UPDATES

വിദേശം

ഓടിപ്പോരുന്ന മനുഷ്യരാണ് അഭയാര്‍ത്ഥികള്‍, അവര്‍ ഒരിക്കലും ഭീഷണിയല്ല

ട്രംപിന്റെ കുടിയേറ്റ നിരോധനം ഉയര്‍ത്തുന്ന ആഗോള ഭീതി

സുദര്‍ശന്‍ രാഘവന്‍, ലൂയിസ ലവ്ലക്, കെവിന്‍ സീഫ്

ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ, അഭയാര്‍ത്ഥി വിരുദ്ധ നിയമം തകര്‍ക്കാന്‍ പോകുന്നത് നിരവധി സ്വപ്നങ്ങളും വേര്‍പിരിക്കപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങളെയുമാണ്. സിറിയയില്‍ നിന്നുള്ളവരെ പൂര്‍ണമായും വിലക്കുന്നുന്ന ഉത്തരവില്‍ ഇറാന്‍, ഇറാഖ്, ലിബിയ, സുഡാന്‍, സൊമാലിയ, യെമെന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും 120 ദിവസത്തേക്ക് വിലക്ക് ബാധകമാക്കുന്നു.

“ഞാനാകെ തകര്‍ന്നു,” യെമന്‍ തലസ്ഥാനമായ സനായില്‍ താമസിക്കുന്ന മൂന്നു കുട്ടികളുടെ അച്ഛനായ അബു ഘനേം, 37, പറഞ്ഞു. അയാളുടെ അച്ഛനും രണ്ടു സഹോദരന്മാരും യു.എസിലാണ്. “ഇതിനര്‍ത്ഥം അവിടെ പോകാനുള്ള എന്റെ ഭാവി പരിപാടികള്‍ വെള്ളത്തിലായി എന്നാണ്.”

ഈ രാജ്യങ്ങളില്‍ നിന്നുള്ള വിസ ലഭിച്ചവരെയും യു.എസില്‍ ബന്ധുക്കളുള്ളവരെയുമെല്ലാം ഈ ഉത്തരവ് വിലക്കുന്നു. പുതിയ കര്‍ശന പരിശോധന ചട്ടങ്ങള്‍ ഉണ്ടാക്കാനുള്ള 120 ദിവസം വരെ അഭയാര്‍ത്ഥികളെ തടയും. സിറിയക്കാരുടെ കാര്യത്തില്‍ ഇതിന് സമയപരിധിയൊന്നും പറയുന്നില്ല.

ഉത്തരവ് നടപ്പാക്കുന്നതോടെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വാര്‍ഷിക അഭയാര്‍ത്ഥി പ്രവേശനം പകുതിയാകും. ഇപ്പോഴുള്ള ഒരു ലക്ഷത്തില്‍ നിന്നും 50,000-ത്തിലേക്ക്.

മുസ്ലീം അഭയാര്‍ത്ഥികള്‍, കുടിയേറ്റക്കാര്‍, സന്ദര്‍ശകര്‍ എന്നിവരെല്ലാം ‘കര്‍ശന പരിശോധന’ക്കും  ‘മുസ്ലീം നിരോധന’ത്തിനുമുള്ള ട്രംപിന്റെ പ്രചാരണക്കാലത്തെ വാഗ്ദാനത്തിന്റെ വരവാണിതെന്ന് കരുതുന്നു. “ഇത് വിനാശകരമാണ്,” ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്റെ ഡെനിസെ ബെല്‍ പറഞ്ഞു. “അഭയാര്‍ത്ഥികള്‍ ഒരു ഭീഷണിയല്ല. അവര്‍ ഭീകരമായ സംഘര്‍ഷങ്ങളില്‍ നിന്നും പലായനം ചെയ്യുന്നവരാണ്. അവര്‍ അവരുടെ ജീവിതം പുനര്‍നിര്‍മ്മിക്കുന്നവരാണ്. നമ്മളാരും ആഗ്രഹിക്കുന്ന സുരക്ഷയും അവസരങ്ങളുമാണ് അവരും ആഗ്രഹിക്കുന്നത്.”

“നാമിപ്പോള്‍ ദേശീയ സുരക്ഷയുടെ പേരില്‍ അവരെ ബലിയാടുകളാക്കുകയാണ്. പകരം നാം നമ്മുടെ മൂല്യങ്ങളെയാണ് വഞ്ചിക്കുന്നത്. നമ്മള്‍ അന്താരാഷ്ട്ര നിയമങ്ങളാണ് ലംഘിക്കുന്നത്,” അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉത്തരവിറങ്ങുമെന്ന വാര്‍ത്ത വന്നതു മുതല്‍ ലോകത്തെങ്ങും, പ്രത്യേകിച്ചും അത് ഉടനടി ബാധിക്കുന്ന നാടുകളില്‍ ആകുലതകളുയര്‍ന്നു.

സനായില്‍ തന്റെ കുടുംബത്തോടൊപ്പം യു.എസ് എംബസിയില്‍ വിസക്ക് അപേക്ഷിക്കാന്‍ കെയ്റോയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു ഘനേം. അയാളുടെ അമ്മയും സഹോദരനും യെമനിലുണ്ട്. “ഒരു നല്ല ഭാവിയോര്‍ത്ത്, പ്രത്യേകിച്ചും കുട്ടികളുടെ, ഞാനും ഭാര്യയും രാത്രികള്‍ തള്ളിനീക്കി. ഒരു നല്ല ജീവിതത്തിനായി, അവസരത്തിനായി, കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസത്തിനായാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.”

യു.എസില്‍ ഇപ്പോളുള്ള സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായുള്ള കാത്തിരിപ്പിനിടയില്‍ ഇതൊരു ഞെട്ടലായി.

ചിക്കാഗോയിലുള്ള വിധവയായ ഇമാന്‍ 2012-ലാണ് സിറിയയിലെ പടിഞ്ഞാറന്‍ നഗരമായ ഹോംസില്‍ നിന്നും മകനെ പ്രസിഡണ്ട് ബഷര്‍-അല്‍ അസദിന്റെ സൈന്യത്തിലേക്ക് ചേര്‍ക്കുമോ എന്ന ഭയത്തില്‍ ഓടിപ്പോന്നത്. മാസങ്ങള്‍ക്ക് ശേഷം അമേരിക്കയിലെത്തിയപ്പോള്‍ മകന്റെ വിവാഹത്തിന്റെ നടപടിക്രമങ്ങള്‍ കഴിഞ്ഞാല്‍ മൂത്തയാള്‍ എത്തുമെന്നാണ് അവര്‍ പ്രതീക്ഷിച്ചത്.

“എല്ലാം ശരിയായി എന്ന് തോന്നി. ഒടുവില്‍ അവനിവിടെ എത്താനിരിക്കുകയായിരുന്നു. ഇപ്പോള്‍ അവര്‍ പറയുന്നു, പ്രസിഡണ്ടിന്റെ പുതിയ ഉത്തരവുണ്ട്, അത് നടക്കില്ല എന്ന്. എനിക്കാകെ ഭയമാകുന്നു. എന്റെ കുടുംബം സുരക്ഷിതമാകും എന്ന് കരുതിയാണ് ഞാന്‍ അമേരിക്കയില്‍ വന്നത്.”

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിയാണ് സിറിയയിലെ യുദ്ധം സൃഷ്ടിച്ചത്. നാമമാത്രമായ സൌകര്യങ്ങള്‍ മാത്രമുള്ള താവളങ്ങളിലായി ജോര്‍ദാന്‍, തുര്‍ക്കി, ലെബനന്‍ എന്നീ രാജ്യങ്ങള്‍ നാല് ദശലക്ഷത്തോളം സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചുകഴിഞ്ഞു. അതേസമയം യു.എസ് കഴിഞ്ഞ വര്‍ഷം വെറും 13,000 പേരെയാണ് സ്വീകരിച്ചത്.

“ട്രംപ് ഇവരെ വിലക്കുന്നതിന് കാരണമായി പറയുന്ന അതേ ഭീകരതയില്‍ നിന്നുമാണ് ഇവര്‍ പലായനം ചെയ്യുന്നത് എന്നും നാമോര്‍ക്കണം,” സിറിയന്‍ അഭയാര്‍ത്ഥികളുടെ ഭാഷ, സാംസ്കാരിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള സിറിയന്‍ സമൂഹ ശൃംഖലയുടെ സ്ഥാപക സൂസന്‍ അഖ്രാസ് സഹ്ലൌല്‍ പറഞ്ഞു.

ഇപ്പോള്‍ യു.എസിലുള്ള സിറിയന്‍ അഭയാര്‍ത്ഥികളുടെ പുനരധിവാസവും വിഷമം പിടിച്ചതാണ്. ചിലരുടെ ദേഹത്ത് ഇപ്പൊഴും വെടിച്ചില്ലുകള്‍ ഉള്ളതായി ചിക്കാഗോയിലെ ഡോക്ടര്‍മാര്‍ കണ്ടെത്തി. കാണാന്‍ കഴിയുന്നതില്‍ അധികമാണ് ദുരിതങ്ങള്‍. പലരും പീഡിപ്പിക്കപ്പെടുകയും നിരന്തരമായ ബോംബാക്രമണത്തില്‍ അകപ്പെടുകയും ചെയ്തവരാണ്.

കെനിയ-സൊമാലിയ അതിര്‍ത്തിയിലെ, ലോകത്തെ ഏറ്റവും വലിയ അഭയാര്‍ത്ഥി താവളമായ ദദാബില്‍, ട്രംപിന്റെ ഉത്തരവിന്റെ വര്‍ത്തമാനം വേഗം പടര്‍ന്നു.

“ആളുകളുടെ മുഖത്തെ ദു:ഖം നിങ്ങള്‍ക്ക് കാണാം,” അഭയത്തിനുള്ള തന്റെ അപേക്ഷ അനുവദിച്ചുകിട്ടാനായി അഞ്ചു വര്‍ഷമായി കാത്തിരിക്കുന്ന മൊഹമ്മദ് റഷീദ് എന്ന ഇംഗ്ലീഷ് അദ്ധ്യാപകന്‍ പറഞ്ഞു.

2001-നും 2015-നും ഇടയ്ക്ക് യു.എസ് 90,000 സോമാലി അഭയാര്‍ത്ഥികളെ സ്വീകരിച്ചു. മിക്കവരും ദദാബില്‍ നിന്നാണ് വന്നത്. സോമാലിയയിലെ ആഭ്യന്തരയുദ്ധത്തില്‍ നിന്നും പിന്നെ ഇസ്ളാമിക തീവ്രവാദികളില്‍ നിന്നും പലായനം ചെയ്തവരാണ് അവിടെ. താവളത്തില്‍ വന്നാണ് മിക്കപ്പോഴും യു.എസ് വിസയ്ക്ക് അപേക്ഷ നല്‍കുന്നത്.

ആഭ്യന്തര യുദ്ധത്തില്‍ നിന്നും രക്ഷപ്പെടാന്‍ 1992-ലാണ് റഷീദും കുടുംബവും ദദാബില്‍ എത്തിയത്. 2015-ല്‍ യു.എസ് വിസ ഏതാണ്ടൊക്കെ ശരിയായി വന്നപ്പോഴാണ് റഷീദിന് മൂന്നാമത്തെ കുട്ടി ജനിച്ചത്. അതോടെ അവര്‍ക്കുള്ള അനുമതി പിന്നേയും വൈകി.

അയാളുടെ സഹോദരന്‍ വര്‍ഷങ്ങളായി യു.എസില്‍ സിയാറ്റിലില്‍ കഴിയുന്നു. തെരഞ്ഞെടുപ്പ് മുതല്‍ക്കേ റഷീദ് ട്രംപിന്റെ വാര്‍ത്തകള്‍ സൂക്ഷമമായി നോക്കുന്നുണ്ട്. ഓഹിയോ സംസ്ഥാനത്ത് നവംബറില്‍ ഒരു സോമാലി വംശജനായ വിദ്യാര്‍ത്ഥി 11 പേരെ പരിക്കേല്‍പ്പിച്ചപ്പോള്‍ ട്രംപിന്റെ ട്വീറ്റ് അയാള്‍ കണ്ടിരുന്നു, “നമ്മുടെ രാജ്യത്തു വരാന്‍ പാടില്ലാതിരുന്ന ഒരു സോമാലി അഭയാര്‍ത്ഥിയാണ്” ആക്രമിയെന്ന്.

ബുധനാഴ്ച്ച സോമാലി അഭയാര്‍ത്ഥികളെ യു.എസില്‍ നിന്നും വിലക്കുന്നു എന്ന വാര്‍ത്ത റഷീദ് കണ്ടു. കരയാതിരിക്കാന്‍ താന്‍ ശ്രമിച്ചു എന്നയാള്‍ പറഞ്ഞു.

“ഓടിപ്പോരുന്ന മനുഷ്യരാണ് അഭയാര്‍ത്ഥികള്‍, അവര്‍ ഇരകളാണ്,” അയാള്‍ പറഞ്ഞു.”എന്തിനാണ് അവരെ ഉന്നം വെക്കുന്നതെന്ന് എനിക്കറിയില്ല.”

തങ്ങളുടെ രാജ്യം ഈ പട്ടികയില്‍പ്പെട്ടതില്‍ പല സുഡാന്‍കാര്‍ക്കും അത്ഭുതമാണ്. ഈ മാസമാദ്യം ഒബാമ ഭരണകൂടം ദീര്‍ഘനാളായുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നു എന സൂചനയാണ് ഉണ്ടായിരുന്നത്.

2001-ല്‍ യു.എസ് സുഡാനില്‍ നിന്നുള്ള 4000-ത്തോളം “Lost Boys”-നെ സ്വീകരിച്ചിരുന്നു. ആഭ്യന്തര യുദ്ധത്തില്‍ കുടുംബങ്ങള്‍ കൊല്ലപ്പെടുകയോ അപ്രത്യക്ഷരാവുകയോ ചെയ്തവര്‍. അവരുടെ കഥകള്‍ പുസ്തകങ്ങളും സിനിമകളും ടെലിവിഷന്‍ വാര്‍ത്തകളുമായി. ഇവരില്‍ പലരും കായിക താരങ്ങളും നയതന്ത്ര വിദഗ്ദ്ധരും എഴുത്തുകാരുമൊക്കെയായി.

സുഡാനിലെ ഡാര്‍ഫര്‍ പ്രദേശത്ത് നിന്നും പലായനം ചെയ്ത ഏറെ അഭയാര്‍ത്ഥികളെ യു.എസ് പുനരധിവസിപ്പിച്ചു. ഐക്യരാഷ്ട്ര സഭ കണക്കനുസരിച്ച് ഡാര്‍ഫറിലേ 3.3 ദശലക്ഷം മനുഷ്യര്‍ക്ക് ഇപ്പോഴും കാരുണ്യ സഹായങ്ങള്‍ ആവശ്യമാണ്.

കെയ്റോയിലെ പല സുഡാന്‍ അഭയാര്‍ത്ഥികളും വര്‍ഷങ്ങളായി യു.എസിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇപ്പോള്‍ ആ പ്രതീക്ഷയും ഇല്ലാതാകുന്നു.

“ഞാന്‍ നാല് വര്‍ഷമായി ശ്രമിക്കുന്നു, പക്ഷേ ഒന്നും നടന്നില്ല,” 23 കാരനായ സര്‍വകലാശാല വിദ്യാര്‍ത്ഥി മഹേര്‍ ഇസ്മായീല്‍ പറഞ്ഞു. “ഇവിടെ ഞങ്ങളുടെ അവസ്ഥ ദുഷ്കരമാണ്, എവിടെപ്പോകാനും പാടാണ്, യു.എസും ഏത് സ്ഥലവും.”

യു.എസില്‍ മുസ്ലീം കുടിയേറ്റക്കാരോടും സന്ദര്‍ശകരോടുമുള്ള സമീപനം കൂടുതല്‍ കര്‍ക്കശമാകുമെന്നാണ് ഘനേം വിശ്വസിക്കുന്നത്. തന്റെ കുടുംബം ഒരിക്കലും ഒന്നിക്കില്ലെന്നും അയാള്‍ ഭയക്കുന്നു.

“ഈ തീരുമാനം ഞങ്ങളുടെ സ്വപ്നങ്ങളെ തകര്‍ത്തുകളഞ്ഞു. എങ്ങനെയാണ് ഈ വാര്‍ത്ത എന്റെ അമ്മയോട് പറയുക എന്നെനിക്കറിയില്ല.”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍