UPDATES

വിദേശം

യു.എസിലായാലും കേരളത്തിലായാലും വംശീയവിദ്വേഷികളെ തുറന്നുകാട്ടുക തന്നെ വേണം

Avatar

ടീം അഴിമുഖം

യുഎസിലേക്ക് മുസ്ലീങ്ങളെ പ്രവേശിപ്പിക്കുന്നതിന് പൂര്‍ണനിരോധനം ഏര്‍പ്പെടുത്തണമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് മത്സരിക്കാന്‍ സാധ്യതയുള്ള ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടത് ഡിസംബര്‍ ഏഴിനാണ്. 2016 നവംബര്‍ എട്ടിനു നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ ഏറെ സാധ്യതയുള്ളയാളാണ് വന്‍ ബിസിനസുകാരനായ ട്രംപ്.

ട്രംപിന്റെ വംശീയ അധിക്ഷേപം പരക്കെ അപലപിക്കപ്പെട്ടു കഴിഞ്ഞു. മാധ്യമങ്ങള്‍ പക്ഷേ ധര്‍മസങ്കടത്തിലായി. ട്രംപിനെ വംശീയവിദ്വേഷി എന്നു വിളിക്കണോ അതോ മയത്തില്‍ കൈകാര്യം ചെയ്യണോ എന്നതായിരുന്നു അവര്‍ക്കു മുന്നിലുള്ള ചോദ്യം.

സമുദായവിദ്വേഷവും വിഭാഗീയതയും വളര്‍ത്തുന്ന രാഷ്ട്രീയ സ്ഥാനമോഹികളുടെ പ്രസ്താവനകളിലൂടെ കടന്നുപോകുന്ന കേരളത്തില്‍ ട്രംപ് ഉണ്ടാക്കുന്ന വിവാദത്തിന് പ്രസക്തിയുണ്ട്. വോട്ടുനേടാനുള്ള പരക്കംപാച്ചിലില്‍ സംസ്ഥാനത്തെ സാമുദായികമായി വിഭജിക്കാന്‍ എല്ലാ വഴികളും നോക്കുകയാണ് കേരളത്തിലെ രാഷ്ട്രീയം.

വ്യാപകപ്രതിഷേധമുണ്ടാക്കിയ ട്രംപിന്റെ പ്രസ്താവനയ്ക്കുശേഷം ബസ്ഫീഡ് എഡിറ്റര്‍ ബെന്‍ സ്മിത്ത് സഹപ്രവര്‍ത്തകര്‍ക്ക് എഴുതിയ കത്താണിത്. ട്രംപിനെ ‘കള്ളനായ വംശീയവിദ്വേഷി’ എന്നുവിളിക്കുന്നതില്‍ തെറ്റില്ലെന്ന് ബെന്‍ ഇതില്‍ തെളിച്ചുപറയുന്നു.

നമ്മുടെ നാട്ടിലും രാഷ്ട്രീയക്കാരുടെ സമുദായ ധ്രുവീകരണരീതികള്‍ക്കെതിരെ കൂടുതല്‍ ക്രിയാത്മകമായി പ്രതികരിക്കാന്‍ മാധ്യമങ്ങള്‍ തയാറാകേണ്ടതല്ലേ? ബെന്‍ സ്മിത്തിന്റെ കത്ത് മലയാളം മാധ്യമങ്ങള്‍ക്ക് മുന്നോട്ടുള്ള വഴി കാണിച്ചുതരുന്നില്ലേ?

ബെന്‍ പറഞ്ഞത് ഇതാണ്:

ഡൊണാള്‍ഡ് ട്രംപിനെ സാമൂഹിക മാധ്യങ്ങളില്‍ എങ്ങനെ പരാമര്‍ശിക്കണമെന്നതിനെപ്പറ്റി ഒന്നുരണ്ടു ചോദ്യങ്ങളുണ്ട് – ട്രംപിനെ കള്ളനെന്നോ വംശീയവാദിയെന്നോ വിളിക്കുന്നത് സാമൂഹികമാധ്യമങ്ങളില്‍ രാഷ്ട്രീയമായി പക്ഷംചേരരുത് എന്ന നമ്മുടെ നയത്തിന് വിരുദ്ധമാകുമോ എന്നതാണ് ഒരു ചോദ്യം.

ബസ്ഫീഡ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം കര്‍ശനമായ ഈ നയത്തിന് രണ്ടു ലക്ഷ്യങ്ങളാണുള്ളത്. നാം നീതിപൂര്‍വമായി പ്രവര്‍ത്തിക്കും എന്ന വായനക്കാരുടെ വിശ്വാസം നിലനിര്‍ത്തുക എന്നതാണ് ഒന്ന്. അതത് ബീറ്റുകള്‍ കൈകാര്യം ചെയ്യുന്ന റിപ്പോര്‍ട്ടര്‍മാരുടെ ജോലിയെ അനാവശ്യമായി താഴ്ത്തിക്കെട്ടാതിരിക്കുക എന്നതാണ് മറ്റൊന്ന്.

ഇങ്ങനെ നോക്കുമ്പോള്‍, സാധാരണ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാക്കാവുന്ന രാഷ്ട്രീയ പ്രചാരണത്തിനപ്പുറമാണ് ട്രംപിന്റെ പ്രവര്‍ത്തനം.

ഉദാഹരണത്തിന് ട്രംപിനെ കള്ളനായ വംശവിദ്വേഷി എന്നു വിളിക്കുന്നത് വളരെ ന്യായമാണ്. നമ്മുടെ രാഷ്ട്രീയറിപ്പോര്‍ട്ടര്‍മാരും മറ്റുള്ളവരും നിരന്തരം വ്യക്തമാക്കിയിട്ടുള്ളതുപോലെ ട്രംപ് സത്യമല്ലാത്ത കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒപ്പം കടുത്ത മുസ്ലിം വിരോധം പ്രചരിപ്പിക്കുകയും ചെയ്യുന്നു. ബസ്ഫീഡ് ന്യൂസിന്റെ റിപ്പോര്‍ട്ടിങ് വസ്തുതകളില്‍ അധിഷ്ഠിതമാണ്; അഭിപ്രായങ്ങളിലല്ല. ഇവ ശരിയായ വസ്തുതകളാണ്.

ട്രംപിന്റെ പ്രചാരണത്തെപ്പറ്റി വസ്തുതകളാണ് നാം പ്രസിദ്ധീകരിക്കുന്നത്. ഇവ ട്വിറ്ററില്‍ കൊടുക്കുന്നത് നിങ്ങളെ കുഴപ്പത്തിലാക്കില്ല. എന്നാല്‍ ട്രംപിന്റെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയോ കണ്‍സര്‍വേറ്റിവുകളുടെയോ അഭിപ്രായമാണെന്നു പറയാന്‍ കഴിയില്ല. ഇന്നലെ ഡിക്ക് ചീനി ട്രംപിനെ അപലപിച്ചത് ഉദാഹരണം.

ട്വിറ്ററിലെ രാഷ്ട്രീയ ട്രോള്‍ യുദ്ധങ്ങളില്‍നിന്നു വിട്ടു നില്‍ക്കേണ്ടതിന് വേറെ നല്ല കാരണങ്ങളുണ്ട്. ട്രോള്‍ യുദ്ധങ്ങള്‍ക്കെതിരെയാണ് എന്റെ നിലപാടും. പക്ഷേ ഡൊണാള്‍ഡ് ട്രംപിനെ കൃത്യമായി വിവരിക്കുന്നതില്‍ പക്ഷപാതപരമായി ഒന്നുമില്ല.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍