UPDATES

പാകിസ്താന്‍ മനോഹരമായ രാജ്യം; നവാസ് ഷെരീഫിനെ പുകഴ്ത്തി ഡൊണാള്‍ഡ് ട്രംപ്

അഴിമുഖം പ്രതിനിധി

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഗംഭീരകക്ഷിയാണെന്നും പാകസ്താന്‍ അതിമനോഹര രാജ്യമാണെന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവാസ് ഷെരീഫുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇന്ത്യയിലെ ട്രംപ് അനുകൂലികളായ മോദി ഭക്തര്‍ക്ക് ചങ്കിടിപ്പ് കൂട്ടുന്ന പരാമര്‍ശങ്ങള്‍ നിയുക്ത പ്രസിഡന്റ് നടത്തിയത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിനെ അനുമോദിക്കാന്‍ ബുധനാഴ്ച പ്രധാനമന്ത്രി നവാസ് ഷെരീഫ് അദ്ദേഹത്തെ വിളിച്ചപ്പോള്‍, ‘മനോഹരമായ രാജ്യം, മനോഹരമായ ജനങ്ങളുടെ അതിമനോഹര സ്ഥലം,’ എന്ന് പാകിസ്താനെ അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് പ്രകീര്‍ത്തിച്ചത്. പാകിസ്താന്‍ സര്‍ക്കാരിന്റെ ഔദ്ധ്യോഗിക പ്രസ്താവനയിലാണ് ടെലിഫോണ്‍ സംഭാഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. 

‘പ്രധാനമന്ത്രി, ഞാന്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍ വളരെക്കാലമായി തമ്മിലറിയുന്ന ഒരാളോട് സംസാരിക്കുന്നത് പോലെ എനിക്ക് തോന്നുന്നു. നിരവധി അവസരങ്ങള്‍ മുന്നിലുള്ള വിസ്മയാവഹമായ രാജ്യമാണ് നിങ്ങളുടേത്. വളരെ ബുദ്ധിയുള്ള ആളുകളാണ് പാകിസ്താനികള്‍,’ എന്ന് നിയുക്ത പ്രസിഡന്റ് അഭിപ്രായപ്പെട്ടതായി പ്രസ് ഇന്‍ഫോര്‍മേഷന്‍ വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 

ട്രംപിന്റെ വ്യാപരതാല്‍പര്യങ്ങള്‍ മൂലം പ്രസിഡന്റായിരിക്കെ അദ്ദേഹം ഇന്ത്യയോടാവം കൂടുതല്‍ അടുപ്പം പുലര്‍ത്തുക എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ഇത്തരത്തിലുള്ള ഒരു സംഭാഷണം പുറത്തുവരുന്നത്. പാകിസ്താനിലെ ജനങ്ങളോട് തനിക്ക് ഒരു അനിഷ്ടവുമില്ലെന്നും ട്രംപ് പറഞ്ഞു. പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും സംഭാഷണമധ്യേ അദ്ദേഹം പറഞ്ഞു. 2000ല്‍ ബില്‍ ക്ലിന്റണ്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച അവസാന യുഎസ് പ്രസിഡന്റ്. ട്രംപിനെ വിളിക്കുമ്പോള്‍ പാകിസ്താന്‍ പ്രധാനമന്ത്രി പോലും ഇത്തരത്തിലുള്ള ഒരു പ്രതികരണം പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്ന് ചില നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

അഫ്ഗാനിസ്ഥാനിലെ യുഎസ്, നാറ്റോ സേനകളെ ആക്രമിക്കുന്നതിന് പാകിസ്താന്റെ മണ്ണ് അഫ്ഗാന്‍ താലിബാനും ഹഖ്വാനി ശൃംഗലയും ഉപയോഗിക്കുന്നതിന്റെ പേരില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ വര്‍ഷങ്ങളായി മോശമായി തുടരുകയാണ്. അല്‍ ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ ഒളിത്താവളത്തിലേക്ക് സിഐഎയെ നയിച്ച ഡോക്ടര്‍ ഷക്കില്‍ അഫ്രീദിയെ മോചിപ്പിക്കണമെന്ന യുഎസ് ആവശ്യം, പാകിസ്താന്‍ സൈന്യത്തിന് നല്‍കേണ്ട 300 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം അമേരിക്ക തടഞ്ഞുവച്ചത്, യുഎസ് എഫ്-16 വിമാനങ്ങള്‍ പാകിസ്താന് വാങ്ങാന്‍ സാധിക്കുമായിരുന്ന സാമ്പത്തിക ഉടമ്പടിയില്‍ നിന്നും പിന്മാറിയത് തുടങ്ങിയ നിരവധി വിഷയങ്ങളുടെ പേരില്‍ ഇരുരാജ്യങ്ങളും സമീപകാലത്തും അകലം സൂക്ഷിക്കുകയായിരുന്നു. 

കാശ്മീര്‍ പ്രശ്‌നത്തിന്റെ പേരില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നയതന്ത്രനീക്കങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വ്യാപൃതമായിരിക്കെയാണ് ഇത്തരം ഒരു വാര്‍ത്ത പുറത്തുവരുന്നതെന്നും ശ്രദ്ധേയമാണ്. എന്നാല്‍ സംഭാഷണങ്ങളുടെ പദാനുപദ തര്‍ജ്ജമയല്ല പ്രസ്താവനയില്‍ ഉള്ളതെന്ന് ചില നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മോശം ഇംഗ്ലീഷിന്റെ പേരില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ പലപ്പോഴും കളിയാക്കുന്ന നവാസ് ഷെരീഫിന്റെ ചില പ്രയോഗങ്ങളുമായി ഈ സംഭാഷണത്തിന് ബന്ധമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സംഭാഷണത്തിന്റെ ശൈലിയിലും ചില നിരീക്ഷകര്‍ ആശ്ചര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍