UPDATES

വിദേശം

ഒരു കമ്പ്യൂട്ടറും സുരക്ഷിതമല്ല, നല്ലത് കൊറിയറെന്ന് ട്രംപ്

ട്രംപ് അമേരിക്കയെ നയിക്കുക വിപത്തിലേക്കെന്ന് വിദഗ്ധര്‍

നുഴഞ്ഞുകയറ്റക്കാരില്‍ നിന്നും എന്നെങ്കിലും നിര്‍ണായക കമ്പ്യൂട്ടര്‍ ശൃംഖലകളെ സംരക്ഷിക്കാനാവുമോ എന്ന ചോദ്യം നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിക്കുകയാണ്. എന്നാല്‍ ട്രംപിന്റെ അഭിപ്രായങ്ങള്‍ ഒരു ദശാബ്ദം പഴക്കമുള്ള ദേശീയ സൈബര്‍ സുരക്ഷ നയങ്ങളെ അട്ടിമറിക്കുമെന്നും സര്‍ക്കാര്‍, സ്വകാര്യവിവരങ്ങളെ അപകടത്തിലാക്കുമെന്നും സൈബര്‍ സുരക്ഷ വിദഗ്ധര്‍ ആശങ്കപ്പെടുന്നു.

റഷ്യന്‍ ഹാക്കിംഗ് ആരോപണങ്ങളെ കുറിച്ചും ട്രംപിന്റെ സൈബര്‍ സുരക്ഷ പദ്ധതികളെ കുറിച്ചും ചോദിച്ചപ്പോള്‍, ‘ഒരു കമ്പ്യൂട്ടറും സുരക്ഷിതമല്ല,’ എന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ‘ഹാക്കിംഗ് തെളിയിക്കാന്‍ ബുദ്ധമുട്ടാണ്,’ എന്നുമായിരുന്നു ട്രംപ് ശനിയാഴ്ച രാത്രി മറുപടി പറഞ്ഞത്.

‘പരിശോധിക്കപ്പെടാത്ത രീതിയില്‍ ശരിക്കും എന്തെങ്കിലും ചെയ്യണമെന്ന് നിങ്ങള്‍ക്ക് തോന്നുണ്ടെങ്കില്‍, എഴുതി കൊറിയര്‍ ചെയ്യുക,’ എന്ന് അദ്ദേഹത്തിന്റെ ഫ്‌ളോറിഡയിലെ റിസോര്‍ട്ടായ മര്‍-എ-ലാഗോയില്‍ പുതുവത്സരാഘോഷത്തിന് കയറുന്നതിന് മുമ്പ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘കമ്പ്യൂട്ടറുകളെ ജീവിതത്തെ വലിയ രീതിയില്‍ സങ്കീര്‍ണമാക്കി എന്ന് ഞാന്‍ കരുതുന്നു,’ എന്ന് ട്രംപ് കഴിഞ്ഞ ആഴ്ച ആദ്യം പറഞ്ഞിരുന്നു. ധാരാളം ട്വീറ്റ് ചെയ്യാറുണ്ടെങ്കിലും ടെലിഫോണിനേക്കള്‍ ഉയര്‍ന്ന വിവരവിനിമ സാങ്കേതികവിദ്യകള്‍ അപൂര്‍വമായി മാത്രമേ താന്‍ ഉപയോഗിക്കാറുള്ളുവെന്ന് അദ്ദേഹം പറയുന്നു. ‘എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും തിരിച്ചറിയാനാവത്ത നിലയിലേക്കാണ് കമ്പ്യൂട്ടര്‍ യുഗം മാറിയിരിക്കുന്നത്. നമുക്ക് വേഗതയും മറ്റ് നിരവധി കാര്യങ്ങളുമുണ്ട്, പക്ഷെ, നമുക്ക് ആവശ്യമുള്ള സുരക്ഷ ഉണ്ടോയെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല.’

2001 സെപ്തംബര്‍ പതിനൊന്നിലെ ആക്രണങ്ങള്‍ക്ക് ശേഷം സമഗ്രമായ ഒരു ദേശീയ സൈബര്‍ സുരക്ഷ നയം വികസിപ്പിക്കാന്‍ അന്നത്തെ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ലിയു ബുഷ് തീരുമാനിച്ചതിന് ശേഷം, അധുനിക വാണിജ്യത്തെയും സമൂഹത്തെയും സഹായിക്കുന്ന പൊതു, സ്വകാര്യ കമ്പ്യൂട്ടര്‍ ശൃംഖലകളുടെ ആര്‍ജ്ജവം നിലനിറുത്തുന്നത് പ്രധാന ദൗത്യമായി ഫെഡറല്‍ സര്‍ക്കാര്‍ കണക്കിലെടുത്തിരുന്നു.

സൈബര്‍ സുരക്ഷ ‘സര്‍ക്കാര്‍, സ്വകാര്യമേഖലകളിലെ ഒരു പ്രധാന മുന്‍ഗണന ആയിരിക്കും,’ എന്നും സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങള്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍, ‘ദേശീയ സുരക്ഷ ആശങ്കളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്,’ എന്നും ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് വ്യക്തമാക്കിയിരുന്നു.

പക്ഷെ, ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനുവേണ്ടി സര്‍ക്കാര്‍ തല ഹാക്കിംഗിന് റഷ്യ മുതിര്‍ന്നു എന്ന യുഎസ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ആരോപണത്തെ തുടര്‍ന്ന് അത്തരം ഒരു വിലയിരുത്തലിന്റെ വിശ്വാസ്യതയെ നിയുക്ത പ്രസിഡന്റിന് ചോദ്യം ചെയ്യേണ്ടി വന്നു എന്ന് മാത്രമല്ല, സൈബര്‍ സുരക്ഷയുടെ വിശാല ആശയത്തെ കുറിച്ച് സമാന്തരമായി ചില ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടിയും വന്നു.

ട്രംപിന്റെ ഇപ്പോഴത്തെ പ്രതികരണങ്ങളും റഷ്യന്‍ ഹാക്കിംഗ് ആരോപണങ്ങളോട് അദ്ദേഹം പ്രതികരിച്ച രീതിയും വിദേശ ഹാക്കര്‍മാര്‍ക്ക് കൂടുതല്‍ ധൈര്യം നല്‍കുമെന്നും അതിനോട് പ്രതികരിക്കാനുള്ള യുഎസ് സര്‍ക്കാരിന്റെ ശേഷിയെ ഇടിച്ചുകാണിക്കുന്നതുമാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ഞായറാഴ്ച വ്യക്തമാക്കി.

തനിക്ക് വേണ്ടി റഷ്യ ഇടപെട്ടു എന്ന ആരോപണങ്ങളില്‍ സംശയം ജനിപ്പിക്കുന്നതിനായ് സെപ്തംബറില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ ട്രംപ് നടത്തിയ ചില പരാമര്‍ശങ്ങളെ കുറിച്ച് പ്രതിരോധ വകുപ്പിന്റെ മുന്‍ നയഉപദേശകനും ഹാര്‍വാഡ് കെന്നഡി സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റിന്റെ സൈബര്‍ സുരക്ഷ വിഭാഗത്തിന്റെ അദ്ധ്യക്ഷനുമായ മിഖായേല്‍ സുള്‍മേയര്‍ ഇങ്ങനെ പറയുന്നു.

‘കുരുത്തം കെട്ട ഒരു 400 പൗണ്ടുകാരന്‍ അവന്റെ കിടപ്പുമുറിയിലിരുന്നു ചെയ്യുന്ന ഒന്നിനെ പറ്റിയല്ല ഈ പ്രശ്‌നം,’ എന്ന് സുള്‍മേയര്‍ പറയുന്നു. ‘നമ്മുടെ രാജ്യത്തിന് നേരെയുള്ള പ്രധാന ഭീഷണിയാണിത്. ഇതെങ്ങനെ രാഷ്ട്രീയവല്‍ക്കരിപ്പെട്ടുവെന്നും ഒരു പക്ഷത്തിന് വേണ്ടി ഉപയോഗിക്കപ്പെട്ടു എന്നതുമാണ് എന്നെ ആശങ്കപ്പെടുത്തുന്ന പ്രധാന സംഗതികള്‍.’

റഷ്യയുടെ ഹാക്കിംഗിനെ സംബന്ധിച്ച് കൂടുതല്‍ കര്‍ശനമായ പ്രതികരണം വേണമെന്ന് അരിസോണയില്‍ നിന്നുള്ള സെനറ്റര്‍ ജോണ്‍ മക്കെയിനെയും തെക്കന്‍ കരോളിനയില്‍ നിന്നുള്ള ലിന്‍ഡ്‌സെ ഒ. ഗ്രഹാം പോലെയുള്ള റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും വിഷയം വ്യാപകമായി വര്‍ത്താ പ്രാധാന്യം നേടുന്നതും സംവാദം ചെയ്യപ്പെടുന്നതും തടയാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനാണ് ഭൂരിപക്ഷവും ശ്രമിച്ചത്.

‘റഷ്യ ചാരപ്പണി നടത്തുന്നത് പുതിയ വാര്‍ത്തയല്ല,’ എന്നാണ് സഭയുടെ രഹസ്യാനേഷണ കമ്മിറ്റി അദ്ധ്യക്ഷനും കാലിഫോര്‍ണിയയില്‍ നിന്നുള്ള റിപബ്ലിക് പ്രതിനിധിയും കടുത്ത ട്രംപ് അനുകൂലിയുമായ ഡെവിന്‍ ന്യൂണ്‍സ് പറഞ്ഞത്. ‘അതാണ് അവര്‍ ചെയ്യുന്നത്. ഇതിനകം തന്നെ അറിയാവുന്ന കാര്യങ്ങളെ കുറിച്ചാണ് വലിയ സംസാരങ്ങള്‍ നടക്കുന്നത്. ഞെട്ടി എന്ന് നടിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം, കാസിനോയില്‍ ചൂതാട്ടം നടക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ ഞെട്ടിയ പോലെയുള്ള ഒരു ഞെട്ടലാണത്.’

ട്രംപ് അധികാരം ഏറ്റെടുക്കുന്നതോടെ വൈറ്റ് ഹൗസ് ആശയവിനിമയ തലവനാകും എന്ന് പ്രതീക്ഷിക്കപ്പെടുന്ന അധികാരകൈമാറ്റ സംഘത്തിന്റെ വക്താവ് സീന്‍ സ്‌പൈസര്‍ പറയുന്നത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹാക്കിംഗിനെ കുറിച്ച് ഞായറാഴ്ച രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ട്രംപിന് വിശദീകരണം നല്‍കിയെന്നാണ്.

റഷ്യയ്‌ക്കെതിരെ പ്രസിഡന്റ് ബാരക് ഒബാമ നടത്തിയ ചാരന്മാര്‍ എന്ന് സംശയിക്കുന്ന 35 ഉദ്യോഗസ്ഥരെ പുറത്താക്കിയതുള്‍പ്പെടെയുള്ള പ്രത്യാക്രമണ നടപടികള്‍ സാധൂകരിക്കപ്പെടില്ലെന്നാണ് എബിസിയുടെ ‘ഈ ആഴ്ച’ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞത്.

‘സ്വീകരിച്ച നടപടികളുടെ അനുപാതത്തിലാണോ ഈ പ്രതികരണങ്ങള്‍ എന്നതാണ് ചോദ്യം,’ എന്ന് സ്‌പൈസര്‍ പറയുന്നു. ‘അങ്ങനെയായിരിക്കാം, അങ്ങനെയല്ലാതിരിക്കാം. പക്ഷെ നിങ്ങള്‍ അതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു.’

കഴിഞ്ഞ വര്‍ഷം ദശലക്ഷക്കണക്കിന് ഫെഡറല്‍ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ട ഹാക്കര്‍മാര്‍ അടിച്ചുമാറ്റി എന്ന് വെളിപ്പെടുത്തലുണ്ടായതിനോട് ഇപ്പോഴത്തെ റഷ്യന്‍ ആക്രമണം സംബന്ധിച്ചുമുള്ള ഒബാമ ഭരണകൂടത്തിന്റെ നിലപാടുകളെ സ്‌പൈസര്‍ താരതമ്യപ്പെടുത്തുന്നു.

‘ഒന്നും സംഭവിച്ചില്ല,’ അദ്ദേഹം പറഞ്ഞു. ‘അതുകൊണ്ട് തന്നെ ഇവിടെ ഒരു രാഷ്ട്രീയ പകരംവീട്ടലാണോ അതോ ഒരു നയതന്ത്ര പ്രതികരണമാണോ നടക്കുന്നതെന്ന ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്.’

എന്നാല്‍ രഹസ്യാന്വേഷണ കമ്മിറ്റിയിലെ മുതിര്‍ന്ന ഡെമോക്രാറ്റ് അംഗവും കാലിഫോര്‍ണിയയില്‍ നിന്നുള്ള പ്രതിനിധിയുമായ ആഡം ബി. സ്‌കിഫ് രണ്ട് സാഹചര്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ വൈരുദ്ധ്യത്തെ കുറിച്ച് വളരെ ശക്തമായി പ്രതികരിക്കുകയും ‘രഹസ്യാന്വേഷണ വിഭാഗത്തെ കരിതേച്ച് കാണിക്കുന്നത്,’ ഒഴിവാക്കാന്‍ ട്രംപിനോട് ആവശ്യപ്പെടുകയും ചെയ്തു.

‘അവര്‍ വിവരങ്ങള്‍ മോഷ്ടിക്കുകയല്ല മറിച്ച് അത് ആയുധമാക്കുകയാണ് ചെയ്തത്,’ എന്ന് എബിസിയുടെ അതേ പരിപാടിയില്‍ റഷ്യയെ കുറിച്ച് അദ്ദേഹം പറഞ്ഞു. ‘ഒരു തിരഞ്ഞെടുപ്പ് വിധിയെ കൃത്യമായി സ്വാധീനിക്കാനും യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഭിന്നത വളര്‍ത്താനുമായി കൃത്യമായ ഒരു തിരഞ്ഞെടുപ്പ് കാലത്ത് അവര്‍ ആ വിവരങ്ങള്‍ ഉപയോഗിക്കുകയായിരുന്നു. ചൈന ഒരിക്കലും അങ്ങനെയൊരു സംഭവം ചെയ്തിട്ടില്ല.’

ജീവനക്കാരുടെ വിവരങ്ങള്‍ ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഒബാമ ഭരണകൂടം നടത്തിയ പ്രതികരണത്തെ സ്‌പൈസര്‍ തെറ്റായാണ് വ്യാഖ്യാനിച്ചതെന്ന് 2015ല്‍ ദേശീയ സുരക്ഷ കൗണ്‍സിലിന്റെ സൈബര്‍ സുരക്ഷ ഉപദേഷ്ടാവായി ജോലി ചെയ്തിരുന്ന ആരി ഷ്വാര്‍ഡ്‌സ് ചൂണ്ടിക്കാണിക്കുന്നു. ചൈനീസ് സര്‍ക്കാരുമായി നടത്തിയ സ്വകാര്യ സംഭാഷണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ ചിലവില്‍ നടത്തിയിരുന്ന ഹാക്കിംഗിന് വലിയ ഇടിവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

‘അവരെ കൈകാര്യം ചെയ്യുന്ന കാര്യത്തിലും അവരുമായി ഇടപെടുന്ന കാര്യത്തിലും ചില പരിപാടികള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു,’ എന്ന് ഷ്വാര്‍ഡ്‌സ് പറഞ്ഞു. ‘ചില ഉപരോധങ്ങള്‍ ഗുണം ചെയ്തു എന്നാണ് തെളിയിക്കുന്നത്. ഉപരോധങ്ങളെ കുറിച്ചുള്ള ഭീഷണികള്‍ പോലും ചൈനീസ് പെരുമാറ്റത്തെ മാറ്റാന്‍ സഹായിച്ചു.’

സൈബര്‍ സുരക്ഷ നിയമങ്ങളെ ഉടച്ചുവാര്‍ക്കുന്നതിലേക്ക് നയിക്കാന്‍ ട്രംപിന്റെ സമീപകാല പ്രസ്താവനകള്‍ വഴിവെച്ചേക്കാമെന്നാണ് ഷ്വാര്‍ഡ്‌സ് ചൂണ്ടിക്കാണിക്കുന്നത്. ബുഷും ഒബാമയും പിന്തുടര്‍ന്നിരുന്ന പരിഷ്‌കരണവും സുരക്ഷയും തമ്മിലുള്ള സൂക്ഷമ സന്തുലനത്തെ ഇത് അട്ടിമറിച്ചേക്കാം എന്നും അദ്ദേഹം ഭയപ്പെടുന്നു.

‘കത്തുകള്‍ എഴുതുകയും കൊറിയര്‍ അയയ്ക്കുകയും ചെയ്യുന്ന ലോകത്തിലേക്ക് മടങ്ങിപ്പോകാന്‍ നമുക്കാവില്ല; ഓണ്‍ലൈനായി തന്നെ നമുക്ക് തുടര്‍ന്നും കാര്യങ്ങള്‍ ചെയ്യേണ്ടി വരും,’ എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ‘സാഹസങ്ങളെ കൈകാര്യം ചെയ്യാനുള്ള വഴികള്‍ നമുക്കുണ്ടായിരിക്കുമ്പോള്‍, തീര്‍ച്ചയായും. ഒരു പക്ഷെ കാര്യക്ഷമതയും ഗുണങ്ങളും ഉപയോഗിക്കാന്‍ കഴിയുകയും അതേ സമയം സുരക്ഷിതമായിരിക്കുകയും ചെയ്യുക എന്നത് തന്നെയായിരിക്കണം നമ്മുടെ ലക്ഷ്യം.’

റഷ്യന്‍ ഹാക്കിംഗ് പ്രശ്‌നവുമായി ബന്ധപ്പെട്ട കണ്ണാടിയില്‍ ട്രംപിന്റെ സൈബര്‍ സുരക്ഷ കാഴ്ചപ്പാടുകള്‍ എത്രകണ്ട് അരിച്ചിറങ്ങും എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം ലഭിക്കേണ്ടത്.

ദേശീയ സൈബര്‍ സുരക്ഷ സംവിധാനങ്ങളെ കുറിച്ച് സമഗ്രമായ പുനരവലോകനം നടത്തുമെന്നും സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടുന്നതിന് പ്രത്യേക നിയമം നടപ്പാക്കല്‍ ദൗത്യ സേനകളെ നിയോഗിക്കുമെന്നും സൈന്യത്തിന്റെ സൈബര്‍ നിര്‍ദ്ദേശങ്ങളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വാഗ്ദാനം ചെയ്തിരുന്നു. ഇത്തരം പദ്ധതികള്‍ പിന്തുടരാനുള്ള ഒരു ലക്ഷ്യത്തിന്റെ ഭാഗമായി ബുഷ് ഭരണകൂടത്തിന്റെ കീഴില്‍ സൈബര്‍ സുരക്ഷ ആസൂത്രണത്തില്‍ മുഖ്യപങ്ക് വഹിച്ചിരുന്ന തോമസ് പി ബൊസ്സേര്‍ട്ടിനെ തന്റെ ആഭ്യന്തര സുരക്ഷ, ഭീകരവാദ വിരുദ്ധ വിഭാഗത്തിന്റെ പ്രധാന വൈറ്റ് ഹൗസ് സഹായിയായി അദ്ദേഹം തിരഞ്ഞെടുത്തിരുന്നു.

തനിക്ക് ‘മറ്റുള്ളവര്‍ക്ക് അറിയുന്നതിനേക്കാള്‍ കൂടുതല്‍ അറിയാം എന്നതിനാല്‍ അവര്‍ക്ക് സ്ഥിതിഗതികളെ കുറിച്ച് കൃത്യമായ ധാരണ വേണമെന്നില്ല,’ എന്നാണ് റഷ്യന്‍ ഹാക്കിംഗിനെ കുറിച്ച് ട്രംപ് പറഞ്ഞത്. എന്നാണ് ഇതിനെ കുറിച്ചു പരാമര്‍ശിക്കുന്നത് എന്ന ചോദ്യത്തിന്, ‘ചൊവ്വാഴ്ചയോ ബുധനാഴ്ചയോ നിങ്ങള്‍ക്ക് മനസിലാവും,’ എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. നടന്ന രഹസ്യാന്വേഷണ വിഭാഗം വിശദീകരണമായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്.

സൈബര്‍ ആക്രമണങ്ങളുടെ കൃത്യമായ ഉത്തരവാദിത്വം സ്ഥാപിക്കാനുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ കഴിവിനെ ട്രംപ് സംശയിക്കുന്നിടത്തോളം, സൈബര്‍ ആക്രമണകാരികളെ തിരിച്ചറിയാനും പ്രതിരോധിക്കാനും തിരിച്ചടിക്കാനും ട്രംപിന് ബുദ്ധിമുട്ടായിരിക്കും. സ്‌പൈസര്‍ ഞായറാഴ്ച ഏറ്റുപറഞ്ഞ ഒരു താരതമ്യമാണ് ട്രംപ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇറാഖി നേതാവ് സദ്ദാം ഹുസൈന്‍ വലിയ ആയുധശേഖരം സംഭരിച്ചു എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ തെറ്റായ വിലയിരുത്തലും റഷ്യന്‍ ഹാക്കിംഗ് അവലോകനവും തമ്മില്‍ ബന്ധിപ്പിക്കുക എന്നത്.

‘റഷ്യന്‍ ഹാക്കിംഗിനെ സംബന്ധിച്ച് ഒരു പൂര്‍ണമായ കുറ്റസമ്മതമോ തിരുത്തലോ വേണമെന്ന് അവര്‍ക്ക് തോന്നുന്നില്ലെങ്കില്‍ കുഴപ്പമില്ല പക്ഷെ, ഈ ഭീഷണിയെ കുറിച്ചുള്ള അവരുടെ മനസിലാക്കലിനെ വിശദീകരിക്കുന്നതിനായി അവര്‍ ഒരിക്കല്‍ ജനമധ്യത്തില്‍ വരേണ്ടി വരും. അത് എത്രയും പെട്ടെന്ന് സംഭവിച്ചാല്‍ അതൊരു നല്ല സൂചനയായി ഞാന്‍ കരുതും. അത് സംഭവിക്കാതിരിക്കുകയാണെങ്കില്‍, അവര്‍ അതിന് മുന്‍ഗണന നല്‍കുന്നില്ലെന്നും അമേരിക്കന്‍ ജനതയെ വലിയ ആപത്തിലേക്കാണ് തള്ളിവിടുന്നതെന്നും ഉള്ളതിന്റെ സൂചനയായി അതിനെ എനിക്ക് കാണേണ്ടിവരും,’ എന്ന് സുള്‍മേയര്‍ അഭിപ്രായപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍