UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജയ് മല്ല്യയെ ഇനിയും വിശ്വസിക്കരുത്

Avatar

അഴിമുഖം പ്രതിനിധി

ആദ്യം വിജയ് മല്ല്യ തരാനുള്ള കോടികള്‍ തിരിച്ചു കൊണ്ടു വാ…എന്നിട്ടു മതി ഞങ്ങളുടെ വായ്പ തിരിച്ചു പിടിക്കുന്നത് എന്ന് പറയാനുള്ള നട്ടെല്ല് ഇന്ത്യാക്കാര്‍ കാണിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞയാഴ്ച ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് മുബൈയില്‍  റെയില്‍വേ പിഴയിട്ട വീട്ടമ്മ അധികൃതരെ കുറച്ചൊന്നുമല്ല കുഴപ്പിച്ചത്. അതിനെക്കാളേറെ തലവേദനയാണ് 2012 മുതല്‍ കിങ് ഫിഷര്‍ മുതലാളി വിജയ് മല്ല്യ ബാങ്കുകള്‍ക്ക് നല്‍കി കൊണ്ടിരിക്കുന്നത്. ആ മല്ല്യ ഒരു സുപ്രഭാതത്തില്‍ നല്‍കാനുള്ള 9,000 കോടി രൂപയില്‍ 4,000 കോടി രൂപ സെപ്തംബറോടെ തിരിച്ചടയ്ക്കാം എന്ന് പറഞ്ഞാല്‍ ബാങ്കുകള്‍ വിശ്വാസത്തിലെടുക്കുമോ.

പാപ്പരായ കിങ് ഫിയര്‍ എയര്‍ലൈന്‍സ് മുതലാളി മല്ല്യ വിദേശത്തെ ആഢംബര ഭവനത്തിലിരുന്നു കൊണ്ട് ഇന്ത്യയില്‍ മണിക്കൂറിന് ലക്ഷങ്ങള്‍ വിലയുള്ള അഭിഭാഷകരെ ഉപയോഗിച്ച് സുപ്രീംകോടതിയുടെ മുന്നില്‍ വച്ച നിര്‍ദ്ദേശത്തെ തള്ളണോ കൊള്ളണമോയെന്ന് തീരുമാനിക്കാന്‍ ബാങ്കുകള്‍ക്ക് ഒരാഴ്ച സമയമുണ്ട്.

എന്തുകൊണ്ടാകും മല്ല്യ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വച്ചിട്ടുണ്ടാകുക?

ബാങ്കുകള്‍ക്ക് വായ്പ തിരിച്ചടയ്ക്കാതെ രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കുള്ള എല്ലാ വഴികളും അടഞ്ഞത് കൊണ്ടാണ് മല്ല്യ പണം തിരിച്ചടയ്ക്കാമെന്ന് സമ്മതിച്ചതെന്നാണ് ഒരു വാദം. ക്ഷമിക്കണം,  അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. വളരെക്കാലമായി പണം തിരിച്ചടയ്ക്കാന്‍ മനസ്സുകാട്ടാതെയിരിക്കുന്ന അദ്ദേഹം മറ്റൊരു രക്ഷാമാര്‍ഗവുമില്ലാതെ വന്നപ്പോള്‍ സ്വന്തം ഉത്തരവാദിത്വത്തെ കുറിച്ച് പെട്ടെന്നൊരു ഉള്‍വിളിയുണ്ടായെന്ന് വിശ്വസിക്കുക പ്രയാസകരമാണ്.

അഞ്ചുവര്‍ഷത്തോളമായി ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം 17 ബാങ്കുകളെയാണ് മല്ല്യ പറ്റിച്ചു കൊണ്ടിരിക്കുന്നത് എന്നത് ഒരു വസ്തുതയാണ്. തിരിച്ചു കിട്ടാനുള്ള പണത്തിന്റെ പകുതിയില്‍ താഴെ മാത്രം വാങ്ങിയശേഷം ബാക്കി പണവുമായി മല്ല്യയെ രക്ഷപ്പെടാന്‍ അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ഒരു കാരണവുമില്ല. 2012 മുതല്‍ കിങ് ഫിഷറിന്റെ വായ്പ കിട്ടാക്കടമാണ്. പക്ഷേ ഒരിക്കല്‍ പോലും പണം തിരിച്ചടയ്ക്കാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല.

മല്ല്യയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ നിര്‍ദ്ദേശത്തോട് യോജിക്കാനുള്ള മഹാമനസ്‌കത കാണിക്കാന്‍ മല്ല്യയുടെ ഭൂതകാലം ബാങ്കുകളെ സമ്മതിക്കുകയില്ല. വായ്പ തിരിച്ചടയ്ക്കുന്നത് വൈകിക്കാന്‍ വേണ്ടി സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ബാങ്കുകളെ കോടതി കയറ്റാന്‍ മല്ല്യ മടിച്ചിരുന്നില്ല. വായ്പ തിരിച്ചടയ്ക്കാതെ ബാങ്കുകളെ പറ്റിച്ചിരുന്നപ്പോഴും മല്ല്യ പണക്കൊഴുപ്പ് കാണിച്ചു നടന്നിരുന്നത് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വരെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

മല്ല്യ ബാങ്കുകളെ കബളിപ്പിച്ചതിനെ കുറിച്ച് രാജ്യത്തെ വിവിധ ഏജന്‍സികള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ വിവിധ കോടതികളില്‍ കേസുകളുമുണ്ട്. ഹൈദരാബാദിലെ ഒരു കോടതി അദ്ദേഹത്തിന് എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

മല്ല്യയുടെ നിര്‍ദ്ദേശം ബാങ്കുകള്‍ അംഗീകരിച്ചാല്‍ അപകടകരമായ കീഴ് വഴക്കം കൂടിയാണ് സൃഷ്ടിക്കുക. ഇന്ത്യയില്‍ നാല് ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് ബാങ്കിങ് മേഖലയിലുള്ളത്. അതില്‍ 60 ശതമാനത്തിലേറെയും കോര്‍പ്പറേറ്റുകളുടേതാണ്. മല്ല്യയുടെ നിര്‍ദ്ദേശം അംഗീകരിച്ചാല്‍ ഈ വന്‍കിട കമ്പനികളൊക്കെയും കോടതിയില്‍ അത് ചൂണ്ടിക്കാണിച്ച് അനുകൂല വിധി നേടിയെടുക്കുകയും മറ്റു കമ്പനികളുടെ സമാനമായ നിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ അംഗീകരിക്കേണ്ടിയും വരും. അത്തരമൊരു സാഹചര്യം ബാങ്കുകള്‍ക്ക് വന്‍നഷ്ടമാണുണ്ടാക്കുക.


സെപ്തംബര്‍ വരെ സമയം ചോദിച്ചിരിക്കുന്നത് മല്ല്യയ്ക്ക് തന്റെ അടുത്ത നീക്കത്തിന് തയ്യാറെടുക്കാനാണുള്ള തന്ത്രത്തിന്റെ ഭാഗവുമാകാം.

സാങ്കേതികമായി മല്ല്യയുടെ സ്വത്തുക്കള്‍ ബാങ്കുകളുടെ വായ്പ തിരിച്ചടയ്ക്കാനുള്ള പണം ഉല്‍പാദിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന് വിവിധ കമ്പനികളിലുള്ള ഓഹരികള്‍ മാത്രം 7,000 കോടി രൂപവരും. കഴിഞ്ഞ നാലു കൊല്ലത്തോളമായി ചെയ്യാതിരുന്ന ഒരു കാര്യം ആറുമാസം കൊണ്ട് മല്ല്യ ചെയ്യുമെന്ന് എന്താണുറപ്പുള്ളത്.

മല്ല്യയുടെ വായ്പ കേസ് സാധാരണ പോലുള്ള ഒന്നല്ല. സാമ്പത്തിക ക്രമക്കേടുകളുടേയും പണം വകമാറ്റിയതിന്റേയും ബോധപൂര്‍വ്വം പണം അടയ്ക്കാത്തതിന്റേയും ആരോപണങ്ങള്‍ കൂടെ ചേര്‍ന്നതാണ് ഈ കേസ്. മല്ല്യയുടെ ഇന്ത്യയിലെ സ്വത്തുക്കള്‍ ലേലം ചെയ്യാനുള്ള നടപടികള്‍ ബാങ്കുകള്‍ ആരംഭിച്ചിട്ടുള്ളതാണ്. മല്ല്യയില്‍ നിന്നും പണം തിരിച്ചു പിടിക്കാനുള്ള എല്ലാ വഴികളും അടഞ്ഞപ്പോഴാണ് അവരീ നടപടിയിലേക്ക് തിരിഞ്ഞത്.

ബാങ്കുകള്‍ മല്ല്യയ്ക്ക് വായ്പയായി നല്‍കിയിട്ടുള്ളത് പൊതുജനങ്ങളുടെ പണമാണ്. വായ്പ തിരിച്ചടയ്ക്കാന്‍ കഴിവുള്ള മല്ല്യയെ ഒറ്റത്തവണ സെറ്റില്‍മെന്റായി 4000 കോടി രൂപ വാങ്ങി വിട്ടയ്ക്കുന്നത് പൊതു ജനങ്ങളുടെ ചെലവില്‍ മല്ല്യ രക്ഷപ്പെടുന്നതിന് തുല്ല്യമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍