UPDATES

രൂപേഷ് കുമാര്‍

കാഴ്ചപ്പാട്

ബ്ളാക്ക് ലെറ്റേഴ്സ്

രൂപേഷ് കുമാര്‍

ന്യൂസ് അപ്ഡേറ്റ്സ്

സീബ്രാലൈന്‍സ്; അതിരുവരയ്ക്കുന്ന ജീവിതങ്ങള്‍ക്കുവേണ്ടിയൊരു ചെറുത്തുനില്‍പ്പ്

ഞങ്ങളുടെ സിനിമ ജീവിതത്തിലെ അടുത്ത സംരംഭമായ ഡോക്യുമെന്ററി ഇന്നലെ പൂര്‍ത്തിയായി. അവസാനത്തെ ഷോട്ടും എഡിറ്റ് ചെയ്തു ടീം അംഗങ്ങള്‍ ഒരുമിച്ച് ഒരു പാത്രത്തില്‍ ഭക്ഷണവും കഴിച്ചു പിരിഞ്ഞു പോവുകയും ചെയ്തു. ആറുവര്‍ഷം മുമ്പാണ് ആദ്യമായി ഒരു വീഡിയോ ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുകയും പിന്നീട് അത് ഒരു ഡോക്യുമെന്‍ററി ആയി മാറുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അണ്ടര്‍ വേള്‍ഡ് മെമ്മറീസ് ഓഫ് അണ്‍ടച്ചബിള്‍സ് എന്ന ഡോക്യുമെന്‍ററി കൊള്ളാം എന്ന അഭിപ്രായവും എതിരഭിപ്രായങ്ങളും ബൌദ്ധികമായ ആക്രമണങ്ങളും നേരിട്ടു. അന്ന് ആരും അറിയാതെ കണ്ണാടിയില്‍ നോക്കി ഇങ്ങനെ പറഞ്ഞു. ‘അങ്ങനെ നമ്മളും ഒരു ചെറിയ സിനിമാക്കാരന്‍ ആയി’.

ആറു വര്‍ഷം കഴിഞ്ഞു. യാതൊരു തൊഴിലും ഇല്ലാതെ ഇനി എന്ത് എന്ന രീതിയില്‍ ഒരു വര്‍ഷം മുമ്പ് അന്ധാളിച്ചു നിക്കുന്ന ഒരവസ്ഥയില്‍ ദി റോഡ് നോട്ട് ടേക്കണ്‍ എന്ന ഒരു അവസ്ഥയില്‍ എത്തിയപ്പോഴാണ് കൊച്ചിയിലെ തേവര കോളേജിലെ എസ് എച്ച് സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍റെ തലപ്പത്തിരിക്കുന്ന ഡോക്ടര്‍ ആഷ ആച്ചി ജോസഫിന്റെ ഒരു ഫേസ് ബുക്ക് സ്റ്റാറ്റസ് ദൈവത്തിന്റെ മെസ്സേജ് പോലെ സുധ എന്ന എന്റെ കൂട്ടുകാരി എനിക്ക് കാണിച്ചു തരുന്നത്. ധന്യ എന്ന എന്റെ ഒരു സുഹൃത്ത് വാങ്ങിച്ചു തന്ന ചെറിയ ശമ്പളമുള്ള ഒരു ജോലിയില്‍ നിന്നും ചില തട്ടിപ്പുകളൊക്കെ പറഞ്ഞ് എസ് എച്ച് കോളേജിലെ ഇന്‍റര്‍വ്യൂവിനു വരികയായിരുന്നു. അവിടത്തെ ഡയറക്ടര്‍ ബാബു സാറിന്റെയും മറ്റും മുന്നില്‍ ഇന്‍റര്‍വ്യൂവിന് ഇരുന്ന് ക്ലാസ്സുകളും എടുത്ത് മാരത്തോണ്‍ കടമ്പകള്‍ കടന്ന് അവിടെ കയറിപ്പറ്റാന്‍ സാധിച്ചു. വീട് കിട്ടാത്തത് കൊണ്ട് പിന്നീട് ഒരു മൂന്നു മാസം ആശ മിസ്സിന്റെ കൂടെ ഞാനും രോഹിതും കൂടെ അങ്ങ് പൊറുതി തുടങ്ങി. ആശാ മിസ്സ് തരുന്ന ആഹാരവും ഒക്കെ കഴിച്ച് ഞാനും രോഹിതും കൂടെ ഏട്ടനും അനിയനും ആയി. ആശാ മിസ്സുമായി പലപ്പോഴും തല്ലുകൂടി അവസാനം ഒരു കണ്ണുനീര്‍ തുള്ളിയുടെ കെട്ടിപ്പിടുത്തങ്ങളുടെ അവസാനങ്ങളില്‍ വീണ്ടും ഞങ്ങള്‍ മുന്നോട്ടു പോയി. രോഹിതും ഞാനും പഴയ സിനിമയില്‍ പറയുന്നത് പോലെ, ഒരമ്മ പ്രസവിക്കാത്ത സഹോദരങ്ങള്‍ ആയി. പലരും രോഹിതിനോട് ചോദിച്ചു; ‘ദിവസവും ദളിത് രാഷ്ട്രീയം പറയുന്ന ആ പന്നിയുടെ കൂടെ എങ്ങനെ ജീവിക്കുന്നു?’ രോഹിത് തിരിച്ചു പറഞ്ഞത് ‘അയാളെനിക്ക് ഏട്ടന്‍ മാത്രാണ്. ബാക്കി ഒന്നും എനിക്കറിയില്ല’. നിരന്തരം പലപ്പോഴും തിരസ്‌കരിക്കപ്പെടുമ്പോഴും ഇങ്ങനെ ഉള്ള ചെറിയ ഓക്സിജനുകള്‍ ജീവിതത്തെ മുന്നോട്ടു നയിച്ചു. ജിബിന്‍ ജോസ് എന്ന എന്റെ ഒരു വിദ്യാര്‍ഥിയുമായി ഞാന്‍ നിരന്തരം തല്ലു കൂടി. എവിടെയോ വെച്ചു ആ തല്ലുകൂട്ടം കട്ട സ്‌നേഹമായി; ഞങ്ങള്‍ രണ്ടാളും ഒരുമിച്ച് പൊറുതിയും തുടങ്ങി. ജീവിതത്തിന്റെ ഒഴുക്കും ഗതിയും അറിയാതെ നല്ല മനുഷ്യരുടെ കൂടെ അങ്ങനെ പടര്‍ന്ന് പോയി. ഒരിക്കല്‍ മദ്രാസിലെ ഒരു കൊച്ചു വീട്ടിലെ ശശികുമാര്‍ എന്ന എന്റെ മറ്റൊരു വിദ്യാര്‍ഥിയുടെ അമ്മ ഉണ്ടാക്കിത്തന്ന ഒരു ഓറഞ്ച് ജ്യൂസില്‍ സ്‌നേഹവും ചാലിച്ചിരുന്നു. മാഷ് ഇവിടെ ഉള്ളത് കൊണ്ട് ഞാന്‍ ഇവിടെ പഠിക്കുകയാണെന്ന്‍ അച്ചു എന്ന ഒരു കൊച്ചു പെണ്‍കുട്ടി പറഞ്ഞുകൊണ്ട് ഇവിടെ ചേര്‍ന്നു. നമ്മളെക്കാള്‍ ധാരണയുള്ള കുട്ടികളോട് തല്ലുപിടിച്ചു ഒരു വര്‍ഷം മുന്നോട്ടു പോയി.

 

 

അവിടെ കൊച്ചു കൊച്ചു സ്‌ക്രീനിങ്ങുകളിലൂടെ ലോകസിനിമ കണ്ടു കുട്ടികളുടെ കൂടെ അന്തം വിടുകയും ചര്‍ച്ച ചെയ്യുകയും പരസ്പരം സ്‌നേഹിക്കുകയും വെറുക്കുകയും തല്ലു കൂടുകയും ഒക്കെ ചെയ്തുകൊണ്ട് മുന്നോട്ടു പോവുമ്പോ ആണ് രാജേഷ് ജെയിംസ് എന്ന ആ ചെറുപ്പക്കാരനെ പരിചയപ്പെടുന്നത്. സിനിമ കാണാന്‍ അയാള്‍ എസ് എച്ച് സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷനിലേക്ക് വന്നു. അയാള്‍ സിനിമ ചര്‍ച്ചകളില്‍ സ്ഥിരമായ ബൌദ്ധിക സാന്നിധ്യമാആയി. നിങ്ങള്‍ സിനിമ കാണിക്കുന്നത് കൊണ്ടാണ് ഞാന്‍ അങ്ങോട്ട് വരുന്നത്; അല്ലെങ്കില്‍ ഞാന്‍ അങ്ങോട്ടില്ല എന്ന് അയാള്‍ പറഞ്ഞു. ഒരൊറ്റ സിനിമ ഒഴിയാതെ അയാള്‍ കണ്ടു. എന്റെ ഒരു മൊരട്ടു സ്വഭാവത്തിന് അപ്പുറത്ത് കുട്ടികളുടെ മുന്നില്‍ അയാള്‍ കാര്യങ്ങള്‍ ശരിയായി നിര്‍ണയിച്ച് പറഞ്ഞ് എന്നെ അയാള്‍ പല ഇടത്തും രക്ഷിച്ചു കളഞ്ഞു.

 

ഇരുപത്തി ഏഴു വയസ്സുള്ള ആ മനുഷ്യന്‍ ഒരിക്കല്‍ ഒരു ഡോക്യുമെന്‍ററി ചെയ്യാം എന്നൊരു ആശയം മുന്നോട്ടു വെച്ചു. ‘നിങ്ങള്‍ ധൈര്യായി മുന്നോട്ടു പോ മാഷേ’ എന്ന്‍ പുറത്തൊരു തട്ടുംതട്ടി അയാളെ പറഞ്ഞു വിട്ടു. ആറു വര്‍ഷം മുമ്പ് ഒരു വലിയ ക്യാമറയുമായി എന്റെ ദേശം ആയ പെരിങ്ങീലിലേക്ക് പോയത് ഓര്‍മ വന്നു. അന്നും പഠിപ്പിക്കുന്ന കുട്ടികളുടെ കൂടെ ആയിരുന്നു പോയത്. ഇന്ന് മറ്റൊരു ചെറുപ്പക്കാരന്‍ ഒരു കുഞ്ഞു ക്യാമറയുമായി കുട്ടികളുടെ കൂടെ വീണ്ടും ഒരു ഷൂട്ടിനുപോയി. ആദ്യമായി ഡോക്യുമെന്‍ററി ചെയ്യുന്നതിന്റെ സംശയങ്ങള്‍ ഉണ്ടെങ്കിലും നല്ല ഉറച്ച തീരുമാനമായിരുന്നു ആ മനുഷ്യന്റെത്. ഉള്ളില്‍ പേടി ഉണ്ടായിരുന്നെങ്കിലും ഈ ഡോക്യുമെന്ററി നമ്മള്‍ തകര്‍ക്കും എന്ന് അയാളെ ശരിക്കും എരികേറ്റി; പെരിങ്ങീലിലെ ഞങ്ങളുടെ കൂട്ടത്തിലെ ആ കറുത്ത രൂപത്തിനോട് ഉള്ളില്‍ പ്രാര്‍ഥിച്ചു.

 

അങ്ങനെ കൊച്ചിയിലെ മെട്രോയില്‍ പണി എടുക്കുന്ന ബംഗാളികളെ കുറിച്ച്, അവരുടെ ജീവിതത്തെ കുറിച്ച്, അവര്‍ അനുഭവിക്കുന്ന വംശീയതയെക്കുറിച്ച് ഷൂട്ട് ചെയ്യാന്‍ ആ ചെറുപ്പക്കാരന്‍ മുന്നിട്ടിറങ്ങി. അങ്ങനെ ഷൂട്ട് ചെയ്യുമ്പോള്‍ അവരെ മെട്രോയിലെ ആരൊക്കെയോ തടയുകയും ചെയ്തു. അങ്ങനെ പോകുമ്പോഴാണ് ഒരു ദിവസം വൈകുന്നേരം അയാള്‍ എന്നോടു വന്നുപറഞ്ഞത്. ബംഗാളികളെക്കാള്‍ പ്രശ്‌നം അനുഭവിക്കുന്ന മറ്റൊരു വിഭാഗം ഉണ്ട് മാഷേ; അത് കൊച്ചിയില്‍ ട്രാഫിക് വാര്‍ഡന്‍മാരായി ജോലി ചെയ്യുന്ന ദളിത് സ്ത്രീകളുടെതാണ്. പോലീസിന്റെ ഭാഗം അല്ലാത്ത ദിവസവും വെറും മുന്നൂറു രൂപക്ക് ജോലി ചെയ്യുന്ന ട്രാഫിക് വാര്‍ഡന്മാര്‍. ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് ഒന്ന് വെള്ളം കുടിക്കാന്‍ മാറി നില്‍ക്കുമ്പോള്‍ പോലും ഏമാന്മാരെ പേടിക്കേണ്ടി വരുന്നവര്‍. എട്ടു മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ ഒന്ന് മൂത്രം ഒഴിക്കാന്‍ പോലും ഇടം കിട്ടാത്തവര്‍. എവിടെ എങ്കിലും ഒരു ഹോട്ടലിലോ മറ്റോ മൂത്രം ഒഴിക്കാന്‍ കേറുന്ന സമയത്ത് പോലീസ് പെട്രോളിങ്ങിനു വന്നാല്‍, അവരെ കാണാതിരുന്നാല്‍ ആബ്‌സന്റ്‌റ് മാര്‍ക്ക് അടിച്ചു കിട്ടുന്നവര്‍. അവരെയല്ലേ നമ്മള്‍ കാണേണ്ടത് എന്ന് അയാള്‍ ചോദിച്ചു. അങ്ങനെ ആണ് കൊച്ചിയിലെ ട്രാഫിക് വാര്‍ഡനായി ജോലി ചെയ്യുമ്പോള്‍ അക്രമം നേരിട്ട പദ്മിനി എന്ന ട്രാഫിക് വാര്‍ഡനിലേക്ക് ഞങ്ങള്‍ എത്തുന്നത്.

 

എനിക്കും ത്രില്‍ ആയി. ആ ചെറുപ്പക്കാരന്റെ കൂടെ ഞാനും കൂടി. തിരുവനന്തപുരത്തെ റൈറ്റ്സ് എന്ന സംഘടനയിലെ അജയന്‍ ചേട്ടനെ വിളിച്ച് അവരുടെ നമ്പരെടുത്തു. ഞങ്ങള്‍ക്ക് അവരെക്കുരിച്ച് ഒരു ഡോക്യുമെന്ററി എടുക്കാന്‍ താല്പര്യമുണ്ട് എന്ന് പറഞ്ഞു. ഒരു ദിവസം രാവിലെ ഞങ്ങള്‍ അവരെ ഷൂട്ട് ചെയ്യാന്‍ അവരുടെ വീട്ടിലെത്തി. മൂന്നോ നാലോ ട്രാഫിക് വാര്‍ഡന്മാര്‍ ഒരുമിച്ചു താമസിക്കുന്നു. മുന്നൂറു രൂപയാണ് ദിവസക്കൂലി. ഭൂരിഭാഗവും ദളിത് വിഭാഗത്തില്‍ പെട്ടവര്‍; ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചവര്‍; കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തവര്‍; കുട്ടികളെ പഠിപ്പിക്കുന്നവര്‍ എന്നിങ്ങനെ ഉള്ളവര്‍. അതില്‍ ഒരു സ്ത്രീയുടെ മകള്‍ അവരുടെ സ്വപ്നപ്രകാരം എയര്‍ഹോസ്റ്റസ് ആകാന്‍ പഠിക്കാന്‍ പോയെങ്കിലും ഫീസ് അടക്കാന്‍ പറ്റാതെ പഠിത്തം നിര്‍ത്തേണ്ടി വന്നു. വീട്ടില്‍ ഒറ്റക്ക് നിക്കാന്‍ പറ്റാത്തത് കൊണ്ട് അമ്മ ജോലി ചെയ്യുന്ന നിരത്തുവക്കത്തു പോയി നിക്കേണ്ടി വരുന്ന അവസ്ഥ. പലപ്പോഴും ഷൂട്ടിന്റെ ഇടയില്‍ ചില ജീവിതാവസ്ഥകളില്‍ ദേഷ്യം വന്നു പൊട്ടിത്തെറിക്കാതെ പല്ല് കടിച്ചുപിടിച്ചു മുന്നോട്ടു പോയി; എങ്ങനെയൊക്കെയോ മുന്നോട്ടുപോയി. പദ്മിനി നേരിട്ട വയലന്‍സ് കേട്ടു ഞങ്ങള്‍ പ്രതികരിക്കാനാകാതെ അങ്ങനെ ഇരുന്നു. അവരുടെ കഥകള്‍ കേട്ട് ക്യാമറയോടു കട്ട് പറയാതെ ഇരുന്നു. അവര് നേരിട്ട അക്രമത്തെക്കാളും അവര്‍ക്ക് നീതിനല്‍കാത്ത പോലീസും ഭരണകൂടവും കളിക്കുന്ന ജനാധിപത്യം എന്ന കളികണ്ടു മടുത്തു പോയി. അങ്ങനെ ഒരു വിധം ഞങ്ങള്‍ ആ ഡോക്യുമെന്ററി പൂരത്തിയാക്കി.

 

പാതിവഴിയില്‍ പഠനം നിര്‍ത്തേണ്ടി വന്ന പെണ്‍കുട്ടി സംസാരിക്കുന്നു

 

പിന്നെ എന്നത്തെയും പോലെ കണ്ണൂരേക്ക് എഡിറ്റിങ്ങിനായുള്ള യാത്ര. കണ്ണൂരിലെ വീട്ടിലെ കൊച്ചു മുറിയില്‍ വെച്ചു എഡിറ്റ് ചെയ്യണം എന്ന ഒരു വിശ്വാസ, നിര്‍ബന്ധം മുന്നോട്ടുവെച്ചു. ഒരു പ്രത്യേക ഷര്‍ട്ട്, പതിമൂന്ന്‍ എന്ന നമ്പര്‍, ഋതുക്കുട്ടിയുടെ പേര് ഡോക്യുമെന്ററിയില്‍ വരിക എന്ന ചില അന്ധവിശ്വാസങ്ങള്‍ ഒക്കെ എനിക്കും ഉണ്ട്. അമ്മ ഉണ്ടാക്കി തന്ന മീന്‍ കറിയും അച്ഛന്‍ ഉണ്ടാക്കിത്തന്ന ചിക്കന്‍കറിയും കഴിച്ചു ഞങ്ങള്‍ എഡിറ്റ് ചെയ്തു. അമ്മ ഉണ്ടാക്കി തരുന്ന ആ ദോശയും ചെറുപയര്‍ കറിയും മീന്‍കറിയും കഴിഞ്ഞിട്ടേ എനിക്ക് ലോകത്തില്‍ മറ്റേതൊരു ഭക്ഷണവുമുള്ളു. ലിതിന്‍ പോള്‍ എന്ന എഡിറ്റര്‍ എ.കെ 47-ല്‍ വെടിയുതിര്‍ക്കുന്ന വേഗത്തില്‍ എഡിറ്റ് ചെയ്ത്ത് പൂര്‍ത്തിയാക്കി. ബാക്കി എഡിറ്റിംഗ് കൊച്ചിയില്‍. കൊച്ചിയില്‍ എത്തി രാജേഷ് തന്നെ അദേഹത്തിന്റെ ഒരു വിദ്യാര്‍ഥിയെ കൊണ്ട് സിനിമക്ക് മ്യൂസിക് ചെയ്യിച്ചു. ജിബിന്‍ എന്ന മനുഷ്യന്‍ എഡിറ്റിങ്ങിനിടെ കൂടെനിന്ന് കട്ടന്‍ ചായ ഉണ്ടാക്കി, പരിപ്പുവട വാങ്ങിച്ചു തന്ന്‍ കൂടെനിന്നു. സിനിമയുടെ ടോണിനെക്കുറിച്ച് ഞങ്ങള്‍ തര്‍ക്കിച്ചു. രാജേഷിന്റെ കൂട്ടുകാരന്‍ ഷിജോ വളരെ പെട്ടെന്ന് പേര് ഡിസൈന്‍ ചെയ്തുതന്നു. മീനു, കൃഷ്ണ എന്നീ രണ്ടു വിദ്യാര്‍ഥിനികള്‍ പാതിരാത്രി വരെ ഇരുന്നു ഒരു പോസ്റ്റര്‍ ഡിസൈന്‍ ചെയ്തുതന്നു. ഡോക്യുമെന്ററി കഴിഞ്ഞു പരസ്പരം കയ്യടിച്ചു രാജേഷ് എന്നോട് പറഞ്ഞു; ‘ഇത് ബുദ്ധ നെവര്‍ സ്ലീപ്‌സിന്റെ ബാനറില്‍ പുറത്തിറക്കും. അത് സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ വാക്കുകളും ആയിരുന്നു. രാജേഷ് എന്ന ചെറുപ്പക്കാരന്റെ വീറും വാശിയും ക്രിയേറ്റിവിറ്റിയുമൊക്കെ ഒരു സിനിമയായി പുറത്ത് വരുന്നു. രാജേഷിന്റെ കൂടെ ജോലി ചെയ്യുന്ന ഒരു ടീച്ചര്‍ സബ് ടൈറ്റില്‍ ചെയ്തുതന്നു. രാത്രി പതിനൊന്നു മണിയോടെ ഒരു മഴയത്ത് കാര്‍ ഓടിച്ചു ഞങ്ങളുടെ എഡിറ്ററെ കോഴിക്കോട് ബസ് കേറ്റിവിട്ടു. ഫേസ് ബുക്കില്‍ പോസ്റ്റര്‍ കേറി. രേഖരാജ്, രേഖചേച്ചിയെ വിളിച്ച് ഡോക്യുമെന്ററി പ്രകാശനം ചെയ്യണം എന്ന് പറഞ്ഞു. ‘ഞാന്‍ വരും, നീ പേടിക്കേണ്ട’ എന്നത് അവരുടെ സ്‌നേഹം. അങ്ങനെ പദ്മിനി പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ കൊച്ചി പ്രസ് ക്ലബ്ബില്‍ വച്ച്  ‘സീബ്ര ലൈന്‍സ്” എന്ന ഈ ഡോക്യുമെന്ററി ഞങ്ങള്‍ നവംബര്‍ പത്തൊമ്പതാം തീയതി ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കും.

 

വലിയ ഒരു മലയുടെ മുകളില്‍ നിന്നും കുന്നിറങ്ങി ഒരു താഴ്വാരത്ത് ഒറ്റക്ക് നിക്കുന്ന അവസ്ഥ. എല്ലാ വീഡിയോയും അവസാനമായി റെന്റെര്‍ ചെയ്തു കഴിയുമ്പോള്‍ ഉള്ള ശൂന്യത. ഏറ്റവും വലിയ ഒരു ഒറ്റപ്പെടല്‍ ആണത്. വല്ലാത്ത ഒരു ഡിപ്രഷന്‍ ആണത്. എന്നാലും ഒരു താഴ്വാരത്ത് ഒരു പുഴ തിരഞ്ഞേ പറ്റൂ. പുഴപോലെ ജീവിതം ഒഴുകിയേ പറ്റു…

 

രൂപേഷ് കുമാര്‍

രൂപേഷ് കുമാര്‍

പ്രശസ്ത ഡോക്യൂമെന്ററി ഫിലിം സംവിധായകന്‍. ഇന്ത്യയിലെ ജാതി അനുഭവങ്ങളെ മുന്‍ നിര്‍ത്തി ദളിത് പ്രശ്‌നങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നവയാണ് രൂപേഷിന്റെ ഡോക്യൂമെന്ററികള്‍. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങീലില്‍ ജനനം. Documentaries Don’t be our fathers Don’t be our fathers Music video Black Board Twinkle Twinkle Little Caste Crime and Punishment 3D Stereo Caste All Indians are… Sabitha: A Woman and a Day By the side of a River Love stories In Black letters Underworld Memories of Untouchables ബ്ളാക്ക് ലെറ്റേഴ്‌സ് 1980-കള്‍ക്കു ശേഷമുള്ള ദളിത് ജീവിതാനുഭവങ്ങളും ദളിത് ഓര്‍മകളും ദളിത് മനോഭാവങ്ങളുമാണ് ഈ എഴുത്തില്‍ വരിക. നിയതവും ചിട്ടപ്പെടുത്തിയതുമായ അവസ്ഥകളിലല്ല ജീവിതം സംഭവിക്കുന്നതെന്നതിനാല്‍ എഴുത്തും ഇതേ രീതി പിന്തുടരുന്നു. എന്നാല്‍ മുറിഞ്ഞുപോകുന്ന ജീവിതാവസ്ഥകളെ വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് ബ്ളാക്ക് ലെറ്റേഴ്‌സ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍