UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിലരിക്കു വേണ്ടി കരയേണ്ടതില്ല

Avatar

ജോഷ്വാ ഫ്രാങ്ക്

ഞങ്ങളെല്ലാവരും ക്ഷീണതരാണ്. വര്‍ഷങ്ങള്‍ നീണ്ട തിരഞ്ഞെടുപ്പ് ഭ്രാന്തിന് ശേഷം തളര്‍ന്നുപോയതുപോലെ തോന്നുന്നു. ആദ്യം, ടിവിക്ക് വേണ്ടി മാത്രം നിര്‍മ്മിക്കപ്പെട്ട രസകരമായ റിപ്പബ്ലിക്കന്‍ സംവാദങ്ങള്‍, ഡെമോക്രാറ്റിക് ടോക് ഷോകള്‍, സാന്റേഴ്‌സിന്റെ പോരാട്ടം എന്നിവയടങ്ങിയ പ്രൈമറികള്‍ മുതല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ഹിലരിയും ട്രംപും തമ്മില്‍ നടന്ന ബോറടിപ്പിക്കുന്ന കലമ്പലുകള്‍ വരെ. എഫ്ബിഐ, ഇ-മെയില്‍, സ്ത്രീകളെ കയറിപ്പിടിക്കല്‍. ഒടുവില്‍ എല്ലാം അവസാനിച്ചിരിക്കുന്നു. നേരെ ശ്വാസം വിടാനുള്ള സമയമായിരിക്കുന്നു.

തിരഞ്ഞെടുപ്പ് ദിവസം വരികയും പോവുകയും, ഇപ്പോള്‍ നമ്മള്‍ ഒരു വൃത്തികെട്ട കാലത്തില്‍ ഇരിക്കുകയും ചെയ്യുന്നു. ട്രംപ് വിപ്ലവം വിജയിക്കുന്നത് കണ്ട്, വലിയ വിജയം നേടുന്നത് കണ്ട് ഞെട്ടലോടെ നാമിരിക്കുന്നു. ട്രംപ് ജയിക്കുമെന്ന് നിലവിളച്ച അപൂര്‍വം ചിലവ ഉള്‍പ്പെടെയുള്ള എല്ലാ പ്രവചനങ്ങളും പറഞ്ഞതിനേക്കാള്‍ മോശപ്പെട്ട നിലയില്‍ നാം എത്തിയിരിക്കുന്നു.

വരുന്ന ആഴ്ചകളിലും മാസങ്ങളിലും ധാരാളം പഴികള്‍ പരസ്പരം ചൊരിയപ്പെടും. പക്ഷെ ഹിലരിയുടെ ചരിത്രപരമായ നാണക്കേടിന് എന്തുതന്നെ ന്യായീകരണങ്ങളുമായി ഡെമോക്രാറ്റുകള്‍ വന്നാലും, തോല്‍വിക്ക് സ്വയം പഴിക്കുകയല്ലാതെ അവര്‍ക്ക് വേറെ മാര്‍ഗ്ഗമില്ല. തോല്‍ക്കാന്‍ അര്‍ഹയായതുകൊണ്ട് മാത്രമാണ് അവര്‍ തോറ്റത്. വിവാദങ്ങളുടെ ചളിയില്‍ ചവിട്ടിനിന്നുള്ള അങ്കുശപൂര്‍ണമായ പ്രചാരണമാണ് അവര്‍ നടത്തിയത്. വോട്ടര്‍മാരെ ഉത്തേജിപ്പിക്കുന്നതില്‍ അവര്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. നവഉദാരീകരരണം തന്നെ രക്ഷപ്പെടുത്തുമെന്ന് അവര്‍ കരുതി. പക്ഷെ, അത് തെറ്റായിരുന്നു എന്ന് തെളിയിക്കപ്പെട്ടു. ഡിഎന്‍സി തെറ്റായിരുന്നു. സ്ഥാപനവല്‍ക്കരണത്തിന്റെ വിധി അത് അര്‍ഹിച്ചിരുന്നു എന്നതുകൊണ്ട് മാത്രമാണ് സ്ഥാപനങ്ങള്‍ തോറ്റത്.

തല്‍സ്ഥിതി അട്ടിമറിയ്ക്കാന്‍ ട്രംപിന് സാധിക്കുമെന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. അമേരിക്കന്‍ മധ്യവര്‍ഗ്ഗത്തില്‍ തിളയ്ക്കുന്ന രോഷം ചൂഷണം ചെയ്യാന്‍ പടിയ്ക്ക് പുറത്തുനിന്നും വന്ന ട്രംപിന് സാധിച്ചു എന്ന് മാത്രമാണ് ഇത് അര്‍ത്ഥമാക്കുന്നത്. ബില്‍ ക്ലിന്റണിന്റെ എന്‍എഎഫ്ടിഎ (NAFTA) മൂലം ശമ്പളം വെട്ടിക്കുറയ്ക്കപ്പെട്ട എല്ലാ തൊഴിലാളികള്‍, ബുഷിന്റെ കാലത്തെ സാമ്പത്തികമാന്ദ്യത്തില്‍ നിന്നും ഒരിക്കലും കരകയറാന്‍ സാധിച്ചിട്ടില്ലാത്ത നൂറായിരക്കണക്കിന് ആളുകള്‍, ഈ നഷ്ടാത്മാക്കള്‍ക്ക് ഒരു പ്രതീക്ഷയുടെ നാളം -കെട്ടിച്ചമയ്ക്കപ്പെട്ട പ്രതീക്ഷയാണെന്നതില്‍ ഒരു സംശയവുമില്ല, പക്ഷെ എന്തൊക്കെയായാലും പ്രതീക്ഷ-രോഷത്തില്‍ പൊതിഞ്ഞ് നല്‍കാന്‍ ട്രംപിന് സാധിച്ചു. സാമൂഹിക മാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ കൈയടക്കവും പ്രതികാരാത്മകവും വംശീയവുമായ വാചാടോപങ്ങളും അദ്ദേഹത്തിന്റെ മുന്നില്‍ പ്രവിശ്യ വോട്ടര്‍മാരിലേക്കുള്ള വഴി തുറന്നു. ലൈംഗീക പെരുമാറ്റദൂഷ്യം പോലുള്ള ആരോപണങ്ങളുള്‍പ്പെടെയുള്ള പ്രതികൂലസാഹചര്യങ്ങളെ മറികടന്ന് സാമാന്യബുദ്ധിയ്‌ക്കെതിരായ വിജയമാണ് ട്രംപ് നേടിയത്. ട്രംപ് വിരുദ്ധത എന്ന ഒറ്റക്കാര്യം മാത്രം മതിയായിരുന്നില്ല ഹിലരിക്ക് ജയിക്കാന്‍.

പല കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ ഹിലരി തന്നെയാണ് അവരുടെ ഏറ്റവും വലിയ ശത്രു. വളരെ മോശം പ്രചാരകയാണെന്ന് മാത്രമല്ല വൈസ് പ്രസിഡന്റായി തീരുമാനിക്കപ്പെട്ടിരുന്ന ടിം കെയ്‌നെക്കാള്‍ ഒരൌണ്‍സിന് മാത്രം അധികം വ്യക്തിത്വം (ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍).

പാടിപ്പതിഞ്ഞ തയ്യാറെടുപ്പുകളില്ലാതെ, ഡെമോക്രാറ്റുകളെ അപേക്ഷിച്ച് വളരെ കുറച്ച് പണവുമായി, ഹോളിവുഡില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും പൂജ്യം പിന്തുണയുമായി ട്രംപ് വിജയിച്ചു. ഹിലാരിക്ക് ഒരിക്കലും മനസ്സിലാക്കാന്‍ സാധിക്കാത്തതരത്തില്‍ ഭൂരിപക്ഷ അമേരിക്കന്‍ മാനസികാവസ്ഥ എങ്ങനെയോ തിരിച്ചറിയാന്‍ ട്രംപിന് സാധിച്ചു. മുദ്രകുത്തലിന്റെ ഉസ്താദായ ബാരക് ഒബാമയില്‍ നിന്നും അവരുടെ ഭര്‍ത്താവ് ബില്ലിന്റെ പ്രാപ്യതയില്‍ നിന്നും ഹിലരി ഒന്നും പഠിച്ചില്ലെന്ന് വേണം കരുതാന്‍. ബേണി സാന്റേഴ്‌സിന്റെ പ്രസ്ഥാനത്തില്‍ നിന്നും അവരൊന്നും പഠിച്ചില്ലെന്നും നിരവധി പേരെ പിന്നോട്ട് വലിച്ച നമ്മുടെ രാഷ്ട്രീയ സംവിധാനത്തെ കുറിച്ചും വാള്‍ സ്ട്രീറ്റിനെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ രൂക്ഷവിമര്‍ശനങ്ങളെ അവര്‍ ഗൗരവമായി എടുത്തില്ലെന്നും രാത്രി അവസാനിക്കുമ്പോഴേക്കും വ്യക്തമാകുന്നു.

അവസാനം, ട്രംപിന് എതിരായതുകൊണ്ടുമാത്രം പണിതീരുന്നില്ല. അവര്‍ കൂടുതല്‍ മുന്നോട്ടുപോകേണ്ടിയിരുന്നു.

മുന്നിലുള്ള വര്‍ഷങ്ങള്‍ നിര്‍ണായകമാണ്. ട്രംപിന്റെ പ്രസിഡന്റ് പദത്തോട് ഡെമോക്രാറ്റുകള്‍ എങ്ങനെ പ്രതികരിക്കും? ഒരു പുതിയ വെളിച്ചത്തില്‍ സ്വയം തിരിച്ചറിയാന്‍ അവര്‍ തയ്യാറാവുമോ അതോ തിരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ നവഉദാരീകരണവും സ്വത്വ രാഷ്ട്രീയവും മതി എന്ന വിശ്വാസം തുടരുമോ?

വെറുതെ നിങ്ങള്‍ ശ്വാസം പിടിച്ചിരിക്കേണ്ട.

അവസാനം, തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പുരോഗമനവാദികള്‍ നിരാശരാവേണ്ട കാര്യമില്ല (കാലിഫോര്‍ണിയയിലും മറ്റ് ചിലയിടങ്ങളിലും നടക്കുന്ന നിയമ ഉപദ്രവങ്ങളെ കുറിച്ചല്ല ഞാന്‍ പരാമര്‍ശിക്കുന്നത്. വേദന മരവിപ്പിക്കാന്‍ അത്തരം കാര്യങ്ങള്‍ സഹായിക്കുമെങ്കിലും). അവര്‍ ഊര്‍ജ്ജസ്വലരാവേണ്ടിയിരിക്കുന്നു. പോരാട്ടത്തിന് അവര്‍ തയ്യാറെടുക്കേണ്ടിയിരിക്കുന്നു. ഒബാമ ഭരണകൂടത്തിന്റെ മിക്ക നികൃഷ്ട നയങ്ങളെയും- ഡ്രോണ്‍ ആക്രമണങ്ങള്‍ മുതല്‍ സിറിയന്‍ ഇടപെടലും വാതകഖനനവും (ഫ്രാക്കിംഗ്) ഭീതിജനകമായ ഒബാമ കെയറും വരെ-എതിര്‍ക്കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടിടത്ത്, ട്രംപിന്റെ കാലത്ത് ഉയര്‍ത്തെഴുന്നേല്‍ക്കാനും കിട്ടുന്ന അവസരങ്ങളിലൊക്കെ തങ്ങളുടെ വെറുപ്പ് വെളിപ്പെടുത്തിക്കൊണ്ട് തെരുവുകള്‍ നിറയ്ക്കാനും പുരോഗമനകാരികള്‍ക്ക് സാധിച്ചേക്കും.

ഒരാള്‍ക്ക് പ്രതീക്ഷിക്കാനേ സാധിക്കൂ. പുതിയ ഭരണയന്ത്രത്തിനെതിരായ പ്രതീക്ഷയും രോഷവും നിറയ്ക്കാനും.

(Counter punch പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍