്പറ്റാണ്.)
സര്‍വ്വശക്തനായ ജഗദീശ്വരനെ ഏല്ലാവര്‍ക്കുമോര്‍ക്കാം, കുഴപ്പമൊന്നുമില്ല.
കോപ്രായത്തിനും കോമണ്‍സെന്‍സിനുമിടയ്ക്ക് ചെറിയൊരു അതിര്‍ത്തിവരമ്പേയുള്ളു.
ഡോക്ടര്‍മാര്‍ക്ക് കോമണ്‍ സെന്‍സ് ഇല്ലേ?
ഐ. എം.എ.യുടെ തലപ്പത്തിരിക്കുന്ന ഡോക്ടര്‍മാരെല്ലാം വൈദ്യശാസ്ത്രത്തില്‍ മാത്രമല്ല, ഭൗതിക, ആത്മീയ ഉന്നമനത്തിനുള്ള എല്ലാ ഉപാധികളിലും ഡബിള്‍ പി.എച്ച്.ഡി. എടുത്ത ബുദ്ധിരാക്ഷസന്‍മാരാണ്.
അല്ലെങ്കിലും, രണ്ടായിരത്തി പതിനഞ്ചില്‍ അതും ഡല്‍ഹിയില്‍, ഇതൊക്കെ വളരെ വളരെ നല്ലതാണെന്നറിയാന്‍ ഇത്ര ഭയങ്കര രാക്ഷസബുദ്ധിയൊന്നും വേണ്ട, ചിന്ന ചിന്ന കോമണ്‍സെന്‍സ് മതി.
ഈശ്വരാ, കാത്തോളണേ.