UPDATES

വിദേശം

ട്രംപാക്രമണം പരിസ്ഥിതിയോട്; ഇത് ഭൂമിക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനം

കാലാവസ്ഥ മാറ്റം നിഷേധിക്കുന്ന ഒരാള്‍ വൈറ്റ് ഹൌസില്‍ വന്നത് ലോകത്തിന് നല്ല വാര്‍ത്തയല്ല

ജനുവരി 27-നു പുറപ്പെടുവിച്ച 90/120 ദിവസത്തെ ഇറാഖ്, സിറിയ, ഇറാന്‍, സൊമാലിയ, ലിബിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൌരന്‍മാര്‍ക്കുള്ള “മുസ്ലീം നിരോധനം” എന്ന വിവാദത്തിനിടയില്‍ പരിസ്ഥിതിയെ പ്രതികൂലമായി  ബാധിക്കുന്ന ട്രംപിന്‍റെ ഉത്തരവുകള്‍ ശ്രദ്ധിക്കപ്പെടാതെ പോയി. യുഎസിന്റെ ഹരിതഗൃഹ വാതക (GHG) ബഹിര്‍ഗമനം സംബന്ധിച്ച ഉറപ്പുകളെ ബാധിക്കുന്ന നിലവിലെ ഉത്തരവുകളും വരാന്‍ പോകുന്ന ഉത്തരവുകളുമാണ് ഞങ്ങളെ ആശങ്കപ്പെടുത്തുന്നത്. യുഎസ് പുറത്തുവിടുന്ന GHG-യുടെ അളവുനോക്കിയാല്‍ ഏതെങ്കിലും തരത്തിലുള്ള വര്‍ദ്ധനവോ, അല്ലെങ്കില്‍ നിലവിലെ സ്ഥിതി പോലുമോ കാലാവസ്ഥ മാറ്റത്തിനും ആഗോള താപനത്തിനുമെതിരായ ശ്രമങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ്.

പരിസ്ഥിതിവാദികളോടുള്ള ട്രംപിന്റെ പുച്ഛം പ്രചാരണകാലത്തുതന്നെ തെളിഞ്ഞതാണ്. അതുകൊണ്ടുതന്നെ മിറോണ്‍ ഏബെല്ലിനെയും സ്കോട് പ്രൂയിറ്റിനെയും പോലുള്ളവര്‍ അയാളുടെ പരിസ്ഥിതിയെ ഉപദേശകന്‍മാരായി വരുന്നതിലും അത്ഭുതമില്ല. തീവ്ര യാഥാസ്ഥിതിക Competitive Enterprise Institute ഡയറക്ടറായ എബെല്‍ പാരിസ്ഥിതിക മുന്നേറ്റങ്ങളെ “ആധുനികലോകത്ത് സ്വാതന്ത്ര്യത്തിനും അഭിവൃദ്ധിക്കുമെതിരായ ഏറ്റവും വലിയ ഭീഷണി” എന്നാണ് വിശേഷിപ്പിച്ചത്. പ്രൂയിട് കാലാവസ്ഥ മാറ്റം എന്ന ആശയത്തെതന്നെ നിരാകരിക്കുന്നു. ഒക്ലഹോമ സംസ്ഥാനത്തെ അറ്റോര്‍ണി ജനറലായിരിക്കവേ പരിസ്ഥിതി സംരക്ഷണ ഏജന്‍സി (EPA)ക്കെതിരെ എണ്ണ കമ്പനികള്‍ക്ക് വേണ്ടി 14 നിയമവ്യവഹാരങ്ങളാണ് നടത്തിയത്. ഇവരാണ് പരിസ്ഥിതി സംരക്ഷിക്കാന്‍ നിയുക്തരാകുന്നത് എന്നത് നാം എന്തു പ്രതീക്ഷിക്കണം എന്നതിന്റെ സൂചനയാണ്.

സ്ഥാനമേറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ EPA-ക്കുള്ള ധനവിഹിതം ട്രംപ് മരവിപ്പിച്ചു (പ്രചാരണക്കാലത്ത് അത് പിരിച്ചുവിടണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരുന്നത്) അതിലെ 15,000-ത്തോളം വരുന്ന എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരും അടങ്ങുന്ന ജീവനക്കാരെ വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനും പുതിയ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. അവരെ അക്ഷരാര്‍ത്ഥത്തില്‍ നിശബ്ദരാക്കിക്കൊണ്ടുള്ള ഒരുത്തരവും അയാള്‍ പുറപ്പെടുവിച്ചു. മാധ്യമങ്ങളുമായടക്കം തങ്ങള്‍ക്ക് ഗവേഷണഫലങ്ങള്‍ പങ്കിടാനോ ചര്‍ച്ച ചെയ്യാനോ കഴിയാത്ത അവസ്ഥയാണെന്ന് അവര്‍ പറയുന്നു. GHG ബഹിര്‍ഗമനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പരസ്യമായി ലഭ്യമല്ല എന്നാണ് ഇതിന്റെയര്‍ത്ഥം. വൈറ്റ് ഹൌസ് കാലാവസ്ഥ മാറ്റ പേജിനുപകരം ഇപ്പോള്‍ “ഒരു അമേരിക്ക ആദ്യം ഊര്‍ജ പദ്ധതി”-യാണ്. അതില്‍ കാലാവസ്ഥാമാറ്റം പരാമര്‍ശിക്കുന്ന പോലുമില്ല. ഈ ഊര്‍ജപദ്ധതി, ട്രംപ് പറയുന്നതുപോലെയാണെങ്കില്‍, “ ഇനിയും ഉപയോഗിക്കാത്ത, പ്രത്യേകിച്ചും ഫെഡറല്‍ പ്രദേശങ്ങളിലെ,  ഷെയില്‍, എണ്ണ, പ്രകൃതിവാതക ശേഖരത്തില്‍ 50 ട്രില്ല്യന്‍ ഡോളര്‍” ഖാനനം ചെയ്യാനുള്ളതാണ്. മറിച്ച് പറഞ്ഞാല്‍ കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിയ കാലാവസ്ഥ ദൌത്യ പദ്ധതി, ശുദ്ധ ഊര്‍ജ പദ്ധതി എന്നിവയെ മാറ്റിവെക്കാനും ഫോസില്‍ ഇന്ധന കമ്പനികള്‍ക്ക് യാതൊരു തടസവുമില്ലാതെ പ്രവര്‍ത്തിക്കാനുമാണ് ട്രംപ് കളമൊരുക്കുന്നത്. ഇതെല്ലാം അമേരിക്കയെ വീണ്ടും മഹത്തരമാക്കാനും അമേരിക്കക്കാര്‍ക്ക് ജോലി നല്കാനും എന്ന പേരിലാണ്.

ഇതിന്റെ പ്രത്യാഘാതം യുഎസിന് മാത്രമല്ല, ലോകത്തിന് മുഴുവനുമാണ്. വ്യാവസായിക വികസിത രാജ്യങ്ങളെ ഹരിതഗൃഹ വാതകങ്ങള്‍ കൂടിയതില്‍ ഉത്തരവാദികളായി കാണുന്ന, GHG ബഹിര്‍ഗമനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമപരമായ ബാധ്യതയുണ്ടാക്കുന്ന ആദ്യ അന്താരാഷ്ട്ര ഉടമ്പടിയായ ക്യോടോ പ്രോട്ടോകോളില്‍ യുഎസ് ഒപ്പുവെച്ചിട്ടില്ല. എന്നാല്‍ 2015-ല്‍ ഒബാമ സര്‍ക്കാരിന് കീഴില്‍, GHG ബഹിര്‍ഗമനം ദേശീയമായി നിശ്ചയിച്ച പ്രതിബദ്ധത അനുസരിച്ചു (Intended nationally Determined Commitments-INDC) കുറയ്ക്കാന്‍ അനുവദിക്കുന്ന പാരീസ് ഉടമ്പടിക്കായി തയ്യാറായി. 2005 ലെ നിലയിലേതിനേക്കാള്‍ കാര്‍ബണ്‍ ഡയോക്സൈഡ് ബഹിര്‍ഗമനം 2030-ല്‍ 30% കുറയ്ക്കാമെന്ന് യുഎസ് സമ്മതിച്ചു. നിലവില്‍ത്തന്നെ അത് ലക്ഷ്യത്തിന്റെ 27% എത്തി. പക്ഷേ അത് മറ്റ് GHG-കളുടെ കാര്യത്തില്‍ വലിയ പുരോഗതിയൊന്നും ഉണ്ടാക്കിയിട്ടില്ല. ബഹിര്‍ഗമനത്തിന്റെ 26% വരുന്ന ഗതാഗത സംവിധാനങ്ങള്‍, 9% ബഹിര്‍ഗമനത്തിന് കാരണമായ കാര്‍ഷിക മേഖല എന്നിവയിലടക്കം.

ട്രംപ് പ്രചാരണസമയത്തു പറഞ്ഞപോലെ യുഎസ് പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറിയില്ലെങ്കിലും തങ്ങളുടെ ഇറപ്പുകള്‍ പാലിക്കാതിരിക്കാം. World Resources Institute പഠനം അനുസരിച്ചു ഉടമ്പടിയില്‍ ഒപ്പിട്ട എല്ലാ രാജ്യങ്ങളും GHG ബഹിര്‍ഗമനം സംബന്ധിച്ച് ഉറപ്പു പാലിച്ചാലും ആഗോള താപനം 2 ഡിഗ്രി സെല്‍ഷ്യസില്‍ ഒതുക്കി നിര്‍ത്തുക എന്ന ലക്ഷ്യം നേടാന്‍ ബുദ്ധിമുട്ടായിരിക്കും. അപ്പോള്‍ ഈ ഉറപ്പൂകളെക്കുറിച്ച് വേവലാതിപ്പെടേണ്ടെന്നു ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിലൊന്ന് തീരുമാനിച്ചാല്‍ അതിന്റെ ആഘാതങ്ങള്‍ ഗുരുതരമായിരിക്കും.

കാലാവസ്ഥ ഉടമ്പടിയിലെ ഉറപ്പുകളില്‍ ട്രംപ് സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുന്നത് ധനസഹായ പ്രശ്നവും സൃഷ്ടിക്കും. പാരീസില്‍, 2020-ഓടെ ഐക്യരാഷ്ട്ര സഭയുടെ 100 ബില്ല്യണ്‍ ഡോളര്‍ വരുന്ന ഹരിത കാലാവസ്ഥ നിധിയിലേക്ക് 3 ബില്ല്യണ്‍ ഡോളര്‍ സംഭാവന നല്കുമെന്ന് യുഎസ് വാഗ്ദാനം ചെയ്തിരുന്നു. ഇതുവരെ അവര്‍ 500 ദശലക്ഷം ഡോളറാണ് നല്കിയത്. റിപ്പബ്ലിക്കന്‍ ആധിപത്യമുള്ള കോണ്‍ഗ്രസിന്റെ എതിര്‍പ്പായിരുന്നു ഇതിന് പ്രധാന കാരണം. ട്രംപ് സര്‍ക്കാരിന്റെ സമീപനം കാണുമ്പോള്‍ യുഎസ് ഈ ഉറപ്പ് പാലിക്കില്ലെന്ന് വേണം കരുതാന്‍.

കാലാവസ്ഥാ മാറ്റം നിരാകരിക്കുന്ന ഒരാള്‍ വൈറ്റ് ഹൌസില്‍ ഇരിക്കുന്നത് പല തരത്തിലും ലോകത്തിന് മോശം വാര്‍ത്തയാണ്. ഒന്നാമതായി ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ട്രംപ് സര്‍ക്കാര്‍ നിലവിലെ പാരിസ്ഥിതിക നിയന്ത്രണങ്ങളെ അവഗണിക്കും. അപ്പോള്‍ പാരീസ് ഉടമ്പടിയില്‍ യുഎസ് തങ്ങള്‍ക്കായി അംഗീകരിച്ച ബഹിര്‍ഗമന നിയന്ത്രണ ലക്ഷ്യങ്ങള്‍ പാലിക്കുമെന്ന് ഒട്ടും കരുതാന്‍ വയ്യ. രണ്ടാമതായി, ഇപ്പോള്‍ത്തന്നെ നമ്മുടെ പടിവാതിലില്‍ എത്തിയ ആഗോളതാപനാം ഉണ്ടാക്കുന്ന പാരിസ്ഥിതിക ദുരന്തത്തെ നേരിടാനുള്ള ആഗോള ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കും.  തങ്ങള്‍ക്കുകൂടി കാരണമായ യുദ്ധങ്ങളില്‍ നിന്നും പലായനം ചെയ്യുന്ന ജനങ്ങള്‍ക്ക് നേരെ പുറം തിരിക്കുന്ന ഒരു രാജ്യം ഇപ്പോള്‍ ദരിദ്ര രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങളെ പാരിസ്ഥിതിക അഭയാര്‍ത്ഥികളാക്കുന്നതിലേക്ക് തള്ളിവിടുകയാണ്.

(ഏകണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധപ്പെടുത്തുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍