UPDATES

ട്രെന്‍ഡിങ്ങ്

“ശ്രീനഗറിലേക്ക് വരരുത്, അതിര്‍ത്തി കടന്നുള്ള ഭീകരതയെ ചെറുക്കുകയാണ്” – കാശ്മീരിലെത്തുന്ന നേതാക്കളോട് സര്‍ക്കാര്‍

സ്ഥിതിഗതികള്‍ ശാന്തമാണെങ്കില്‍ സന്ദര്‍ശനം തടയുന്നതെന്തിനെന്ന് ഗുലാം നബി ആസാദ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുള്‍പ്പെട്ട പ്രതിപക്ഷ സംഘത്തോട് ശ്രീനഗര്‍ സന്ദര്‍ശിക്കരുതെന്ന് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍. കാശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കുന്നതിനാണ് പ്രതിപക്ഷ നേതാക്കളുടെ സംഘം കാശ്മീരിലെത്തുന്നത്.

പ്രതിപക്ഷ നേതാക്കള്‍ എത്തുമെന്ന് മനസ്സിലാക്കിയതോടെ പ്രസ്താവനയുമായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ രംഗത്തെത്തി. ശ്രീനഗര്‍ സന്ദര്‍ശിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശ വാദം. “ജമ്മു കാശ്മീരിലെ ജനങ്ങളെ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തില്‍നിന്നും ആക്രമണത്തില്‍നിന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനം ബുദ്ധിമുട്ട് സൃഷ്ടിക്കും” – ജമ്മു കാശ്മീര്‍ സര്‍ക്കാരിന്റെ വാര്‍ത്ത വിതരണ വകുപ്പ് ട്വീറ്ററിലാണ് അധികൃതരുടെ നിലപാട് പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ്, സിപിഎം, രാഷ്ട്രീയ ജനതാദള്‍, നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ എന്നീ പാര്‍ട്ടികളാണ് സംഘത്തിലുള്ളത്. ഉച്ചയോടെ സംഘം ശ്രീനഗറിലെത്തുമെന്നാണ് കരുതുന്നത്.

ഗുലാം നബി ആസാദ്, സീതാറാം യെച്ചൂരി, ഡി രാജ എന്നിവര്‍ നേരത്തെ ശ്രീനഗറില്‍ എത്തിയെങ്കിലും സര്‍ക്കാര്‍ തിരിച്ചയക്കുകയായിരുന്നു.

കാശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെങ്കില്‍ പിന്നെ അവിടം സന്ദര്‍ശിക്കുന്നതില്‍നിന്ന് തടയുന്നതെന്തിനാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ചോദിച്ചു. ഇത്തരത്തിലുള്ള വൈരുദ്ധ്യങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇരുപത് ദിവസങ്ങളായി രാഷ്ട്രീയ നേതാക്കളെ കുറിച്ച് ഒരു വിവരവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരാണ് പ്രതിപക്ഷ സംഘത്തെ കാശ്മീരിലെക്ക് വിളിച്ചത്. ഞങ്ങള്‍ അങ്ങോട്ടുപോകുമെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. ഗവര്‍ണറുടെ ക്ഷണം സ്വീകരിക്കുന്നു ഞങ്ങള്‍ ശ്രീനഗര്‍ സന്ദര്‍ശിക്കുമൈന്നായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്.

രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കളെ കാശ്മീര്‍ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു.
ശ്രീനഗറില്‍ പ്രവേശിക്കുന്നതിനെ തടയുമെങ്കിലും മറ്റ് മേഖലകളിലേക്ക് നേതാക്കളെ കടക്കാന്‍ അനുവദിക്കുമോ എന്ന കാര്യവും വ്യക്തമല്ല.

കാശ്മീരില്‍ അറസ്റ്റിലായ സിപിഎം നേതാവും പിരിച്ചുവിടപ്പെട്ട നിയമസഭയിലെ എംഎല്‍എയുമായിരുന്ന യൂസഫ് താരിഗാമിയെ ഹാജരാക്കണമെന്ന ആവശ്യപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിട്ടുണ്ട്.

ആഗസ്റ്റ് അഞ്ചിന് കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയുന്നതിന് തൊ്ട്ടുമുന്‍പാണ് മുന്‍ മുഖ്യമന്ത്രിമാരുള്‍പ്പെടെയുള്ളവരെ കാശ്മീരില്‍ അറസ്റ്റ് ചെയ്തത്.
സ്ഥിതിഗതികള്‍ ശാന്തമാണെന്ന് പറയുമ്പോഴും കാശ്മീരിലെ വിവിധ ഭാഗങ്ങളില്‍ ആയിരങ്ങള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തെരുവിലിറങ്ങിയിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പെലറ്റ് ആക്രമണം നടക്കുന്നതായും ചില മാധ്യമങ്ങള്‍ ശ്രീനഗറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍