UPDATES

വിദേശം

ട്രംപ് മുതല്‍ മോദി വരെ: അതൃപ്തിയില്‍ നിന്നുദിച്ചുയരുന്ന താരങ്ങള്‍- എഡിറ്റോറിയല്‍

Avatar

ടീം അഴിമുഖം/എഡിറ്റോറിയല്‍ 

ജനാധിപത്യത്തില്‍ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് അതൃപ്തി. സത്യത്തില്‍ രാഷ്ട്രീയസംവിധാനമെന്ന നിലയില്‍ ഇതാണ് ജനാധിപത്യത്തിന്റെ ശക്തി. ജനാധിപത്യത്തിന് മറ്റു ഭരണസംവിധാനങ്ങളെക്കാള്‍ മുന്‍തൂക്കം നല്‍കുന്നതും ഇതുതന്നെ.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ കക്ഷിയുടെ പ്രധാന സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപ് ഉയരുന്നതു കണ്ട് ഞെട്ടുന്നവര്‍ മറക്കുന്നത് ഇക്കാര്യമാണ്. സൂപ്പര്‍ ചൊവ്വയില്‍ 11 സംസ്ഥാനങ്ങളില്‍ ഏഴും ട്രംപ് കരസ്ഥമാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ എതിരാളികളില്‍ നിന്ന് വ്യക്തമായ മുന്‍തൂക്കം ഇപ്പോള്‍ ട്രംപിനുണ്ട്.

ട്രംപിന്റെ പ്രചാരണങ്ങളില്‍ വിവാദങ്ങള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ആത്മനിയന്ത്രണമില്ലാത്തവയായിരുന്നു. അമേരിക്കയിലെ മുസ്ലിം ജനവിഭാഗത്തെ നിന്ദിക്കാന്‍ ട്രംപ് മടിച്ചില്ല. ഇറാഖ് യുദ്ധം മണ്ടത്തരമായിരുന്നു എന്നുപോലും ട്രംപ് പറഞ്ഞു. എന്നിട്ടും അമേരിക്കന്‍ സമൂഹത്തില്‍ വലിയൊരു വിഭാഗം ട്രംപിനെ പിന്തുണയ്ക്കുന്നു.

ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്നത് യാഥാസ്ഥിതികര്‍ മാത്രമല്ല എന്നതും പ്രസക്തമാണ്. സാമ്പത്തിക, വംശീയ ന്യൂനപക്ഷങ്ങളും വിദ്യാഭ്യാസം കുറഞ്ഞവരും അതില്‍പ്പെടും. ഇപ്പോഴത്തെ ഭരണത്തിന്റെ പല പരാജയങ്ങളും ജനങ്ങളെ ക്ഷുഭിതരാക്കുന്നു. വളര്‍ച്ചയില്ലാത്ത സമ്പദ് വ്യവസ്ഥ, വര്‍ദ്ധിച്ചുവരുന്ന സാമൂഹിക അസമത്വം, ഒബാമ കെയറിനുശേഷവും ആരോഗ്യരംഗത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങളും ഭരണകൂടത്തെ വോട്ടര്‍മാരില്‍നിന്ന് അകറ്റി. ഇവ ട്രംപിനെ മുന്‍നിരയിലെത്തിക്കുകയും ചെയ്തു.

വ്യവസ്ഥിതിയുടെ പരാജയം അറ്റ്‌ലാന്റിക്കിന്റെ ഒരു വശത്തുമാത്രമല്ല. യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുമാറണമെന്ന് ബ്രിട്ടനില്‍ വര്‍ദ്ധിച്ചുവരുന്ന മുറവിളി കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയോടുള്ള അസ്വസ്ഥതയാണു കാണിക്കുന്നത്. കുടിയേറ്റത്തിലെ വര്‍ദ്ധനയും സാമ്പത്തികപ്രയാസങ്ങളുമാണ് ഇവിടെ പ്രശ്‌നം.

ഇക്കാര്യത്തില്‍ ഇന്ത്യയും നേരത്തെ ഇതേ പാതയാണ് സ്വീകരിച്ചത്. അഴിമതിയും അയോഗ്യതയും കൊണ്ട് ജനപ്രീതി നഷ്ടപ്പെട്ട കോണ്‍ഗ്രസ് ഭരണത്തോടുള്ള അതൃപ്തിയാണ് 2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ അധികാരത്തിലേറ്റിയത്.

രാഷ്ട്രീയപ്രക്രിയയില്‍ അതൃപ്തിയുടെ കേന്ദ്രസ്ഥാനം നേര്‍ത്ത വൈപരീത്യങ്ങളും കാണിച്ചുതരുന്നു. അവരെ തിരഞ്ഞെടുത്ത ജനങ്ങളുടെ ജീവിതത്തില്‍ അര്‍ത്ഥവത്തായ മാറ്റം വരുത്തുന്നതില്‍ ജനപ്രതിനിധികള്‍ പരാജയപ്പെടുന്നതിന്റെ ഫലമാണ് സജീവ ജനാധിപത്യത്തിന്റെ മുദ്രയായ രാഷ്ട്രീയമാറ്റം എന്നു കാണാം.

അമേരിക്കയ്ക്ക് മറ്റൊരു വിഷമസന്ധിയെയും നേരിടേണ്ടതുണ്ട്. ലോകശക്തിയെന്ന സ്ഥാനം സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ മറ്റുരാജ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവിടത്തെ രാഷ്ട്രീയക്കാരെ നിര്‍ബന്ധിതരാക്കി. ട്രംപിന്റെ വിജയകഥയില്‍ ഇതും മനസിലാക്കേണ്ടതുണ്ട്. അതിനെ നാടകമെന്നു വിളിക്കാനാണ് നിങ്ങള്‍ക്കു തോന്നുകയെങ്കിലും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍