UPDATES

പങ്കജ് മിശ്ര

കാഴ്ചപ്പാട്

പങ്കജ് മിശ്ര

വിദേശം

ട്രംപിന് നന്ദി പറയണം; എന്തുകൊണ്ട്?

പടിഞ്ഞാറന്‍ രാജ്യങ്ങളിലെ രാഷ്ട്രീയരംഗം പതിറ്റാണ്ടുകളായി ഡൊണാള്‍ഡ് ട്രംപിനെ പോലൊരാളെ കണ്ടിട്ടില്ല എന്നുറപ്പായും പറയാം. 2004-ല്‍ ഇറാഖില്‍ സൈനിക സേവനത്തിനിടെ കൊല്ലപ്പെട്ട യു.എസ് സേന ക്യാപ്റ്റന്‍ ഹുമയൂണ്‍ ഖാന്റെ മാതാപിതാക്കള്‍ക്ക് നേരെ അയാള്‍ നടത്തിയ ആക്രമണമാണ് അയാളുടെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പുതിയ ഞെട്ടിപ്പിക്കല്‍. പക്ഷേ നവംബറില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ദയനീയമായൊരു തോല്‍വിയിലേക്ക് അയാള്‍ അടിവെച്ചുനീങ്ങവേ, മന:പൂര്‍വമല്ലെങ്കിലും പൊതുജീവിതത്തിന് അയാള്‍ നല്കിയ രണ്ടു ഗുണപരമായ സംഭാവനകളെ നാം വിസ്മരിച്ചുകൂട.

ഒന്നാമതായി, മുസ്ലീങ്ങളെ നിര്‍ദയം ആക്രമിക്കുന്ന അയാളുടെ രീതിയിലൂടെ ഇസ്ലാമോഫോബിയ എന്നാല്‍ നമ്മുടെ സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന നിഷേധിക്കാനാകാത്ത ഒരു വാസ്തവമാണെന്ന് അയാള്‍ തെളിയിച്ചു. ഇപ്പോള്‍ വിചിത്രമെന്ന് തോന്നാമെങ്കിലും 9/11-നു ശേഷം മുസ്ലീം വിരുദ്ധതയുടെ വിസ്ഫോടനമുണ്ടായി എന്ന കാര്യം പലരും നിഷേധിച്ചിരുന്നു. ‘ഇസ്ലാമോഫോബിയ എന്നൊന്നില്ല’ എന്നു പറഞ്ഞ എഴുത്തുകാരന്‍ സാം ഹാരിസ് ഒരു ഒറ്റപ്പെട്ട ശബ്ദമായിരുന്നില്ല. ഇസ്ലാം ‘വിമര്‍ശനത്തിന്റെയും’‘പരിഷ്കരണത്തിന്റെയും’ പേരില്‍ വളരെ രൂക്ഷമായ മുന്‍വിധികളും വിവരമില്ലായ്മയും എഴുന്നള്ളിച്ചുക്കൊണ്ടിരുന്നു.

ഈ മുന്‍വിധിയുടെ ആഴത്തിലുള്ള അന്തരീക്ഷത്തിന്റെ പ്രതിഫലനമായാണ് യു.എസില്‍ നിന്നും മുസ്ലീങ്ങളെ നിരോധിക്കണമെന്ന ട്രംപിന്റെ പ്രസ്താവന വന്നത്. ഒരു ചെറിയ സംഘം മതതീവ്രവാദികളുടെ കുറ്റകൃത്യങ്ങള്‍ക്ക്, മുസ്ലീം എന്നു തോന്നിക്കുന്ന പേരുള്ള, ഇരുണ്ട തൊലിയുള്ള, താടിയും തലേക്കെട്ടുമുള്ള (നൂറുകണക്കിനു കോടിയാളുകള്‍) ആരെയും ഉത്തരവാദിയാക്കുന്ന ഈ വിദ്വേഷ പ്രചാരണത്തിന്റെ കണ്ണിലേക്ക് നോക്കാന്‍ അയാളുടെ വിജയകരമായ പ്രൈമറി പ്രചാരണം നമ്മെ സഹായിച്ചു. സംസ്കാരങ്ങളുടെ സംഘട്ടനത്തിനുള്ളിലെ വികൃത ഭാവനകള്‍ എത്രത്തോളമെത്താമെന്ന് ട്രംപിന്റെ വംശീയ വിദ്വേഷവും വെറുപ്പും നിറഞ്ഞ ജനപ്രിയത വെളിവാക്കിത്തന്നു.

അയാളുടെ അടുത്ത സംഭാവന നിര്‍ണായകമാണ്. എല്ലാ കപടവാചകമടിക്കാരെയും പോലെ തന്റെ ‘ഗോത്രത്തിന്റെ’ ഐക്യം ഉറപ്പാക്കാന്‍ ട്രംപ് അതിന്റെ ശത്രുക്കളെ വേര്‍തിരിക്കാന്‍ തുടങ്ങി-മുസ്ലീങ്ങള്‍, മെക്സിക്കോക്കാര്‍, കുടിയേറ്റക്കാര്‍ പൊതുവിലും. നിരപരാധികളായ മനുഷ്യരെ ബലിയാടുകളാക്കുന്ന രീതി ആദ്യകാല മനുഷ്യ ഗോത്രങ്ങളിലും കാണാം. ഐക്യത്തിന്റെ ബോധം നഷ്ടപ്പെടുന്ന ജനത ആഭ്യന്തരമോ വൈദേശികമോ ആയ ഒരു ശത്രുവിനെ പൈശാചികവത്കരിക്കുന്നു. പ്രാകൃത മതങ്ങള്‍ ഈ ഇരകളുടെ അനുഷ്ഠാനപരമായ ബലികളില്‍ കേന്ദ്രീകരിച്ചിരുന്നു.

ഇത്തരം പ്രാചീനമായ ഹിംസയെ ആധുനികകാലവും കയ്യൊഴിഞ്ഞില്ല. ആഗോള മുതലാളിത്ത, വ്യാവസായിക സമ്പദ് വ്യവസ്ഥ വേരുറപ്പിച്ച 19-ആം നൂറ്റാണ്ടില്‍ അനിയന്ത്രിതവും ത്വരിതഗതിയിലുള്ളതുമായ സാമൂഹ്യ,സാമ്പത്തിക മാറ്റങ്ങളില്‍ അമ്പരന്ന ജനതയുടെ ബലിയാടായത് ജൂതനായിരുന്നു.

യൂറോപ്പില്‍ ഒന്നിന് പിറകെ ഒന്നായി ഇത്തരം വൈതാളികന്‍മാര്‍ ജൂതന്മാരെ പണം തട്ടിപ്പുകാരും, അഞ്ചാം പത്തികളും, അന്താരാഷ്ട്ര ഗൂഢാലോചനക്കാരുമായി ചിത്രീകരിച്ചു. കൂട്ടത്തില്‍ ചേരാത്ത, ജൈവികമായി വ്യത്യസ്തരായ ജൂതന്മാരെയും അവരുടെ ഉദാരവാദി, സോഷ്യലിസ്റ്റ് പിന്തുണക്കാരെ വേട്ടയാടുകയാണ് സ്ഥിരതയ്ക്കും ഐക്യത്തിനും നല്ലതെന്ന് അന്യവത്കരണവും ആശയക്കുഴപ്പവും കൊണ്ട് വലഞ്ഞിരുന്ന ഒരുപാട് യൂറോപ്യന്മാരെ വിശ്വസിപ്പിക്കാനും ഈ കുതന്ത്രങ്ങള്‍ക്കായി എന്നതാണ് ദുരന്തം വിതച്ച വിപത്ത്.

ഇന്ന്, രാഷ്ട്രീയ നിഷ്ക്രിയത്വവും സാമ്പത്തിക പ്രതിസന്ധിയും ഇത്തരം ഗോത്ര രാഷ്ട്രീയത്തിന് യൂറോപ്പിലും അമേരിക്കയിലും, ഏഷ്യയിലും ആഫ്രിക്കയിലും പുതിയ സാധ്യതകള്‍ തുറന്നുകൊടുത്തിരിക്കുന്നു. ബലിയാടുകളെ കണ്ടെത്തുന്ന ഭയാനകമായ രീതി മതേതര, ഉത്തരാധുനിക പടിഞ്ഞാറിന്റെ ഹൃദയത്തില്‍ തന്നെ വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നു. അതിന്റെ ഇരകള്‍ മുസ്ലീങ്ങളും കുടിയേറ്റക്കാരുമാണ്. രാഷ്ട്രാന്തര ഉപരിവര്‍ഗത്തിന്റെ വഞ്ചനാത്മകമായ തരത്തില്‍ വിഭജിതമായ കൂറുകള്‍ക്കെതിരായ ഐക്യമാണിതെന്ന് വ്യാഖ്യാനിച്ചുകൊണ്ട് ആദിമ പൂര്‍ണതയുടെ ഒരവസ്ഥ പുന:സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന പല വൈതാളികന്‍മാരിലൊരാളാണ് ട്രംപും.

മാനസികനില തെറ്റിയ ഒരു മുസ്ലീം ചെറുപ്പക്കാരന്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ ട്രംപിന്റെ വിദ്വേഷ വ്യവസായത്തിന് വീണ്ടും മൂലധനമായി. കൊല്ലപ്പെട്ട ക്യാപ്റ്റന്റെ പാകിസ്ഥാനില്‍ നിന്നുള്ള കുടിയേറ്റക്കാരായ മാതാപിതാക്കളെ-ഖിസ്റ്, ഖസാല ഖാന്‍- അവഹേളിച്ചപ്പോള്‍ ട്രംപ് അയാള്‍ക്ക് ഏറ്റവും പറ്റിയ പണിയായിരുന്നു ചെയ്തത്.

ഡെമോക്രാറ്റിക് ദേശീയ സമ്മേളനത്തില്‍ വെച്ച് യു. എസ് ഭരണഘടന വായിക്കാന്‍ ട്രംപിനോടാവശ്യപ്പെട്ട ഖിസ്റ് ഖാന്‍ ഒരു പക്ഷേ സാധാരണക്കാരായ, തങ്ങള്‍ ജീവിതം ബലിയായി നല്കിയ ഒരു രാജ്യത്ത് അന്യവത്കരിക്കപ്പെട്ട നിരവധി പൌരന്മാരുടെ വികാരമാണ് ഖാന്‍ പ്രകടിപ്പിച്ചത്. ട്രംപിന് അയാളെ അവഗണിക്കാമായിരുന്നു. പക്ഷേ അവരുടെ മുസ്ലീം പശ്ചാത്തലത്തിന്റെ പേരില്‍ ഖാന്‍ ദമ്പതികളെ ആക്രമിക്കാനാണ് അയാള്‍ തീരുമാനിച്ചത്. ഈ പരസ്യ പ്രക്രിയയില്‍ ബലിയാടാക്കല്‍ രീതിക്കാര്‍ ചെയ്യാത്ത ഒരു കാര്യം ട്രംപ് അശ്രദ്ധമായി ചെയ്തു: തന്റെ ഇരയുടെ സമ്പൂര്‍ണമായ നിരപരാധിത്വം എല്ലാവര്‍ക്കുമായി വെളിപ്പെടുത്തി.

ബലിയാടുകളെ സൃഷ്ടിക്കുന്നത് നൂറ്റാണ്ടുകളോളം പ്രവര്‍ത്തിച്ചത്, പല വിഭാഗങ്ങളെയും അവരുടെ കെട്ടിനിന്ന അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കിയാണ്. ഇരകള്‍ കുറ്റക്കാരാണെന്ന് മനുഷ്യര്‍ കൂട്ടമായി വിശ്വസിക്കുന്നു എന്നതാണ് ഇതിന് കാരണം. ജൂതനായ സൈനിക ക്യാപ്റ്റന്‍ ആള്‍ഫ്രെഡ് ഡ്രെഫ്യൂസിന് അനുകൂലമായ തെളിവുകള്‍ നിരവധിയായിട്ടും അയാളെ ദേശദ്രോഹത്തിന് കുറ്റക്കാരനെന്ന് വിധിക്കാന്‍ മാത്രം തീവ്രമായിരുന്നു 1890-കളില്‍ ഫ്രാന്‍സില്‍ നിലനിന്നിരുന്ന സെമിറ്റിക് വിരുദ്ധത. ജൂതന്‍മാര്‍ വഞ്ചകരാണെന്ന് ഘോഷിക്കുന്നവരുടെ പിറകെപ്പോയവരെ തൃപ്തിപ്പെടുത്താന്‍ ബലികൊടുക്കേണ്ടിവന്നു തീര്‍ത്തും നിരപരാധിയായ ഇരയെ.

ഡ്രെഫ്യൂസിനെ പിന്നീട് കുറ്റവിമുക്തനാക്കി. ക്യാപ്റ്റന്‍  ഖാന്‍ പക്ഷേ തന്റെ ജീവനാണ് നാടിനായി ബലികൊടുത്തത്. ദുരന്തം മാത്രം നല്കിയ പരമാബദ്ധമായ ഒരു തീരുമാനത്തിന്റെ ഫലമായുള്ള ഒരു യുദ്ധത്തിന്റെ ഇരയാണ് തങ്ങളുടെ മകന്റെ മരണം എന്ന നിതാന്തമായ ബോധത്തില്‍ ജീവിക്കേണ്ടിവരുന്നവരാണ് ട്രംപിന്റെ ആക്രമണത്തിന് ഇരയായ അയാളുടെ മാതാപിതാക്കള്‍.

ട്രംപ് ഇനിയും നിരപരാധികളെ വേട്ടയാടിക്കൊണ്ടിരിക്കും. പക്ഷേ ഇപ്പോള്‍ അയാള്‍ക്ക് ഉയര്‍ന്നുവരുന്ന ഒരു എതിര്‍പ്പിന്റെ തരംഗത്തെ നേരിടേണ്ടിവരും. ഇസ്ലാമോഫോബിയയുടെ അസ്തിത്വം തര്‍ക്കമില്ലാത്ത സംഗതിയായി സ്ഥാപിച്ച റിപ്പബ്ലിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഇപ്പോള്‍ തങ്ങളുടെ ഗോത്ര വിദ്വേഷത്തിന്റെ അയുക്തികളും വെളിവാക്കുകയാണ്. മറ്റൊന്നിന്നുമല്ലെങ്കിലും ഈയൊരു വെളിച്ചപ്പെടുത്തലിന് ഡൊണാള്‍ഡ് ട്രംപ് നമ്മുടെ നന്ദി അര്‍ഹിക്കുന്നു.

പങ്കജ് മിശ്ര

പങ്കജ് മിശ്ര

എഴുത്തുകാരനും ബ്ലൂംബര്‍ഗ് കോളമിസ്റ്റുമാണ് പങ്കജ് മിശ്ര. ഫ്രം ദി റൂയിന്‍സ് ഓഫ് എംപൈര്‍: ദി ഇന്‍റലെക്ട്വല്‍ ഹൂ റിമെയ്ഡ് ഏഷ്യാ, ടെംറ്റേഷന്‍സ് ഓഫ് ദി വെസ്റ്റ്: ഹൌ ടോ ബി മോഡേണ്‍ ഇന്‍ ഇന്‍ഡ്യ, പാകിസ്ഥാന്‍, ടിബെറ്റ് ആന്‍ഡ് ബിയോണ്ട്, ദി റൊമാന്‍റിക്സ്: എ നോവല്‍, ആന്‍ എന്‍ഡ് ടു സഫറിംഗ്: ദി ബുദ്ധ ഇന്‍ ദി വേള്‍ഡ് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. അലഹബാദിലും ഡെല്‍ഹിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പങ്കജ് മിശ്ര ബ്രിട്ടനിലെ റോയല്‍ സോസെറ്റി ഓഫ് ലിറ്ററേച്ചറില്‍ ഫെലോയാണ്. ബി ബി സിയിലെ സ്ഥിരം കമാന്‍റേറ്ററായ മിശ്ര ന്യൂയോര്‍ക് റിവ്യൂ ഓഫ് ബുക്സ്, ദി ന്യൂയോര്‍ക്കര്‍, ദി ഗാര്‍ഡിയന്‍, ലണ്ടന്‍ റിവ്യൂ ഓഫ് ബുക്സ് എന്നിവയിലും എഴുതുന്നുണ്ട്. ലണ്ടനിലും ഹിമാലയന്‍ ഗ്രാമമായ മഷോബ്രയിലുമായാണ് പങ്കജ് മിശ്ര ജീവിക്കുന്നത്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍