UPDATES

പ്രവാസം

പൊതുസ്ഥലങ്ങളില്‍ മാതൃഭാഷ ഒഴിവാക്കൂ ഇംഗ്ലീഷില്‍ തന്നെ സംസാരിക്കൂ; യുഎസ് ഇന്ത്യക്കാരോട് സോഷ്യല്‍ മീഡിയ

‘യുഎസിലെ പൊതുസ്ഥലങ്ങളില്‍ ഹിന്ദിയോ മറ്റ് ഇന്ത്യന്‍ ഭാഷകളോ പരസ്പരം സംസാരിക്കരുത്. അത് നിങ്ങളെ വലിയ കുഴപ്പങ്ങളിലേക്ക് നയിച്ചേക്കാം’

കപടദേശാഭിമാനത്തിന്റെയും വംശവെറിയുടെയും ഇരയായ ഇന്ത്യന്‍ ഐടി വിദഗ്ധന്‍ ശ്രീനിവാസ് കുച്ചുബോട്ട്‌ലയുടെ കൊലപാതകം യുഎസിലെ ഇന്ത്യന്‍ സമൂഹത്തില്‍ ഭീതിയുടെ വിത്തുകള്‍ വിതച്ചിരിക്കുകയാണ്. ഇപ്പോള്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജരില്‍ ഭീതി വിതച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ അപകടങ്ങളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളെ കുറിച്ചുള്ള സന്ദേശങ്ങള്‍ പരസ്പരം കൈമാറുകയാണ് ഇന്ത്യന്‍ സമൂഹം. കാന്‍സാസ് സിറ്റി ബാറില്‍ വച്ച് ബുധനാഴ്ച രാത്രിയാണ് ഇന്ത്യന്‍ ഐടി ഉദ്യോഗസ്ഥനായ ശ്രീനിവാസ് ഒരു വംശവെറിയന്റെ വെടിയേറ്റ് മരിച്ചത്.

‘യുഎസിലെ പൊതുസ്ഥലങ്ങളില്‍ വച്ച് ഹിന്ദിയോ മറ്റേതെങ്കിലും ഇന്ത്യന്‍ ഭാഷകളോ പരസ്പരം സംസാരിക്കരുത്. അത് നിങ്ങളെ വലിയ കുഴപ്പങ്ങളിലേക്ക് നയിച്ചേക്കാം,’ എന്നതാണ് യുഎസിലെ ഇന്ത്യക്കാര്‍ തങ്ങളുടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന സന്ദേശം. ജീവനാണ് മറ്റെന്തിലും പ്രധാനം എന്ന് ചൂണ്ടിക്കാണിച്ച തെലുങ്കാന അമേരിക്കന്‍ തെലുഗു അസോസിയേഷന്‍ ജനറല്‍ സെക്രട്ടി വിക്രം ജന്‍ഗം, തെക്കന്‍ ഏഷ്യന്‍ ഉച്ചാരണമുള്ളവര്‍ക്കായി ചെയ്യരുതാത്തും ചെയ്യേണ്ടതുമായ ചില മുന്‍കരുതലുകളുടെ പട്ടികയും മുന്നോട്ട് വെക്കുന്നു.

പൊതു സ്ഥലങ്ങളില്‍ വച്ച് ആളുകളുമായി സംവാദത്തില്‍ ഏര്‍പ്പെടരുത്, ആരെയെങ്കിലും നിങ്ങളെ പ്രകോപിപ്പിക്കാന്‍ നോക്കുകയാണെങ്കില്‍ ഏറ്റമുട്ടല്‍ ഒഴിവാക്കുകയും ഉടനടി സ്ഥലം കാലിയാക്കുകയും ചെയ്യുക, എല്ലാവര്‍ക്കും അവരവരുടെ മാതൃഭാഷ ഇഷ്ടമാണെങ്കിലും പൊതുസ്ഥലങ്ങളില്‍ വച്ച് അത് ഒഴിവാക്കുകയും ഇംഗ്ലീഷില്‍ തന്നെ സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുകയോ താമസിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക തുടങ്ങിയ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്.

ഇന്ത്യന്‍ വംശജരില്‍ ഭീതി പടരുമ്പോഴും ചില പ്രത്യേക സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ വിദ്വേഷ കുറ്റകൃത്യ സംഭവങ്ങളെ അത്ര ഗൗരവമായി കാണുന്നില്ല. കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്ളവര്‍ കാന്‍സാസ് വെടിവെപ്പ് പോലെയുള്ള സംഭവങ്ങളെ ഒറ്റപ്പെട്ടതായി വിലയിരുത്തുന്നു. ഇവിടെങ്ങളില്‍ ധാരാളം ഇന്ത്യന്‍ വംശജര്‍ ഉണ്ടെന്നും വെള്ളക്കാര്‍ പൊതുവില്‍ തങ്ങളോട് സൗഹാര്‍ദപരമായാണ് പെരുമാറുന്നതെന്നും ബേ ഏരിയയില്‍ നിന്നുള്ള സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ ശരത് ദേവുലപള്ളി പറയുന്നു. എന്നാല്‍ പ്രാദേശിക ജനവിഭാഗങ്ങള്‍ വളരെ യാഥാസ്ഥിതികരായ മധ്യ, തെക്കന്‍ സംസ്ഥാനങ്ങളില്‍ അപകട സാധ്യത കൂടുതലാണെന്ന് ശരത് പറയുന്നു. ഡൊണാള്‍ഡ് ട്രംപിന് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയ അത്തരം സംസ്ഥാനങ്ങളിലെ ജനങ്ങളെ ട്രംപിന്റെ തീരുമാനങ്ങള്‍ സ്വാധീനിക്കുന്നുണ്ടാവാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍