മമതയെ നേരിടാന്‍ കൂടുതല്‍ കരുത്ത് ആര്‍ക്കാണ് എന്ന കാര്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ മല്‍സരം
ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആധിപത്യത്തില്‍ കഴിയുകയെന്നതായിരുന്നു മിക്കപ്പോഴും ബംഗാളിന്റെ രാഷ്ട്രീയ ചരിത്രം. അടിയന്തരാവസ്ഥകാലത്തും അതിന് മുമ്പും സിദ്ധാര്‍ത്ഥ് ശങ്കര്‍ റേയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ ആധിപത്യത്തിലായിരുന്നുവെങ്കില്‍ പിന്നീട് അത് സിപിഎമ്മിന്റെതായി. മൂന്ന് പതിറ്റാണ്ടിന് ശേഷം മമത ബാനര്‍ജിയുടെ സമ്പൂര്‍ണ ആധിപത്യത്തിലായി ബംഗാള്‍.
തൃണമൂലിന്റെ ആധിപത്യം ബംഗാളില്‍ വിചിത്രമായ രാഷ്ട്രീയ ധാരണകളിലേക്കാണ് വിവിധ പാര്‍ട്ടി അനുഭാവികളെ നയിക്കുന്നതെന്ന് ബംഗാളിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദേശീയ തലത്തില്‍ മോദിയെ നേരിടാന്‍ വിവിധ രാഷട്രീയ പാര്‍ട്ടികള്‍ സഖ്യത്തിന് ശ്രമിക്കുമ്പോള്‍, ബംഗാളില്‍ തൃണമൂലിനെ നേരിടാന്‍ വ്യത്യസ്ത രാഷ്ട്രീയ വീക്ഷണം പുലര്‍ത്തുന്നവര്‍ രഹസ്യമായും പരസ്യമായും ഒന്നിക്കുന്നുവെന്നതിന്റെ സൂചനകള്‍ കൂടിയാണ് പുറത്തുവരുന്നത്.
മമതയെ നേരിടാന്‍ വിചിത്രമായ രാഷ്ട്രീയ നീക്കുപോക്കുകളാണ് സ്ഥാനാര്‍ത്ഥികള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ അഭിജിത്ത് മുഖര്‍ജിയ്‌ക്കെതിരെയാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിട്ടുള്ളത്. ജംഗിപൂരില്‍ തൃണമൂലിനെ പരാജയപ്പെടുത്താന്‍ ബിജെപിയുടെ സഹായം ഇദ്ദേഹം തേടിയതായാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെ ഈ ആരോപണം ആവര്‍ത്തിക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചതിന്റെ ഫലമാണ് ഈ ധാരണയെന്നാണ് മമതാ ബാനര്‍ജിയുടെ ആരോപണം. കോണ്‍ഗ്രസിന്റെ മറ്റ് സ്ഥാനാര്‍ത്ഥികളും ഇത്തരത്തില്‍ ബിജെപിയുടെ പിന്തുണ തേടുന്നുവെന്നാണ് തൃണമുലിന്റെ ആരോപണം.
ബംഗാളില്‍ രണ്ടാം സ്ഥാനത്തെത്താനാണ് ബിജെപിയുടെ ശ്രമം. ആ ഭീഷണി അറിഞ്ഞുകൊണ്ടാണ് മമതാ ബാനര്‍ജി ബിജെപിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമായും ആക്രമിക്കുന്നത്.
ബിജെപിയുടെ വളര്‍ച്ചയെ തടയാന്‍ ഇടതുപക്ഷത്തിനെതിരായ വിമര്‍ശനത്തില്‍ പോലും മമത ബാനാര്‍ജി കുറവു വരുത്തുന്നതായി നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപിയുടെ റാലിക്ക് അനുമതി നിഷേധിച്ച മമത ബാനര്‍ജി തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎമ്മിന് പരേഡ് ഗ്രൗണ്ടില്‍ റാലി നടത്തുന്നതിന് തടസ്സങ്ങള്‍ ഉണ്ടാക്കാതിരുന്നത് ബിജെപിയുടെ വളര്‍ച്ച മുന്നില്‍ കണ്ടാണെന്നും ചില മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേ സമയം തൃണമുല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തോട് ശക്തമായ എതിര്‍പ്പുള്ളവര്‍, അവരെ നേരിടാന്‍ ബിജെപിയെ സഹായിിക്കുന്ന നിലപാടുകള്‍ എടുക്കുന്നതായും സൂചനകളുണ്ട്. ബംഗാളിലെ പല ഇടങ്ങളിലും ഇടതുപക്ഷക്കാരായവര്‍ ബിജെപിയ്ക്ക് വോട്ടുചെയ്യുന്നത് ഒരു വസ്തുതയാണെന്ന് സിപിഎമ്മിന്റെ മുന്‍ നേതാവും സാമ്പത്തിക വിദഗ്ദനുമായ പ്രസേന്‍ജിത് ബോസ് പറയുന്നു. മുഖ്യ പ്രതിപക്ഷ സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ ഇടതുപക്ഷം ബിജെപിയ്ക്ക് മുന്നില്‍ കീഴടങ്ങുന്ന അവസ്ഥയാണ് ഉള്ളതെന്ന് ജാദവ്പൂര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ സമാന്തക് ദാസിന്റെ അഭിപ്രായം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് സിപിഎം എം എല്‍ എയായ മഫൂജ ഖാത്തൂന്‍ ബിജെപിയില്‍ ചേര്‍ന്നത്. പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജിയ്‌ക്കെതിരെയാണ് ഇദ്ദേഹം മല്‍സരിക്കുന്നത്. മാല്‍ദ നോര്‍ത്തില്‍നിന്ന് മല്‍സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി മുര്‍മു നേരത്തെ സിപിഎം എംഎല്‍എയായിരുന്നു. സിപിഎമ്മിന്റെ മാത്രമല്ല, മറ്റ് ഇടതുപാര്‍ട്ടികളുടെ ജനപ്രതിനിധികളായവരെയും ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്.
2011 നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് 62 സീ്റ്റുകളാണ് ലഭിച്ചിരുന്നത്. 184 സീറ്റുമായാണ് മമതാ ബാനര്‍ജി അന്ന് അധികാരത്തിലെത്തിയത്. പിന്നീട് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കിട്ടിയത് വെറും രണ്ട് സീറ്റുകള്‍. 2009 ല്‍ 42 സീറ്റുകളായിരുന്നു മുന്നണിയ്ക്ക് കിട്ടിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ സീറ്റ് 27 ആയി ചുരുങ്ങുകയും ചെയതു.
ഇതിനിടെ ബിജെപിയുടെ വോട്ടു വിഹിതത്തില്‍ വര്‍ധനയുണ്ടായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ചു ശതമാനം വോട്ട് വര്‍ധിപ്പിച്ച് പാര്‍ട്ടിയുടെ വോട്ട് 10 ശതമാനത്തിലേറെയാക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞു. മൂന്ന് സീറ്റാണ് ബിജെപിക്ക് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച്ത്. ബിജെപിക്ക് നിലവില്‍ രണ്ട് എംപിമാരാണ് ബംഗാളില്‍നിന്നുള്ളത്.