UPDATES

വിദേശം

ഇതാ ജനങ്ങളുടെ ചുമലില്‍ കയറി ഒരു ഏകാധിപതി വരുന്നു

Avatar

റോബര്‍ട് കഗാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

റിപ്പബ്ലിക്കിന് ഇത്ര അപകടം വരുത്തില്ലായിരുന്നെങ്കില്‍ ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം വെറുതെ ചിരിക്കാനുള്ള വക മാത്രമാകുമായിരുന്നു. അയാള്‍ കക്ഷിയുടെ യാഥാസ്ഥിതിക ആശയങ്ങള്‍ വിളിച്ചുപറയുക മാത്രമായിരുന്നെങ്കില്‍ വേറെ കുഴപ്പമൊന്നുമില്ലായിരുന്നു.

പക്ഷേ ഈ ട്രംപ് പ്രതിഭാസത്തിന് നയങ്ങളും പ്രത്യയശാസ്ത്രവുമായി ബന്ധമൊന്നുമില്ല. അതിന് റിപ്പബ്ലിക്കന്‍ കക്ഷിയുമായും ബന്ധമില്ല. നമ്മുടെ ജനാധിപത്യത്തിന് നേരെയുള്ള ഈ ഭീഷണിയെ അടവെച്ചുവിരിയിക്കുന്ന അറപ്പുരയാവുക എന്നതൊഴികെ. അയാളെ സൃഷ്ടിച്ച കക്ഷിയെ ട്രംപ് ഉല്ലംഘിച്ചിരിക്കുന്നു. അയാളുടെ പെരുകിക്കൊണ്ടിരിക്കുന്ന അണികള്‍ക്കും പാര്‍ട്ടിയൊരു പ്രശ്നമല്ല. കാരണം ഇപ്പൊഴും അയാളെ അത് പൂര്‍ണമായും സ്വീകരിച്ചിട്ടില്ല, അതിന്റെ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ബുദ്ധിജീവിസംഘം അയാളെ ഇപ്പൊഴും ചെറുക്കുന്നു, പാര്‍ട്ടിയെ അയാളുടെ അനുയായികള്‍ സംശയത്തോടും ശത്രുതയോടും കൂടെ കാണുന്നു. അവരുടെ പ്രതിബദ്ധത അയാളോടാണ്, അയാളോട് മാത്രം.

ഈ വിധേയത്വത്തിന്റെ സ്രോതസ് എവിടെയാണ്? സാമ്പത്തിക പ്രതിസന്ധിയോ മരവിപ്പോ ആണ് ട്രംപിന്റെ പിന്തുണയുടെ കാരണമെന്ന് നാം വിശ്വസിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നു. അതും ചിലതുണ്ടാകാം. പക്ഷേ ട്രംപ് അണികള്‍ക്ക് വാഗ്ദാനം നല്‍കുന്നത് സാമ്പത്തിക പരിഹാരങ്ങളല്ല,-അയാളുടെ നിര്‍ദേശങ്ങള്‍ ദിനംപ്രതി മാറുന്നുണ്ട്. അയാള്‍ വാഗ്ദാനം ചെയ്യുന്നത് ഒരു സ്വഭാവരീതിയാണ്, പരുക്കന്‍ ശക്തിയുടെയും പൌരുഷത്തിന്റെയും ഒരു മേലങ്കി, ദേശീയമായ ദൌര്‍ബല്യവും ശേഷിക്കുറവും സൃഷ്ടിച്ചുവെന്ന് അയാള്‍ അവകാശപ്പെടുന്ന, അനുയായികള്‍ വിശ്വസിക്കുന്ന ജനാധിപത്യ സംസ്കാരത്തിന്റെ സൂക്ഷ്മതകളോടുള്ള ബഹളം നിറഞ്ഞ അനാദരവ്. അയാളുടെ പൊരുത്തമില്ലാത്ത, വൈരുദ്ധ്യം നിറഞ്ഞ പുലമ്പലുകളില്‍ ഒരു കാര്യം പൊതുവായുണ്ട്: അത് ഭയവും പകയും ദേഷ്യവും കലര്‍ന്ന വെറുപ്പിന്റെയും നിരാശയുടെയും വികാരങ്ങളെ പ്രകോപിപ്പിക്കുന്നുണ്ട്. അയാളുടെ പ്രസംഗങ്ങളില്‍ വലിയൊരു വിഭാഗം ‘അന്യരെ’– മുസ്ലീങ്ങള്‍, ഹിസ്പാനിക്കുകള്‍, സ്ത്രീകള്‍, ചൈനക്കാര്‍, മെക്സിക്കോക്കാര്‍, യൂറോപ്യന്മാര്‍, അറബുകള്‍, കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍-  ഭീഷണിയായി ചിത്രീകരിക്കുകയോ അല്ലെങ്കില്‍ അവജ്ഞയോടെ അധിക്ഷേപിക്കുകയും ചെയ്യുന്നു. വിദേശികളെയും വെള്ളക്കാരല്ലാത്തവരേയും ഉരുക്കുമുഷ്ടിയോടെ നേരിടുമെന്ന് അയാളുടെ പരിപാടിയിലെ പ്രധാന അജണ്ടയാണ്. അയാളവരെ  മടക്കി അയക്കും, വിലക്കും, ഞെരുക്കും, അല്ലെങ്കില്‍ മിണ്ടാതാക്കും.

ഈ കാര്‍ക്കശ്യം നിറഞ്ഞ, ഉന്‍മത്തമായ നിലപാടിന് കിട്ടിയ വമ്പന്‍ പിന്തുണയില്‍ മറ്റെല്ലാവരെയും പോലെ ട്രംപും അന്തംവിട്ടിരിക്കും. ലളിതമായി പറഞ്ഞാല്‍, അക്ഷരാര്‍ത്ഥത്തില്‍ ഒരു അഹങ്കാരിയാണ് ട്രംപ്. പക്ഷേ അയാള്‍ സൃഷ്ടിച്ചുവിട്ട, അയാള്‍ നയിക്കുന്ന  പ്രതിഭാസം അയാളെക്കാള്‍ വലുതായിരിക്കുന്നു. അതിലേറെ അപകടകരവും.

ഇതുവരെ അറിയാഞ്ഞ ഒരു കൂട്ടം സമ്മതിദായകരിലേക്ക് അയാള്‍ കടന്നുചെന്നതില്‍ റിപ്പബ്ലിക്കന്‍ രാഷ്ട്രീയക്കാര്‍ അത്ഭുതം കൂറുന്നു. പക്ഷേ അയാള്‍ മുതലാക്കുന്നത് ഈ ജനാധിപത്യ റിപ്പബ്ലിക്കിന്റെ സ്ഥാപകര്‍ ഇത് സ്ഥാപിച്ചപ്പോള്‍ ഭയപ്പെട്ടിരുന്നതിനെയാണ്: ജനത്തിന്റെ ഉന്‍മാദങ്ങള്‍ കെട്ടഴിച്ചുവിട്ട, ആള്‍ക്കൂട്ടത്തിന്റെ ആധിപത്യം. സര്‍ക്കാര്‍ സ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിക്കുന്നതായി യാഥാസ്ഥിതികര്‍ പതിറ്റാണ്ടുകളായി പരാതി പറയുന്നു. പക്ഷേ ഇവിടെ അലെക്സെ ഡി ടോകെവില്ലെയും മറ്റ് പഴയ ചിന്തകരും മുന്നറിയിപ്പ് തന്നത് സംഭവിക്കുന്നു: ഒരു ജനാധിപത്യത്തിലെ കുപിതരും ആവേശഭരിതരും, നിയന്ത്രണമില്ലാത്തവരുമായ ജനത അവരുടെ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉണ്ടാക്കിയ സ്ഥാപനങ്ങളെ വരെ നശിപ്പിച്ചുകളയും. ഫ്രഞ്ച് വിപ്ലവത്തിന്റെ ഗതിവിഗതികള്‍ കണ്ട അലക്സാണ്ടര്‍ ഹാമില്‍റ്റന്‍ അമേരിക്കയെക്കുറിച്ച് ഭയപ്പെട്ടതുപോലെ; ജനാവേശത്തെ അഴിച്ചുവിടുന്നത് മെച്ചപ്പെട്ട ജനാധിപത്യത്തിലെക്കല്ല, മറിച്ച് ജനങ്ങളുടെ ചുമലില്‍ കയറി ഒരു ഏകാധിപതിയുടെ വരവിനായിരിക്കും വഴിയൊരുക്കുക.

കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ പ്രതിഭാസം ജനാധിപത്യ, അര്‍ദ്ധ ജനാധിപത്യ രാജ്യങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നു; അതിനെ പൊതുവേ വിളിച്ചത് ‘ഫാസിസം’ എന്നാണ്. ഫാസിസ്റ്റ് മുന്നേറ്റങ്ങള്‍ക്ക് സമഗ്രമായ പ്രത്യയശാസ്ത്രമോ, സാമൂഹ്യപ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങളോ ഇല്ല. ദേശീയ സോഷ്യലിസം ഒരു കെട്ടു വൈരുദ്ധ്യങ്ങളാണ്. ശത്രുക്കളുടെ പേരിലാണ് അത് കൂടിനിന്നത്. ഇറ്റലിയില്‍ ഫാസിസം ഉദാരവിരുദ്ധവും ജനാധിപത്യ വിരുദ്ധവും മാര്‍ക്സിസ്റ്റ് വിരുദ്ധവും മുതലാളിത്ത വിരുദ്ധവും പൌരോഹിത്യ വിരുദ്ധവുമായിരുന്നു. ഫാസിസ്റ്റ് വിജയങ്ങള്‍ നയങ്ങളുടെ പേരിലായിരുന്നില്ല, കരുത്തനായ നേതാവിന്റെ പേരിലായിരുന്നു, രാജ്യത്തിന്റെ ഭാവി വിശ്വസിച്ചേല്‍പ്പിക്കാവുന്നവന്‍. എന്തു പ്രശ്നമായാലും അയാള്‍ ശരിയാക്കിത്തരും. എന്തു ഭീഷണിയും അത് ആഭ്യന്തരമോ വൈദേശികമോ ആകട്ടെ അയാള്‍ ഇല്ലാതാക്കും. എങ്ങനെയെന്ന് പറയേണ്ട കാര്യം അയാള്‍ക്കില്ല. ഇന്നിപ്പോള്‍ ഒരു നയത്തിന്റെയും ആശയത്തിന്റെയും പേരിലല്ലാത്ത ‘പുടിനിസം’ ഉണ്ട്. സ്വന്തം ജനതയെ എല്ലാ ഭീഷണികളില്‍ നിന്നും ഒറ്റയ്ക്ക്  ചെറുക്കുന്ന ഒരാള്‍.

ജനാധിപത്യത്തെ അത്തരം മുന്നേറ്റങ്ങള്‍ കയ്യേറുന്നത് മനസിലാക്കാന്‍  ഇന്നതെ റിപ്പബ്ലിക്കന്‍ കക്ഷിയെ നോക്കിയാല്‍ മതി. മനുഷ്യ മനസുകളുടെ എല്ലാ ഭയങ്ങളെയും, പൊങ്ങച്ചങ്ങളെയും, ആഗ്രഹങ്ങളെയും അരക്ഷിതാവസ്ഥകളെയും ഈ മുന്നേറ്റങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നു. ജനാധിപത്യത്തില്‍ ചുരുങ്ങിയത് രാഷ്ട്രീയക്കാര്‍ക്കെങ്കിലും വിലമതിക്കുന്ന കാര്യം സമ്മതിദായകര്‍ എന്താവശ്യപ്പെടുന്നു എന്നതാണ്- vox Populi vox Dei (ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്). ഒരു ജനകീയ മുന്നേറ്റം അതുകൊണ്ട് ശക്തവും എതിര്‍ക്കുന്നവരെ സംബന്ധിച്ചു ഭയാനകവുമാണ്. ഒരൊറ്റ നേതാവ് നിയന്ത്രിക്കുമ്പോള്‍ അത് നേതാവ് തെരഞ്ഞെടുക്കുന്ന ആര്‍ക്ക് നേരെയും അത് പ്രയോഗിക്കപ്പെടും. നേതാവിനെ വിമര്‍ശിക്കുകയോ എതിര്‍ക്കുകയോ ചെയ്താല്‍ അയാള്‍ എത്ര ജനകീയനായാലും കാര്യമില്ലാതാകുന്നു. അയാളൊരു യുദ്ധവീരനായിരിക്കും. പക്ഷേ നേതാവ് അയാളുടെ സാഹസകൃത്യങ്ങളെ അപഹസിച്ചാല്‍ അണികള്‍ ചിരിക്കുകയും അയാളെ കൂവുകയും ചെയ്യും. അയാള്‍ പാര്‍ടിയുടെ മൂല്യങ്ങളുടെ ഏറ്റവും വലിയ കാവല്‍ക്കാരനായ നേതാവായിരിക്കും.പക്ഷേ  നേതാവിനെ പിന്തുണയ്ക്കാന്‍ വൈകിയാല്‍ അയാള്‍ രാഷ്ട്രീയ മരണം നേരിടും.

അത്തരമൊരു സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുകള്‍ കുറവാണ്. ഒന്നുകില്‍ നേതാവിനൊപ്പം നില്‍ക്കുക, അല്ലെങ്കില്‍ ചതഞ്ഞരയുക. മനുഷ്യരാശി അത്തരം സാഹചര്യങ്ങളില്‍ പ്രവചിക്കാവുന്ന വിഭാഗങ്ങളായി വേര്‍തിരിയും- ജനാധിപത്യ രാഷ്ട്രീയക്കാരെ എളുപ്പം പ്രവചിക്കാം. ആര്‍ത്തികൊണ്ട് ആള്‍ക്കൂട്ടത്തില്‍ കേറിപ്പറ്റുന്നവരാണ് ചിലര്‍. പുതിയ വ്യവസ്ഥയില്‍ നേതാവ് തങ്ങള്‍ക്ക് വലിയ പദവികള്‍ തരുമെന്ന മോഹത്തില്‍ അവര്‍ നേതാവിന്റെ പരസ്പരബന്ധമില്ലാത്ത പ്രസംഗങ്ങളെ യുക്തിയുടെ ആരംഭം എന്ന മട്ടില്‍ പുകഴ്ത്തും. മറ്റ് ചിലര്‍ എങ്ങനെയെങ്കിലും കഴിഞ്ഞുകൂടിയാല്‍ മതി എന്ന മട്ടുകാരാണ്. അവരുടെ ആത്മാഭിമാനം ഈ വാഴ്ത്തുപാട്ടുകള്‍ പാടാന്‍ അവരെ അനുവദിക്കില്ല. അവര്‍ തങ്ങളുടെ പിന്തുണ പിറുപിറുക്കും. സ്റ്റാലിന്റെ വിചാരണ പ്രഹസനങ്ങളിലെ ഇരകളെപ്പോലെ. എന്തൊക്കെയായാലും അന്ത്യത്തില്‍ നേതാവും കൂട്ടരും തങ്ങള്‍ക്ക് കാത്തുവെച്ചതെന്തെന്ന് അവര്‍ തിരിച്ചറിയില്ല.

വലിയൊരു വിഭാഗം അസാധാരണമായി ഒന്നും സംഭവിച്ചില്ലല്ലോ എന്ന മട്ടില്‍ സ്വയം മണ്ടന്മാരാകാന്‍ ശ്രമിക്കും. ഈ കാറ്റൊന്നു വീശിപ്പോയാല്‍ കഷണങ്ങള്‍ പെറുക്കി നമുക്ക് വീണ്ടും പണിയാമെന്നും. എന്തായാലും നേതാവിന്റെ പിന്നിലെ ആള്‍ക്കൂട്ടത്തെ വെറുപ്പിക്കരുത്. അവര്‍ സമ്മതിദായകരാണ്, കൂട്ടത്തില്‍ ഇനിയും കൂട്ടേണ്ടവരാണ്. ട്രംപായാലും ഉപദേശിച്ചും നിയന്ത്രിച്ചും അയാളെ രൂപപ്പെടുത്താം എന്നും നമ്മുടെ തടി സംരക്ഷിക്കാമെന്നും ആശ്വസിക്കും.

ഇവര്‍ കാണാത്തതും കാണാന്‍ കഴിയാത്തതുമായ കാര്യം ഒരിക്കല്‍ അധികാരത്തിലെത്തിയാല്‍ ട്രംപ് ഇവരെയോ ഇവരുടെ പാര്‍ട്ടിയെയോ തിരിഞ്ഞുനോക്കില്ല എന്നതാണ്. ഒരാള്‍ക്കൂട്ടമാണ് അയാളെ വൈറ്റ് ഹൌസില്‍ എത്തിച്ചത്. അപ്പോഴേക്കും അണികള്‍ അഭൂതപൂര്‍വമായി പെരുകിയിരിക്കും. ഇന്നിപ്പോള്‍ യോഗ്യരായവരില്‍ 5% മാത്രമേ ട്രംപിന് വോട്ട് ചെയ്തിട്ടുള്ളൂ. പക്ഷേ അയാള്‍ ജയിച്ചാല്‍ അത് രാജ്യത്തെ ഭൂരിപക്ഷമാകും. അന്നയാളുടെ അധികാരത്തെക്കുറിച്ച് ആലോചിച്ചു നോക്കൂ. ഇതിനെല്ലാമപ്പുറം അമേരിക്കന്‍ പ്രസിഡന്റിന്റെ വലിയ അധികാരങ്ങളും: നിയമ വകുപ്പ്, എഫ് ബി ഐ, രഹസ്യാന്വേഷണ ഏജന്‍സികള്‍, സൈന്യം. ആര്‍ക്കാണയാളെ അന്നെതിര്‍ക്കാനാവുക? അയാള്‍ ദുര്‍ബലനായിരിക്കവെപ്പോലും അയാള്‍ക്കുമുന്നില്‍ കുനിഞ്ഞുനിന്ന റിപ്പബ്ലിക്കന്‍ കക്ഷിക്ക് എന്തായാലും കഴിയില്ല. ട്രംപിനെ പോലൊരാള്‍ അധികാരം കിട്ടിയാല്‍ കൂടുതല്‍ ദയാപരനും, സ്നേഹസമ്പന്നനും, നീതിബോധമുള്ളയാളും ആകുമോ? വലിയ അധികാരം അഴിമതി മുക്തമാക്കുകയാണോ ചെയ്യുക?

പട്ടാള ബൂട്ടുകളും അഭിവാദ്യങ്ങളുമായല്ല (അഭിവാദ്യവും അല്പം സംഘര്‍ഷവും ഉണ്ടെങ്കിലും)പക്ഷേ ഒരു ടെലിവിഷന്‍ വ്യാപാരിയുടെ, ഒരു പൊങ്ങച്ചക്കാരനായ കോടീശ്വരന്റെ, ജനങ്ങളുടെ അസംതൃപ്തിയും അരക്ഷിതാവസ്ഥയും മുതലാക്കുന്ന ഒരു താന്‍പ്രമാണിത്തക്കാരന്റെ, ഭയമോ, അന്ധമായ പാര്‍ടി വിധേയത്വമൊ മൂലം അയാളുടെ പിന്നില്‍ അണിനിരന്ന ഒരു ദേശീയ കക്ഷിയിലൂടെയാണ് ഫാസിസം അമേരിക്കയില്‍ വരുന്നത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍