UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനം ആധാരമെഴുതുമ്പോള്‍; എന്താണ് ആധാരമെഴുത്തുകാരുടെ പ്രശ്നങ്ങള്‍?

Avatar

ദേവനാരായണന്‍ പ്രസാദ്

തൊഴില്‍ നഷ്ടപ്പെടുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നത് ആദ്യമല്ല, ഒരുപാട് കാലങ്ങളായി, ഒരുപാട് പോരാട്ടങ്ങള്‍ ഇക്കാര്യത്തില്‍ ഇവിടെ നടന്നിട്ടുണ്ട്. ജൂലൈ മാസം ഒടുവില്‍ സെക്രട്ടറിയേറ്റിലേക്ക് ആയിരക്കണക്കിനു ആധാരം എഴുത്തുകാര്‍ മാര്‍ച്ച് നടത്തിയതും തങ്ങളുടെ തൊഴില്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു. ആള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്ക്രൈബ്‌സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. എ.ഐ.റ്റി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി രാജേന്ദ്രനായിരുന്നു ഉദ്ഘാടനം. മറ്റ് സമരപരിപാടികള്‍ക്കും കാര്യമായ ശ്രദ്ധ കൊടുക്കാത്തതുപോലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ സമരത്തെയും ഗൗനിച്ചില്ല. ഈ സാഹചര്യത്തില്‍ പൊതുസമൂഹത്തിലേക്കു എത്താതെ പോകുന്ന ഒരുപാട് വസ്തുതകളുണ്ട്. ആധാരം എഴുത്തുകാരുടെ ജീവിതവും തൊഴിലും അത്തരത്തില്‍ പഠിക്കേണ്ട ഒന്നാണ്. അതിനൊപ്പം, ജനങ്ങള്‍ക്ക് അവരുടെ ആധാരം സ്വന്തമായി എഴുതാമെന്ന ഉത്തരവ് ഉണ്ടാക്കിയിരിക്കുന്ന പ്രശ്നങ്ങളും പരിശോധിക്കേണ്ടതുണ്ട്.

 

ആധാരം എഴുതുക എന്നത് ഇപ്പോള്‍ ഒരു പഴയ പ്രയോഗമായി മാറിയിട്ടുണ്ട്. എല്ലാ മേഖലയിലും കമ്പ്യൂട്ടര്‍വത്കരണം നടന്നപ്പോള്‍ സ്വഭാവികമായ എഴുത്തിനു പകരം മുദ്ര പത്രത്തില്‍ പ്രിന്റ് ചെയ്യാന്‍ തുടങ്ങി, എങ്കിലും എഴുതുന്ന ഒരു നല്ല ശതമാനവും ഉണ്ട്.

 

കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത തീരുമാന പ്രകാരം ആധാരം എഴുത്തുകാരെല്ലാം സ്വന്തം ലൈസന്‍സി നമ്പറുപയോഗിച്ച് രെജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ സൈറ്റില്‍ അക്കൗണ്ടുണ്ടാക്കി. ഇപ്പോള്‍ ആ അക്കൗണ്ടിലൂടെ ‘ലോഗ് ഇന്‍’ ചെയ്ത് ആധാരത്തില്‍ ചേര്‍ക്കുന്ന വിവരങ്ങളൊക്കെ ഓണ്‍ലൈനായി രെജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ സൈറ്റില്‍ അപ്ലോഡ് ചെയ്ത്, അതാതു സബ്‌റജിസ്ട്രാര്‍ ഓഫീസിലേക്കു ടോക്കണെടുക്കണം. വിവരങ്ങള്‍ സബ് രജിസ്ട്രാര്‍ പരിശോധിച്ച ശേഷം ടോക്കന്‍ അപ്രൂവ് ചെയ്താല്‍ മാത്രമേ പത്രത്തില്‍ എഴുതിയോ/പ്രിന്റ് ചെയ്‌തോ ആധാരം രെജിസ്റ്റര്‍ ചെയ്യാന്‍ കഴിയു. എന്നാല്‍ ഇത് ജോലിഭാരം കൂട്ടി എന്നതാണ് വസ്തുത. ആദ്യമൊക്കെ നന്നായി ബുദ്ധിമുട്ടിയെങ്കിലും ആധാരമെഴുത്തുകാറില്‍ പലരും ഇപ്പോള്‍ അതിനോടു പൊരുത്തപ്പെട്ടു കഴിഞ്ഞു.

 

അങ്ങനെയിരിക്കെയാണ് ലൈസന്‍സ് നമ്പര്‍ ഉപയോഗിച്ചു മാത്രം ഓണ്‍ലൈന്‍ അക്കൗണ്ടില്‍ നിന്നു ടോക്കണെടുക്കാവുന്ന സാഹചര്യം മാറുകയും പൊതുജനത്തിനും ആധാരം എഴുതാമെന്ന ഓപ്ഷന്‍ എത്തുകയും ചെയ്തത്. ഇതോടെ ജോലി നഷ്ടമാകുന്നത് 50,000 തൊഴിലാളികള്‍ക്കാണ് എന്നാണ് സംഘടനാ ഭാരവാഹികള്‍ പറയുന്നത്.

 

കൈയ്യെഴുത്ത് പരീക്ഷ പാസ്സായി ഒരു ലൈസന്‍സിയുടെ കീഴില്‍ വര്‍ഷങ്ങള്‍ പ്രാക്ടീസ് ചെയ്ത് ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ട്, ട്രാന്‍സ്ഫര്‍ ഓഫ് പ്രോപ്പര്‍ട്ടി ആക്ട് മുതലായവ പഠിച്ച് പരീക്ഷ പാസ്സായാല്‍ മാത്രമാണ് ലോക്കല്‍ ലൈസന്‍സി,ഡിസ്ട്രിക്ട് ലൈസന്‍സി, സ്‌റ്റേറ്റ് ലൈസന്‍സി തുടങ്ങിയവയില്‍ ഏതെങ്കിലും ലഭിക്കുന്നത്. അതിനു ശേഷം എട്ട് മുതല്‍ പത്തു വര്‍ഷം കൊണ്ട് മാത്രമാണ് ഒരാള്‍ സ്വന്തമായി ആധാരം തയ്യാറാക്കാന്‍ പ്രാപ്തനാകുക. അങ്ങനെ, അത്രയേറെ കഠിനാധ്വാനം ഓരോ ആധാരമെഴുത്തുകാരനു പിന്നിലുമുണ്ട്. ഈ വിഷയത്തില്‍ ആധാരമെഴുത്തുകാരുടെ സംഘടനയായ എ.കെ.ഡി.ഡബ്ല്യു ആന്റ് എസ്.എ യുടെ സംസ്ഥാന സെക്രട്ടറി എ. അന്‍സാറിന്റെ പ്രതികരണം ഇങ്ങനെ: ‘ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലയളവില്‍ എടുത്ത വിവാദ തീരുമാനങ്ങളില്‍ ഒന്നായിരുന്നു ഇത്. നമ്മള്‍ക്കറിയാന്‍ കഴിഞ്ഞത് റിയല്‍ എസ്‌റ്റേറ്റുകാരുടെ സമ്മര്‍ദ്ദമുണ്ടായിരുന്നു പിന്നിലെന്നാണ്. അവര്‍ക്ക് അനധികൃത ഭൂമി കൈവശപ്പെടുത്താനും മുന്നാധാരത്തില്‍ പ്രശ്‌നങ്ങളുള്ള ഭൂമിക്ക് ആധാരം തയ്യാറാക്കാനും ഒക്കെയായി ഒരാളെ സ്ഥിരമായി നിയമിച്ചാല്‍ എഴുത്ത് ഫീസ് ലാഭിക്കുകയും ചെയ്യാം, നടപടിയുമുണ്ടാകില്ല. എന്തേലും നിയമപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഫ്ലാറ്റ് / അപ്പാര്‍ട്‌മെന്റ് വാങ്ങുന്നവര്‍ നേരിട്ടുകൊള്ളും. ആധാരം എഴുത്ത് മേഖലയില്‍ ഏറെയും മധ്യവയസ്‌ക്കരാണ്. പലരും ചെറുപ്പം തൊട്ട് ഈ ജോലി ചെയ്യുന്നവര്‍. അങ്ങനെയിരിക്കെ ഈ ജോലി ഇല്ലാതായാല്‍ അരലക്ഷത്തോളം കുടുംബങ്ങളെ അത് നേരിട്ട് ബാധിക്കും. കര്‍ണ്ണാടക ഒഴികെ വേറെ ഒരു സംസ്ഥാനത്തും ആര്‍ക്കു വേണമെങ്കിലും ആധാരം എഴുതാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം പരിഗണിച്ചിട്ടു പോലുമില്ല. വമ്പന്‍മാര്‍ ഭൂമി വാങ്ങി കൂട്ടിയിരിക്കുന്ന മറ്റൊരു സംസ്ഥാനവും അത് തന്നെയാണ്. തൊഴിലാളികളോടൊപ്പം എന്നും നിലകൊണ്ടിട്ടുള്ള ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് ഒരു തൊഴില്‍ തകര്‍ത്തുകൊണ്ടുള്ള തീരുമാനം പുന:പരിശോധിക്കുമോ എന്നാണ് ഞങ്ങള്‍ ഉറ്റു നോക്കുന്നത് ‘.

 

 

ആധാരം എഴുത്തുകാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണെങ്കില്‍ ജനങ്ങളെ ഇത് ബാധിക്കുന്നത് മറ്റൊരു വിധത്തിലാകും. സ്വന്തമായി ആധാരം തയാറാക്കാന്‍ സാധാരണക്കാര്‍ക്ക് ഏറെക്കുറെ കഴിയില്ല എന്നത് പോകട്ടെ, ഒട്ടുമിക്ക സബ് രെജിസ്ട്രാര്‍മാര്‍ പോലും സ്വന്തമായി ഒരു ആധാരം തയ്യാറാക്കാന്‍ ബുദ്ധിമുട്ടുന്നവരാണ്. 

സര്‍ക്കാര്‍ പറയുന്നത് രെജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ സൈറ്റില്‍ ലഭ്യമായിരിക്കുന്ന 15 ആധാരങ്ങളുടെ മാതൃകകള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്കു സ്വന്തമായി ആധാരം എഴുതാനൊക്കുമെന്നാണ്. അവിടെ തന്നെയാണ് ആദ്യത്തെ പ്രശ്‌നം. സര്‍ക്കാരിന്റെ നിയമപ്രകാരം 183-ല്‍പ്പരം നക്കലുകളുണ്ട്, ഓരോന്നും എഴുതുന്നതിന് ഓരോ രീതികളും, തമ്മില്‍ വ്യത്യാസങ്ങളുമുണ്ട്. ആ സാഹചര്യത്തിലാണ് 15 എണ്ണം മാതൃകയാക്കി എഴുതേണ്ടത് എന്ന ഉത്തരവ്.

 

മറ്റൊരു വിഷയം കള്ള ആധാരങ്ങള്‍ കൂടാന്‍ സാധ്യതയുണ്ട് എന്നതാണ്. ഈ നിയമം നിലവില്‍ വന്ന കര്‍ണ്ണാടകയില്‍ അത് നിര്‍ത്തലാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. കാരണം അവിടെയിപ്പോള്‍ ഒരു വസ്തുവിനു തന്നെ നാലും അഞ്ചും ആധാരങ്ങളുള്ള സഥിതിയാണ്. സ്വന്തം ഭൂമിയാണെന്നു ഉറപ്പിക്കാന്‍ ഒരാള്‍ സിവില്‍ കേസ് കൊടുക്കുമ്പോള്‍, വീണ്ടും നഷ്ടമാകുന്നത് വര്‍ഷങ്ങളും പണവുമാണ്, ചിലപ്പോള്‍ സ്വന്തം ഭൂമി തന്നെ നഷ്ടപ്പെടുകയും ചെയ്യും.

ഇപ്പോളാണെങ്കില്‍ ഒരു ആധാരത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തവും, അതിനെ ബാധിക്കുന്ന കേസുകള്‍ക്ക് ഉത്തരം പറയേണ്ടതും തയ്യാറാക്കിയ ലെസന്‍സിയാണ്. പക്ഷേ ആര്‍ക്കു വേണമെങ്കിലും ആധാരം എഴുതാമെന്ന സംവിധാനം നിലവില്‍ വരുന്നതോടെ കാര്യങ്ങള്‍ മാറുകയാണ്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് കഫേകളില്‍ ആയിരിക്കും ഇനി ആധാരങ്ങള്‍ തയ്യാറാക്കാന്‍ പോകുന്നത്. അവിടെ ആധാരത്തിന്റെ ഭാഷയോ നിയമങ്ങളോ അറിയാത്ത ഒരാളാകാം സഹായിക്കുന്നത്, അപ്പോള്‍ മുന്നാധാരമോ റവന്യൂ റെക്കോര്‍ഡുകളോ കൃത്യമായി പരിശോധിക്കാതെ ആധാരമെഴുതിയാല്‍, അതിലെ ബാധ്യതകളും നിയമ പ്രശ്‌നങ്ങളും പുതിയ ആധാരത്തിലും ഉയര്‍ന്നുവരും. അത് മുദ്രപ്പത്രത്തില്‍ പകര്‍ത്തിയ ശേഷമാണ് തിരിച്ചറിയുന്നതെങ്കില്‍ രെജിസ്ട്രര്‍ ചെയ്യാനൊക്കില്ല. മുദ്രപ്പത്രത്തിന്റെ വിലയും വസ്തുവിന്റെ വില കൈമാറിയെങ്കില്‍ അതും നഷ്ടമാകും.

 

 

ആധാരം സ്വന്തമായി തയ്യാറാക്കി എന്ന് ഈയടുത്ത് മലയാള മനോരമ വാര്‍ത്തയില്‍ പറഞ്ഞിട്ടുള്ള രണ്ടു പേരുണ്ട്. ഒരാള്‍ കോട്ടയം പൂഞ്ഞാറിലുള്ള പി.ആര്‍ രവീന്ദ്രന്‍ തമ്പിയും മറ്റൊരാള്‍ തൃശൂര്‍ കാളത്തോട് സുനമോള്‍ ആന്റോയും ഭര്‍ത്താവ് ആന്റോ ഡി ഒല്ലൂക്കാരനും.

എന്നാല്‍ രവീന്ദ്രന്‍ തമ്പിയുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: ‘ഞാന്‍ ഒരു ആധാരവും എഴുതിയിട്ടില്ല. ആധാരം തയ്യാറാക്കാന്‍ ടി.ആര്‍ ഗോപകുമാര്‍, ബി രഘുകുമാര്‍ എന്നിവര്‍ ചേര്‍ന്നു നടത്തുന്ന ആധാരം എഴുത്താഫീസില്‍ കൊണ്ടു പോയി മുന്നാധാരം കൊടുത്തു, അവരു പറഞ്ഞിടത്തൊക്കെ ഒപ്പും ഇട്ടു.അത്ര മാത്രം’ എന്നാണ്. അതായത് പുതിയ ബജറ്റ് പ്രകാരം നിലവില്‍ വന്ന മുദ്രപത്രത്തിന്റെ വില വര്‍ദ്ധന ബാധിക്കാതിരിക്കാനും നികുതിയില്‍ നിന്ന്‍ ഒഴിവാകാനുമായി രവീന്ദ്രന്‍ തമ്പിയുടെ പേര് ചേര്‍ക്കുകയായിരുന്നു എന്നുവേണം കരുതാന്‍. കൃഷ്ണാമ്പാള്‍, ഗീത, രഞ്ജിത് എന്നിവരുടെ പേരില്‍ മൂന്ന് ആധാരങ്ങളാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. അതുവഴി മുപ്പതിനായിരം രൂപ ലാഭം കിട്ടി എന്നാണ് മനോരമ വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ ഈ വാര്‍ത്ത നിഷേധിക്കുകയാണ് അദ്ദേഹം ചെയ്തത്. ഒപ്പം എ.കെ.ഡി.ഡബ്ല്യു ആന്റ് എസ്.എയ്ക്കു നല്കിയ സത്യവാങ്മൂലത്തിലും അദ്ദേഹം ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

 


സ്വയം ആധാരമെഴുതിയ വാര്‍ത്ത നിഷേധിച്ചുകൊണ്ടുള്ള പ്രസ്താവന

 

വാര്‍ത്തയില്‍ പറയുന്ന സുനമോള്‍ ആന്റോയും ഭര്‍ത്താവ് ആന്റോ ഡി ഒല്ലൂക്കാരനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും അവര്‍ റെജിസ്റ്റര്‍ ചെയ്തതായി പറയുന്ന ആധാരം പരിശോധിച്ചാല്‍ നിരവധി പ്രശ്നങ്ങള്‍ കാണാന്‍ കഴിയും. കെട്ടിടം ഉള്‍പ്പെടുന്ന വസ്തുവായതിനാല്‍ ചേര്‍ക്കേണ്ട ഫോം 1ബി അറ്റാച്ച് ചെയ്തിട്ടില്ല, നാലു പുറങ്ങളുള്ള ആധാരത്തിന്റെ ഒരിടത്തു മാത്രമാണ് ഒപ്പിട്ടിരിക്കുന്നത്, പിന്നെ പ്രിന്റ് ചെയ്ത ആധാരത്തിന്റെ തീയതി പേന കൊണ്ടു തിരുത്തിയിട്ടുമുണ്ട്. മനോരമ റിപ്പോര്‍ട്ട് അനുസരിച്ച് ഒല്ലൂക്കര സബ്‌റജിസ്ട്രാര്‍ ഷാജി കുമാറിന്റെ സഹായത്തോടെയാണ് ആധാരം എഴുതിയിരിക്കുന്നത് എന്നാണ്. അതായത് പിഴവുകളുള്ള ഒരു ആധാരം തയാറാക്കിയത് ഒരു ആധാരം എഴുത്തുകാരനാണ് എങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമായിരുന്നു. ഈ ആധാരം റദ്ദാക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.

 

സംഘടനാ ഭാരവാഹികളുടെ ആരോപണം അനുസരിച്ച് ജനങ്ങള്‍ക്ക് സ്വയം ആധാരം തയാറാക്കാന്‍ അനുമതി നല്കിയത് വഴി ഒരു തൊഴിലിനെ കൂടി കോര്‍പ്പറേറ്റ് വത്കരിക്കാനുള്ള അധികാരികളുടെ ശ്രമവും ആധാരം ഇല്ലാതെ കിടക്കുന്ന അനധികൃത ഭൂമികള്‍ സ്വന്തമാക്കാനുള്ള ചിലരുടെ കുറുക്ക് വഴിയുമാണെന്നാണ്. 

 

ആധാരം എഴുത്ത് സ്വയം നടത്തിയാല്‍ ആധാരം എഴുതാനുള്ള ഫീസ് കുറയുമെന്നൊക്കെയാണ് ജനങ്ങളോട് പറയുന്നത്. എന്നാല്‍ വാസ്തവം ആധാരം എഴുത്തുക്കാരനു ലഭിക്കുന്ന നിശ്ചിത കൂലി മാത്രമാണ് ജനങ്ങള്‍ക്കു കിട്ടുന്ന ലാഭം എന്നതാണ്. അതായത്, ഒരു വലിയ ആധാരം തയാറാക്കുമ്പോള്‍ ഈടാക്കുന്ന ഫീസ് 7500 രൂപ മാത്രമാണ്; ഇതാണ് ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് പറയുന്ന ലാഭം. അതേസമയം, ദിനംപ്രതി കൂട്ടുന്ന റെജിസ്‌ട്രേഷന്‍ ഫീസും ഭൂമിയുടെ താരിപ്പുവിലയ്ക്കു അനുസൃതമായി മുദ്രപ്പത്രത്തിന്റെ വിലയിലെ വര്‍ദ്ധനവുമൊന്നും കാര്യമാകുന്നേയില്ല. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങളും റെജിസ്‌ട്രേഷനില്‍ ഈ മാറ്റങ്ങള്‍ കൊണ്ടു വന്നിരിക്കുന്നത്, എന്നാല്‍ അന്തിമ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനുമാണ് അവകാശം. ജനങ്ങള്‍ സ്വയം ആധാരം തയാറാക്കുന്ന രീതിയോട് എതിര്‍പ്പ് ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ ഇത് റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് ഒരു തൊഴില്‍ തകര്‍ത്തുകൊണ്ടുള്ള തീരുമാനം പുന:പരിശോധിക്കുമോ എന്നാണ് ഉറ്റു നോക്കുന്നത്.

 

(കോട്ടയം സി.എം.എസ് കോളേജ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍) 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍