UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ദൂരദര്‍ശനും ബോക്സര്‍ മുഹമ്മദ് അലിയും

Avatar

1959 സെപ്തംബര്‍ 15
ദൂരദര്‍ശന്‍ ആരംഭിക്കുന്നു

ഇന്ത്യയുടെ ദേശീയ ചാനലായ ദൂരദര്‍ശന്‍ ആദ്യമായി സംപ്രേക്ഷണം തുടങ്ങുന്നത് 1959 സെപ്തംബര്‍ 15 നാണ്. വളരെ എളിയ രീതിയിലുള്ള തുടക്കം. ഒരു ചെറിയ ട്രാന്‍സ്മിറ്ററിലും താല്‍ക്കാലികമായുണ്ടാക്കിയ സ്റ്റുഡിയോയിലുമായിട്ട് ആരംഭിച്ച സംപ്രേക്ഷണമാണ് പിന്നീട് ഒരു സുവര്‍ണ്ണകാലഘട്ടം ദൂരദര്‍ശന് സ്വന്തമാക്കി കൊടുത്തത്.

ആദ്യത്തെ കുറച്ച് വര്‍ഷങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു സംപ്രേക്ഷണം നടത്തിയിരുന്നത്. സ്ഥിരം സംപ്രേക്ഷണം ആരംഭിക്കുന്നത് ആറു വര്‍ഷങ്ങള്‍ക്കിപ്പുറം 1965 മുതലാണ്. ദൂരദര്‍ശന്റെ വികാസത്തിന് തുടക്കമിടുന്നത് 1972 ല്‍ മുംബൈയിലും അമൃത്സറിലും അതിന്റെ സ്റ്റുഡിയോകള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു.

1982 ല്‍ ഡല്‍ഹി ഏഷ്യന്‍ ഗെയിംസ് നടന്ന സമയത്താണ് കളര്‍ സംപ്രേക്ഷണം ആരംഭിക്കുന്നത്. സ്വതന്ത്രഭരണവകാശമുള്ള പ്രസാര്‍ ഭാരതിയുടെ കീഴിലാണ് ദൂരദര്‍ശന്‍ പ്രവര്‍ത്തിക്കുന്നത്.

പഴയ പ്രതാപത്തില്‍ നിന്ന് അകന്ന് നൂറുകണത്തിന് സ്വകാര്യചാനലുകളോട് മത്സരിച്ചാണ് ഇന്ന് ദുരദര്‍ശന്റെ യാത്ര.

1978 സെപ്തംബര്‍ 15
മുഹമ്മദ് അലിക്ക് മൂന്നാം ലോക ഹെവിവെയ്റ്റ് പട്ടം

ലോകപ്രശസ്ത ബോക്‌സിംഗ് താരം മുഹമ്മദ് അലി മൂന്നാം വട്ടവും ലോക ഹെവിവെയ്റ്റ് ചാമ്പ്യനായത് 1978 സെപ്തംബര്‍ 15 നായിരുന്നു. ന്യൂ ഓര്‍ലിയന്‍സില്‍ നടന്ന മത്സരത്തില്‍ ലിയോണ്‍ സ്പിങ്ക്‌സിനെ തോല്‍പ്പിച്ചായിരുന്നു അലി അന്ന് ചാമ്പ്യനായത്. ആ വിജയത്തിനു പിന്നാലെ 1981 ല്‍ ബോക്‌സിംഗ് റിംഗിനോട് എന്നന്നേക്കുമായി വിടപറഞ്ഞ് അലി തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തി.

ബോക്‌സിംഗ് റിംഗുകളെ ത്രസിപ്പിച്ച ഈ താരം ലോകം അറിയുന്ന മുഹമ്മദ് അലിയാകുന്നതിന് മുമ്പ് കാഷ്യസ് മാര്‍ഷ്യലസ് ക്ലേ ജൂനിയര്‍ ആയിരുന്നു. 1964 ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതോടെയാണ് അദ്ദേഹം മുഹമ്മദ് അലിയാകുന്നത്.1960 ല്‍ നടന്ന റോം ഒളിംപിക്‌സില്‍ ബോക്‌സിംഗ് സ്വര്‍ണ്ണം നേടിയ അലി ആദ്യമായി ലോകഹെവിവെയ്റ്റ് ചാമ്പ്യന്‍ ആകുന്നത് 1964 ഫെബ്രുവരിയില്‍ സോണി ലിസ്റ്റനെ തോല്‍പ്പിച്ചു കൊണ്ടാണ്. ആ വിജയത്തിനുപിന്നാലെയാണ് മുഹമ്മദ് അലി സ്വയം തന്നെ മഹാന്‍ എന്ന് വിശേഷിപ്പിക്കുന്നത്.


ബോക്‌സിംഗ് റിംഗുകളില്‍ നേടിയ വിജയങ്ങളിലല്ലാതെ അലി മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയാകുന്നത് അദ്ദേഹത്തിന് നേരിടേണ്ടി വന്ന മൂന്നുവര്‍ഷത്തെ വിലക്കിന്റെ പേരിലാണ്. 1967 ല്‍ വിയറ്റ്‌നാം യുദ്ധസമയത്ത് യു എസ് ആര്‍മിയില്‍ സേവനം ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു ആ വിലക്ക്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍