UPDATES

വിദേശം

ട്രംപിനറിയാത്ത ചിലതുണ്ട്; മകന്‍ ഹുമയൂണ്‍ ഖാനെക്കുറിച്ച് ഖസാല ഖാന്‍

Avatar

ഖസാല ഖാന്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

ഡമോക്രാറ്റിക് കണ്‍വന്‍ഷനില്‍ ഞാന്‍ എന്തുകൊണ്ടാണ് പ്രസംഗിക്കാത്തതെന്ന് ഡൊണാള്‍ഡ് ട്രംപ് ചോദിക്കുന്നു. എനിക്കു പറയാനുള്ളതു കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. ട്രംപിനുള്ള എന്റെ മറുപടി ഇതാണ് – ഒരക്ഷരം പോലും പറയാതെ തന്നെ ലോകം മുഴുവന്‍, അമേരിക്ക മുഴുവന്‍ എന്റെ വേദന അനുഭവിച്ചു. ഞാന്‍ സ്വര്‍ണനക്ഷത്രമുള്ള അമ്മയാണ്. എന്നെ കാണുന്നവരൊക്കെ അത് ഹൃദയത്തില്‍ അനുഭവിച്ചു.

എനിക്ക് ഒന്നും പറയാനില്ലെന്നാണ് ട്രംപ് പറഞ്ഞത്. ആര്‍മി ക്യാപ്റ്റനായിരുന്ന എന്റെ മകന്‍ ഹുമയൂണ്‍ ഖാന്‍ 12 വര്‍ഷം മുന്‍പ് ഇറാഖില്‍ മരിച്ചു. അവന്‍ അമേരിക്കയെ സ്‌നേഹിച്ചിരുന്നു. അവനു രണ്ടു വയസായിരുന്നപ്പോള്‍ ഞങ്ങള്‍ ഇവിടെയെത്തിയതാണ്. വിര്‍ജീനിയ യൂണിവേഴ്‌സിറ്റിയില്‍ ആര്‍ഒടിസിക്കു വേണ്ടി സമ്മതപത്രം ഒപ്പിട്ട് അവന്‍ തന്റെ രാജ്യത്തെ സഹായിക്കാന്‍ സ്വയം തയാറാകുകയായിരുന്നു. ഇത് 2001 സെപ്റ്റംബര്‍ 11ന്റെ ആക്രമണത്തിനു മുന്‍പായിരുന്നു. അവന് അതു ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. പക്ഷേ അവന്‍ അതുചെയ്യാന്‍ ആഗ്രഹിച്ചു.

ഹുമയൂണ്‍ ഇറാഖിലേക്ക് അയയ്ക്കപ്പെട്ടപ്പോള്‍ ഞാനും ഭര്‍ത്താവും അവന്റെ സുരക്ഷയെച്ചൊല്ലി ആശങ്കപ്പെട്ടു. 1965ല്‍ പാക്കിസ്ഥാനില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നപ്പോള്‍ ഞാന്‍ യുദ്ധം അനുഭവിച്ചിട്ടുണ്ട്. അതിനാല്‍ എനിക്ക് വളരെ ഭീതിയുണ്ടായിരുന്നു. സ്വയം ബലിയര്‍പ്പിക്കാന്‍ നിങ്ങള്‍ക്കാകും. എന്നാല്‍ സ്വന്തം മക്കള്‍ ഇതു ചെയ്യുന്നതു താങ്ങാന്‍ നിങ്ങള്‍ക്കാകില്ല.

പോകാതിരിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് ഞങ്ങള്‍ ചോദിച്ചു. കാരണം അവന്‍ സേവനം പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു. എന്നാല്‍ അത് തന്റെ കടമയാണെന്നാണ് ഹുമയൂണ്‍ പറഞ്ഞത്. വിമാനത്തിലേക്കു പോകുംവഴി അവന്‍ തിരിഞ്ഞ് എന്നെ നോക്കിയത് എനിക്കു മറക്കാനാകില്ല. അവന്‍ സന്തോഷവാനായിരുന്നു. എനിക്കു ധൈര്യം തരാന്‍ ശ്രമിക്കുകയുമായിരുന്നു. ‘ അമ്മ വിഷമിക്കേണ്ട. എല്ലാം ശരിയാകും.’

2004ലെ മദേഴ്‌സ് ഡേയിലാണ് ഞാന്‍ അവനോട് അവസാനമായി സംസാരിച്ചത്. സാധിക്കുമ്പോള്‍ വിളിക്കണമെന്ന് ഞങ്ങള്‍ അവനോടു പറഞ്ഞിരുന്നു. സുരക്ഷിതനായിരിക്കണമെന്നും ഹീറോ ആകാന്‍വേണ്ടി ചുറ്റിത്തിരിയരുതെന്നും ഒതുങ്ങിക്കഴിയണമെന്നും ഞാന്‍ അവനോട് ആവശ്യപ്പെട്ടു. കാരണം അവന്‍ അങ്ങനെയെന്തെങ്കിലും ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു.

അവന്‍ പറഞ്ഞു: ‘ ഇവര്‍ എന്റെ പട്ടാളക്കാരാണ്. എന്റെ ആളുകളാണ്. എനിക്ക് അവരെ സംരക്ഷിച്ചേ തീരൂ.’ പട്ടാള ആസ്ഥാനത്തിന്റെ ഗേറ്റിനടുത്ത് പൊട്ടിത്തെറിച്ച കാര്‍ ബോംബര്‍ അവന്റെ ജീവനെടുത്തു. നിരപരാധികളായ സാധാരണക്കാരെയും പട്ടാളക്കാരെയും രക്ഷിക്കാന്‍ ശ്രമിച്ച അവന്‍ കൊല്ലപ്പെട്ടു.

അതായിരുന്നു എന്റെ മകന്‍. ഹുമയൂണ്‍ എപ്പോഴും നിങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഒരാളായിരുന്നു. അവന്‍ വീട്ടിലുള്ളപ്പോഴാണ് ഞാന്‍ വീട് വൃത്തിയാക്കുന്നതെങ്കില്‍ അവന്‍ എനിക്കുവേണ്ടി അത് ചെയ്യുമായിരുന്നു. ആശുപത്രിയിലെ ഭിന്നശേഷിക്കാരായ കുട്ടികളെ നീന്തല്‍ പഠിപ്പിക്കാനും അവന്‍ ശ്രമിച്ചു. ‘ അവര്‍ക്ക് ഒരല്‍പം പുരോഗതിയുണ്ടാകുമ്പോള്‍ അവരുടെ മുഖം പ്രകാശിക്കുന്നു. അത് എനിക്കിഷ്ടമാണ്. അവര്‍ക്ക് അത്രയെങ്കിലും സന്തോഷിക്കാനാകുന്നല്ലോ.’ മറ്റുള്ളവരെ സഹായിക്കാന്‍, പിതാവിനെപ്പോലെ അഭിഭാഷകനാകണമെന്നായിരുന്നു അവന്റെ ആഗ്രഹം.

എന്റെ നടുവിലത്തെ മകനായിരുന്നു ഹുമയൂണ്‍. മറ്റു മക്കളെല്ലാം നല്ല നിലയിലാണ്. എങ്കിലും എല്ലാ ദിവസവും ഞാന്‍ അവനില്ലാത്ത ദുഃഖം അനുഭവിക്കുന്നു. 12 വര്‍ഷമായി. പക്ഷേ നാം ജീവിച്ചിരിക്കുന്നതുവരെ വേദന നിറഞ്ഞ ഹൃദയം സുഖപ്പെടില്ല. അതേപ്പറ്റി സംസാരിക്കുന്നതു തന്നെ എനിക്ക് ബുദ്ധിമുട്ടാണ്. ദിവസവും ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവനുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. അപ്പോള്‍ എനിക്കു കരയാതിരിക്കാനാകില്ല. ശൂന്യമാക്കപ്പെട്ടയിടം എന്നും ശൂന്യമായിരിക്കും.

ഹുമയൂണിന്റെ ചിത്രങ്ങളുള്ള ഒരു മുറിയിലേക്ക് എനിക്കു കടന്നുവരാനാകില്ല. അവന്റെ സാധനങ്ങള്‍ വച്ചിട്ടുള്ള മുറി വൃത്തിയാക്കാന്‍ പോലും എനിക്കാകില്ല. എന്റെ മരുമകളാണ് അതു ചെയ്യുക. അവന്റെ വലിയൊരു ചിത്രമുള്ള കണ്‍വന്‍ഷന്‍ സ്‌റ്റേജിലെത്താന്‍ എനിക്കു കഴിയില്ല. ഏത് അമ്മയ്ക്കാകും? ഡൊണാള്‍ഡ് ട്രംപിന് അദ്ദേഹം സ്‌നേഹിക്കുന്ന മക്കളുണ്ടല്ലോ. ഞാന്‍ എന്തുകൊണ്ടാണു സംസാരിക്കാത്തതെന്ന് ട്രംപിനു മനസിലാകേണ്ടതല്ലേ?

എന്നെ സംസാരിക്കാന്‍ അനുവദിച്ചിട്ടുണ്ടാകില്ലെന്ന് ട്രംപ് പറയുന്നു. അത് സത്യമല്ല. സംസാരിക്കാന്‍ ആഗ്രഹമുണ്ടോ എന്ന് എന്റെ ഭര്‍ത്താവ് ചോദിച്ചു. എനിക്കാകില്ലെന്നു ഞാന്‍ പറഞ്ഞു. ദൈവത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്നാണ് എന്റെ മതം പഠിപ്പിക്കുന്നത്. ഭാര്യയും ഭര്‍ത്താവും പാരസ്പര്യമുള്ളവരാണ്. പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്താലേ കുടുംബത്തിന്റെ കാര്യം ശ്രദ്ധിക്കാനാകൂ.

ഇസ്ലാമിനെപ്പറ്റി സംസാരിക്കുമ്പോള്‍ ഡൊണാള്‍ഡ് ട്രംപ് അജ്ഞനാണ്. യഥാര്‍ത്ഥ ഇസ്ലാമും ഖുറാനും പഠിച്ചിരുന്നെങ്കില്‍ ഭീകരരില്‍നിന്ന് അദ്ദേഹത്തിനു കിട്ടുന്ന ആശയങ്ങളെല്ലാം മാറുമായിരുന്നു. കാരണം ഭീകരത അതില്‍ത്തന്നെ വ്യത്യസ്തമായൊരു മതമാണ്.

താന്‍ വളരെക്കാര്യങ്ങള്‍ ത്യജിച്ചിട്ടുണ്ടെന്നാണ് ട്രംപ് പറയുന്നത്. ത്യാഗം എന്ന വാക്കിന്റെ അര്‍ത്ഥം ട്രംപിനറിയില്ല. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍