UPDATES

വിദേശം

മുസ്ലിം വിരോധം പ്രസംഗിച്ച് ട്രംപ് നേടുന്ന മാധ്യമശ്രദ്ധ

Avatar

കാലെവ് ലീടാരു
(വാഷിങ്ടണ്‍ പോസ്റ്റ്)

മാധ്യമങ്ങള്‍ക്ക് ഡൊണാള്‍ഡ് ട്രംപിനോടുള്ള ആകര്‍ഷണം നഷ്ടമായതായി ഞാന്‍ മുന്‍പ് എഴുതിയിരുന്നു. ആ സമയത്ത് ആഴ്ചകളോളം ട്രംപിന്റെ പ്രചാരണം ടിവിയിലെ പ്രധാനമല്ലാത്ത ഒരു വാര്‍ത്ത മാത്രമായി ഒതുങ്ങിയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ എതിരാളികളുടെ പ്രചാരണത്തിന് ഒപ്പമോ അതിലും താഴെയോ മാത്രമായിരുന്നു ട്രംപിനു ലഭിച്ച പ്രാധാന്യം.

എന്നാല്‍ ഇന്ന് കഥ മാറിയിരിക്കുന്നു. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു പുതിയ റെക്കോഡിന് ഉടമയാകാന്‍ ഡിസംബര്‍ ഒന്‍പതിന് ട്രംപിനു കഴിഞ്ഞു. ദേശീയ ടിവി ചാനലുകളില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളെപ്പറ്റി വന്ന പരാമര്‍ശങ്ങളില്‍ 76 ശതമാനം ട്രംപിനെപ്പറ്റിയായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെപ്പറ്റിയുള്ള പരാമര്‍ശങ്ങളില്‍ 82 ശതമാനവും ട്രംപിനെപ്പറ്റിത്തന്നെ.

അന്ന് ദേശീയ ചാനലുകളില്‍ 3,919 പ്രാവശ്യമാണ് ട്രംപ് പരാമര്‍ശിക്കപ്പെട്ടത്. സെപ്റ്റംബര്‍ 16ന് ഏറെ ജിജ്ഞാസ ഉണര്‍ത്തിയ ആദ്യ ഡിബേറ്റില്‍ ലഭിച്ച പരാമര്‍ശങ്ങളില്‍ നിന്ന് 750 എണ്ണം കൂടുതല്‍.

മുസ്ലിങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തണമെന്ന തന്റെ നിലപാടിനെ ന്യായീകരിക്കാന്‍ ചെലവിട്ട ഡിസംബര്‍ എട്ട് പ്രഭാതം മുതലാണ് ട്രംപിന്റെ ടിവി സാന്നിധ്യം സജീവമായത്. എന്നാല്‍ കുറച്ചുകൂടി പിന്നിലേക്കു പോയാല്‍ പാരിസ് ഭീകരാക്രമണത്തിനുശേഷമല്ല ട്രംപ് മാധ്യമശ്രദ്ധ ആകര്‍ഷിച്ചുതുടങ്ങിയത് എന്നു കാണാം. ഭീകരാക്രമണത്തിനുശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ഥിക്കും കാര്യമായ മാധ്യമസാന്നിധ്യ വര്‍ധനയുണ്ടായില്ല.

മുസ്ലിങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ അടങ്ങുന്ന ഡാറ്റാബേസ് ഉണ്ടാക്കണമെന്ന് നവംബര്‍ 19ന് ട്രംപ് നിര്‍ദേശിച്ചതാണ് മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ നിര്‍ദേശം വന്ന് 48 മണിക്കൂറില്‍ ട്രംപിന്റെ മാധ്യമ പരാമര്‍ശങ്ങള്‍  കുതിച്ചുയര്‍ന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളില്‍ 24 ശതമാനം എന്ന കണക്കില്‍നിന്ന് ഒറ്റയടിക്ക് ട്രംപ് 50 ശതമാനം പരാമര്‍ശങ്ങള്‍ പിടിച്ചെടുത്തു. ഇക്കഴിഞ്ഞ ബുധനാഴ്ച ഇത് വീണ്ടും കുതിച്ച് 82 ശതമാനത്തിലെത്തി.

ഊതിവീര്‍പ്പിച്ച നിര്‍ദേശങ്ങളും ടിവി ബൈറ്റുകളും കൊണ്ട് 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ മാധ്യമ റിപ്പോര്‍ട്ടുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ വീണ്ടും ട്രംപിനു കഴിയുന്നു എന്നതാണ് ഇത് കാണിക്കുന്നത്. പ്രസ്താവനകളില്‍ പ്രതിഷേധമുയരുമ്പോള്‍ ട്രംപ് മാധ്യമങ്ങളില്‍ നിറയുന്നു. ആത്യന്തികമായി തിരഞ്ഞെടുപ്പില്‍ ഇത് ട്രംപിനെ സഹായിക്കുമോ അതോ ഉപദ്രവിക്കുമോ എന്ന് കാണാനിരിക്കുന്നതേയുള്ളൂ.

(ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സൈബര്‍ ആന്‍ഡ്  ഹോംലാന്‍ഡ് സെക്യൂരിറ്റിയിലെ സീനിയര്‍ ഫെലോയാണ് ലീടാരു.)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍