UPDATES

വിദേശം

ഗാര്‍ഹിക പീഡനം കുറക്കാന്‍ ചൈന ശ്രമിക്കുന്നുണ്ട്; പക്ഷേ, ഇപ്പോഴും അതൊരു മാരക കുറ്റമല്ല

Avatar

എമിലി റൌഹാല
(വാഷിംഗ്ടന്‍ പോസ്റ്റ്)

ചൈനയിലെ ഒരു കോടതി മുറിയില്‍ പ്രതിഭാഗം വക്കീല്‍ തന്‍റെ അവസാനവാദം മുന്നോട്ടു വച്ചു. തന്‍റെ കക്ഷിയായ ജാങ് യാസ്ഹൂ സ്വന്തം ഭാര്യയെ കൊന്നോ എന്നതല്ല ചോദ്യം.

ഫെബ്രുവരി 21 വൈകുന്നേരം 5.25നു ജാങ് ഭാര്യയുടെ ആശുപത്രി മുറിയിലെത്തി. അവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി; അയാളവളുടെ കഴുത്തില്‍ വിരലുകള്‍ അമര്‍ത്തി ഞെരിച്ചു. നേഴ്സുമാര്‍ മുറിയിലെത്തിയപ്പോഴേക്കും ജാങ് സ്ഥലം വിട്ടിരുന്നു; 24 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ലി ഹോങ്സിയയെ മരിച്ച നിലയില്‍ അവര്‍ കണ്ടെത്തി.

ടെലിവിഷനിലും കോടതിയിലും ജാങ് കുറ്റസമ്മതം നടത്തിയതിനാല്‍ ശിക്ഷ വിധിക്കുന്നതു മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഒരു വര്‍ഷത്തോളമായി തുടരുന്ന പീഡനം ക്രൂരമായ കൊലപാതകത്തിലവസാനിച്ചതു ചൂണ്ടിക്കാട്ടി ലിയുടെ കുടുംബവും അവരുടെ അഭിഭാഷകനും വധശിക്ഷയ്ക്കായി ആവശ്യപ്പെട്ടു; ചൈനയില്‍ വധശിക്ഷ സാധാരണമാണ്.

ജാങ് കുറ്റം സമ്മതിച്ചതുകൊണ്ട് അയാളുടെ അഭിഭാഷകന്‍ ശിക്ഷയില്‍ ഇളവ് വേണമെന്ന് അപേക്ഷിച്ചു. മാത്രമല്ല, ‘സാധാരണ അക്രമങ്ങ’ളില്‍ നിന്ന് വ്യത്യസ്ഥമാണ് ലിയുടെ കൊലപാതകമെന്നും വാദമുയര്‍ന്നു; കാരണം ലി ജാങിന്‍റെ ഭാര്യയായിരുന്നു.

അവസാനം ഹെനന്‍ പ്രവിശ്യയിലെ കോടതി രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തോടെയുള്ള വധശിക്ഷ വിധിച്ചു. ചൈനീസ് നിയമമനുസരിച്ച് ഈ രണ്ടു വര്‍ഷത്തെ ജയിലിലെ പെരുമാറ്റം അനുസരിച്ച് ശിക്ഷ ജീവപര്യന്തമോ അതിലും കുറവോ ആക്കി കിട്ടാം എന്ന് അഭിഭാഷകര്‍ പറയുന്നു.

ലിയുടെ കുടുംബത്തിനു നല്‍കിയ വിധിപ്പകര്‍പ്പ് ഈ കേസ് മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ‘വാഷിംഗ്ടന്‍ പോസ്റ്റ്’ പരിശോധിച്ചു. ഗാര്‍ഹിക അതിക്രമമായതു കൊണ്ടാണ് ജാങിന്‍റെ ശിക്ഷ കുറച്ചതെന്ന് അതില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ഉടനടിയുള്ള വധശിക്ഷയ്ക്ക് പകരം രണ്ടു വര്‍ഷത്തെ സാവകാശം (retrieve) ജാങിന് ലഭിക്കാന്‍ കാരണം “കുടുംബ വഴക്കിനെ തുടര്‍ന്നുള്ള കൊലപാതകമായതു കൊണ്ടും പ്രതിയായ ജാങ് യാസ്ഹൂ കീഴടങ്ങിയതു കൊണ്ടുമാണെ”ന്ന് ജഡ്ജുമാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പൊതുരംഗത്തെ ഒരു നിര്‍ണ്ണായക പ്രശ്നം വ്യക്തിപരവും സ്വകാര്യവുമായ അപവാദം മാത്രമായിത്തീരുന്നതെങ്ങനെ എന്നും ചൈനീസ് സ്റ്റേറ്റ് ഇത് കൈകാര്യം ചെയ്യുന്നതില്‍ കുഴങ്ങുകയാണെന്നും ഈ വിധി വ്യക്തമാക്കുന്നുണ്ട്.

ഗവണ്‍മെന്‍റ് കണക്കുകള്‍ പ്രകാരം നാലു സ്ത്രീകളില്‍ ഒരാള്‍ക്ക് വീടുകളില്‍ മര്‍ദ്ദനമേല്‍ക്കുന്നുണ്ട്. ഇത് യഥാര്‍ത്ഥ കണക്കുകളിലും കുറവാകാമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു; കാരണം എല്ലാ സ്ത്രീകളും ഇക്കാര്യങ്ങള്‍ തുറന്നു പറയണമെന്നില്ല. മാനസികവും ലൈംഗികവും വൈകാരികവുമായ പീഡനങ്ങള്‍ ഇതിലുള്‍പ്പെടുന്നുമില്ല.


ലി ഹോങ്സിയയും ജാങ് യാസ്ഹൂവും

ചൈനീസ് കുടുംബങ്ങളില്‍ നടക്കുന്ന ഗാര്‍ഹിക പീഡനം കാലങ്ങളായി അവിടത്തെ നിയമവ്യവസ്ഥ അവഗണിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. ലിയുടെ മരണവും ഇത്തരത്തില്‍ പരിഗണന ലഭിക്കാതെ ഒതുങ്ങുമെന്ന് ഉറപ്പുണ്ടായിരുന്ന കുടുംബം മൃതദേഹം മറവു ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. സ്റ്റേറ്റില്‍ നിന്നു നീതി ലഭിക്കാനായി അങ്ങനെയവര്‍ പ്രതിഷേധിച്ചു.

പ്രസിഡന്‍റ് ഷി ജിന്‍പിങിന്‍റെ ഗവണ്‍മെന്‍റ് കഴിഞ്ഞ വര്‍ഷം ഗാര്‍ഹിക പീഡനത്തിനെതിരായി ആദ്യത്തെ നിയമം പാസാക്കി; ഈ പ്രശ്നത്തിനു പരിഹാരം കാണുമെന്ന ഉറപ്പും നല്‍കുകയുണ്ടായി. ശരിയായ ദിശയിലുള്ള ചുവടുവയ്പ്പെന്നാണ് അഭിഭാഷകര്‍ നിയമത്തെ വിശേഷിപ്പിച്ചത്. ആ നിയമത്തിലെ നിയന്ത്രണ ഉത്തരവുകള്‍ നടപ്പിലായിരുന്നെങ്കില്‍ ലി ക്കു സഹായം ലഭിച്ചേനെ.

എന്നാല്‍ ലിയുടെ മരണശേഷം നടന്ന അന്വേഷണത്തില്‍ സ്ത്രീകളുടെ ജീവന്‍റെ സംരക്ഷണത്തിന് നിയമം മാത്രം മതിയാകില്ല എന്നു മനസിലായി. തന്‍റെ അവസാന വര്‍ഷത്തില്‍ ഭര്‍ത്താവിനെ വിട്ടുപോകുന്നതാണ് നല്ലത് എന്നു ലി ക്കു മനസിലായതാണ്. എന്നാല്‍ അവര്‍ക്ക് ചുറ്റുമുണ്ടായിരുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും അയല്‍ക്കാരുമൊക്കെ മിണ്ടാതെ ജാങിന്‍റെ ഒപ്പം പോകാനാണ് ഉപദേശിച്ചത്.

ഇപ്പോള്‍ സ്റ്റേറ്റ് ആ കൊലപാതകം കൈകാര്യം ചെയ്ത രീതിയില്‍ നിന്നു മനസിലാകുന്നത് ഗാര്‍ഹിക പീഡനം വലിയൊരു പ്രശ്നമല്ലെന്നും ‘സാധാരണ അക്രമങ്ങളെ’ വച്ചു നോക്കുമ്പോള്‍ ഗുരുതരമായ കാര്യമല്ലെന്നുമുള്ള പൊതുവിശ്വാസം അത് തടയാനുള്ള ശ്രമങ്ങളെ അട്ടിമറിക്കുകയാണ് എന്നാണ്.

ആ വിശ്വാസം മാറുന്നതു വരെ ചൈനയിലെ കോടിക്കണക്കിന് സ്ത്രീകള്‍ ഭീഷണിയിലാണ്.

ലിയുടെ കൊലപാതകത്തിനു ശേഷം ലോക്കല്‍ ഓഫീസര്‍മാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചും ലിയുടെ മേല്‍ പഴിചാരിയും അവരുടെ ഭര്‍ത്താവിനെ ന്യായീകരിച്ചും പല തവണ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചിരുന്നു.

മുന്‍പു നടന്ന മര്‍ദ്ദനങ്ങള്‍ ആരെയുമറിയിക്കാത്തതിന് ലിയെ ഗ്രാമത്തലവനായ ലി ജിയ എന്ന ഉദ്യോഗസ്ഥന്‍ “ഭീരു” എന്നാണ് വിളിച്ചത്.  “ഗാര്‍ഹിക അതിക്രമങ്ങളോട് പ്രതികരിച്ചിരുന്നെങ്കില്‍ അവര്‍ക്ക് മരണത്തില്‍ നിന്നു രക്ഷപ്പെടാമായിരുന്നു,” എന്നായിരുന്നു സംഭവശേഷമുള്ള ലി ജിയയുടെ പ്രതികരണം.

ഗ്രാമ കൌണ്‍സിലിലോ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന ഓള്‍ ചൈന വിമന്‍സ് ഫെഡറേഷനിലോ അക്രമത്തെ കുറിച്ച് പരാതിപ്പെടാമായിരുന്നു. “അവരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ ഈ രണ്ടു കൂട്ടരും സഹായിച്ചേനെ.”

എന്നാല്‍ കൌണ്‍സിലും ഫെഡറേഷനും മറ്റ് ഗവണ്‍മെന്‍റ് ബോഡികളും അവരെ സംരക്ഷിക്കുമായിരുന്നു എന്നതിന് ഒരു തെളിവുമില്ല.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കുന്നതില്‍ അശ്രദ്ധമായ നിലപാടാണ് ചൈനീസ് ലോ എന്‍ഫോഴ്സ്മെന്‍റിനുള്ളത്. 2011ല്‍ അമേരിക്കന്‍ വനിതയായ കിം ലീ തന്‍റെ ചൈനക്കാരനായ ഭര്‍ത്താവ് തല്ലുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിനെ പറ്റി പരസ്യമായി തുറന്നു പറഞ്ഞു; ലോക്കല്‍ പോലീസിന്‍റെ അനാസ്ഥയെ കുറിച്ചും.

ഒരിക്കല്‍ ഭര്‍ത്താവിന്‍റെ പീഡനത്തെ തുടര്‍ന്നു പോലീസ് സ്റ്റേഷനിലെത്തിയ കിമ്മിനോട് തിരിച്ചു പോയി സ്വയം പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് പോലീസ് പറഞ്ഞതെന്ന് 2014ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ അവര്‍ പറഞ്ഞു. “പൊലീസുകാരെ സംബന്ധിച്ച് അതൊരു കുറ്റകൃത്യമേയല്ല,” കിം എഴുതുന്നു.

വീടിനകത്ത് സ്ത്രീകള്‍ നേരിടുന്ന അക്രമങ്ങള്‍ക്കെതിരായ ബില്ലിനു വേണ്ടി ഫെഡറേഷന്‍ ശക്തമായ പ്രചാരണം നടത്തി. എന്നാല്‍ പീഢനം നേരിടുന്നു എന്ന് വ്യക്തമായ തെളിവുള്ള കേസുകളില്‍ പോലും അവര്‍ സ്ത്രീകളെ വിവാഹബന്ധത്തില്‍ തുടരാനും വിവാഹം കഴിക്കാനുമൊക്കെ  നിര്‍ബന്ധിക്കാറാണ് പതിവ്.

ലിയുടെ മരണത്തെ കുറിച്ചു ചോദിച്ചപ്പോള്‍ ഫെഡറേഷന്‍റെ ലുയി കൌണ്ടി ഓഫീസ് ഹെഡ് ഗ്വോ യാന്‍ഫാങ് ഭര്‍ത്താവിന്‍റെ ചെയ്തികളെ റിപ്പോര്‍ട്ട് ചെയ്യാത്തത്തിന് ലി യെ കുറ്റപ്പെടുത്തി. പക്ഷേ പങ്കാളികളുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സ്ത്രീകള്‍ ഒത്തുതീര്‍പ്പാക്കുകയാണ് വേണ്ടതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

“ഒരാണ് നിങ്ങളെ ഉപദ്രവിക്കാനോ കൊല്ലാനോ ശ്രമിക്കുന്നില്ലെങ്കില്‍, അയാള്‍ ഒരു നല്ല പ്രകൃതക്കാരനാണ്. ചെറുപ്പത്തിന്‍റെ എടുത്തുചാട്ടം മാത്രമാണ് പ്രശ്നമെങ്കില്‍ കുടുംബം രക്ഷിക്കുന്നതിനായി സ്ത്രീകള്‍ അവരെ തിരിച്ചു പിടിക്കണം,” ഗ്വോ യാന്‍ഫാങ് പറഞ്ഞു.

“എല്ലാ വീടുകളിലും ഇങ്ങനെയൊക്കെയല്ലേ?” അവര്‍ ചോദിച്ചു.

“അടുക്കളയിലെ അടുപ്പുകളില്‍ പുകയില്ലാതിരിക്കുമോ?”

ലുയി കൌണ്ടിയിലെ നിയമവ്യവസ്ഥ കുടുംബങ്ങളില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളെ വളരെ സ്വാഭാവികമായും ഒഴിവാക്കാനാവാത്തതുമായ പ്രതിഭാസമായാണ് കാണുന്നത്.

കോടതിയില്‍ നല്‍കിയ മൊഴിയില്‍ ജാങും അയാളുടെ വക്കീല്‍ സുയിയും കൊലപാതകത്തിനു മുന്‍പ് അവര്‍ വഴക്കിട്ടിരുന്നു എന്ന ന്യായമാണ് ഉന്നയിച്ചത്; കഴുത്തു ഞെരിച്ചുള്ള ലിയുടെ കൊലപാതകം മറ്റ് ക്രൂരമായ കുറ്റകൃത്യങ്ങളേക്കാള്‍ കുറച്ചു കാണിച്ചു കൊണ്ടുള്ള വാദം.

“പെട്ടന്നുള്ള വികാരവിക്ഷോഭത്തില്‍ ചെയ്ത കുറ്റമാണിത്; അവര്‍ തമ്മില്‍ വഴക്കു നടക്കുന്നതിനിടെ സംഭവിച്ചു പോയ കൊലപാതകം,” വിചാരണയ്ക്കു ശേഷം സുയി പറഞ്ഞു. വക്കീലിന്‍റെ അഭിപ്രായത്തില്‍ ഭാര്യയെ ഉപദ്രവിക്കുന്നവനെന്നും കൊലപാതകിയെന്നും കുറ്റസമ്മതം നടത്തിയ ജങ് “അത്ര കുഴപ്പക്കാരനല്ല”.

ദമ്പതികള്‍ക്ക് രണ്ടു വയസ്സുള്ള ഒരു മകളുണ്ട്; അവള്‍ക്ക് അച്ഛനെ വേണം. അതുകൊണ്ട് ജാങിനെ വധശിക്ഷയില്‍ നിന്നൊഴിവാക്കണം എന്നാണ് സുയി പറയുന്നത്. “അവള്‍ക്ക് അമ്മയെ നഷ്ടപ്പെട്ടു കഴിഞ്ഞു, അച്ഛനെ കൂടി നഷ്ടപ്പെടാന്‍ ഇട വരരുത്,” സുയി കോടതിയോട് അഭ്യര്‍ത്ഥിച്ചു.

ഗാര്‍ഹിക പീഡനത്തിന്‍റെ ഇരകളായ സ്ത്രീകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍ പറയുന്നത് ഈ കേസ് നല്ലതും ചീത്തയുമായ സന്ദേശമാണ് നല്‍കുന്നതെന്നാണ്. ശിക്ഷ തീരെ കുറഞ്ഞതല്ല, ഭാര്യയ്ക്കെതിരേയുള്ളതാണെങ്കില്‍ കൂടി അക്രമം ന്യായാധിപന്മാര്‍ ഗുരുതരമായി കണക്കാക്കുന്നു എന്നതിന്‍റെ ലക്ഷണമായി ഇതിനെ കാണാം എന്നവര്‍ കരുതുന്നു. 

മറുവശം, ഗാര്‍ഹിക പീഡനത്തിനെതിരായുള്ള നിയമത്തില്‍ പറയുന്ന കാര്യങ്ങളെ പറ്റി മിക്കവര്‍ക്കും പരിമിതമായ അറിവാണുള്ളത് എന്ന് ഈ കേസില്‍ മനസിലാക്കാനായി. ബീജിങ്ങില്‍ നിന്നുള്ള അഭിഭാഷകനായ ലു ഷിയാച്വാന്‍ ഗാര്‍ഹിക പീഡനക്കേസുകളാണ് കൂടുതലായും കൈകാര്യം ചെയ്യുന്നത്. ലി വധക്കേസില്‍ അദ്ദേഹം ഇടപെട്ടിരുന്നില്ല. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ പങ്കാളികള്‍ക്കിടയിലെ അക്രമങ്ങളെ പറ്റിയുള്ള ചൈനക്കാരുടെ അവബോധം എന്നത് ദയനീയമാണ്.

“ഒരു നിയമം എത്ര നല്ലതാണെങ്കിലും വേണ്ടവിധം നടപ്പാവാതിരിക്കുന്നിടത്തോളം കാലം വെറുമൊരു കടലാസു കഷ്ണമാണ്. നിയമനിര്‍വ്വഹണം ശരിയായ രീതിയിലല്ലെങ്കില്‍ ഇത്തരം കേസുകള്‍ ആവര്‍ത്തിക്കും,” ഷിയാച്വാന്‍ അഭിപ്രായപ്പെട്ടു.

ലിയുടെ കുടുംബം ഭയന്നതും അതു തന്നെയാണ്. ചൈനയിലെ ഉള്‍നാട്ടില്‍ നടന്ന ഒരു സ്ത്രീയുടെ മരണം അവര്‍ പൊടി തട്ടും പോലെ അപ്രത്യക്ഷമാക്കും; അടുത്ത അക്രമിക്ക് ഇതൊരു പ്രചോദനമാകുകയും ചെയ്യും. അവളുടെ മരണത്തോടെയെങ്കിലും ആ അവസ്ഥ മാറണമെന്ന് അവര്‍ ആഗ്രഹിച്ചു- ലി അത്രയെങ്കിലും അര്‍ഹിക്കുന്നുണ്ട്.

ജാങിന് ലഭിച്ച ശിക്ഷയില്‍ സംതൃപ്തിയുണ്ടെങ്കിലും നീതിന്യായ വ്യവസ്ഥയോട് ആകമാനം അവര്‍ക്ക് പ്രതിഷേധമുണ്ട്. വിധിയുടെ പകര്‍പ്പ് ലഭിച്ചതിനു ശേഷം ലിയുടെ മൂത്ത സഹോദരിയായ യാന്‍ ചിന്‍ചിന്‍ പറഞ്ഞത് “എന്‍റെ സഹോദരിക്ക് നീതി ലഭിച്ചെന്നു ഞങ്ങള്‍ കരുതുന്നില്ല” എന്നാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍