ഛത്തീസ്ഗഡില്‍ നിര്‍ദോഷികളായ കുറേ പാവം സ്ത്രീകള്‍ മരിക്കുന്നു. കുറേ ജീവിതങ്ങള്‍ യൗവനത്തില്‍ തന്നെ അണഞ്ഞു. ഒരു കൂട്ടമരണം; കൂട്ടക്കൊല!
എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ മാത്രമുണ്ടാവുന്ന ഒരു മുറവിളി ഉയരുന്നു. ഉയരണം. പ്രധാന പ്രശ്‌നം ഇതാണ്- ആരെ ചവിട്ടണം? സര്‍ക്കാരിനെ ചവിട്ടിയാലോ? മന്ത്രിമാരെയൊക്കെ എടുത്തിട്ട് പൊരിക്കാം. മരുന്നുകമ്പനി മുതലാളിമാരെ തെറി വിളിക്കാം.
ഏറ്റവുമെളുപ്പം ഡോക്ടര്‍മാരെ മെതിക്കലാണ്. അവരാണല്ലോ ശസ്ത്രക്രിയ ചെയ്യുന്നത്. പിന്നീടുണ്ടായ ശവപരിശോധനയില്‍ എന്തെങ്കിലും കൈപ്പിഴയുണ്ടായതായി കണ്ടില്ല. എങ്കിലും അണുബാധയാവാം. ശരിയായ അണുവിമുക്ത അന്തരീക്ഷത്തിന് അവരല്ലേ ഉത്തരവാദികള്‍? പിന്നീട് മരുന്നില്‍ വിഷാംശം ഉണ്ടെന്നു കണ്ടെത്തി. ഇത്ര ഭയങ്കര വിഷമോ? അതെങ്ങനെയെത്തി.
പൊതുജനത്തെ കണ്‍ഫ്യൂസ് ചെയ്യല്ലേ, ആരെയെങ്കിലുമൊക്കെ ചവിട്ടണം. തെറിവിളിക്കണം. എന്തൊക്കെയോ അടിച്ചുതകര്‍ക്കണം. കുറേ പൊളപ്പന്‍ തലക്കെട്ടുകള്‍ വരണം. അപ്പോള്‍ സമാധാനമായി. അടുത്ത കൊടും അപകടം ഉണ്ടാകുന്നതുവരെ സമാധാനം, ശാന്തി.
ഏതാണ്ട് മൂവായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് ശുശ്രുതന്‍ എന്നു പേരായ ഒരു ഭയങ്കര സര്‍ജന്‍ ജീവിച്ചിരുന്നു. നമ്മുടെ നാട്ടില്‍ തന്നെ. കുരുക്കള്‍ കീറുക, തൊലിപ്പുറമേയുള്ള ചില ശസ്ത്രക്രിയകള്‍, ഒടിഞ്ഞ എല്ലുകള്‍ വെച്ചുകെട്ടുക ഇവയൊക്കെ അദ്ദേഹം ചെയ്തിരുന്നു.
നമ്മുടെ ഇപ്പോഴത്തെ ആധുനിക ശസ്ത്രക്രിയക്കാരന്‍ എന്നു തന്നെ വിളിക്കാവുന്ന ഒരാള്‍ ഉണ്ടായിരുന്നു; ആംബ്രിയോസ് പാരെ. യൂറോപ്പിലാണ്. വൈദഗ്ധ്യത്തിലും കഴിവിലും നൂതനവിദ്യകള്‍ കണ്ടെത്തുന്നതിലും ഇപ്പോഴുള്ള ഏതു സര്‍ജനെക്കാളും മിടുക്കനായിരുന്നു അയാള്‍.
പക്ഷേ ശുശ്രുതനും, ഈ ആംബ്രിയോസ് പാരെയും ചെയ്തിരുന്ന കസര്‍ത്തുകളെല്ലാം ഇന്ന് എം.എസ്. പരിശീലനം നടത്തുന്ന ഒരു ഒന്നാംവര്‍ഷക്കാരന്‍ കൂളായി ചെയ്യുന്നു. കുറേക്കൂടി സുരക്ഷിതമായി. ഇതെങ്ങനെ സാധിക്കുന്നു?
ഈ രണ്ടു വിദ്വാന്മാരും നൂറ്റാണ്ടുകള്‍ക്കു മുമ്പാണ് ജീവിച്ചിരുന്നത്. അതുകൊണ്ടെന്താ? എല്ലാം ഡോക്ടറുടെ കൈയ്യിലല്ലേ?
ചില വ്യത്യാസങ്ങളുണ്ട്. അണുബാധ എന്നത് എന്താണെന്നു പോലും അറിഞ്ഞുകൂടാ. അണുജീവികള്‍ എന്തൊരു സംഭവം ഉണ്ടെന്നു പോലും അറിയില്ല. സിമ്മെല്‍ വെയ്‌സ് എന്നൊരു ചെറിയൊരു ആശയം തോന്നി ഡോക്ടര്‍മാര്‍ കൈ ശരിയായി കഴുകിയാല്‍ മരണങ്ങള്‍ കുറയ്ക്കാം. അതിനദ്ദേഹം കേട്ട തെറിക്കും കുത്തുവാക്കുകള്‍ക്കും കണക്കില്ല.
ജോസഫ് ലിസ്റ്റര്‍ എന്ന ബ്രിട്ടീഷ് സര്‍ജന്‍ ആണ് അണുനാശിനികള്‍ ആദ്യമായി ഉപയോഗിച്ചത്. ലൂയി പാസ്ചര്‍ പിന്നീട് അണുജീവികള്‍ ഉണ്ടെന്ന് തെളിയിച്ചു. ഇങ്ങനെ ശരീരശാസ്ത്രത്തില്‍ കോടാനുകോടി ചെറു കണ്ടുപിടുത്തങ്ങളുടെ വേലിയേറ്റം ഉണ്ടായി. ഇതെല്ലാം തലമുറകള്‍ കൈമാറി ഉരുത്തിരിഞ്ഞുവന്നതാണ് ആധുനിക വൈദ്യശാസ്ത്രം, ആരോഗ്യവ്യവസ്ഥിതി. നമ്മുടെ നീതിന്യായ വ്യവസ്ഥിതി പോലെ തന്നെ. നമ്മുടെ മറ്റു സര്‍ക്കാര്‍ വ്യവസ്ഥിതികള്‍? എല്ലാം ഇങ്ങനെ തന്നെ. ഇതൊന്നും ഇന്നും ഇന്നലെയും ഒരു ഭീകരബുദ്ധിരാക്ഷസന്റെ തലയില്‍ ടപ്പോ എന്ന് ഉദിച്ചതല്ല.
എന്തിന്, ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ഒന്നാം ലോകമഹായുദ്ധം നടക്കുമ്പോള്‍ എന്തായിരുന്നു സ്ഥിതി? കാലിലോ കൈയിലോ എല്ലുപൊട്ടി മുറിവുണ്ടായി എല്ലു പുറത്തുകാണുന്ന (കോമ്പൗണ്ട് ഫ്രാക്ച്ചര്‍) സ്ഥിതിയുണ്ടായാല്‍ എന്തായിരുന്നു ചികിത്സ? കൈയോ കാലോ മുറിച്ചുമാറ്റല്‍. തുടയെല്ലു പൊട്ടി, മുറിവുണ്ടോ? കാല്‍ മുകളില്‍ വച്ച് മുറിച്ച് കൊക്കിക്കൊണ്ടു നടക്കാം. ഇതു ചെയ്തില്ലെങ്കില്‍ പഴുപ്പുബാധിച്ച് അണുബാധ രക്തത്തില്‍ കയറി ഇഞ്ചിഞ്ചായി മരിക്കാം.
ഇന്ന്, എനിക്ക് മുറിഞ്ഞുപോയ ഒരു കൈ മൈക്രോസര്‍ജറി ചെയ്ത് തിരിച്ചുപിടിക്കാന്‍ സാധിക്കും. ഞാന്‍ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് നടക്കുന്നു. അവിടെ വച്ചിട്ടുള്ള അണുവിമുക്ത വസ്ത്രം ധരിക്കുന്നു. ചില പ്രത്യേക സോപ്പുകൊണ്ട് കൈകഴുകുന്നു. എത്ര മിനിട്ട് കഴുകണം, എവിടെയെല്ലാം ഉരച്ചു വൃത്തിയാക്കണം ഇതിനെല്ലാം കണക്കുകളുണ്ട്. തൊപ്പി, മാസ്‌ക്, ഗൗണ്‍ ധരിക്കണം. അണുവിമുക്ത കൈയ്യുറ ധരിക്കണം. ഇതിനെപ്പറ്റിയൊന്നും എനിക്ക് ആലോചിച്ച്, ചിന്തിച്ച് ചെയ്യേണ്ട കാര്യമൊന്നുമില്ല. ഇതാണ് പതിവ്, അതാണ് രീതി.
തീയേറ്റര്‍ അണുവിമുക്തമാണ്. അള്‍ട്രാ വയലറ്റ് രശ്മികള്‍ പായിക്കുന്ന യന്ത്രം രാത്രിയില്‍ പ്രവര്‍ത്തിപ്പിച്ച് അതു സാധിക്കുന്നു. ഓരോ കേസ് കഴിഞ്ഞും ലായിനികള്‍ കൊണ്ട് അവയെല്ലാം കഴുകുന്നുണ്ട്. അങ്ങനെയൊക്കെ ചെയ്യണമെന്ന് ഞാന്‍ പറയാറില്ല. പറയേണ്ട ആവശ്യമില്ല. പല ഉപകരണങ്ങളും പല രീതിയിലാണ് അണുവിമുക്തമാക്കേണ്ടത്. ചിലത് ആവിയില്‍ പുഴുങ്ങി. കൈയുറ മുതലായവ ഗാമ റേഡിയേഷന്‍ വഴിയാണ്. വേറെയും ഒരുപാട് കാര്യങ്ങളുണ്ട്. ഇതിനെപ്പറ്റിയൊന്നും, സത്യം പറയട്ടേ, എനിക്ക് വലിയ പിടിയില്ല.
എന്റെ ജോലിയുടെ, മൈക്രോ സര്‍ജറിയുടെ, ഓരോ ഘട്ടത്തിലും ഉപയോഗിക്കുവാന്‍ അതീവ ഉചിതമായ, സൂക്ഷ്മതയോടെ നിര്‍മിച്ച, അടിപൊളി ഉപകരണങ്ങളുണ്ട്. ഇതൊന്നും എന്റെ തലയില്‍ ഉദിച്ചതല്ല. ഞാന്‍ ഉണ്ടാക്കിയതുമല്ല. ബുദ്ധിയുള്ള ആരൊക്കെയോ ശരിപ്പെടുത്തി. ഏതൊക്കെയോ ഫാക്ടറികളില്‍ എഞ്ചിനീയര്‍മാര്‍ ഉണ്ടാക്കി. ശുശ്രുതനും ആംബ്രോയിസ് പാരെയും. അവര്‍ തന്നെയാണ് ഉപകരണങ്ങളെല്ലാം രൂപപ്പെടുത്തിയിരുന്നത്.
എന്നെ പരിശീലിപ്പിക്കാനും ഒരു വ്യവസ്ഥിതി ഉണ്ടായിരുന്നു. ഇവിടെ, സ്വയം പരിശീലിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. മിക്ക വികസിതരാജ്യങ്ങളിലും ശരിയായ പരിശീനം ഉറപ്പാക്കാതെ ഈ സ്ഥിതിയിലെത്തുന്ന കാര്യം ചിന്തിക്കാന്‍ പോലും സാധ്യമല്ല.
രോഗികള്‍ എന്നില്‍ നിന്ന് വളരെയധികം പ്രതീക്ഷിക്കുന്നുണ്ട്. മികച്ച ഒരു റിസള്‍ട്ട് അവര്‍ക്ക് നിര്‍ബന്ധമാണ്. എനിക്ക് മേലധികാരികള്‍ ഉണ്ട്. ഞാന്‍ തെറ്റു ചെയ്താല്‍ അവര്‍ ചോദിക്കും.
കാരണം, ഞാന്‍ ഒരു ഹീറോ അല്ല. ഈ വ്യവസ്ഥിതിയുടെ ഒരു ഭാഗം മാത്രമാണ്. പ്രധാന ഒരു ഭാഗം തന്നെയാണെന്ന് വച്ചോളൂ. പക്ഷേ ഈ വ്യവസ്ഥിതിയോട് ഞാന്‍ കൂറു കാണിച്ചേ പറ്റൂ.
വ്യവസ്ഥിതികള്‍ക്ക് തലച്ചോര്‍ ഉണ്ട്. ഒന്നല്ല കോടികള്‍. ഒരു കോടി മസ്തിഷ്‌ക്കങ്ങളുടെ സമന്വയം. അനേകം മനുഷ്യമനസ്സുകളുടെയും പരിശ്രമങ്ങളുടെയും ഫലം. ഇവരെല്ലാം ഇപ്പോഴും ജീവിച്ചിരിപ്പുള്ളവരല്ല. പുതിയ തലമുറയുടെ ജീവിതത്തിന്റെയും പ്രയത്‌നത്തിന്റേയും ബാക്കിപത്രം.
മനുഷ്യര്‍ മാത്രം മനസ്സിലാക്കിയ ഒരു ചെറിയ സത്യത്തിന്റെ ആവിഷ്‌ക്കാരം. വ്യവസ്ഥിതികളെ തലമുറകളിലൂടെ വികസിപ്പിച്ച് വലുതാക്കി കുറ്റമറ്റതാക്കാമെന്ന തിരിച്ചറിവ്. അതാണ് നമ്മളെ മറ്റു ജീവികളെ ഒരു വഴിക്കാക്കി ഞെളിഞ്ഞു നടക്കാന്‍ സഹായിച്ചത്.
ജനം നല്ലതാണെങ്കില്‍ വ്യവസ്ഥിതികളും നന്നാവും. നമുക്കു പ്രതികരണശേഷിയുണ്ടെങ്കില്‍ വ്യവസ്ഥിതികള്‍ അതനുസരിച്ചു നന്നാവും.
പണ്ടൊരു മലബാറുകാരന്‍ എന്നോടു പറഞ്ഞു: ”ജ്ജ് നന്നായാ അനക്കന്നെ.” അതു ശരിയല്ല. നമ്മ നന്നായാ നിങ്ങക്കും മോശം വരില്ല. നമ്മളെല്ലാവരും വ്യവസ്ഥിതിക്ക് ഉത്തരവാദിയാണ്. നമുക്ക് സ്വയം കൊടുക്കാം ചന്തിക്ക് ഒരു ചവിട്ട്.