UPDATES

വിദേശം

അമേരിക്കന്‍ ജനതയെ കോടതികള്‍ വിപത്തിലേക്ക് തള്ളിവിടുകയാണെന്ന് ട്രംപ്

‘ജഡ്ജി എന്ന് വിളിക്കപ്പെടുന്നയാള്‍’ എന്നുള്‍പ്പെടെ ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രോഷം ശക്തം

കോടതി വിധികള്‍ക്കെതിരെയും ഡൊണാള്‍ഡ് ട്രംപ്. ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസകള്‍ നിഷേധിക്കാനുള്ള ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതി വിധിക്കെതിരെയാണ് ഇപ്പോള്‍ യുഎസ് പ്രസിഡന്റ് രംഗത്തിറങ്ങിയിരിക്കുന്നത്. അമേരിക്കന്‍ ജനതയെ വിപത്തിലേക്ക് തള്ളിവിടാനാണ് കോടതികള്‍ ശ്രമിക്കുന്നതെന്നായിരുന്നു പ്രസിഡന്റിന്റെ ഇന്നലത്തെ ട്വീറ്റ്.

ഒരു രാജ്യത്തെ ഇത്തരത്തിലുള്ള വിപത്തിലേക്ക് തള്ളിവിടാന്‍ ഒരു ജഡ്ജിക്ക് സാധിക്കുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് പറയുന്നു. വിധിയുടെ പേരില്‍ സംഭവിക്കുന്നതിനൊക്കെ വിധി പുറപ്പെടുവിച്ച ജഡ്ജിയും കോടതി സംവിധാനവുമായിരിക്കും ഉത്തരവാദികളെന്നും ട്രംപ് പറയുന്നു. പുറം രാജ്യങ്ങളില്‍ നിന്നും ജനങ്ങള്‍ തള്ളിക്കേറിക്കൊണ്ടിരിക്കുകയാണെന്നും അത് അമേരിക്കന്‍ സംവിധാനത്തെ മോശമായി ബാധിക്കുമെന്നും പറഞ്ഞാണ് പ്രസിഡന്റ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.

രാജ്യത്തേക്ക് വരുന്ന ജനങ്ങളെ കൃത്യമായി നിരീക്ഷിക്കാന്‍ താന്‍ ആഭ്യന്തര സുരക്ഷ വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ട്രംപ് പറയുന്നു. പക്ഷെ കോടതി വിധികള്‍ അവരുടെ ജോലി ബുദ്ധിമുട്ടാക്കുകയാണെന്നും പ്രസിഡന്റ് പറയുന്നു. അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രവേശനം താല്‍ക്കാലികമായി നിഷേധിച്ചുകൊണ്ട് ജനുവരി 27ന് യുഎസ് പ്രസിഡന്റ് ഇറക്കിയ ഉത്തരവാണ് വിവാദമായിരിക്കുന്നത്. ഉത്തരവിനെതിരെ യുഎസിലും ലോകമെമ്പാടും പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയിലാണ് അമേരിക്കന്‍ ഭരണഘടനക്കെതിരാണ് ഉത്തരവെന്ന് കഴിഞ്ഞ വെള്ളിയാഴ്ച സിയാറ്റിലിലെ ഫെഡറല്‍ കോടതി ജഡ്ജി ജെയിംസ് റോബര്‍ട്ട് വിധിച്ചത്. ഇതിനെതിരെയാണ് ട്രംപ് ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

‘ജഡ്ജി എന്ന് വിളിക്കപ്പെടുന്നയാള്‍’ എന്നുള്‍പ്പെടെ ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രോഷം ശക്തമാണ്. ഇതിനിടെ ട്രംപിന്റെ ഉത്തരവ് പുനഃസ്ഥാപിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തില്‍ വാദം കേള്‍ക്കാന്‍ യുഎസ് അപ്പീല്‍ കോടതി വിസമ്മതിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍