UPDATES

വായന/സംസ്കാരം

കാരമസോവ് സഹോദരന്മാര്‍: കാലാതിവര്‍ത്തിയായ ഒരു വായനാനുഭവം

Avatar

ഡോ. അനിഷ്യ ജയദേവ്

പുസ്തകം: കാരമസോവ് സഹോദരന്മാര്‍ (ദസ്തയേവ്‌സ്‌കി)
പരിഭാഷ: മിനി മേനോന്‍
പ്രസാധകര്‍: ചിന്ത പബ്ലിഷേഴ്‌സ്

നോവലിസ്റ്റിന്റെ ജീവിതഗന്ധം പേറുന്ന സൃഷ്ടി കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നു. കഥയോടൊപ്പം ഒരു ഫിലസോഫിക്കല്‍ ഇടത്തില്‍ അവലോകനം ചെയ്യപ്പെടുന്ന വിഷയങ്ങള്‍ ഒന്നും പഴകിപ്പോയിട്ടില്ല; ധാര്‍മ്മികത, വ്യക്തിസ്വാതന്ത്ര്യം, വിശ്വാസം, യുക്തി എന്നിങ്ങനെ. 

ഫയദോര്‍ പാവ്‌ലോവിച്ച് കാരമസോവ്: വിവരം കെട്ട ഉന്മത്തനായ താന്തോന്നി: അറപ്പുളവാക്കുന്ന ജീവിതം. വിവാഹ ജീവിതത്തില്‍ മൂന്നു മക്കള്‍. ഒരു ജാരസന്തതി. ഇതു ശരിക്കും ആരുടെ കഥയാണ്; അപ്പന്റെയോ മക്കളുടയോ എന്നുള്ളതിന് കൃത്യമായ ഒരു ഉത്തരമില്ല എന്നു പറഞ്ഞ് പോകാം.

നികൃഷ്ടനായ അച്ഛന്‍
നാല് മക്കളെയും ജീവിതത്തിലേക്ക് കൊണ്ടുവരാനൊന്നും ചെയ്യാതെ, അവര്‍ക്കവകാശപ്പെട്ടതൊന്നും നല്‍കാതെ നരകിക്കാന്‍ വിട്ട് സ്വന്തം തൃഷ്ണ മാത്രം സാധൂകരിച്ച ഒരു വ്യഭിചാരി. ആദ്യവിവാഹത്തില മിത്യ (ദിമിത്രി) എന്ന മകനെ പേനരിച്ച നിലയില്‍ കണ്ട് വാല്യക്കാരന്‍ ഗ്രിഗറിയും ഭാര്യയും ഏറ്റെടുത്തു. അടുക്കുചിട്ടകള്‍ക്കധീനനാകാതെ ജീവിച്ച അവന്‍ സൈന്യത്തില്‍ ചേരുകയും അവന്റെ വഴിവിട്ട ജീവിതം മുതലെടുത്ത് പണ്ടു കാലത്തെ ജമീന്ദാര്‍മാര്‍ കുടിയാനോട് ചെയ്തിരുന്ന പോലെ കള്ളക്കണക്കെഴുതി അവനെ പൈതൃകസ്വത്തില്‍ നിന്ന് പുറത്താക്കി കളഞ്ഞു ആ പിതാവ് (മുടിയനായ പുത്രന്റെ കഥയെ അര്‍ത്ഥപപൂര്‍ണമായി ഓര്‍പ്പിക്കുമാറ്).

ഫയദോര്‍ പിന്നെയും വിവാഹിതനായി. രണ്ടാംവിവാഹം എട്ടു വര്‍ഷം നീണ്ടു. ആ സ്ത്രീയുടെ മരണം വരെ. ചെറിയ പ്രായത്തിലെ ഒരു സ്ത്രീ. വാല്യക്കാരന്‍ ഗ്രിഗറി അവള്‍ക്കായി മാത്രം വൃത്തികെട്ട യജമാനനോടു പൊരുതി. ഭക്തയും അപസ്മാര രോഗിണിയും ആയിരുന്നു അവള്‍. അവളുടെ മരണാനന്തരം ഗ്രിഗറിയുടെ കൂടെ വളര്‍ന്നു ഐവാന്‍, അലക്‌സി എന്നിവര്‍. നാലാം വയസില്‍ അമ്മയെ നഷ്ടപ്പെട്ട അലക്‌സിയുടെ മനസില്‍ അവര്‍ ദീപ്തസ്മരണയായി നിലനിന്നു. 

ഐവാന്‍ നല്ല വിദ്യാഭാസം നേടി ഒരു മികച്ച ലേഖകനായിത്തീര്‍ന്നു. വിദ്യാഭ്യാസാനന്തരം എന്തുകൊണ്ടോ കരമസോവ് കുടുബത്തിലേക്ക് തിരിച്ചു വന്നു.

അലോഷ്യ തന്റെ കുടുംബത്തിന്റെ പാരമ്പര്യ വൈകൃതങ്ങളില്‍ നിന്ന് മുക്തി നേടാനെന്നോണം സന്യാസസഭയില്‍ ചേര്‍ന്നു.

അവിഹിത പുത്രന്‍
ഊമയും കുളളത്തിയും വൃത്തിഹീനയുമായ ലിസെവെറ്റ എന്ന തെരുവ് സന്തതിയില്‍ ജനിച്ചു ഒരു പുത്രന്‍. അവളെപ്പോലും വെറുതെ വിട്ടില്ല അച്ഛന്‍ കാരമസോവ്. അവള്‍ അവനെ പ്രസവിച്ചത് കാരമസോവിന്റെ ഒഴിഞ്ഞ കുളിപ്പുരയില്‍. ഉടനെ മരിച്ച അവളില്‍ നിന്ന് ആ കുഞ്ഞിനെ എടുത്ത് പാവേല്‍ ഫയദരോവിച്ച് എന്ന് നാമകരണം ചെയ്ത് വളര്‍ത്തിയത് ഗ്രിഗറി തന്നെ; അവന്‍ പിന്നെ അറിയപ്പെട്ടത് സ്മരഡിയാക്കോവ് എന്ന അപരനാമത്തില്‍. ദുര്‍ബലനായ ഒരു അപസ്മാര രോഗിക്ക് ദൃഡമായ ഒരു ചിന്താധാര ഉണ്ട്. ജീവിതത്തോടും അവന്റെ അമ്മയോടുമപ്പനോടുമുള്ള വെറുപ്പ് അവന്‍ മനസ്സില്‍ സൂക്ഷിക്കുന്നു, അവന്റെ രോഗത്തില്‍ പൊതിഞ്ഞ്. എണ്ണം പറഞ്ഞ പാചകക്കാരനായ അവന്‍ കഥയില്‍ നിര്‍ണായക സാന്നിധ്യമാണ്. സത്യസന്ധത, പാചകനിപുണത എന്നിവ വഴി ഫയദരോവിച്ചിന്റെ വിശ്വസ്തഭൃത്യനാകാന്‍, മന:സാക്ഷി സൂക്ഷിപ്പുകാരനാകാന്‍ സാധിച്ചു അവന്. മൂത്ത രണ്ടു സഹോദരന്മാരിലും ഉണ്ടായിരുന്ന പിതാവിനോടുള്ള വൈരാഗ്യം ആളിക്കത്തിക്കാന്‍, അപ്പനെ കൊല്ലാന്‍ മൂത്ത മക്കളില്‍ പ്രേരണ ചെലുത്താന്‍, ഐവാനെയും മിത്യയെയും തമ്മില്‍ തെറ്റിക്കാന്‍ അവന് സാധിക്കുന്നു.

സ്ത്രീ കഥാപാത്രങ്ങള്‍
വളരെ പ്രാധാന്യമാണ് സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഈ നോവലില്‍. വളരെ സംഘര്‍ഷഭരിതമാണ് അവരുടെ മനസ്. സ്വയം ശിക്ഷിക്കുന്ന പ്രണയം, പ്രണയിക്കാനുള്ള ഓരോ സ്ത്രീകളുടെയും ന്യായങ്ങള്‍ ഒക്കെ വല്ലാത്ത മാനസിക പിരിമുറുക്കമുളവാക്കും നമുക്ക്.

ഒരു വ്യക്തിയോട് അടിയുറച്ച പ്രണയം നിലനില്‍ക്കെ എത്തിക്കല്‍ റിസണ്‍സ് പറഞ്ഞ് മറ്റൊരാളോടൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്ന അവസ്ഥ.

മറ്റൊരു ദാര്‍ശനികതത്വം കഥാപാത്രങ്ങള്‍ പറഞ്ഞുവയ്ക്കുന്നത് തീവ്ര പ്രണയത്തില്‍ ന്നിന്ന് അതിതീഷണ വെറുപ്പിലേക്ക് അകലം തെല്ലുമില്ല എന്നാണ്. അത് സത്യം തന്നെയല്ലേ?

ഇവരാണ് ആ സ്ത്രീകള്‍; അച്ഛന്‍ കാരമസോവിന്റെ രണ്ടു ഭാര്യമാര്‍, അയാളുടെ കുട്ടിയെ ചുമന്നു പ്രസവിച്ചു മരിച്ച കുള്ളത്തി ലിസവേറ്റ. അവള്‍ മൂകയായിരുന്നു. പൗരോഹിത്യത്തിന്റെ വഴിയിലേക്ക് തിരിഞ്ഞ അലോഷിയെ ലൗകിക ജീവിതത്തില്‍ കാത്തിരിക്കുന്ന 16-കാരിയും രോഗിണിയുമായ ബാല്യകാലസഖി ലിസ, അവളുടെ അമ്മ ഗ്രിഗറിയുടെ ഭാര്യ മര്‍ഫ. പട്ടിണി ദുരിതങ്ങള്‍ കൊണ്ട് മരണത്തിലേക്ക് പോയ ബാലന്‍ ഇല്യൂഷയുടെ രോഗിണിയായ അമ്മയും സഹോദരിമാരും. പിന്നെ ഒരു സംഘം വെപ്പാട്ടികള്‍ പരാമര്‍ശിക്കപ്പെട്ടു പോകുന്നുണ്ട്. സന്യാസി പുരോഹിതന്മാര്‍ക്ക് വേണ്ടി മാത്രം സേവനം നല്‍കുന്നവര്‍. എല്ലാ സ്ത്രീകളും പരാമര്‍ശിക്കപ്പെടേണ്ടവരാണ്. 

എന്നാലും രണ്ടു പേര്‍ ഗ്രൂഷാങ്ക എന്ന അഗ്രഫെന അലക്‌സാന്ദ്രോവ്‌ന, മിത്യ എന്ന ദിമിത്രിയുടെ പ്രതിശ്രുത വധുവും ശേഷം സഹോദരന്‍ ഐവാന്റെ മാനസറാണിയും ആയ കാത്യ എന്ന കത്രീന ഇവനോവ്‌ന എന്ന സുന്ദരിയും. ഗ്രൂഷാങ്ക ഒരു അഭിസാരികയുടെ മേലങ്കി അണിഞ്ഞിട്ടുണ്ട്. ഗ്രൂഷാങ്ക പല കാരണവശാലും പലരോടും വശീകരണ തന്ത്രങ്ങള്‍ ഉപയോഗിക്കുന്നതായി കാണുന്നു. ആഭാസനായ അപ്പന്‍ കാരമസോവ് തന്റെ ധനം ഉപയോഗിച്ച് അവളെ വശീകരിക്കാന്‍ ശ്രമിക്കുന്നു: മകന്‍ മിത്യ ജീവിതം മുഴുൗന്‍ അവളുടെ ദാസ്യത്തിന്ന് തയ്യാര്‍. എന്നാല്‍ അവള്‍ അഭിസാരിണി അല്ല എന്നും ധനത്തിനായി തന്നെ ഉപേക്ഷിച്ചു പോയ ഒരു പോളിഷ് മിലിറ്ററി ഉദ്യോഗസ്ഥനു വേണ്ടി കാത്തിരിക്കയാണെന്നും വൈകിയാണ് നമ്മള്‍ മനസിലാക്കുന്നത്. പ്രണയം അവനോടാണോ. അല്ലേ അല്ല. അവളുടെ കാല്‍ നഖങ്ങളെ പോലും പ്രണയിച്ച മിത്യയോട് തന്നെ. എന്നാലും എന്തെല്ലാം ന്യായങ്ങള്‍ ആണെന്നോ അവള്‍ അവളുടെ കാത്തിരിപ്പിനെ സാധൂകരിക്കാന്‍ പറയുന്നത്.

സ്വന്തം പ്രേയസിയെ ധനം കൊണ്ട് വശീകരിക്കാന്‍ ശ്രമിക്കുന്ന പിതാവിനെ കൊല്ലാന്‍ തന്നെ തീരുമാനിക്കുന്നു തികച്ചും ഒരു കാരമസോവായ മിത്യ; അര്‍ഹതപ്പെട്ടതും എന്നാല്‍ നഷ്ടപ്പെട്ടു പോയതുമായ തന്റെ ധനത്തില്‍ അല്‍പത്തിനു വേണ്ടി വിഫലശ്രമം നടത്തുന്നു ആ പാവം. ധനപരമായി തനിക്ക് വന്ന് ചേര്‍ന്ന ബാദ്ധ്യത, അവമതി എന്നിവ ദിമിത്രി (മിത്യയുടെ) സമനില തെറ്റിക്കുന്നു പല വട്ടം. അതിന് ആക്കം കൂട്ടാന്‍ കൂടെ മദ്യവും ഉണ്ട്.

പ്രണയത്തിന്റെ പാരമ്യതയില്‍ നിന്ന് വെറുപ്പിന്റെ അപാരതയിലേക്ക് സംഘര്‍ഷഭരിതമായ മനസ്സോടെ സഞ്ചരിച്ച ആ സ്ത്രീകളുടെ കൂടെ അനുവാചക ഹൃദയങ്ങളും പിരിമുറകി സഞ്ചരിക്കും.

അയ്യോ! പുരോഹിതനായ സോസിമയെക്കുറിച്ച് പറഞ്ഞില്ല

Rev. Zogima- സംപൂജ്യന്‍. എന്നാല്‍ അദ്ദേഹം തന്റെ പൂര്‍വ്വാശ്രമത്തില്‍ അവിശ്വാസി. ജീവിതം അയാളെ ആരാധ്യനായ സന്യാസിയാക്കി. അതിനു മുമ്പ് അത്ര ഭവ്യമല്ലാത്ത ജീവിതം. കാരമസോവുകളെ ഒരു അനുരഞ്ജനചര്‍ച്ചയ്ക്ക് ഈ പുരോഹിതന്റെ അടുത്തെത്തിക്കുന്നു. അലോഷ്യയ്ക്ക് മാര്‍ഗദര്‍ശിയും മാതൃകയും സര്‍വ്വസ്വവും സോസിമയാണ്; മരണത്തിന്റെ പടിവാതിലിലെത്തിയ ആ വൈദിക ശ്രേഷ്ഠന്‍ വ്യഥിതര്‍ക്ക് അത്താണി തന്നെ. തന്റെ മരണ ശേഷം ഗൃഹസ്ഥനാകാന്‍ അലോഷ്യയോട് അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ വിശ്വാസ സമൂഹത്തെ, മരണാനന്തരം വിശുദ്ധനായ സോസിമാ പിതാവിന്റെ ശവശരീരത്തില്‍ നിന്ന് അത്ഭുതകരമായ അടയാളങ്ങള്‍ പ്രതീക്ഷിച്ചിരുന്ന അലോഷിയെ, ഞെട്ടിക്കുന്ന വേഗത്തില്‍ ആ ശരീരം അഴുക്കുകയും ദുര്‍ഗന്ധം വമിക്കയും ചെയ്യുന്നു.

അദ്ദേഹത്തിന്റെ പേരണയിലാവണം ചെറിയ കുട്ടികളില്‍ സ്‌നേഹത്തിന്റെയും നന്മയുടെയും കൂട്ടായ്മയുടെയും സന്ദേശം എത്തിക്കാന്‍ സന്യാസക്കുപ്പായത്തില്‍ നിന്ന് പുറത്തിറങ്ങിയ അലോഷി ശ്രദ്ധാലുവാണ്. കുഞ്ഞുങ്ങളോടുള്ള അലോഷ്യയുടെ കരുതല്‍ ഈ സന്യാസജീവിതത്തില്‍ നിന്ന് തന്നെ ലഭിച്ചതാവാം

ഏറ്റവും മനോഹരമായ ചില വെളിപാടുകള്‍
Doubting Tom /സംശയാലുവായ തോമാ. വിശുദ്ധ തോമസിനെ കുറിച്ചുള്ള ഒരു ചെറിയ പരാമര്‍ശം എന്റെ ആത്മാവില്‍ തൊട്ടത് എന്താണെന്നോ?

അവിശ്വാസിയായ /അല്‍പവിശ്വാസിയായ തോമ എന്താണ് കര്‍ത്താവിന്റെ മുറിഞ്ഞ കയ്യും വിലാവും കണ്ട് പറഞ്ഞത്?

എന്റെ കര്‍ത്താവും എന്റെ ദൈവവും കാണുന്നിടം വരെ ഞാന്‍ വിശ്വസിക്കയില്ല എന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിന്റെ ആഴങ്ങളില്‍ തികഞ്ഞ വിശ്വാസമുണ്ടായിരുന്നില്ലെങ്കില്‍ ഇങ്ങനെ പ്രസ്താവിക്കാന്‍ കഴിയുമായിരുന്നോ? തോമായുടെ ക്രിസ്തുവിലുള്ള പൂര്‍ണ സമര്‍പ്പണം അല്ലേ ഇത്? ഏറ്റവും മികച്ച ശിഷ്യനോ തോമ?

 

വിശ്വാസം, ഐഹിക ലോകം, ആത്മീയത ഒക്കെ ഒരു തരത്തില്‍ ‘പാത്രങ്ങള്‍ നോവലില്‍ പലവുരു ചര്‍ച്ച ചെയ്യുന്നു.

ഒഴിവാക്കാനാവാത്ത ആ കൊലപാതകം
നിങ്ങള്‍ എന്നെ സ്‌നേഹിച്ചില്ലെങ്കിലും ഭര്‍ത്താവായിരുന്നാല്‍ മതി എന്ന് മിത്യയോട് കെഞ്ചുന്ന കാത്യ ഒരുവേള ഒരു പ്രഹേളികയായി തോന്നാം. പക്ഷേ അവള്‍ അവനെ സ്‌നേഹിക്കുന്നത് വഴി സ്വന്തം സദ്ഗുണങ്ങളെയാണ് സ്‌നേഹിക്കുന്നത് (ഇവിടെ ഒരു ലിംഗപദവി വിലയിരുത്തല്‍ നടത്തിയാല്‍ മനസിലാക്കാന്‍ സാധിക്കുക പല സ്ത്രീകളും ചില ബന്ധങ്ങളില്‍ abusive relation എന്ന് നമ്മള്‍ വ്യാഖ്യാനിക്കുന്നവയില്‍ സഹിക്കപ്പെടുന്നവരായി കാണപ്പെടുന്നത് ഒന്നുകില്‍ അപരിമിതമായ പ്രണയം കൊണ്ടാവാം. അത് തന്നോടോ കാമുകനോടോ ഭര്‍ത്താവിനോടോ ഉള്ളതാവാം. അല്ലെങ്കില്‍ ഇത് തന്റെ ഉത്തരവാദിത്വം തനിക്ക് മാത്രമേ കഴിയൂ എന്ന ചിന്ത കൊണ്ടും ആവാം).

അവള്‍ ഗ്രൂഷാങ്കയില്‍ നിന്ന് മിത്യയെ നേടാന്‍ ശ്രമിക്കുന്നെങ്കിലും അവസാനം അവനെ കൊലപാതകിയായി വിധിക്കത്തക്ക തെളിവ് കൊടുക്കുന്നു എന്നതു വൈപരീത്യം.

ആരാണ് കൊന്നത്?
ദുര്‍ബലനായ അവിഹിത പുത്രന്‍ സ്മരഡിയാക്കോവ്. എന്നാല്‍ സാമ്പത്തിക പ്രശ്‌നമുണ്ടായിരുന്നതിനാലും സാക്ഷിവിസ്താരത്തിന്റെ അന്ത്യത്തിലെ തെളിവുകളാലും ദിമിത്രി (മിത്യ) തടവിലാകുന്നു. അയാളുടെ ജീവിതത്തിലെ രണ്ടു സ്ത്രീകള്‍ക്ക് വല്ലാത്ത പങ്കുണ്ട് അയാളുടെ കാരാഗ്രഹവാസത്തില്‍.

സ്വതേ ദുര്‍ബലനായ സ്മരഡിയാക്കോവ് തന്റെ ഒട്ടുംതന്നെ ദുര്‍ബലമല്ലാത്ത മനശ്ശാസ്ത്രപരമായ ആശയവിനിമയതിനാല്‍ ഇവാനെ വൈകാരിക സമ്മര്‍ദ്ദത്തിലാക്കുന്നു. ഒരുഘട്ടത്തില്‍ ഇവാന് തോന്നുന്നു താനാണോ അപ്പന്റെ ഘാതകന്‍ എന്ന്. ഇത് തന്നെ അല്ലേ അയാളെ ഒരു ഘട്ടത്തില്‍ രോഗിയാക്കിത്തീര്‍ക്കുന്നത്?

അന്ത്യം
ഐവാന് മസ്തിഷ്‌കജ്വരം ബാധിക്കുന്നു. മിത്യയ്ക്ക് നാഡീസംബന്ധ രോഗവും എന്നാല്‍ കാത്യയുടെ സഹായത്തോടെ മിത്യ സൈബീരിയന്‍ തടവില്‍ (20 വര്‍ഷത്തെ കഠിന വേല ) നിന്ന് ഗ്രൂഷാങ്കയുമായി രക്ഷപ്പെടുന്നു. പൂര്‍ണ്ണമായി ഈ രക്ഷാ പദ്ധതി കഥാകാരന്‍ വിവരിക്കുന്നില്ല. അവസാനം വരെയും ആ രണ്ടു സ്ത്രീകളും സ്പര്‍ദ്ധയില്‍ തന്നെ. 

ഇല്യൂഷ എന്ന ബാലന്റെ മരണം… അത് ഹൃദയസ്പര്‍ശിയാണ്, അവന്റെ ക്യാപ്റ്റന്‍ ആയിരുന്ന പരമദരിദ്രനായ അച്ഛന്റെ അവസ്ഥ കണ്ണ് നിറയിക്കതിരിക്കില്ല . അതിനുശേഷം കുട്ടികളും അലോഷ്യയും ചേര്‍ന്ന് എടുക്കുന്ന സ്‌നേഹപ്രതിജ്ഞ മാതൃകാപരമായ ഒന്ന് തന്നെ. പിന്നെ അവരുടെ ഉയര്‍പ്പിന്റെ കാത്തിരിപ്പ് അതേ പുനരുദ്ധാനം തന്നെ. അതൊരു സമ്മോഹനമായ കാത്തിരിപ്പാണ്.

(അധ്യാപികയാണ് ലേഖിക)

 (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍