UPDATES

വിദേശം

ട്രംപ്, പഴയ ട്രംപ് തന്നെ; ഒന്നും പഠിച്ചിട്ടില്ല, ഇനിയൊട്ടും പഠിക്കുകയുമില്ല

Avatar

ജെന്നിഫര്‍ റൂബിന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

തിങ്കളാഴ്ച്ച ടെലിപ്രോംപ്റ്ററില്‍ നോക്കി അപഹാസ്യമാം വിധം വായിച്ച ട്രംപ് വീണ്ടും പലതും തെളിയിച്ചു; അയാള്‍ വിദേശ നയത്തെക്കുറിച്ച് ഒന്നും പഠിച്ചിട്ടില്ല, ജിഹാദ് വാദം, ഭരണഘടന,ദേശീയ സുരക്ഷ എന്നിവ എന്താണെന്നതിനെക്കുറിച്ച് സാമാന്യധാരണയുള്ള ഒരാള്‍ പോലും അയാള്‍ക്കൊപ്പമില്ല, മാധ്യമങ്ങളും ഹിലാരി ക്ലിന്‍റനും പരസ്യമായി അവഹേളിക്കുക എന്നതാണിനി ട്രംപ് നേരിടാന്‍ പോകുന്ന പ്രശ്നം.

കഴമ്പില്ലാത്ത കുടിയേറ്റ നിര്‍ദ്ദേശമൊഴിച്ചാല്‍ (കടുത്ത പരിശോധന എന്നാണയാള്‍ അതിനെ വിളിച്ചത്) ട്രംപ് സ്വയം ആവര്‍ത്തിക്കുകയായിരുന്നു. “നമ്മുടെ ശത്രു ആരെന്നു പറയാന്‍ കഴിയാത്ത ആര്‍ക്കും ഈ രാജ്യത്തെ നയിക്കാനാവില്ല.,” അയാള്‍ പ്രഖ്യാപിച്ചു. “തീവ്രവാദ ഇസ്ലാമിന്റെ വെറുപ്പിനെയും അടിച്ചമര്‍ത്തലിനെയും അക്രമത്തെയും അപലപിക്കാന്‍ കഴിയാത്തവര്‍ ഈ രാജ്യത്തിന്റെ പ്രസിഡണ്ടാകാനുള്ള ധാര്‍മിക വ്യക്തത ഇല്ലാത്തവരാണ്.” ക്ലിന്റണ്‍ ഇത് രണ്ടും ചെയ്തതിനാല്‍ ആരെയാണ് അയാള്‍ ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല. വമ്പന്‍ പ്രഖ്യാനങ്ങള്‍ നടത്തുകയെന്നല്ലാതെ അതിനുള്ള വഴിയൊന്നും അയാള്‍ വ്യക്തമാക്കില്ല. “ഇതിന് മുമ്പുള്ള ഓരോ കാലത്തും നാം നേരിട്ട ഓരോ ഭീഷണിയെയും നാം തോല്‍പ്പിച്ചതുപോലെ തീവ്രവാദ ഇസ്ലാമിക ഭീകരതയേയും നമ്മള്‍ പരാജയപ്പെടുത്തും.” എങ്ങനെയെന്നോ? അതൊക്കെയുണ്ട്!

ഇറാഖിനെക്കുറിച്ചുള്ള അഭിപ്രായവും ഇതേതരത്തിലാണ്. താന്‍ യുദ്ധത്തെ എതിര്‍ത്തെന്ന് അയാള്‍ നുണ പറയുന്നു-അതേ സമയം ഇറാഖിലെ എണ്ണ നമ്മള്‍ നിയന്ത്രിക്കണമായിരുന്നു എന്നു ആവര്‍ത്തിക്കുകയും ചെയ്യുന്നു. സിറിയയിലും ലിബിയയിലും ജിഹാദികള്‍ക്ക് പിന്നാലേ പോകരുതായിരുന്നു എന്നും അയാള്‍ പറയും. അര്‍ത്ഥശൂന്യമായ വാചകങ്ങളാണ് പറയുന്നത്. (“നമ്മുടെ നിലവിലെ ദേശ നിര്‍മ്മാണ, ഭരണമാറ്റ തന്ത്രങ്ങള്‍ പരാജയമാണെന്ന് തെളിഞ്ഞിരിക്കുന്നു.” അപ്പോഴയാല്‍ ഇറാഖിലേക്ക് മടങ്ങുന്നതിന് എതിരാണോ? ഇറാനിലെ ഭരണമാറ്റമോ?) ഇസ്ലാമിക് സ്റ്റേറ്റിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് ഒരു ആഗോള സമ്മേളനം നടത്താന്‍ അയാള്‍ ഉദ്ദേശിക്കുന്നു. ശത്രുക്കളുടെ ഇന്‍റര്‍നെറ്റ് സൌകര്യങ്ങള്‍ നിര്‍ത്തലാക്കണമെന്നും (എങ്ങനെയാണാവോ?)

ആലോചിച്ചെടുക്കുന്ന നയങ്ങളെക്കാള്‍ തന്റെ തീവ്ര കുടിയേറ്റ നിയന്ത്രണ സ്വപ്നങ്ങള്‍ വിജയിക്കുമെന്ന് അയാള്‍ കരുതുന്നുണ്ട്. മുസ്ലീങ്ങളെ നിരോധിക്കുമെന്ന് പറഞ്ഞതിനുശേഷം മിതവാദി മുസ്ലീങ്ങളെ സുഹൃത്തുക്കളാക്കാനും അയാള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. “നമ്മുടെ മൂല്യങ്ങള്‍ പങ്കിടുകയും നമ്മുടെ ജനതയെ ബഹുമാനിക്കുകയും ചെയ്യുന്ന ആളുകളെ മാത്രമേ ഈ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ,” എന്നാണ് ട്രംപ് പറയുന്നത്. ഏത് രാജ്യങ്ങളെക്കുറിച്ചാണയാള്‍ സംസാരിക്കുന്നത്? ചോദിക്കരുത്. ഏത് മൂല്യങ്ങളാണ് അയാള്‍ നിയമമാക്കാന്‍ പോകുന്നത്? ചോദിക്കരുത്. അത്തരമൊരു പദ്ധതി വന്നാല്‍ അതില്‍ അയാള്‍ ഒഴിവാക്കപ്പെട്ടേക്കും എന്നും കാണാം. (“നമ്മുടെ ഭരണഘടനയില്‍ വിശ്വസിക്കാത്തവര്‍, വെറുപ്പിനെയും വിദ്വേഷത്തെയും പിന്തുണയ്ക്കുന്നവര്‍ എന്നിവരെയൊന്നും ഈ രാജ്യത്തേക്ക് കുടിയെറാന്‍ അനുവദിക്കില്ല. ഈ രാജ്യത്തെ സമ്പന്നമാക്കുമെന്നുള്ളവര്‍ക്ക്-സഹിഷ്ണുതയുള്ള അമേരിക്കന്‍ സമൂഹത്തില്‍ ചേരുന്നവരെ- മാത്രമേ വിസ നല്‍കൂ). ഇതെല്ലാം കടുത്ത പരിശോധനയിലൂടെയായിരിക്കും തീരുമാനിക്കപ്പെടുക.

ഭീകരവാദികള്‍ നുണ പറയുമോ? അതൊന്നും അയാള്‍ പരിഗണിച്ച മട്ടില്ല. തദ്ദേശീയരായ തീവ്രവാദി മുസ്ലീങ്ങളുടെ കാര്യത്തില്‍ ഈ പദ്ധതി ഒരുതരത്തിലും പ്രായോഗികവുമല്ല.

മുസ്ലീം കുടിയേറ്റക്കാരെ മതവീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ മുന്‍ സി ഐ എ ഡയറക്ടര്‍ മൈക്കല്‍ ഹെയ്ഡന്‍ അന്തംവിട്ടുപോയി. 2007-ലെ തന്റെ പ്രസംഗത്തിലെ ഒരു വരി അദ്ദേഹം ഉദ്ധരിച്ചു,“വിദേശഭീഷണി എന്തായാലും ഒരു രാജ്യമെന്ന നിലയില്‍ നമ്മുടെ ഡി എന്‍ എ ഒരിയ്ക്കലും മാറ്റിക്കൂട.” “പദ്ധതി ഒരുതരത്തിലും നടപ്പാക്കാന്‍ കഴിയില്ലെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്മ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ച ശീതയുദ്ധകാലത്തെ നയം ഒരു ചേര്‍ച്ചയുമില്ലാത്തതാണ്. വ്യക്തികളുടെ മത വിശ്വാസത്തെക്കുറിച്ചാണ് നാമിവിടെ സംസാരിക്കുന്നത്. അല്ലാതെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഉദ്ദേശത്തെക്കുറിച്ചല്ല. വെറുപ്പും വിദ്വേഷവും പിന്തുണയ്ക്കുന്നവരെ കടത്തില്ല എന്നൊക്കെ പറയുമ്പോള്‍ അത് ഒന്നാം ഭേദഗതി സംബന്ധിച്ച പല സംശയങ്ങളും ഉയര്‍ത്തുന്നു. സ്വവര്‍ഗാനുരാഗം ഒരു പാപമാണെന്ന് വിശ്വസിക്കുന്നവരെ എന്തു ചെയ്യും? ഒരാളുടെ മതവിശ്വാസത്തിനുമേല്‍ യു.എസിന് പരീക്ഷ നടത്താനാകുമോ?

മാത്രവുമല്ല, ഇസ്ളാമിക തീവ്രവാദത്തെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കുള്ള മുസ്ലീം സഖ്യകക്ഷികളെയും ആഭ്യന്തര മുസ്ലീങ്ങളെയും ഇത് കൂടുതല്‍ ഒറ്റപ്പെടുത്തും. ഏത് തരം മുസ്ലീം വിശ്വാസമാണ് നമ്മുടെ മൂല്യങ്ങള്‍ക്ക് ചേരുന്നതെന്ന വിധി കല്‍പ്പിക്കാന്‍ യു.എസ് സര്‍ക്കാര്‍ തുനിഞ്ഞാല്‍ അതിലും വലിയ അസംബന്ധമില്ല.

ട്രംപിന്റെ പ്രത്യയശാസ്ത്ര പരിശോധനയ്ക്ക് ഹിലാരിയുടെ ഉപദേശകന്‍ കേയ്ക് സള്ളിവന്‍ ഇങ്ങനെ മറുപടി നല്കി,“ഈ ‘നയത്തിനേ’ അത്ര ഗൌരവമായി എടുക്കാനാവില്ല. വിവാഹ തുല്യതയെ എതിര്‍ക്കുന്ന, LGBT നിയമത്തിനെതിരെ  ഇന്‍ഡ്യാനയില്‍ ഒപ്പുവെച്ച ഒരാളെ തന്റെ കൂടെ മത്സരിപ്പിക്കുന്ന ട്രംപിന് ഇതെങ്ങിനെയാണ് പറയാനാവുക? ഒരു മതത്തെ ഒന്നടങ്കം നമ്മുടെ രാജ്യത്തുനിന്നും നിരോധിക്കും എന്നൊക്കെയുള്ള ഭീഷണമായ പ്രസ്താവനകളില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമാണിത്. നാമതില്‍ വീഴരുത്.”

അമേരിക്കന്‍ എന്‍റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ദാനിയെല്ല പ്ലെറ്റ്കാ ട്രംപിന്റെ കുടിയേറ്റ നയത്തെക്കുറിച്ച് പറയുന്നു: “നിങ്ങള്‍ ഭീകരവാദിയാണോ? ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ടോ? അവിശ്വാസികളെ കൊല്ലാന്‍ ആഗ്രഹിക്കുന്നുണ്ടോ? താടിയുണ്ടോ? കണ്ണുകളില്‍ തിളക്കമുണ്ടോ? ഇതാണ് നമ്മുടെ പുതിയ കുടിയേറ്റ നയം.”

ഇക്കഴിഞ്ഞത് ഒരു തയ്യാറാക്കിയ പ്രസംഗമായിരുന്നു. ആരോ ഇതൊക്കെ എഴുതി തയ്യാറാക്കി കേമമാണെന്ന് പറഞ്ഞു ട്രംപിന് നല്കി. ട്രംപ് ഇത്തരം അസംബന്ധങ്ങള്‍ വിളിച്ചുപറഞ്ഞു തന്റെ അനുയായികളെ നാണം കെടുത്തുകയോ അതോ നയങ്ങളെ യുക്തിഭദ്രമായി ചിന്തിക്കുന്നത് അവസാനിപ്പിക്കുകയോ ചെയ്തിരിക്കുന്നു. രണ്ടായാലും ക്ലിന്റണ്‍ പറഞ്ഞതാണ് കാര്യം: അയാള്‍ പ്രസിഡണ്ടാകാന്‍ യോഗ്യനല്ല. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍