UPDATES

കമല്‍ഹാസന്‍ തുറന്നുവിട്ട ഗോഡ്‌സെ ഭൂതം; ഗാന്ധി വധം ബിജെപിയെയും ആര്‍എസ്എസ്സിനെയും വീണ്ടും വേട്ടയാടുമ്പോള്‍

ആര്‍എസ്എസ്സും ഗോഡ്‌സെയും തമ്മിലെന്ത്, ചരിത്രം പറയുന്ന കാര്യങ്ങള്‍

തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ പ്രചാരണത്തെ മാറ്റി മറിച്ചുവെന്നതാവും മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടത്തിയ പ്രധാന ഇടപെടല്‍. പതിറ്റാണ്ടുകളായി ആര്‍എസ്എസ്സിനെയും ബിജെപിയേയും വേട്ടയാടിയ ഗാന്ധി വധം ചര്‍ച്ചയായത് കമല്‍ഹാസന്റെ പ്രസ്താവനയാണ്. ഭീകരവാദകേസിലെ പ്രതിയായ പ്രഗ്യാ സിംങ് താക്കൂര്‍ മുതല്‍ ആനന്ദ് കുമാര്‍ ഹെഗ്‌ഡെവരെയുള്ളവര്‍ ഗോഡ്‌സെയെ വാഴ്ത്തി നടത്തിയ പ്രസ്താവനകള്‍ ഇതിന്റെ തുടര്‍ച്ചയായി സംഭവിച്ചതാണ്. വിവാദമായതിനെ തുടര്‍ന്ന് ബിജെപി പ്രസ്താവനയെ തളളിപറയുകയായിരുന്നു. ഗോഡ്‌സെയെ വാഴ്ത്തിയ പ്രസ്തവന നടത്തിയതിന് നേതാക്കള്‍ 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാല്‍ എന്താണ് ഗോഡ്‌സെ എന്ന് കേള്‍ക്കുമ്പോള്‍ ആര്‍എസ്എസ്സും ബിജെപിയും ഒളിക്കാന്‍ ശ്രമിക്കുന്നത്? ഇതുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകള്‍ പറയുന്നതെന്താണ്?

1948 ജനുവരി 31 ന് ഗാന്ധിജി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സ്വതന്ത്ര്യ ഇന്ത്യയില്‍ ആദ്യമായി ആര്‍എസ്എസ് നിരോധിക്കപ്പെടുന്നത്. ഗാന്ധിജി കൊല്ലപ്പെട്ട് നാല് ദിവസം കഴിഞ്ഞപ്പോള്‍, ഫെബ്രുവരി നാലിന്, ആര്‍എസ്എസ്സിനെ നിരോധിച്ചു. ‘രാജ്യത്തിന്റെ സ്വാതന്ത്ര്യം അപകടത്തിലാക്കുകയും ഭാവി ഇരുണ്ടാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ശക്തികളെ വേരോടെ പിഴുതുകളയാനാണ്’ ആര്‍എസ്എസ്സിനെ നിരോധിക്കുന്നതെന്നായിരുന്നു അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞത്. അന്നു മുതല്‍ ഗാന്ധി വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സ്ഥാപിക്കാനായിരുന്നു ആര്‍എസ്എസ് ശ്രമിച്ചത്. നിരോധനം നീക്കാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനും ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിനും നിരവധി കത്തുകളാണ് അന്ന് ആര്‍എസ്എസ് തലവനായിരുന്ന ഗോള്‍വാള്‍ക്കര്‍ എഴുതിയത്. ഗാന്ധി വധത്തില്‍ പങ്കില്ലെന്നും സാംസ്‌ക്കാരിക സംഘടനയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടായിരുന്നു ഈ കത്തുകള്‍. എന്നാല്‍ ആര്‍എസ്എസ് രാജ്യത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാണെന്ന നിലപാടിലായിരുന്നു പട്ടേല്‍. ശ്യാമപ്രസാദ് മുഖര്‍ജിക്ക് 1948 ജൂലൈ 18ന് അയച്ച കത്തിലാണ് ഇക്കാര്യം പട്ടേല്‍ പറയുന്നത്.

എം എസ് ഗോള്‍വാല്‍ക്കറിന്റെ അപേക്ഷയെ തുടര്‍ന്ന് രണ്ട് തവണ പട്ടേല്‍ അദ്ദേഹത്തെ കാണുകയുണ്ടായി. നവംബര്‍ 14, 1948 നായിരുന്നു ആദ്യ കൂടിക്കാഴ്ച. ആര്‍എസ്എസ് പ്രവര്‍ത്തകരെ നേര്‍ വഴിയില്‍ നയിക്കാന്‍ കുറച്ച് സമയം വേണമെന്ന ആവശ്യമാണ് ഗോള്‍വാള്‍ക്കര്‍ ഉന്നയിച്ചതെന്ന് അന്ന് പുറത്തിറക്കിയ സര്‍ക്കാര്‍ കുറിപ്പ് വ്യക്തമാക്കുന്നു. ഇതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പ്രവിശ്യ സര്‍ക്കാരുകളോട് അഭിപ്രായം ആരാഞ്ഞപ്പോള്‍ ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനം നിരോധനത്തിന് ശേഷവും പല രീതിയില്‍ തുടരുന്നുവെന്നാണ് അറിയിച്ചത്. ഇത് ദേശവിരുദ്ധമാണെന്ന നിലപാടാണ് പല സര്‍ക്കാരുകളും സ്വീകരിച്ചത്.

ആര്‍എസ്എസ് ഇന്ത്യയുടെ ഭരണഘടനയും ദേശീയ പതാകയും അംഗീകരിക്കണമെന്നുമുള്ള നിലപാടുകളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിന് പുറമെ രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്ന ഉറപ്പും ആര്‍എസ്എസ് നല്‍കണമെന്നും പട്ടേല്‍ നിര്‍ദ്ദേശിച്ചു. ആര്‍എസ്എസ് എഴുതി ഉണ്ടാക്കിയ ഭരണഘടന വേണമെന്നും നിര്‍ദേശിക്കപ്പെട്ടു. ഈ എല്ലാ നിര്‍ദേശങ്ങളും ആര്‍എസ്എസ് അംഗീകരിക്കുകയായിരുന്നു. രാഷട്രീയത്തില്‍ ഇടപെടില്ലെന്നുള്ള വാഗ്ദാനവും ആര്‍എസ്എസ് നല്‍കിയിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ്സിന്റെ നിരോധനം നീക്കപ്പെട്ടത്.

നിരോധനം നീക്കിയെങ്കിലും ഗാന്ധി വധവുമായി ബന്ധപ്പട്ട് ആര്‍എസ്എസ്സിന് നേരെ നിരന്തരം ഉയര്‍ന്നു. ആര്‍ എസ് എസ് നേതാക്കളുടെ പ്രത്യയശാസ്ത്ര ആചാര്യന്‍ വിഡി സവര്‍ക്കറിന് ഗാന്ധി വധത്തിലുണ്ടായി എന്ന പറയുന്ന ബന്ധമാണ് വലിയ രീതിയില്‍ ചര്‍ച്ചയായത്. വിചാരണയില്‍ രക്ഷപ്പെട്ടെങ്കിലും വിഡി സവര്‍ക്കറിന് ഗാന്ധി വധത്തില്‍ പങ്കുണ്ടെന്ന നിലപാടാണ് ഗാന്ധി വധം അന്വേഷിച്ച ജീവന്‍ ലാല്‍ കപുര്‍ കമ്മീഷന്‍ കണ്ടെത്തിയത്.

ഇങ്ങനെയൊക്കെയാണെങ്കിലും ഗോഡ്‌സെ ആര്‍എസ്എസ്സുകാരാനായിരുന്നില്ലെന്ന വാദമാണ് ഗാന്ധി വധത്തില്‍ പങ്കില്ലെന്ന് തെളിവായി ആ സംഘടന നിരന്തരം മുന്നോട്ട് വെച്ചത്. ഗാന്ധി വധത്തിന് മുമ്പ് ഗോഡ്‌സെ ആര്‍എസ്എസ് വിട്ടിരുന്നുവെന്നാണ് സംഘിന്റെ നിലപാട്. എന്നാല്‍ നാഥൂറാം ഗോഡ്‌സെയുടെ സഹോദരനാണ് ഈ വാദം പൊളിച്ചത്. അരവിന്ദ് രാജ്‌ഗോപാലിന് നല്‍കിയ അഭിമുഖത്തിലാണ് ഗോപാല്‍ ഗോഡ്‌സെ നാഥൂറാമിന്റെ സംഘ് ബന്ധം വെളിപ്പെടുത്തിയത്. (ഫ്രണ്ട് ലൈന്‍ മാസികയിലാണ് ഈ അഭിമുഖം പ്രസിദ്ധീകരിച്ചത്) ഒരു കാലത്തും നാഥൂറാം ആര്‍എസ്എസ് വിട്ടിരുന്നില്ലെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍എസ്എസ്സും സര്‍സംഘ് ചാലക് എം എസ് ഗോള്‍വാല്‍ക്കറും നേരിട്ട പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണ് ഇങ്ങനെ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.

ഒരേ സമയം ആര്‍എസ്എസ്സിലും ഹിന്ദുമഹാസഭയിലും പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു നാഥൂറാം ഗോഡ്‌സെ. ആര്‍എസ്എസ്സും ബിജെപിയും ഗോഡ്‌സെയെ തള്ളിപ്പറയുമ്പോഴും അയാളോടുള്ള പ്രത്യയശാസ്ത്ര ആഭിമുഖ്യം തള്ളിക്കളയാന്‍ കഴിയാത്തവരാണ് ഇപ്പോള്‍ പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയത്. ഗോഡ്‌സെ എന്ന വ്യക്തിയെയും ഗാന്ധിയെ കൊലപ്പെടുത്താന്‍ അയാളെ പ്രേരിപ്പിച്ച പ്രത്യയശാസ്ത്രവും ആര്‍എസ്എസ്സിന്റെ ഹിന്ദുരാഷ്ട്ര വാദം തന്നെയാണ്. എത്രമാറി നടക്കാന്‍ ശ്രമിച്ചാലും ഗാന്ധി വധവും ഗോഡ്‌സെയും അവരെ വിടാതെ പിന്തുടരുന്നത് അതുകൊണ്ടാണ്.

Read More: ടിസി നല്‍കണമെങ്കില്‍ ഒരു ലക്ഷം രൂപ വേണമെന്ന വിചിത്രവാദവുമായി മലപ്പുറം ഗുഡ് ഷെപ്പേഡ് സ്‌കൂള്‍; ന്യായീകരിച്ച് ഡയറക്ടര്‍, നിസഹായരായി രക്ഷിതാക്കള്‍

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍