UPDATES

പ്രവാസം

ഒറ്റപ്പെടുക എന്ന വലിയ നിസഹായത; കണ്ടില്ലെന്നു നടിക്കുന്ന നമ്മളും

Avatar

സനിത മനോഹര്‍  

ഉയർന്ന വിദ്യാഭ്യാസം, ഉയർന്ന ജീവിത നിലവാരം, ‘നല്ല’ തറവാട്ടിൽ ജനനം ഇതൊക്കെ ഒരു മനുഷ്യനെ മനുഷ്യത്വമുള്ളവനാക്കാൻ പോന്ന യോഗ്യതകൾ അല്ലെന്ന് തെളിയിക്കുകയായിരുന്നു ഒമാനിൽ ഒരു മലയാളി വീട്ടുജോലിക്കാരിക്കെതിരെയുള്ള മലയാളി ദമ്പതികളുടെ പീഡന മുറകൾ.

മകളുടെ വിവാഹം വരുത്തിവച്ച കടമാണ് ആ പാവം സ്ത്രീയെ പ്രവാസ ജീവിതത്തിൽ എത്തിച്ചത്. നാടും വീടും വിട്ട് അനാരോഗ്യത്തെ മറന്ന് ഈ പ്രവാസ ഭൂമിയിലേക്ക് വരുമ്പോൾ  ഒന്നും സമ്പാദിക്കാൻ ആയില്ലെങ്കിലും കടങ്ങൾ വീട്ടി സമാധാനത്തോടെ മടങ്ങണം എന്നൊരു മോഹമുണ്ടായിരുന്നു അവരുടെ ഉള്ളിൽ. എന്നാൽ അവർ മടങ്ങിയതോ എല്ലുകൾ നുറുങ്ങുന്ന ശാരീരിക വേദനയോടെയും കഠിനമായ മാനസിക വ്യഥയോടെയും. എന്തിനായിരുന്നു ഇത്രയും ക്രൂരത എന്നു ചോദിച്ചാൽ, കൃത്യമായ ഒരു ഉത്തരം അവരെ പീഡിപ്പിച്ച മലയാളി ദമ്പതികൾക്കും  ഉണ്ടായിരുന്നില്ല എന്നതായിരുന്നു ഏറെ അത്ഭുതം. ഭക്ഷണം നൽകാതെ പട്ടിണിക്കിടുക, അസുഖം വന്നാൽ ചികിൽസിക്കാതിരിക്കുക, പുറം ലോകവുമായി എല്ലാ ബന്ധവും നിഷേധിക്കുക, ചെറുതായൊന്നു പ്രതീകരിച്ചാൽ കത്തികൊണ്ട് കുത്തി കൈകളിൽ മുറിവേൽപ്പിക്കുക, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊള്ളിക്കുക തുടങ്ങിയ പീഡന മുറകൾ ഇവർക്കെതിരെ പ്രയോഗിക്കുന്നതിൽ ഭർത്താവും ഭാര്യയും മകളും മത്സരിക്കുകയായിരുന്നു.

രക്ഷപ്പെടാൻ ഏക മാർഗ്ഗം മരണം മാത്രമാണെന്ന് കരുതിയിരിക്കുമ്പോഴാണ് ആ സ്ത്രീയുടെ ജീവിതത്തിൽ ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടൽ ഉണ്ടാവുന്നതും രക്ഷപ്പെട്ട് നാട്ടിൽ എത്തുന്നതും. ഗൃഹനാഥ ചൂടുള്ള കുക്കർ വച്ച് കൈ പൊള്ളിച്ചപ്പോൾ പൊള്ളൽ ഗുരുതരമായ സാഹചര്യത്തിൽ  ചികിത്സക്കായി ഹോസ്പിറ്റലിൽ  എത്തിയ അവർ അവിടുന്ന് കിട്ടിയ പേപ്പർ കഷണങ്ങളിൽ താൻ നേരിടുന്ന പീഡന കഥകൾ എഴുതുകയും രക്ഷപ്പെടുത്താൻ അപേക്ഷിക്കുകയുമായിരുന്നു. എംബസിയുടെ കൃത്യമായ ഇടപെടലിലൂടെ അവരെ സുരക്ഷിതയായി നാട്ടിലെത്തിക്കാൻ ആയെങ്കിലും അത് ചെയ്തവർ സസുഖം വാഴുന്നു എന്നത് തെളിയിക്കുന്നത് പണത്തിന് മീതെ പരുന്ത് പറക്കില്ലെന്നു തന്നെയാണ്.

ഈ മരുഭൂവിലെ കൊടും ചൂട് എന്തെന്നറിയാതെ ശീതീകരിച്ച  ഫ്ലാറ്റിലും ശീതീകരിച്ച   കാറിലും തണുപ്പൂറൂന്ന ഷോപ്പിംഗ്‌  മാളുകളിലും ജീവിതം ആഘോഷിക്കുന്ന ഇത്തരത്തിലുള്ള പ്രവാസ വർഗ്ഗം മറന്നു പോവുന്ന ഒരു സത്യമുണ്ട്. മറ്റൊരു രാജ്യത്തിന്റെ ഔദാര്യത്തിലാണ് ജീവിതാഘോഷങ്ങളെന്നും, ഇവിടുത്തെ ഭരണാധികാരികളും ജനങ്ങളും മറിച്ചു ചിന്തിച്ചാൽ തകർന്നു വീണുടയുന്ന ചില്ലു കൊട്ടാരങ്ങളാണ് കെട്ടിപ്പൊക്കുന്നതെന്നും ഉള്ള ഒരു വലിയ  സത്യം.

ഇത് പ്രവാസ ലോകത്ത് നടക്കുന്ന നിരവധി സംഭവങ്ങളില്‍ ഒന്നു മാത്രമാണ്. ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയ ആയിരങ്ങളുണ്ട് ഈ പ്രവാസ ഭൂമിയിൽ. കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ സ്വന്തം നെഞ്ചിലേറ്റി ഈ പ്രവാസഭൂമിയിൽ അന്യന്റെ വിഴുപ്പലക്കാൻ വിധിക്കപ്പെട്ട് കഴിയുന്ന  മിക്കവാറും എല്ലാ സ്ത്രീ ജന്മങ്ങളും സമാനമായ അവസ്ഥകളെ നേരിടേണ്ടി വന്നവരാണ്. ഇതിൽ പരിതാപകരമായിട്ടുള്ളത് സ്വന്തം മണ്ണിൽനിന്നുള്ളവരിൽ നിന്നാണ് നേരിടേണ്ടി വരുന്നത് എന്നുള്ളതാണ്. നിരവധി സഹോദരിമാർ കേരളത്തിൽ നിന്നും വീട്ടു ജോലിക്കായി ഗൾഫിൽ എത്തുന്നുണ്ട്.വളരെ ചുരുക്കം ചിലര്‍ ഒഴിച്ചാൽ മിക്കവാറും പേരും നേരിടേണ്ടി വരുന്നത് അവഗണനയും പരിഹാസവും പീഡനവുമാണ്. ചിലർ രക്ഷപ്പെടാൻ ശ്രമിക്കുന്നു. ചിലർ മെഴുകുതിരിയായി എരിഞ്ഞ് തീരുന്നു.

തീർത്താൽ തീരാത്ത കടങ്ങളെ ഓർത്ത്, വിശന്നു പൊരിയുന്ന കുഞ്ഞുങ്ങളെ ഓർത്ത്, രോഗിയായ ഭർത്താവിനെ ഓർത്ത്. താമസിക്കുന്ന വീട്ടിലെ വളർത്തു നായ പോലും സ്വന്തം ഭാഷയിൽ കരയുകയും ചിരിക്കുകയും ചെയ്യുമ്പോൾ ഒന്നുരിയാടാൻ ആരുമില്ലാതെ, ഉറക്കെ കരയാൻ സ്വാതന്ത്ര്യം ഇല്ലാതെ, വാക്കുകൾ മറന്ന്, കണ്ണീർ വറ്റി , രാത്രി കനക്കുമ്പോൾ ശബ്ദമുണ്ടാക്കാതെ വരുന്ന പതിഞ്ഞ കാലൊച്ചകളെ പേടിച്ച് ഉറങ്ങാതെ വരണ്ട മനസ്സുമായി ഒരു ജീവിതം മുഴുവൻ മറ്റുള്ളവർക്കായി ജീവിച്ചു തീർക്കുന്നു സ്വന്തമായി ഒരു സ്വപ്നം പോലും കാണാൻ അവകാശ മില്ലാത്ത ഈ പെണ്‍ ജന്മങ്ങൾ. ഒറ്റപ്പെടുക എന്ന വാക്കിന് താങ്ങാവുന്നതിലും അപ്പുറമാണ് ഇങ്ങനെ വീട്ടുജോലിക്കായി എത്തുന്ന പെണ്‍ ജന്മങ്ങൾ അനുഭവിക്കുന്ന ഒറ്റപ്പെടൽ. ഒറ്റപ്പെട്ടുപോവുക എന്നത് തന്നെ ഒരു വലിയ നിസ്സഹായാവസ്ഥയാണ്. പിറന്ന മണ്ണിനെയും കുടുംബത്തെയും വിട്ട്   ഇവിടെ  ഒറ്റയ്ക്ക് കഴിയുന്ന പ്രവാസികൾ ചെയ്യുന്ന ത്യാഗവും അതാണ്‌ അറിഞ്ഞുകൊണ്ടുള്ള ഒറ്റപ്പെടൽ.   

വീട്ടുജോലിക്കായി ഇവിടെ എത്തുന്ന സ്ത്രീകളാരും തന്നെ ഇഷ്ടത്തോടെ വരുന്നവരല്ല ഗതികേടുകൊണ്ട് എത്തപ്പെടുന്നവരാണ്. പലപ്പോഴും നാട്ടിൽ മെച്ചപ്പെട്ട ജീവിതം നയിക്കുന്നവരാണ്‌ ഇങ്ങനെ ഇവിടെ എത്തുന്നതും. അപ്രതീക്ഷിത മായ ജീവിത സാഹചര്യങ്ങൾ വരുത്തുന്ന സാമ്പത്തിക ബാധ്യതയിൽ നിന്ന് രക്ഷപ്പെടാൻ മറ്റു വഴികളൊന്നും ഇല്ലാതെ വരുമ്പോഴും നാട്ടിൽ അത്തരമൊരു ജീവിതത്തിന് മനസ്സ് അനുവദിക്കാത്തതുകൊണ്ടും ആണ് ഇവർ  പ്രവാസജീവിതം തിരഞ്ഞെടുക്കുന്നത്. എന്ത് പീഡനവും സഹിച്ച് അന്യതാ ബോധവും അനാഥത്വവും പേറി ഇവിടെ തന്നെ തുടരാൻ ഈ പെണ്‍ജന്മങ്ങളെ പ്രേരിപ്പിക്കുന്നത് തിരിച്ച് നാട്ടിൽ എത്തിയാൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുടെ ഭീകരതയാണ്. രക്ഷപ്പെടാൻ കിട്ടിയ അവസാനത്തെ കച്ചിത്തുരുമ്പും വേണ്ടെന്ന് വച്ച് നാട്ടിലെത്തിയാൽ ഇവരെ സ്വീകരിക്കുന്നത് ഉറ്റവരുടെ കുറ്റപ്പെടുത്തലുകൾ ആയിരിക്കും. ഇങ്ങനെ ഒക്കെയുള്ള ഈ പാവങ്ങളുടെ ഗതികേടുകളെയാണ് ഇവരെ ജോലിക്കു കൊണ്ടു വരുന്നവർ  ചൂഷണം ചെയ്യുന്നതും.

പ്രവാസത്തിൽ തിളങ്ങുന്ന ജീവിതം നയിക്കുന്നവർക്ക് കൈത്താങ്ങാവുന്ന ഈ നിശ്ശബ്ദ  ജീവിതങ്ങൾക്ക്  താങ്ങാവാൻ ഇവിടെയോ നാട്ടിലോ ആരും തന്നെയില്ല. സകല രാഷ്ട്രീയ പാർട്ടികൾക്കും പ്രാദേശിക കൂട്ടായ്മകൾക്കും നൂറുകണക്കിന് സംഘടനകൾ ഉണ്ട് ഇവിടെ. ഗൾഫ്‌ മലയാളികളുടെ പ്രശ്നങ്ങൾ കണ്ട് മനസ്സിലാക്കാൻ കേരളത്തിലെ മിക്കവാറും എല്ലാ രാഷ്ട്രീയ സാംസ്കാരിക  മത നേതാക്കളും ഗൾഫിൽ എത്താറുണ്ടെങ്കിലും അവരൊക്കെ കോട്ടും സൂട്ടുമിട്ട് സ്വീകരിക്കുന്ന ഒരു ചെറു വിഭാഗത്തിന്റെ സൽക്കാരത്തിൽ പങ്കെടുത്ത്, അവർ ചൂണ്ടി കാണിക്കുന്ന ചുരുക്കം ചില പ്രശ്നങ്ങളിൽ ഇടപെട്ടെന്ന് വരുത്തി, പ്രശ്നങ്ങൾ പഠിച്ച് വേണ്ട പരിഹാരം കാണാമെന്ന് വാഗ്ദാനം നൽകി മടങ്ങുന്നു. നേതാക്കൾ  പ്രശ്നങ്ങൾ പഠിച്ച് പഠിച്ച് കീശ വീർപ്പിക്കുന്നതും നോക്കി നെടുവീർപ്പിടുന്ന നാം പൊതുജനങ്ങൾ പിന്നെയും കഴുതകൾ.

ഈ പെണ്‍ ജന്മങ്ങൾക്ക് താങ്ങാവാൻ സ്ത്രീകളുടെ അടിച്ചമർത്തലിനെതിരെ ഘോരം ഘോരം പ്രസംഗിക്കുന്ന സ്ത്രീ സംഘടനകളെയും കാണാറില്ല. പെണ്‍കുട്ടികൾ  ചുരിദാറിടണോ ജീൻസിടണോ, സിഗരറ്റ് വലിക്കണോ വേണ്ടയോ, മദ്യപിക്കണോ വേണ്ടയോ തുടങ്ങി സ്ത്രീകളെ സംബന്ധിച്ച്’ അതി പ്രധാനമായ’ സകലതും ചർച്ചയാക്കി ആഘോഷിക്കുന്ന ചാനലുകാർക്ക് റേറ്റിംഗ് സാധ്യത ഇല്ലാത്തതുകൊണ്ട് ഇതൊന്നും ചർച്ചയാക്കാനും താല്പര്യമില്ല.

ഏത് ദുരിതത്തിന്റെ പേരിലായാലും ഈ മണൽ ഭൂമിയിലേക്ക് ഇറങ്ങി പുറപ്പെടും മുൻപ്‌  സഹോദരിമാരെ അറിയുക, ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത് തടവറ ജീവിതം തന്നെയാണ്. നിങ്ങൾക്ക് മുന്നെ ഇവിടെ എത്തിയ ചുരുക്കം ചിലർക്കെ സ്വപ്നങ്ങളെ ലക്ഷ്യത്തിലെത്തിച്ച് മടങ്ങാനായിട്ടുള്ളൂ ഭൂരിഭാഗം പേരും കരിഞ്ഞുണങ്ങിയാണ് മടങ്ങിയിട്ടുള്ളത്. മനുഷ്യത്വം വറ്റാത്ത ചുരുക്കം ചില സന്നദ്ധ പ്രവർത്തകർ ഇവിടെ ഉണ്ടെങ്കിലും അവർക്കും രക്ഷിക്കാനാവാത്ത വിധം നിങ്ങളെ കുടുക്കാൻ പ്രാപ്തരായിരിക്കും (പണംകൊണ്ടും ദുഷ്ടതകൊണ്ടും ) നിങ്ങൾ എത്തിപ്പെടുന്ന വീട്ടിലുള്ളവർ. ഇനി ഇവിടെ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയാലും സുരക്ഷിതരാവുമെന്നു ഉറപ്പിക്കേണ്ട എന്നാണ് നേരത്തെ പറഞ്ഞ സ്ത്രീയുടെ അനുഭവം വ്യക്തമാക്കുന്നത്. അവരെ കള്ള കേസിൽ കുടുക്കാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഒരു നിയമവും നിങ്ങളുടെ സുരക്ഷയ്ക്ക് ഉണ്ടാവില്ല. കാരണം പണത്തിനു മീതെ നിങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാൻ മനസ്സാക്ഷിയുള്ള നിയമവ്യവസ്ഥിതി അല്ല നമ്മുടെ നാട്ടിലുള്ളത്.

അഴിമുഖം പ്രസിദ്ധീകരിച്ച സനിത മനോഹറിന്റെ മുന്‍ ലേഖനങ്ങള്‍

പ്രവാസ ലോകത്തെ പെണ്ണുങ്ങള്‍; അവര്‍ക്കും ചിലത് പറയാനുണ്ട്
ഇന്ത്യ അവന്‍റെ രാജ്യമാണ്; അവളുടെയല്ലെന്ന് പറയുമ്പോള്‍

(ഒമാനില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് സനിത)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍