UPDATES

വിദേശം

അമേരിക്കയെ നെടുകെ പിളര്‍ന്ന് ഡൊണാള്‍ഡ് ട്രംപ്

നാട്ടിലും വിദേശത്തുമുള്ള മുസ്ലീങ്ങളെ വേട്ടയാടുക എന്നത് തന്റെ രാഷ്ട്രീയ അസ്തിത്വത്തിന്റെ ആണിക്കല്ലാക്കി മാറ്റിയിരിക്കുകയാണ്‌ ട്രംപ്

സ്ലേറ്റ്

സ്ലേറ്റ്

ഡഹ്ലിയ ലിത്‌വിക്ക്

‘ദേശീയ സുരക്ഷയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന ദിവസമാവും നാളെ. മറ്റ് കാര്യങ്ങള്‍ക്കൊപ്പം, നമ്മള്‍ മതില്‍ പണിയും!’ എന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ട്വിറ്ററിലൂടെ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് പ്രവേശിക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണം പ്രതിവര്‍ഷം 50,000 ആയി (ഒരു ലക്ഷത്തില്‍ നിന്നും കുറച്ചത്) നിജപ്പെടുത്താനും ഭൂരിപക്ഷം അഭയാര്‍ത്ഥികള്‍ക്കും താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്താനുമുള്ള തീരുമാനങ്ങള്‍ മറ്റുള്ള കാര്യങ്ങളില്‍ ഉള്‍പ്പെടുന്നു. യുഎസിലെ അഭയനഗരങ്ങളുടെ പിന്നാലെ പോകാനും രാജ്യത്ത് നിന്നുള്ള പുറത്താക്കലുകള്‍ നാടകീയമായി വര്‍ദ്ധിപ്പിക്കാനും സിഐഎയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന അജ്ഞാത തടവ് കേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കുന്നതുള്‍പ്പെടെ നിലവിലുള്ള ചോദ്യം ചെയ്യല്‍ നയങ്ങള്‍ പുനഃപരിശോധിക്കാനും കൂടി ട്രംപിന് ഉദ്ദേശമുണ്ട്.

ഇത്തരം ഭരണപരമായ ഉത്തരവുകളുടെ പ്രളയത്തിനിടയിലാണ്, മുസ്ലീം ആണ് എന്ന ഒറ്റക്കാരണത്താല്‍ മുസ്ലീങ്ങളെ വേട്ടയാടുമെന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പ്രസക്തമാവുന്നത്. ‘ബോംബിട്ട്’ ഐഎസ്എസിന്റെ ‘അണ്ഡം കീറുമെന്നും’ തീവ്രവാദിളെന്ന് സംശയിക്കുന്നവരുടെ കുടുംബാംഗങ്ങളെ പീഢിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തതിലൂടെ നാട്ടിലും വിദേശത്തുമുള്ള മുസ്ലീങ്ങളെ വേട്ടയാടുക എന്ന പദ്ധതി തന്റെ രാഷ്ട്രീയ അസ്തിത്വത്തിന്റെ ആണിക്കല്ലാക്കി ട്രംപ് മാറ്റി. ഇപ്പോള്‍ തന്റെ പ്രസിഡന്റ് പദത്തിന്റെ ചൈതന്യവത്തായ പ്രമാണമായി അതിനെ അദ്ദേഹം മാറ്റുന്നു.

പ്രചാരണകാലത്ത്, ഒരു സമ്പൂര്‍ണ മുസ്ലീം നിരോധനം എന്ന ആശയം അദ്ദേഹം മുന്നോട്ടു വച്ചു (യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ മുസ്ലീങ്ങള്‍ പ്രവേശിക്കുന്നത് മൊത്തത്തിലും പൂര്‍ണമായും അവസാനിപ്പിക്കുക). എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള നിരോധനം ഭരണഘടനാ ലംഘനമാകുമെന്ന് വസ്തുത തിരിച്ചറിഞ്ഞതോടെ പ്രചാരണത്തിന്റെ അവസാന സമയത്ത് ആ നിര്‍ദ്ദേശത്തിന് അല്‍പം അയവ് വരുത്തി. ‘ഭീരകവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളില്‍’ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുമെന്ന് പ്രതിജ്ഞയില്‍ ഒരു ചെറിയ മാറ്റം വരുത്തി. അതാണ് ഇപ്പോള്‍ കൃത്യമായും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ തന്നെ നിര്‍ദ്ദയമായ നടപടക്രമങ്ങള്‍ക്കാണ് വിധേയരാവുന്നതെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ, അത്തരം അഭയാര്‍ത്ഥികളെ ‘കര്‍ക്കശ പരിശോധനകള്‍ക്ക്’ വിധേയരാക്കുന്നതിനെ കുറിച്ചും ട്രംപ് ഇപ്പോള്‍ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത്തരം പരിപാടികള്‍ ഭരണഘടന വിരുദ്ധമാകണമെന്ന് നിര്‍ബന്ധമില്ലെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാമെങ്കിലും, ഇവയൊക്കെ തന്നെയും കോടതിയിലേക്ക് അടിയന്തിരമായി നീങ്ങാനുള്ള സാധ്യതകള്‍ ധാരാളമാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള കുടിയേറ്റ നിര്‍ദ്ദേശങ്ങള്‍ അനുവദനീയമല്ലെന്ന് കോടതിക്ക് തോന്നാമെന്ന് വിശ്വസിക്കാന്‍ ചില കാരണങ്ങള്‍ ബാക്കിയാണ് താനും.

ബുധനാഴ്ച ഹഫിംഗ്ടണ്‍ പോസ്റ്റിലൂടെ പുറത്തുവന്ന കരട് ഭരണനിര്‍വഹണ ഉത്തരവ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് ഉടനടി സംഭവിക്കാന്‍ പോകുന്നത്:

1. മറ്റെവിടെയെങ്കിലും സ്ഥാപിക്കുന്ന ‘സുരക്ഷിത മേഖലകളില്‍’ പുനരധിവസിപ്പിക്കുന്നതിന് അനുകൂലമായ വിധത്തില്‍ സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലേക്ക് പ്രവേശിക്കുന്നത് തടയും.

2. ഏകദേശം 120 ദിവസത്തേക്ക് അഭയാര്‍ത്ഥി നടപടിക്രമങ്ങള്‍ മരവിപ്പിക്കും. ഈ കാലയളവില്‍ പരിശോധന സംവിധാനങ്ങള്‍ പര്യപ്തമാണോ എന്ന് അധികൃതര്‍ തീരുമാനിക്കും.

3. നിര്‍ദ്ദിഷ്ട മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നും വരുന്ന ഏതൊരാളുടെയും വിസകള്‍ക്ക് മുപ്പത് ദിവസം വരെ മുന്‍കരുതല്‍ മരവിപ്പിക്കല്‍ ഏര്‍പ്പെടുത്തും. (റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇറാന്‍, ഇറാഖ്, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യമന്‍ എന്നീ രാജ്യങ്ങള്‍).

4. ‘വ്യക്തിയുടെ രാജ്യത്ത് അയാളുടെ മതം ഒരു ന്യൂനപക്ഷമതമാണെങ്കില്‍,’ മതപരമായി വേട്ടയാടപ്പെടുന്നു എന്ന് അവകാശപ്പെടുന്ന അഭയാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ വേട്ടയാടപ്പെടുന്നു എന്ന് അവകാശപ്പെടുന്ന ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കാനായി ഈ നിബന്ധന ഉപയോഗിക്കപ്പെടുമെന്ന് വ്യക്തം.

9/11 ന് ശേഷം നിലവില്‍ വരികയും പിന്നീട് മരവിപ്പിക്കപ്പെടുകയും ചെയ്ത ദേശീയ സുരക്ഷ വരവ്-പോക്ക് നിയന്ത്രണ സംവിധാനത്തിലെ ജനിച്ച രാജ്യത്തിന്റെ നിര്‍വചനത്തിന് തത്തുല്യമാണ് ഇപ്പോഴത്തെ നിബന്ധനകളും. 25 മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ മുതിര്‍ന്ന പുരുഷന്മാരെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനും നിശ്ചിത കാലയളവില്‍ ഇമിഗ്രേഷന്‍ ഉ്‌ദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകാനും നിര്‍ബന്ധിക്കുന്ന എന്‍എസ്ഇഇആര്‍എസ് പരിപാടി പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഒരു ‘തന്ത്രപരമായ പദ്ധതി’ യുടെ വക്താവായ കന്‍സാസ് സ്റ്റേറ്റ് സെക്രട്ടറിയും കുടിയേറ്റ വിരുദ്ധനുമായ ക്രിസ് കൊബാഷ് തിരഞ്ഞെടുപ്പിന് ശേഷം ട്രംപിനൊപ്പം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത് യാദൃശ്ചികമായിരുന്നില്ല. വിസ കാലാവധി തീര്‍ന്നതിന് ശേഷവും രാജ്യത്ത് തുടര്‍ന്ന ആയിരക്കണക്കിന് ആളുകളെ പുറത്താക്കിയെങ്കിലും, എന്‍എസ്ഇഇആര്‍എസിന്റെ കീഴില്‍ ഒരു വ്യക്തിയെപ്പോലും ഭീകരവാദത്തിന്റെ പേരില്‍ വിചാരണയ്ക്ക് വിധേയമാക്കാന്‍ സാധിച്ചിട്ടില്ല.

എന്തുകൊണ്ടാണ് എന്‍എസ്ഇഇആര്‍എസ് പിന്‍വലിച്ചതെന്ന് ഞാന്‍ പ്രസിഡന്റ് ഒബാമയുടെ ആഭ്യന്തര സുരക്ഷ മന്ത്രാലയത്തിലെ അന്തര്‍സര്‍ക്കാര്‍ കാര്യ അസിസ്റ്റന്റ് സെക്രട്ടറി ജൂലിയറ്റ് കയ്യമിനോട് ആരാഞ്ഞിരുന്നു. മൂന്ന് പ്രധാന കാരണങ്ങള്‍ ഉണ്ടായിരുന്നെന്നാണ് എന്‍എസ്ഇഇആര്‍എസ് അവസാനിപ്പിച്ച സംഘത്തിലെ അംഗമായിരുന്ന കയ്യാം ചൂണ്ടിക്കാണിക്കുന്നത്. ഒന്നാമത്, ബയോമെട്രിക്‌സ് ഉള്‍പ്പെടെ സാങ്കേതിക വിദ്യകളിലെ മാറ്റം പരിപാടിയെ അപ്രസക്തമാക്കുന്നു. ‘മൊത്തം രാജ്യങ്ങളും ഒറ്റ കളമായി വരുമ്പോള്‍ ജനിച്ച ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കുന്നത് അമിത ഉള്‍ക്കൊള്ളിക്കലും സഹായരഹിതവുമായി മാറുമെന്ന്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ടാമതായി, 2010-ഓടെ ഭീകരവാദത്തിന്റെ ഭീഷണിയില്‍ മാറ്റം വന്നിട്ടുണ്ട്: ‘നമ്മുടെ സഖ്യകക്ഷികളായിരുന്ന രാജ്യങ്ങളില്‍ നിന്നാണ് ഭീകരര്‍ വരുന്നത് എന്നതുകൊണ്ടുതന്നെ ഒരു ദ്വാരമടയ്ക്കല്‍ സമീപനം കൊണ്ട് കാര്യമില്ലെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. മൂന്നാമതായി, നമ്മുടെ സുഹൃത്തുകള്‍ എന്‍എസ്ഇഇആര്‍എസിനെ വെറുത്തിരുന്നു. നമ്മുടെ തന്നെ സഖ്യകക്ഷികള്‍ക്കെതിരെ ഒരു വിശുദ്ധയുദ്ധം നടത്തുകയാണെന്ന ഒരു തെറ്റായ ആഖ്യാനം അത് സൃഷ്ടിച്ചു, എന്നവര്‍ പറയുന്നു.

‘ശരിയത്ത് നിയമം, ജിഹാദ്, സ്ത്രീ, പുരുഷ സമത്വം എന്നിവയെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെ ‘അങ്ങേയറ്റം അപകടകാരികളായ അന്യഗ്രഹജീവികളെ പരമാവധി ഒഴിവാക്കുന്നതിനുള്ള ചോദ്യങ്ങള്‍,’ കൂട്ടിച്ചേര്‍ക്കണം എന്നതായിരുന്ന കൊബാഷ് നിര്‍ദ്ദേശിച്ച മുസ്ലീം വിരുദ്ധ തന്ത്രത്തിന്റെ മറ്റൊരു കുന്തമുന. സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് പൂജ്യമായി പരിമിതപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കൊബാഷിന്റെ മൂന്ന് കുന്തമുനകളില്‍ രണ്ടെണ്ണമായ ‘ഒഴിവാക്കലിനുള്ള ഏറ്റവും കടുത്ത ചോദ്യങ്ങളും’ സിറിയയില്‍ നിന്നുള്ള കുടിയേറ്റം പൂജ്യത്തില്‍ എത്തിക്കുകയും എന്നത് സത്വരമായി നടപ്പിലാക്കപ്പെടുമെന്നാണ് പുതിയ ഭരണനിര്‍വഹണ ഉത്തരവ് വ്യക്തമാക്കുന്നത്.

കുടിയേറ്റ നയത്തിലെ ചെറിയ മാറ്റങ്ങളായി ഇവയെ കാണാന്‍ സാധിക്കില്ലെന്നാണ് സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ റൈറ്റ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് വിന്‍സ് വാറന്‍ പറയുന്നത്. ‘സ്ഥൂലാര്‍ത്ഥത്തില്‍, മതത്തിന്റെയും ജന്മദേശത്തിന്റെയും മാത്രം അടിസ്ഥാനത്തില്‍ വ്യക്തിചിത്രങ്ങള്‍ വരയ്ക്കപ്പെടുന്ന ഒരിടത്തിലേക്ക് നമ്മള്‍ മടങ്ങിപ്പോവുകയാണോ എന്ന ആശങ്ക എന്നെ അലട്ടുന്നു,’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ‘പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്ന സമര്‍ത്ഥമായ പ്രതിവിധികള്‍ക്ക്,’ പകരം ‘ഭീതിയില്‍ അധിഷ്ടിതമായ ആശയങ്ങളാണ്’ ഭരണനിര്‍വഹണ ഉത്തരവില്‍ രേഖപ്പെടുത്തിയിരിക്കുന്ന പദ്ധതികളെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഉത്തരവ് ശ്രമിക്കുന്നു എന്നത് ഒരു പ്രശ്‌നായി തീരുമോ എന്ന ചോദ്യത്തിന് വളരെ നിര്‍ണായകമായ ഒരു മറുപടിയാണ് വാറനില്‍ നിന്നും ലഭിച്ചത്: ‘ക്രിസ്ത്യാനികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിലൂടെ, സര്‍ക്കാര്‍ നടപടി പൂര്‍ണമായും മതത്തിന്റെ അടിസ്ഥാനത്തിലാണെന്ന ധാരണ അരക്കിട്ടുറപ്പിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഒരേ രാജ്യത്തിലുള്ള മതത്തെ മറ്റൊരു മതവുമായി വേര്‍ത്തിരിക്കാന്‍ നിങ്ങള്‍ ശ്രമിക്കുമ്പോള്‍ രാജ്യത്തിന്റെ അടിസ്ഥാനത്തിലുള്ള നിരോധനങ്ങള്‍ക്ക്് ഈ പ്രശ്‌നങ്ങളെയെല്ലാം അഭിസംബോധന ചെയ്യാന്‍ സാധിക്കില്ല.’ ‘ഒരാളുടെ മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു ഭീകരവാദിയെ തിരിച്ചറിയാന്‍ നമുക്ക് കഴിയും എന്ന് പറയുന്നത് യുക്തിപരമായി തന്നെ തെറ്റാണ്,’ എന്ന് വാറന്‍ കൂട്ടിച്ചേര്‍ക്കുന്നു.

മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക മുന്‍ഗണന നല്‍കുന്നതിനെ കുറിച്ച് ഇതേ ആശങ്കകള്‍ തന്നെയാണ് കയ്യാമും ഉയര്‍ത്തുന്നത്. ‘ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്ന ആശയം തന്നെ പുതിയതാണ്,’ എന്നവര്‍ പറയുന്നു. ‘ഒരു വിശുദ്ധ യുദ്ധം നടക്കുന്നുണ്ടെന്ന് ആരെയെങ്കിലും ബോധ്യപ്പെടുത്തണമെങ്കില്‍, ഇതാണ് ശരിയായ വഴിയെന്ന് ഒരു ചാരവിരുദ്ധ പ്രവര്‍ത്തന വിദഗ്ധ എന്ന നിലയില്‍ (എനിക്ക്) പറയാന്‍ കഴിയും. ക്രിസ്ത്യാനികളാണ് ഇരകളില്‍ ഭൂരിപക്ഷമായ മുസ്ലീങ്ങളെക്കാള്‍ യോഗ്യര്‍ എന്ന ഈ ആശയം പ്രശ്‌നങ്ങളെ കൂടുതല്‍ രൂക്ഷമാക്കുകയേ ഉള്ളു.’

അമേരിക്കന്‍ പൗരന്മാര്‍ക്കായുള്ള മുസ്ലീം രജിസ്റ്റര്‍ എന്ന ട്രംപിന്റെ കുടിയേറ്റ നയത്തിലെ ഒരു ഘടകം മാത്രമാണ് അടിയന്തിരമായി നടപ്പാക്കപ്പെടാന്‍ സാധ്യതയില്ലാത്തത്. യുഎന്‍ അംബാസിഡറായി ട്രംപ് തിരഞ്ഞെടുത്തിട്ടുള്ള ദക്ഷിണ കരോലിന ഗവര്‍ണര്‍ നിക്കി ഹാലെ ഈ ആശയത്തെ കഴിഞ്ഞ ആഴ്ച അവരുടെ നിയമനം അംഗീകരിക്കുന്നതിനുള്ള പരിഗണന വേളയില്‍ എതിര്‍ത്തു. എന്നാല്‍ എന്‍എസ്ഇഇആര്‍എസ് 2.0 എന്ന് തോന്നിപ്പിക്കുന്ന ഒരു ആശയത്തോട് അവരുടെ പിന്തുണ അറിയിക്കുകയും ചെയ്തു. ‘ഏത് രാജ്യങ്ങളാണ് ഭീഷണിയെന്നും ഏത് രാജ്യത്താണ് ഭീകരവാദം ഉള്ളതെന്നും കണ്ടെത്തി അവരെ നിരീക്ഷിക്കുകയും സൂക്ഷിക്കുകയും ഒഴിവാക്കുകയും ചെയ്യുകയാണ് നമ്മള്‍ ഇപ്പോള്‍ ചെയ്യേണ്ടത്,’ എന്നവര്‍ പറഞ്ഞു. എന്നാല്‍ സ്റ്റേറ്റ് സെക്രട്ടറിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്ന റെക്‌സ് ടില്ലെര്‍സണിന്റെ സത്യവാങ്മൂലത്തിന് വൈരുദ്ധ്യമാണ് ഈ നിലപാട്. തന്റെ സെനറ്റ് വിചാരണയില്‍ ‘കരിമ്പട നിരോധനത്തെ’ തള്ളിക്കളഞ്ഞ അദ്ദേഹം, ആഭ്യന്തര മുസ്ലിം രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് മുമ്പ് കൂടുതല്‍ വിവരങ്ങള്‍ തനിക്ക് ആവശ്യമാണെന്ന് വെളിപ്പെടുത്തി.

മുസ്ലീം ഭൂരിപക്ഷ ദേശങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിനെ അടിസ്ഥാനമാക്കിയുള്ള ട്രംപിന്റെ നീക്കങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കയിലെ മുസ്ലീങ്ങള്‍ ഭയപ്പെടേണ്ട സമയം ആയോ എന്ന് ഞാന്‍ വാറനോട് ചോദിച്ചു. ‘അമേരിക്കന്‍ മുസ്ലീങ്ങള്‍ ഭീതിയിലാഴ്ത്തപ്പെടുന്ന ദിവസങ്ങളുടെ ആരംഭമായി വേണം ഇതിനെ കാണാന്‍ എന്ന് ഞാന്‍ വിചാരിക്കുന്നു,’ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ‘അസഹിഷ്ണുവായ പുതിയ ഭരണകൂടത്തില്‍ നിന്നുള്ള രണ്ടാം കിട പൗരപദവി എന്ന ഔദാര്യത്തിന്റെ സൂചനയായി വേണം ഇതിനെ കാണാന്‍’. ആന്റി ഡിഫോമേഷന്‍ ലീഗിന്റെ സിഇഒ ആയ ജോനാഥന്‍ ഗ്രീന്‍ബ്ലാറ്റ് ഇതിനോട് കുറച്ചുകൂടി രൂക്ഷമായ രീതിയില്‍ പ്രതികരിക്കുന്നു. ‘അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇതൊരു വേദനാജനകമായ ദിവസമാണ്,’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

ഗ്രീന്‍ബ്ലാറ്റ് ഇങ്ങനെ തുടര്‍ന്നു: ‘പറഞ്ഞറിയിക്കാനാവാത്ത വേദനയും സഹനവും നേരിടുന്ന ജനങ്ങള്‍ക്ക് നേരെ അമേരിക്കയുടെ വാതിലുകള്‍ അടച്ചിടുകയാണ് പ്രസിഡന്റ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. നമ്മള്‍ ഇപ്പോഴും ഉത്തരവിനെ കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. പക്ഷെ തന്റെ സേവനങ്ങളുടെ പേരില്‍ പീഢിപ്പിക്കപ്പെട്ട ഇറാഖ് പരിഭാഷകന്‍ അല്ലെങ്കില്‍ യെമനില്‍ നിന്നുള്ള എല്‍ജിബിടി യുവജനങ്ങള്‍ അതുമല്ലെങ്കില്‍ ഐഎസ്‌ഐഎസിന്റെ ഭീകരതയില്‍ പെട്ടുപോയ സിറിയയില്‍ നിന്നുള്ള വിധവകളും കുട്ടികളുമൊക്കെ ഈ ഭരണനിര്‍വഹണ ഉത്തരവിനെ വധശിക്ഷയായാണ് കാണുന്നത്. നമുക്ക് പരിശോധനകള്‍ ആവശ്യമാണ്. പക്ഷെ, ഭീകരതയില്‍ നിന്നും രക്ഷനേടാന്‍ വേണ്ടി പലായനം ചെയ്യുന്ന തകര്‍ന്ന കുടുംബങ്ങളില്‍ നിന്നുള്ള പുരുഷന്മാരും സ്ത്രീകളുമാണവര്‍. അഭയാര്‍ത്ഥികള്‍ സ്ഥാപിച്ച ഈ രാജ്യം അത്തരം വേട്ടയാടലുകളെ നിരാകരിക്കാന്‍ ശ്രമിക്കുന്നു.

ട്രംപ് ഭരണകൂടം ‘മുസ്ലീങ്ങള്‍ക്കായി മുന്നോട്ടുവരും’ എന്നതിന് കാത്തിരിക്കുകയാണെങ്കില്‍ അത് ജപ്പാനിലെ തടവറകള്‍ക്കോ അല്ലെങ്കില്‍ ന്യൂറെംബര്‍ഗ് നിയമങ്ങള്‍ക്കോ സമാനമായിരിക്കില്ല. ഐക്യദാര്‍ഢ്യം ഒപ്പിട്ട് രേഖപ്പെടുത്താന്‍ സാധിക്കുന്ന ഒരു രജിസ്റ്റര്‍ അവിടെയുണ്ടാവണമെന്നില്ല. ഇല്ല. അത് ഏകദേശം ഇങ്ങനെയായിരിക്കും: ഒരു ‘ഉന്മത്ത പ്രത്യശാസ്ത്രം’ പ്രചരിപ്പിക്കുന്ന സംഘം എന്ന രീതിയില്‍ ഇസ്ലാമിനെ താഴ്ത്തിക്കെട്ടുന്ന (അടുത്തു തന്നെ അറ്റോര്‍ണി ജനറലാവുന്ന ജെഫ് സെസിഷന്‍സിന്റെ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുത്താല്‍), മുസ്ലീങ്ങള്‍ക്കെതിരെ പടര്‍ന്നുകയറുന്ന ക്രിസ്ത്യനി അഭയാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കുന്ന, ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യം എന്നാല്‍ ഒരു മതവിശ്വാസള്‍ക്ക് ഉപരി നിയമപരമാണ് മറ്റുചില വിശ്വാസങ്ങള്‍ എന്ന് ഉറപ്പിക്കുന്ന ബൂര്‍ഷ്വ വിശ്വാസങ്ങളുടെ ഒക്കെ കൂത്തരങ്ങായിരിക്കും അത്. ഒരേ രാജ്യത്തില്‍ തന്നെയുള്ള മറ്റൊരു മതവിഭാഗത്തിലുള്ള ആളുകളില്‍ നിന്നും വേര്‍പിരിക്കുമെന്ന വാഗ്ദാനത്തില്‍ ഉറച്ചു നില്‍ക്കുന്ന ട്രംപ് ഭരണകൂടത്തെ വളരെ ഭീതിയോടെ തന്നെ കാണണമെന്ന് വാറന്‍ നിര്‍ദ്ദേശിക്കുന്നു. സിറിയയിലും ഇറാഖിലും മാത്രമല്ല അത് അമേരിക്കയിലും സംഭവിച്ചിരിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍