UPDATES

വിദേശം

ട്രംപ് ജയിക്കുന്ന ‘രാഷ്ട്രീയശരിയുടെ’ യുദ്ധം

Avatar

കരണ്‍ ടമുല്‍റ്റി, ജെന്ന ജോണ്‍സണ്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

രാഷ്ട്രീയ ശരിയുടെ (Political Correctness)നിര്‍ദേശക കേന്ദ്രം എന്നു കരുതുന്ന ഒരു സ്ഥലത്താണ് കാതി കത്ബെഴ്സ്റ്റന്‍ ജോലിചെയ്തിരുന്നത്-ഓഹിയോവിലെ പ്രശസ്തമായ ഒരു കലാലയത്തില്‍.

“നിങ്ങള്‍ക്കറിയുമോ, എനിക്കു ‘ക്രിസ്മസ് ആശംസകള്‍’ എന്ന് പറയാനാകില്ല. എഴുതുമ്പോള്‍ ‘അവന്‍’ എന്നോ ‘അവള്‍’ എന്നോ എഴുതാനാകില്ല, കാരണം അവിടെ മൂന്നാംലിംഗക്കാരും ഉണ്ടായിരുന്നു. അതായത് വായില്‍നിന്ന് വരുന്ന ഓരോ വാക്കും ശ്രദ്ധിക്കണമായിരുന്നു. കാരണം ആരെയെങ്കിലും വ്രണപ്പെടുത്തിയാലോ, എന്നാല്‍ എന്നെ വ്രണപ്പെടുത്തുന്നതിന് ആര്‍ക്കും പ്രശ്നമുണ്ടായിരുന്നില്ല,” മുന്‍ അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു.

വിരമിച്ചതിനുശേഷം ഒരു വര്‍ഷം മുമ്പ് താമസമാക്കിയ ഹില്‍റ്റന്‍ ഹെഡില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ജാഥയില്‍ പങ്കെടുക്കാന്‍ 63-കാരിയായ ഈ അമ്മൂമ്മക്ക് ഈ ന്യായങ്ങള്‍ ധാരാളമാണ്.

“നിരവധി അമേരിക്കക്കാര്‍ പറയാനാഗ്രഹിക്കുന്ന, എന്നാല്‍ രാഷ്ട്രീയമായി ശരിയല്ല എന്ന് കരുതുന്നതിനാല്‍ പറയാതിരിക്കുന്ന കാര്യങ്ങളാണ്” റിപ്പബ്ലിക്കന്‍ കക്ഷിയുടെ പ്രസിഡണ്ട് സ്ഥാനാര്‍തിത്വ മോഹികളില്‍ മുന്നിലുള്ള ട്രംപ് പറയുന്നതെന്ന് അവര്‍ പറഞ്ഞു. “ഞങ്ങള്‍ എന്തു പറയണം, പറയണ്ട എന്ന് മറ്റുള്ളവര്‍ നിശ്ചയിക്കുന്നത് മിണ്ടാതെനിന്നനുസരിച്ച് ഞങ്ങള്‍ക്ക് മടുത്തു.”

2016-ലെ റിപ്പബ്ലിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ ‘രാഷ്ട്രീയശരി’ എല്ലാ തരത്തിലുമുള്ള ശത്രുവായിരിക്കുന്നു. രാജ്യത്തെ നേരിടുന്ന എല്ലാ ഭീഷണികള്‍ക്കുമുള്ള കാരണമായി സ്ഥാനാര്‍ത്ഥികള്‍ അതിനെ അവതരിപ്പിക്കുന്നു- ഭീകരവാദം, കുടിയേറ്റം, പലരെയും ഒഴിവാക്കിയുള്ള സാമ്പത്തിക വളര്‍ച്ച അങ്ങനെ പലതും.

ഏത് തെറ്റിനെയും ന്യായീകരിക്കാനുള്ള ഒരായുധമാവുകയാണ് രാഷ്ട്രീയ ശരിക്കെതിരായ ഈ വിരോധമെന്ന് മറ്റുള്ളവര്‍ വാദിക്കുന്നു. വംശീയത, ലിംഗവിവേചനം, അസഹിഷ്ണുത എന്നിവയൊക്കെ മറകൂടാതെ പ്രകടിപ്പിക്കാന്‍  പലരെയും അത് പ്രേരിപ്പിക്കുന്നു.

“അടിത്തട്ടിലുള്ള ശക്തമായ വികാരങ്ങളെ ഉത്തേജിപ്പിക്കുക എന്നത് അവയെ അടിച്ചമര്‍ത്തന്നതുപോലെയല്ല,” മുന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്‍റന്റെ ഉപദേഷ്ടാവ് കൂടിയായിരുന്ന ബ്രൂകിങ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകന്‍ വില്ല്യം എ. ഗ്ലാസ്റ്റന്‍ പറയുന്നു. “ട്രംപില്‍ നിന്നും നാം മനസിലാക്കുന്നത് ഒരുപാടാളുകള്‍ പുറത്തുപറയുന്നുണ്ടാകില്ല, പക്ഷേ മാനസികമായ മാറ്റം ഉണ്ടാകുന്നില്ല.”

ഒന്നുറപ്പാണ്; ട്രംപ് ഒരുമിപ്പിക്കുന്നത് തീര്‍ത്തും മുഖ്യധാരയിലുള്ള അസംതൃപ്തിയെയാണ്.

ഒക്ടോബറില്‍ ഫെയര്‍ലെയ് ഡിക്കിന്‍സന്‍ സര്‍വ്വകലാശാല നടത്തിയ അഭിപ്രായ കണക്കെടുപ്പില്‍ കാണിക്കുന്നത് “രാജ്യത്തെ പ്രധാന പ്രശ്നം രാഷ്ട്രീയമായി ശരിയായിരിക്കുക എന്നാണ്,” എന്ന് 68% കരുതുന്നു എന്നുകൂടിയാണ്.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി ശക്തമായുള്ള വികാരമാണിത്. ഡെമോക്രാറ്റുകള്‍ 62%, റിപ്പബ്ലിക്കാന്‍ 81%, സ്വതന്ത്രാര്‍ 68% എന്നിങ്ങനെയാണത്. വെള്ളക്കാരില്‍ 72%-വും വെള്ളക്കാരല്ലാത്തവരില്‍ 61%-വും അങ്ങനെ ചിന്തിക്കുന്നവരാണ്.

“തങ്ങള്‍ക്ക് നേരെ ഒരുതരം സാംസ്കാരിക കാരുണ്യമാണ് കാണിക്കുന്നതെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുണ്ട്. രാഷ്ട്രീയ,സാംസ്കാരിക ഉപരിവര്‍ഗത്തിന്റെ പൊള്ളച്ചിരിയും കളിയാക്കലുമാണ് തങ്ങളുടെ മൂല്യങ്ങള്‍ക്കുനേരെ ഉയരുന്നതെന്ന്” അവര്‍ കരുതുന്നതായി റിപ്പബ്ലിക്കന്‍ കക്ഷി തന്ത്രജ്ഞന്‍ സ്റ്റീവ് ഷ്മിഡ്ത് പറയുന്നു.

“ഒരു യാഥാസ്ഥിതികന്‍ എതിരിടുന്ന എന്തിനും പറ്റാവുന്ന രണ്ടു വാക്കുകളായിരിക്കുന്നു ‘രാഷ്ട്രീയ ശരി’, റിപ്പബ്ലിക്കന്‍ ഉപദേഷ്ടാവ് ഫ്രാങ്ക് ലുന്‍റ്സ് പറയുന്നു. സാംസ്കാരിക വൈജാത്യങ്ങളെ, വംശീയത, ലിംഗവിവേചനം, ഹൃദ്യശൂന്യത എന്നിവയെപ്പോലെ കാണരുതെന്ന് വലതുപക്ഷത്തുള്ള പലരും കരുതുന്നതായും ലുന്‍റ്സ് പറഞ്ഞു.

“വംശീയത, ലിംഗവിവേചനംഎന്നീ ആരോപണങ്ങള്‍ നിശബ്ദരാക്കാനുള്ള ശക്തമായ ആയുധങ്ങളാണ്,” എന്ന് ഗാല്‍സ്റ്റനും സമ്മതിക്കുന്നു. “വര്‍ണവെറിയനാകാതെ തന്നെ നിങ്ങള്‍ക്ക് affirmative action-നേ എതിര്‍ക്കാനാകും.”

എന്നാല്‍ ഇതിന്റെയര്‍ത്ഥം ആളുകള്‍ ട്രംപ് പറയുന്നതിനെയെല്ലാം, അല്ലെങ്കില്‍ പറയുന്ന രീതിയെ അനുകൂലിക്കുന്നു എന്നല്ല.

അഭിപ്രായ കണക്കെടുപ്പില്‍ ‘ഡൊണാള്‍ഡ് ട്രംപ് ഈയിടെ പറഞ്ഞപോലെ…’ എന്ന് കൂട്ടിച്ചേര്‍ത്തപ്പോള്‍ അനുകൂലിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. രാഷ്ട്രീയ ശരി ഒരു പ്രധാന പ്രശ്നമാണെന്ന് അപ്പോഴും പറഞ്ഞത് 53% പേരാണ്.

ഇതൊരു പുതിയ സംവാദമല്ല. കലാലയ വളപ്പുകളില്‍ സംസാര നിബന്ധനകള്‍ വന്നപ്പോളുള്ള 1990-കള്‍ മുതല്‍ ഇതുണ്ട്. ചിലതൊക്കെ അങ്ങേയറ്റത്തെക്കു പോയിരുന്നു-ഉദാഹരണത്തിന് മൃഗാവകാശ പ്രവര്‍ത്തകര്‍ ‘pet’ എന്നത് ബഹുമാനമില്ലാത്ത വാക്കാണെന്നും പകരം ‘കൂട്ടുകാരനായ മൃഗം (companion animal)’ എന്നാകണമെന്നും വാദിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രകോപനപരമായ ആശയങ്ങളില്‍ നിന്നു സംരക്ഷണം നല്‍കുന്ന ഒരിടമാകണോ കലാലയങ്ങള്‍, പഠന വിഷയങ്ങളില്‍ അത്തരം വിവരങ്ങളുണ്ടെങ്കില്‍ ‘മുന്നറിയിപ്പ്’ ലഭിക്കണോ   എന്ന വിഷയത്തെച്ചൊല്ലി ഈയിടെ വീണ്ടും രാഷ്ട്രീയശരി സംവാദം വിദ്യാഭ്യാസലോകത്ത് ചൂടുപിടിച്ചു.

മുന്‍വിധി ഇല്ലാതാക്കുക എന്നത് മോശമാണെന്ന് ആരും പറയാനിടയില്ല. പക്ഷേ ചില ഉദാരവാദികളെങ്കിലും സ്വതന്ത്രമായ ആശയപ്രകാശനത്തെ ശ്വാസം മുട്ടിക്കുന്ന മക്കാര്‍തിസമാണ് ‘രാഷ്ട്രീയ ശരി’ എന്ന അഭിപ്രാക്കാരാണ്. കഴിഞ്ഞകാലങ്ങളില്‍ ആരും ചെയ്യാത്ത പോലെ സര്‍വ്വകലാശാല വളപ്പില്‍ നിന്നും ഈ സംവാദത്തെ രാഷ്ട്രീയ വേദിയിലേക്ക് കൊണ്ടുവരികയാണ് ട്രംപ് ചെയ്തത്.

പലര്‍ക്കും “ട്രംപിനെപ്പോലെ ഒരുച്ചഭാഷിണി ആവശ്യമായിരുന്നു,” ഒബാമയുടെ പ്രചാരണ ഉപദേഷ്ടാവായിരുന്ന ഡേവിഡ് അക്സെലോര്‍ഡ് പറയുന്നു. “പക്ഷേ ഇത് ട്രംപില്‍ കേന്ദ്രീകരിച്ചതാണെന്ന് ഞാന്‍ കരുതുന്നില്ല. ബെര്‍ണീ സാണ്ടെഴ്സിന്‍റെ (ഡെമോക്രാറ്റ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി മോഹികളിലൊരാള്‍) ആകര്‍ഷണം, അയാള്‍ക്ക് തോന്നുന്നതെന്തൊ അതാണ് അയാള്‍ പറയുന്നതെന്നാണ്. അതിനു വേറൊരു അരിപ്പയില്ല.”

ട്രംപിന്റെ ആശയങ്ങള്‍ അല്പം ഹിറ്റ്ലര്‍ സമാനമാണെന്ന് ഉദാരവാദി ഹാസ്യ താരവും ‘Politically Incorrect’ എന്ന സംഭാഷണ പരിപാടിയുടെ അവതാരകനുമായ ബില്‍ മഹേര്‍ അഭിപ്രായപ്പെടുന്നു.

ആഗസ്റ്റിലെ ആദ്യ റിപ്പബ്ലിക്കന്‍ സംവാദത്തില്‍ത്തന്നെ സ്ത്രീകള്‍ക്കെതിരെ അയാള്‍ ഉന്നയിച്ച ഒരാധിക്ഷേപത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് തന്റെ രാഷ്ട്രീയശരി വിരുദ്ധത പ്രകടമാക്കിയിരുന്നു.

“എനിക്കു തോന്നുന്നത് രാഷ്ട്രീയമായി ശരിയായിരിക്കുക എന്നതാണു ഈ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം എന്നതാണു,” അയാള്‍ പറഞ്ഞു. “എനിക്കെതിരെ പലരും ആക്ഷേപമുയര്‍ത്തുന്നുണ്ട്, വാസ്തവത്തില്‍ എനിക്കാകട്ടെ എപ്പോഴും രാഷ്ട്രീയമായി ശരിയായിരിക്കുക എന്നതിനാകില്ലതാനും. സത്യം പറഞ്ഞാല്‍ ഈ രാജ്യത്തിന് അതിനുള്ള സമയവുമില്ല. നമ്മള്‍ ഇപ്പോള്‍ ജയിക്കുന്നില്ല. നമ്മള്‍ ചൈനയോട് തോല്‍ക്കുന്നു. അതിര്‍ത്തിയിലും കച്ചവടത്തിലും മെക്സിക്കോയോട് തോല്‍ക്കുന്നു. നമ്മള്‍ സകലരോടും തോല്‍ക്കുകയാണ്.”

സ്ത്രീകളെ അധിക്ഷേപിക്കുന്ന ഒരു പരാമര്‍ശം വിദേശങ്ങളില്‍ രാജ്യത്തെ ശക്തമാക്കുമെന്ന വാദത്തിന്റെ യുക്തി അത്ര സ്വീകാര്യമല്ല. പക്ഷേ അതിനു പിന്നിലെ വികാരം വ്യക്തമാണ്. മറ്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മോഹികളും ഇതേ വാദങ്ങള്‍ ഉയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു.

“രാഷ്ട്രീയ ശരി ആളുകളെ കൊള്ളുകയാണ്,” ടെഡ് ക്രൂസ് പറഞ്ഞു. കാരണം ഭീകരവാദികളാകാന്‍ സാധ്യതയുള്ള മുസ്ലീങ്ങളെ നിരീക്ഷിക്കുന്നത്തില്‍ നിന്നും അത് ഒബാമ ഭരണകൂടത്തെ തടയുന്നു.

“രാഷ്ട്രീയ ശരി ഈ രാജ്യത്തെ നശിപ്പിക്കുകയാണ്,” മുന്‍ ന്യൂറോസര്‍ജന്‍ ബെന്‍ കാര്‍സന്‍ പറഞ്ഞു.  ഒരു മുസ്ലീം പ്രസിഡണ്ടാകരുതെന്ന് പറഞ്ഞതിന്റെ പേരില്‍ കാര്‍സന്‍ ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായ മുസ്ലീം ദമ്പതികള്‍ സാന്‍ ബെര്‍ണാര്‍ഡിനോയില്‍ നടത്തിയ ആക്രമണം യാഥാസ്ഥിതികരുടെ വാദങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയിട്ടുണ്ട്.

രാഷ്ട്രീയ ശരിയുടെ കുരുക്കില്‍പ്പെട്ടാണ് ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഒബാമ മടിച്ചുനില്‍ക്കുന്നതെന്നാണ് ക്രൂസും മറ്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളും ആരോപിക്കുന്നത്.

രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നതു സാംസ്കാരിക, സാമ്പത്തിക ഘടകങ്ങളടക്കം നിരവധി കാരണങ്ങള്‍ ഇതിന് പിറകില്‍ ഉണ്ടെന്നാണ്. ഒബാമയുടെ ഭരണകാലത്തുണ്ടായ ധ്രുവീകരണത്തിന്റെ പ്രതിഫലനം കൂടിയാണിത്.

ട്രംപ് “ സമ്പദ് രംഗത്തെ വലിയ മാറ്റങ്ങളില്‍ തിരിച്ചടി നേരിട്ട, അതില്‍ രോഷാകുലരായ ഇടത്തരക്കാരിലെ താഴ്ന്ന വരുമാനക്കാരായാ വെള്ളക്കാരുടെ ശബ്ദമാണ്,” ആക്സെലോര്‍ഡ് പറയുന്നു. “അയാള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നിരാശയുടെ ഒരു ഘടന സൃഷ്ടിക്കുകയാണ്.”

ഉദാഹരണത്തിന് തനിക്ക് ചുറ്റും നടക്കുന്നതും രാഷ്ട്രീയ ശരിയെക്കുറിച്ചുള്ള തന്റെ മടുപ്പും തമ്മില്‍ കാത്ബെഴ്സ്റ്റന്‍ ബന്ധിപ്പിക്കുന്നു.

“എല്ലാ മാസവും എനിക്കെന്താണ് കിട്ടുന്നത്- ദൈവത്തിന്നു നന്ദി, ഞാന്‍ സാമ്പത്തികമായി സുരക്ഷിതത്വത്തിലാണ്. എനിക്കു സാമൂഹ്യ സുരക്ഷയില്‍ (Social Security) ജീവിക്കാനാകില്ല. നിങ്ങളീ ആളുകളെ നോക്കൂ, ഒരു പണിയും ചെയ്യാതെ, കുട്ടികളെയുമുണ്ടാക്കി ഇരിക്കുന്നവര്‍. അവര്‍ക്ക് സൌജന്യ വാടകയും, സൌജന്യ ഭക്ഷണവും സൌജന്യ വൈദ്യ സഹായവും ലഭിക്കുന്നു.”

“എന്തെങ്കിലും ചെയ്യണം, കാരണം നമ്മള്‍ ചുരുങ്ങിവരികയാണ്. അമേരിക്ക എന്താണോ അതിനെ മാറ്റാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ നമ്മെ മറികടക്കുകയാണ്,” അവര്‍ കൂട്ടിച്ചേര്‍ത്തു, “അതത്ര സൌമ്യമായി പറയാനാകില്ല.”

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍