UPDATES

വിദേശം

നാലു വര്‍ഷങ്ങളും ട്രംപിന്റെ കുടിയേറ്റ നിരോധനവും മറികടന്നു ഒരു കുഞ്ഞ് കുടുംബത്തോട് ചേര്‍ന്നപ്പോള്‍

സമീറ ദഹിറിന് പാതിരാത്രിയിലാണ് ആ ഫോണ്‍ വന്നത്: ഉഗാണ്ടയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നു അമേരിക്കയിലേയ്ക്ക് പുറപ്പെടാനിരുന്ന തന്‍റെ നാലു വയസ്സുകാരി മകള്‍ക്ക് വരാന്‍ പറ്റില്ല എന്നറിയിക്കാനായിരുന്നു ആ വിളി

കാറ്റി സെസിമ

സമീറ ദഹിറിന് പാതിരാത്രിയിലാണ് ആ ഫോണ്‍ വന്നത്: ഉഗാണ്ടയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നു അമേരിക്കയിലേയ്ക്ക് പുറപ്പെടാനിരുന്ന തന്‍റെ നാലു വയസ്സുകാരി മകള്‍ക്ക് വരാന്‍ പറ്റില്ല എന്നറിയിക്കാനായിരുന്നു ആ വിളി. അഭയാര്‍ത്ഥികള്‍ യുണൈറ്റഡ് സ്റ്റേറ്റ്സിലേയ്ക്ക് കടക്കുന്നതു തടഞ്ഞു കൊണ്ട് പ്രസിഡന്‍റ് ട്രംപ് ദിവസങ്ങള്‍ക്കു മുന്‍പ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഓര്‍ഡര്‍ മൂലമായിരുന്നു അത്.

സോമാലിയന്‍ അഭയാര്‍ത്ഥിയായ ദഹിര്‍ മിനിയപൊളിസിലാണ് താമസിക്കുന്നത്. തന്‍റെ മൂത്ത രണ്ടു കുട്ടികളുമായി 2013ല്‍ ക്യാമ്പ് വിട്ടതു മുതല്‍ ഇളയ മകളായ മുഷ്ക്കാദിനു വേണ്ടി കാത്തിരിക്കുകയാണ് അവര്‍. മകള്‍ക്ക് യുഎസ്സിലെത്താനുള്ള അനുമതിയായെന്ന് ഡിസംബറില്‍ അറിഞ്ഞിരുന്നു. എട്ടും ഏഴും വയസ്സുള്ള മുഅഹിബിനും മുംതാസിനുമൊപ്പം ഒരു മാസമായി ദഹിര്‍ അവളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. പുതിയ കിടയ്ക്കയും ഉടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങി. മുഷ്ക്കാദ് ചൊവ്വാഴ്ച മിനിയപൊളിസിലെത്തേണ്ടതായിരുന്നു.

അമ്മ യുഎസ്സില്‍ നിന്നയച്ച വെളുത്ത ഉടുപ്പുമണിഞ്ഞ്, മുടി പിന്നിക്കെട്ടിയും കൈകളില്‍ മൈലാഞ്ചിയിട്ടും ഒരുങ്ങിയിരിക്കുകയായിരുന്നു മുഷ്ക്കാദും. ഒപ്പം യാത്ര ചെയ്യുന്ന മേല്‍നോട്ടക്കാരിയോടൊപ്പം കംപാലയിലെ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് ട്രംപിന്‍റെ പുതിയ ഉത്തരവു പ്രകാരം യുഎസ്സിലേയ്ക്കുള്ള പ്രവേശനം നിഷേധിച്ച കാര്യം അറിഞ്ഞത്.

ആഫ്രിക്കയില്‍ നിന്നെത്തിയ വാര്‍ത്തയറിഞ്ഞു തളര്‍ന്നു പോയ ദഹിര്‍ മകളെ എങ്ങനെ അമേരിക്കയിലെത്തിക്കാം എന്ന ചിന്തയിലായി. തുടര്‍ന്നുള്ള ഏതാനും ദിവസങ്ങള്‍ രാവെന്നും പകലെന്നുമില്ലാതെ അവര്‍ ഓടി നടക്കുകയായിരുന്നു. മിനിയപൊളിസിലെ അഭിഭാഷകരുടെയും സാമൂഹ്യ സേവന സംഘടനകളുടെയും യു‌എസ് സെനറ്റിന്‍റെയും ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെയുമെല്ലാം ഓഫീസുകളില്‍ കയറിയിറങ്ങി നടത്തിയ ശ്രമങ്ങള്‍ മിനിയപൊളിസ് സെന്‍റ് പോള്‍സ് ഇന്‍റര്‍നാഷണല്‍ എയര്‍ പോര്‍ട്ടിലാണ് അവസാനിച്ചത്. വ്യാഴാഴ്ച രാത്രിയോടെ മുഷ്ക്കാദ് തന്‍റെ കുടുംബത്തോടൊപ്പം ചേര്‍ന്നു.

ഇനിയെന്നും അമ്മയോടൊപ്പം താമസിക്കണം എന്നാണ് അവള്‍ ഏറ്റവുമാദ്യം ആവശ്യപ്പെട്ടത്.

“ഒരുപാടു പേര്‍ നൂറുകണക്കിനു മണിക്കൂറുകളാണ് അതിനായി പരിശ്രമിച്ചത്. നിയമ വ്യവഹാരം നടത്തിയോ ഏതു വിധേനയും ഈ കുട്ടിയെ കൊണ്ടു വരണമെന്ന് ഞങ്ങള്‍ ഉറപ്പിച്ചിരുന്നു,” മിനസോട്ട യൂണിവേഴ്സിറ്റി ലോ സ്കൂളിലെ സെന്‍റര്‍ ഫോര്‍ ന്യൂ അമേരിക്കന്‍സിന്‍റെ ഡയറക്റ്ററായ ബെഞ്ചമിന്‍ കാസ്പര്‍ സാഞ്ചെസ് പറഞ്ഞു. ഏഴു മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും മറ്റെല്ലാവരെയും തടഞ്ഞു കൊണ്ടുള്ള ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ നിയമപരമായോ ഭരണഘടനാപരമായോ നിലനില്‍ക്കുന്നതല്ലെന്ന് സാഞ്ചെസ് വാദിക്കുന്നു.

മുഷ്ക്കാദിന്‍റെ കാര്യത്തില്‍ സംഭവിച്ചതു പോലെയുള്ള സന്തോഷകരമായ കൂടിച്ചേരല്‍ അപൂര്‍വ്വമായേ നടക്കുന്നുള്ളൂവെന്ന് അദ്ദേഹം പറയുന്നു. “ഈ സൌകര്യങ്ങളും സഹായവും ലഭിക്കാത്ത ആയിരക്കണക്കിനു പേരുണ്ട്. അതില്‍ പലരുടേയും സമാനമായ അവസ്ഥയാണ്.”

2005ല്‍ സോമാലിയ വിട്ടതിനു ശേഷമുള്ള തന്‍റെ ജീവിതത്തെ കുറിച്ച് ഒരു ദ്വിഭാഷിയുടെ സഹായത്തോടെ വെള്ളിയാഴ്ച നടത്തിയ അഭിമുഖത്തില്‍ ദഹിര്‍ സംസാരിച്ചു. മൂത്ത പെണ്‍കുട്ടികള്‍ ജനിച്ചത് അഭയാര്‍ത്ഥി ക്യാംപിലാണ്. അവിടെ നിന്നാണ് യുഎസ്സിലേയ്ക്കുള്ള അഭയാര്‍ത്ഥിയാകാന്‍ അപേക്ഷ കൊടുത്തത്. അമ്മയ്ക്കും രണ്ടു പെണ്‍കുട്ടികള്‍ക്കും വീസ ലഭിച്ചു.

മുഷ്ക്കാദ് ജനിച്ചത് അതിനു ശേഷമാണ്. കുഞ്ഞിനു വീസ ലഭിക്കണമെന്നുണ്ടെങ്കില്‍ ആദ്യം മുതലേ എല്ലാ നടപടികളും തുടങ്ങേണ്ടി വരുമെന്ന് അപ്പോഴാണ് അവര്‍ക്കു മനസ്സിലായത്. ജീവിതത്തിലെ ഏറ്റവും വേദനയുണ്ടാക്കിയ തീരുമാനം അന്ന് എടുക്കേണ്ടി വന്നു: ഒന്നുകില്‍ കുടുംബത്തിന്‍റെ ഒന്നാകെയുള്ള വീസ നടപടികള്‍ ആദ്യമേ തുടങ്ങുക, അല്ലെങ്കില്‍ ഇളയ കുഞ്ഞിനെ ഉഗാണ്ടയിലെ ഒരു കുടുംബ സുഹൃത്തിനെ ഏല്‍പ്പിച്ചിട്ട് മുഅഹിബിനെയും മുംതാസിനെയും കൂട്ടി യുഎസ്സിലേയ്ക്ക് പോകുക. അവിടെയെത്തിയ ശേഷം ഇളയ കുഞ്ഞിനെ കുടുംബത്തോടു ചേര്‍ക്കാനുള്ള അപേക്ഷ കൊടുക്കുക, ഇതായിരുന്നു ദഹിറിന് കിട്ടിയ നിര്‍ദ്ദേശം. ഒരു വര്‍ഷത്തില്‍ താഴെ സമയമേ ഇതിനു വേണ്ടി വരൂ എന്നും പറഞ്ഞിരുന്നു. അങ്ങനെ അമ്മയും ചേച്ചിമാരും അമേരിക്കയിലേയ്ക്ക് തിരിക്കുമ്പോള്‍ അഞ്ചു മാസം മാത്രമായിരുന്നു മുഷ്ക്കാദിന്‍റെ പ്രായം.

യു‌എസ് സിറ്റിസണ്‍ഷിപ്പ് & ഇമിഗ്രേഷന്‍ സര്‍വീസസ് ചട്ടമനുസരിച്ച് അഭയാര്‍ത്ഥിയാകാനുള്ള അപേക്ഷയില്‍ കുട്ടിയെയും ഉള്‍പ്പെടുത്തണം. അല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് അഭയം നല്‍കിക്കൊണ്ടുള്ള അനുമതി ലഭിക്കുന്നതിനു മുന്‍പു ജനിച്ചതോ ഗര്‍ഭം ധരിച്ചതോ ആയ കുഞ്ഞായിരിക്കണം.

എന്നാല്‍ റീയൂണിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ മൂന്നു വര്‍ഷമെടുത്തു. അത്രയും കാലം അഭയാര്‍ത്ഥികളെ പുനരധിവാസത്തിനു സഹായിക്കുന്ന Lutheran സോഷ്യല്‍ സര്‍വീസസിലും ശേഷം സെനറ്റര്‍മാരായ അല്‍ ഫ്രാങ്കന്‍റെയും (ഡെമോക്രാറ്റിക്) എയ്മി ക്ലോബുഷാറിന്‍റെയും (ഡെമോക്രാറ്റിക്) ഓഫീസുകളിലും ദഹിര്‍ ജോലി ചെയ്തു. മുഷ്ക്കാദിന് അമേരിക്കയിലെത്താനുള്ള ക്ലിയറന്‍സ് ശരിയായെന്നു ഡിസംബറിലെത്തിയ വാര്‍ത്ത തന്നെ ആവേശഭരിതയാക്കിയെന്നും എന്നാല്‍ തിങ്കളാഴ്ച അതിരാവിലെ വന്ന ഫോണ്‍ വിളിയോടെ താന്‍ തകര്‍ന്നു പോയെന്നും അവര്‍ പറയുന്നു.

“നെഞ്ചുംകൂടു തകര്‍ന്നു ഹൃദയം വെളിയില്‍ വന്നതു പോലെ തോന്നി”യെന്നാണ് അവര്‍ ദ്വിഭാഷി വഴി പറഞ്ഞത്.

മിനസോട്ടയിലെ ഇമിഗ്രന്‍റ് ലോ സെന്‍ററിലെ അഭിഭാഷകര്‍ ഉടനെ രംഗത്തിറങ്ങി. ആവശ്യമെങ്കില്‍ സമര്‍പ്പിക്കാന്‍ ഹര്‍ജി തയ്യാറാക്കി വച്ചു. ട്രംപ് ഭരണകൂടം പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഓര്‍ഡറില്‍ ലക്ഷ്യം വച്ചിരിക്കുന്ന രാജ്യങ്ങളിലൊന്ന് സോമാലിയയാണ്. ആ ഓര്‍ഡര്‍ ഭരണഘടനാ വിരുദ്ധമാണെന്നു കാണിച്ചുകൊണ്ട് മിനസോട്ട അറ്റോര്‍ണി ജനറല്‍ ലോറി സ്വാന്‍സണ്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ മുഷ്ക്കാദിന്‍റെ കേസ് ഉദാഹരണമായി കാണിച്ചിരുന്നു.

സാഹചര്യം അനുസരിച്ച് ഓരോ കേസുകളും പരിഗണിക്കപ്പെടുമെന്ന ഭരണകൂട ഭാഷയില്‍ പിടിച്ച് ഫ്രാങ്കനും ക്ലോബുഷാറും മുഷ്ക്കാദിനെ യുഎസ്സിലെത്തിക്കാന്‍ അശ്രാന്ത പരിശ്രമം തന്നെ നടത്തി. ദഹിറിന്‍റെ കാര്യം ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ജോണ്‍ എഫ്. കെല്ലിയുമായി സംസാരിച്ചതായി രണ്ടു പേരും പറഞ്ഞു.

“ഇത്തരം ഒരുത്തരവിലൂടെ ഇങ്ങനെയുള്ള അനേകം കുടുംബങ്ങളെ ദുരിതത്തിലാഴ്ത്താമെന്ന് ട്രംപ് ഭരണകൂടം കരുതിയിരിക്കില്ല,” ക്ലോബുഷാര്‍ പറയുന്നു.

തന്‍റെ ഏജന്‍സി മുഷ്ക്കാദിന്‍റെ കാര്യമറിഞ്ഞത് രണ്ടു സെനറ്റര്‍മാര്‍ വഴിയാണെന്ന് യു‌എസ് കസ്റ്റംസ് & ബോര്‍ഡര്‍ പട്രോള്‍ ആക്ടിങ് ഡയറക്റ്റര്‍ കെവിന്‍ കെ. മക്കലീനന്‍ വെള്ളിയാഴ്ച രാത്രി വൈകി അറിയിച്ചു. കസ്റ്റംസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റുമായും അവര്‍ ഇന്‍റര്‍നാഷണല്‍ മൈഗ്രേഷന്‍ ഓഫീസുമായും ബന്ധപ്പെട്ടു. ഓര്‍ഡര്‍ നടപ്പാക്കുന്നത് അതീവ ശ്രദ്ധയോടെയാണെന്നും മുഷ്ക്കാദിന്‍റേത് പോലെ വ്യത്യസ്തമായ കേസുകള്‍ തിരിച്ചറിയപ്പെടുന്നുവെന്നും ഉറപ്പാകാന്‍ ഒരു ടീം പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുതലുള്ള കണക്കുകള്‍ പ്രകാരം 87 കേസുകളില്‍ അനുഭാവത്തോടെയുള്ള നിലപാട് കൈക്കൊണ്ടിട്ടുണ്ട്.

“യുഎസ്സില്‍ നിയമപരമായി താമസിക്കുന്ന, ഞങ്ങളുടെ ഒരു കുടുംബത്തിനാണ് ഇവിടെ മകളെ പിരിഞ്ഞിരിക്കേണ്ടി വന്നത്. കുടുംബാംഗങ്ങള്‍ ഒന്നിക്കുന്നത് ഞങ്ങളുടെ ദേശീയ താല്‍പ്പര്യം കൂടിയാണ്,” മക്കലീനന്‍ പറഞ്ഞു.

ബുധനാഴ്ച രാത്രി ദഹിറിന് മറ്റൊരു ഫോണ്‍ വന്നു: മുഷ്ക്കാദ് ഉടനെ തന്നെ മിനിയപൊളിസിലേയ്ക്കു തിരിക്കും എന്നറിയിക്കാനായിരുന്നു അത്.

ആ നാലു വയസ്സുകാരി കംപാലയില്‍ നിന്ന് വിമാനമാര്‍ഗ്ഗം അബുദാബിയിലെത്തി. അവിടെ ഏഴു മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു യാത്ര തുടരാന്‍. അടുത്ത ഫ്ലൈറ്റില്‍ കയറാന്‍ വിലക്കുണ്ടായേക്കുമോ എന്നായിരുന്നു അഭിഭാഷകരുടെ ഭയം. പക്ഷേ അവിടെ വച്ചാണ് അമേരിക്കയിലെത്താനായി ദേശീയ താല്‍പ്പര്യപ്രകാരമുള്ള ഇളവ് മുഷ്ക്കാദിനായി അനുവദിക്കപ്പെട്ടത്.

കസ്റ്റംസ് ക്ലിയറന്‍സിനിടെ ഒരുദ്യോഗസ്ഥന്‍ തന്‍റെ അമേരിക്കന്‍ ഫ്ലാഗ് പിന്നൂരി അവളുടെ ഉടുപ്പില്‍ കുത്തിക്കൊടുത്തു.

പിന്നെയായിരുന്നു ഷിക്കാഗോയിലെ ഓഹെയ്ര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേയ്ക്കുള്ള 15 മണിക്കൂര്‍ നീണ്ട ഫ്ലൈറ്റ്. അവിടെ ഇമിഗ്രേഷനില്‍ അവസാന നിമിഷം പ്രശ്നങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ സഹായിക്കാനായി അഭിഭാഷകര്‍ കാത്തു നിന്നിരുന്നു.

അവസാനം മുഷ്ക്കാദ് മിനസോട്ടയിലേയ്ക്കുള്ള ഫ്ലൈറ്റില്‍ കയറി.

അവിടെ ദഹിറും അവളുടെ സഹോദരിമാരും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. മുഷ്ക്കാദിനെ കണ്ട ആവേശത്തില്‍ സെക്യൂരിറ്റിയുടെ ഇടയിലൂടെ ഓടിച്ചെന്നു കെട്ടിപ്പിടിക്കാന്‍ വരെ അവര്‍ ശ്രമിച്ചു. മൂന്നുപേരും ഒരു പോലെയുള്ള പിങ്ക് കോട്ടുകളും സ്കാര്‍ഫുകളുമായിരുന്നു ധരിച്ചിരുന്നത്.

“ഞാന്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പു തന്നെ അവള്‍ മമ്മി, മമ്മി, മമ്മി എന്ന് വിളി തുടങ്ങി,” ദഹിര്‍ ഓര്‍ക്കുന്നു. വ്യാഴാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കും അവരെ പിന്തുണച്ചവര്‍ക്കുമൊപ്പം അവര്‍ ഡിന്നറിനു പോയി. തുടര്‍ന്നു നടന്ന പാര്‍ട്ടിയില്‍ ‘മുഖ്യാതിഥി’ സമ്മാനപ്പൊതികള്‍ കൈപ്പറ്റുകയും കേക്ക് മുറിക്കുകയും ചെയ്തു. മഞ്ഞയും പിങ്കും നീലയും നിറങ്ങളിലുള്ള ബലൂണുകള്‍ കൊണ്ട് അലങ്കരിച്ച കേക്കില്‍ ‘മുഷ്ക്കാദിന് സ്വാഗതം’ എന്നെഴുതിയിരുന്നു.

ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഓര്‍ഡറിനെ കുറിച്ച് കൂടുതലൊന്നും സംസാരിക്കാന്‍ തയ്യാറായില്ലെങ്കിലും അഭയാര്‍ത്ഥികള്‍ നിസ്സഹായരാണെന്നും സ്വന്തം രാജ്യത്ത് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതത്വമോ വിദ്യാഭ്യാസ സൌകര്യങ്ങളോ കിട്ടാതെ വരുമ്പോഴാണ് അവര്‍ പലായനം ചെയ്യുന്നതെന്ന് അദ്ദേഹവും കൂട്ടരും ഓര്‍ക്കണമെന്നും മാത്രം അവര്‍ ദ്വിഭാഷിയുടെ സഹായത്തോടെ പറഞ്ഞു.

“അഭയാര്‍ത്ഥിയായ ഓരോ അമ്മയും ആഗ്രഹിക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസവും തങ്ങളുടേതിനേക്കാള്‍ മെച്ചപ്പെട്ട ഒരു ജീവിതവുമാണ്,” ദഹിര്‍ വിശദീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍