UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

നമ്മുടെ മലയാളി താങ്ങില്ല ഈ ഡബിള്‍ ബാരല്‍

അപര്‍ണ്ണ

എല്ലാ വിഭാഗം സിനിമാ ആസ്വാദകരും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് ഡബിള്‍ ബാരല്‍. ആമേന് ശേഷം വന്ന ലിജോ ജോസ് പല്ലിശേരിയുടെ സിനിമ എന്നതും വമ്പന്‍ യുവതാരനിര ഒന്നിച്ച സിനിമ എന്നതുമൊക്കെയാണ് അതിന് കാരണങ്ങള്‍. ഒരുപാട് നീട്ടി വെച്ച റിലീസ് ഈ ഉത്സവ കാലത്തായതില്‍ ആശ്വസിക്കുന്ന കുറെ സിനിമാ പ്രേമികളെ കണ്ടിരുന്നു നാട്ടില്‍. സ്പൂഫ് മാതൃകയില്‍ ഉള്ള ട്രെയിലര്‍ നല്ലൊരു എന്റര്‍ടൈനര്‍ ആവും എന്ന മുന്‍വിധിയില്‍ പ്രേക്ഷകരെ എത്തിക്കുകയും ചെയ്തു.

റിലീസിന് മുന്നേ ഹിറ്റ് എന്നുറപ്പിച്ച ഈ സിനിമക്ക് പക്ഷെ ശരാശരി പ്രതികരണമാണ് തീയേറ്ററില്‍ നിന്ന് കിട്ടുന്നത്. സിനിമ ഉപരിപ്ലവമായ കാട്ടിക്കൂട്ടല്‍ മാത്രമാണെന്ന് ഒരു വിഭാഗം പരിഹസിക്കുമ്പോള്‍ മലയാളത്തില്‍ പെട്ട് ചതഞ്ഞരഞ്ഞ ഒരു അന്തര്‍ദേശീയ സിനിമ എന്ന് മറുവിഭാഗം രോഷം കൊള്ളുന്നു. മാറാനും മാറ്റാനും ഉദ്ദേശിക്കുന്നിലെന്നു ലിജോ ജോസ് പല്ലിശേരി ഫേസ്ബുക്ക് പേജിലൂടെ ആണയിടുമ്പോള്‍ അങ്ങേയറ്റം പുച്ഛത്തോടെ ഉളുപ്പില്ലേ എന്ന രീതിയില്‍ ആക്ഷേപിക്കുന്ന മലയാളി സ്വഭാവ കമന്റുകള്‍ അതിനു താഴെ കാണുന്നു. റിലീസിംഗ് സമയത്ത് 2.39 മണിക്കൂര്‍ നീളമുണ്ടായിരുന്ന സിനിമ ചൊവ്വാഴ്ച മുതല്‍ 19 മിനിറ്റ് മുറിച്ചുമാറ്റിയ ശേഷമാണ് പ്രദര്‍ശിപ്പിക്കുന്നത്; വിരസതയുള്ള ഭാഗങ്ങള്‍ ഒഴിവാക്കാനാണിതെന്നാണ് വിശദീകരണം.   

ഗ്യാങ്ങ്സ്റ്റാര്‍ കോമഡി വിഭാഗത്തില്‍പ്പെട്ട ഡബിള്‍ ബാരല്‍ മലയാള സിനിമയെ സംബന്ധിച്ചു വമ്പന്‍ ബജറ്റില്‍ നിര്‍മ്മിച്ച സിനിമയാണ്. മജ്‌നുവിന് (ആര്യ) ലൈലയോടുള്ള (സ്വാതി റെഡി) ഉന്മാദ പ്രണയത്തിന്റേയും ലൈല-മജ്‌നു എന്നീ പേരുകളുള്ള അമൂല്യ രത്‌നങ്ങള്‍ വാങ്ങി മറിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്ന പാഞ്ചൊയുടേയും (പ്രിഥ്വിരാജ്) വിന്‍സിയുടേയും (ഇന്ദ്രജിത്ത്) ആ രത്‌നങ്ങള്‍ക്ക് ചുറ്റിലും കറങ്ങുന്ന ഒരുപിടി അധോലോക നേതാകളുടെയും കഥയാണിത്.

ഹോളിവുഡ്, അന്തര്‍ദേശീയ അധോലോക സിനിമകളെ കളിയാക്കി എടുത്ത ഈ സിനിമയ്ക്ക് മലയാളത്തില്‍ പൂര്‍വ മാതൃകകള്‍ ഇല്ല. കഥകളും ഉപകഥകളും ഒന്നിച്ചു ചേര്‍ന്ന രീതിയിലുള്ള അവതരണമാണ് ഡബിള്‍ ബാരലിന്റേത്. കുടുംബം, പ്രേമം, നായകന്‍ തുടങ്ങി മലയാള സിനിമ പിന്തുടരുന്ന എല്ലാ രീതികളെയും പൊളിച്ചിടുന്നുണ്ട് ഈ സിനിമ. ആണ്‍, പെണ്‍ വ്യത്യാസം പോലും കുറവാണ്. വില്ലന്മാര്‍ പരസ്പരം കൊല്ലുകയോ നശിപ്പിക്കുകയോ ചെയ്തശേഷം നായകന് വേണ്ടത് കിട്ടുന്ന രീതിയിലുള്ള കഥ പറഞ്ഞത് നാടോടിക്കാറ്റ് സീരീസ് ആണ്. അതിനു ശേഷം കാരിക്കേച്ചര്‍ സ്വഭാവം നിഴലിച്ചു കണ്ടത് സി ഐ ഡി മൂസയില്‍ ആണ്. പക്ഷെ കേരളീയ പരിസരത്തില്‍ ഒതുങ്ങി നിന്ന് നായകന്‍, അയാളുടെ ഉപഗ്രഹങ്ങളായ തമാശക്കാര്‍, നായിക എന്നീ പതിവ് മിശ്രിതത്തില്‍ നിന്ന് കൊണ്ടാണ് ആ സിനിമകള്‍ സംവദിച്ചത്. അതേസമയം, ഡബിള്‍ ബാരല്‍ പ്രേക്ഷകരോട് ഓരോ ദൃശ്യത്തിലും സൂക്ഷ്മശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. സാങ്കേതിക തികവിനെ വല്ലാതെ ആശ്രയിച്ച സിനിമ കൂടിയാണിത്. മലയാളം സംസാരിക്കുന്നു എന്നതൊഴിച്ചാല്‍ കേരളീയ പരിസരവുമായി ഒരു ബന്ധവും ഈ സിനിമക്കില്ല. തനി തൃശൂര്‍ക്കാര്‍ പോലും ഹോളിവുഡ് രീതിയില്‍ നിര്‍മിച്ചെടുത്ത കഥാപാത്രങ്ങളാണ്. രചന നാരായണന്‍ കുട്ടിയുടെ മേരിക്കുട്ടി ഒരു ഉദാഹരണം. ഇതൊക്കെ തന്നെയാണ് സിനിമയുടെ വിജയമായും പരാജയമായും രണ്ടു വിഭാഗങ്ങളും ചൂണ്ടിക്കാട്ടുന്നത്.

സിനിമ ഒരു ആര്‍ട്ട് ആണോ ക്രാഫ്റ്റ് ആണോ എന്ന കാലാതിവര്‍ത്തിയായ തര്‍ക്കത്തിന് പ്രസക്തി ലഭിക്കുന്ന ഇടമാണ് ഡബിള്‍ ബാരലും അനുബന്ധ ചര്‍ച്ചകളും. ഒറ്റ നോട്ടത്തില്‍ ഒരു ക്രാഫ്റ്റ് ആണ് ഈ സിനിമ. ക്യാമറയിലും ശബ്ദമിശ്രണത്തിലും എഡിറ്റിങ്ങിലും മലയാള സിനിമ അധികം കാട്ടാത്ത ഒരു ജാഗ്രത ഡബിള്‍ ബാരല്‍ കാണിച്ചിട്ടുണ്ട്. ഗുയാങ്ങ്സ്റ്റര്‍ കഥാപാത്രങ്ങളെല്ലാം സവിശേഷ സ്വഭാവം പുലര്‍ത്തുന്നവയാണ്. സ്പൂഫ് മൂവി എന്ന ഗണത്തില്‍ പെടാന്‍ വേണ്ട എല്ലാ യോഗ്യതയും ഈ സിനിമക്ക് ഉണ്ട്. നായകന്‍/നായിക/കുടുംബം/ വില്ലന്‍/തമാശക്കാരന്‍ തുടങ്ങിയ വാര്‍പ്പ് മാതൃകകളെ ഉപേക്ഷിച്ചു തുല്യ പ്രാധാന്യമുള്ള, വ്യക്തിത്വമുള്ള ഒരുപറ്റം കഥാപാത്രങ്ങളെ നിര്‍മിച്ച്, അവരുടെ ഡീറ്റയിലിങ്ങില്‍ ശ്രദ്ധിച്ചിരിക്കുന്നു സംവിധായകന്‍. സണ്ണി വെയ്നിന്റെ സൈലന്റും വിജയ് ബാബുവിന്റെ ബില്ലിയും ചെമ്പന്‍ വിനോദിന്റെ ഡീസലും ഒക്കെ കൂട്ടത്തില്‍ നില്‍ക്കുമ്പോളും വേറിട്ട് നില്ക്കുന്ന കഥാപാത്രമാണ്.

പക്ഷെ മറുപാതി കൊണ്ട് ഒരുപാട് വ്യാഖ്യാന സാധ്യതകള്‍ തുറന്നു തന്നുകൊണ്ട് കലാസ്വാദനത്തിന്റെ തലത്തിലും എത്തുന്നുണ്ട് ഡബിള്‍ ബാരല്‍. ആമേനിലെ കുമരങ്കരിയും ബ്യൂഗിളും എല്ലാം മാര്‍കേസിനേയും മക്കൊണ്ടയേക്കാളും ഗുച്ച ദി ഡിസ്റ്റന്റ് ട്രംപറ്റ് എന്ന സെര്‍ബിയന്‍ സിനിമയുടെ ഓര്‍മ ഉണ്ടാക്കിയപ്പോള്‍ ഡബിള്‍ ബാരല്‍ മാജിക്കല്‍ റിയലിസത്തിന്റെ വ്യാഖ്യാന സാധ്യതകള്‍ തരുന്നുണ്ട്. വെയില്‍ മഞ്ഞ നിറമുള്ള രത്‌നമായ ലൈലയും രക്തത്തിന്റെ ചുവപ്പ് നിറമുള്ള രത്‌നമായ മജ്‌നുവും അത്തരത്തില്‍ രണ്ടു പ്രതീകങ്ങളാണ്. രണ്ടും ചേര്‍ന്നിരിക്കുമ്പോള്‍ നൂറു കോടിയാണ് വില. ഒന്ന് പോയാല്‍ മറ്റേതിനു വിലയില്ല. ഇവയെ തേടി നടക്കുന്നവരില്‍ നിന്നെല്ലാം രണ്ടിലൊരാള്‍ വഴുതി മാറുന്നതായി കാണാം. മജ്‌നുവിന് ഉന്മാദാവസ്ഥയില്‍ തോന്നുന്ന പ്രണയം ഇല്ലെങ്കില്‍ ലൈല വെറും ജഡമാണ്. കടലില്‍ പതിച്ച ഒറ്റ മണല്‍ തരികള്‍, മീന്‍കണ്ണുകള്‍, നക്ഷത്രങ്ങള്‍ തുടങ്ങി മിസ്റ്റിക് ബിംബങ്ങളുടെ അവതരണവും ശ്രദ്ധേയമാണ്. കൈമാറി, കൈയ്യില്‍ പെട്ടെന്നെത്തി പൊടുന്നനെ തെന്നിയകലുന്ന പണം അധികം കണ്ടു മടുക്കാത്ത രീതിയില്‍ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഉമ്മ വെക്കാനും ഇണ ചേരാനും ആളില്ലാത്ത ഇടംതേടി അലഞ്ഞു പരാജയപ്പെടുന്ന അവനും അവളും (ആസിഫ് അലി- പേളി മാണി ) സദാചാര പോലീസ് അടക്കം നിരവധി വ്യഖ്യാന സാധ്യതകളെ അവശേഷിപ്പിക്കുന്നു.

ഈ രണ്ടു അവസ്ഥകളും ശരിയായി കലര്‍ത്തിയെടുക്കാത്തതോ ചേര്‍ന്ന് പോകാത്തതോ ആവാം സിനിമക്ക് കിട്ടുന്ന നെഗറ്റീവ് പ്രതികരണങ്ങളുടെ ഒരു കാരണം. ആദ്യ പകുതിയിലെ ചടുലത രണ്ടാം പകുതിയില്‍ ചിലയിടങ്ങളില്‍ കൈമോശം വരുന്നുണ്ട്. ആര്യയുടെ തമിഴ് ചുവ ഉള്ള സംഭാഷണം ചിലപ്പോഴൊക്കെ അരോചകമാണ്. ഇഷാ ഷെര്‍വാനിയുടെ ആയോധന മികവു അഞ്ചു സുന്ദരികളിലും ചാനലുകള്‍ ആവര്‍ത്തിച്ചു കാട്ടി മടുപ്പിക്കുന്ന ഏതൊക്കെയോ അവാര്‍ഡ് പരിപാടികളിലും ഒട്ടു മിക്ക ഇന്ത്യന്‍ ടിവി ഷോകളിലും ആവശ്യത്തിലധികം കണ്ടതാണ്.

വീഡിയോഗെയിം രീതിയില്‍ എടുത്ത അവരുടെ ഫൈറ്റ് പാവം മലയാള സിനിമയായ പറക്കും തളികയില്‍ ടോം ആന്‍ഡ് ജെറി മോഡല്‍ ഒട്ടേറെ പരിമിതികളോടെ കണ്ടതാണ്. പിന്നെ ചില രംഗങ്ങളില്‍ ദാസനും വിജയനും ആകുന്നുണ്ട് പ്രഞ്ചോയും വിന്‍സിയും. സൈക്കിളില്‍ വിനീത് ശ്രീനിവാസനും വിനു മോഹനും ചെയ്തത് വികലാനുകരണം ആണെങ്കില്‍ ഇതൊരു ന്യൂ ജെനറഷന്‍ അഡാപ്‌റ്റേഷന്‍ ആണ്. ഗോവന്‍ ബീച്ചില്‍ കിടന്നു പത്തു കോടിയോ 20 കോടിയോ കിട്ടിയാലോ എന്നൊക്കെ സ്വപ്നം കാണുന്നതും ഇവരുടെ ചമ്മലുകളും പരസ്പര ഉപദേശങ്ങളും സ്വീറ്റിയെ വളക്കാന്‍ ഉള്ള ശ്രമവും ഒക്കെ അവരുടെ ഒരു വിദൂരഛായ ഉണ്ടാക്കുന്നുണ്ട്. അനുകരിച്ചു എന്നരോപിക്കുന്നില്ല. പക്ഷെ അവരെ ഓര്‍മപ്പെടുത്തുന്നു. പിന്നെ കഥാപാത്രങ്ങളുടേയും സംഭവങ്ങളുടേയും അതിപ്രസരം കൊണ്ട് ചിലതൊക്കെ ഇടക്കെങ്ങാന്‍ പ്രേക്ഷകര്‍ മറന്നു പോയാല്‍ അവരെ കുറ്റം പറയാനുമാവില്ല.

ഡബിള്‍ ബാരല്‍ സ്വന്തമായി നിലനില്പ്പുള്ള ഒരു സിനിമാ പരീക്ഷണമാണ്. മലയാള സിനിമയുടെ എല്ലാ ക്ലീഷേകളില്‍ നിന്നും ദൂരം പാലിച്ച സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു സംരംഭം. അതിനെ അംഗീകരിക്കാം, നിരാകരിക്കാം, കണ്ടില്ലെന്ന് നടിക്കാം, മനസിലാക്കാതിരിക്കാം. പക്ഷെ ഇത് മലയാളത്തിലെ ഏറ്റവും നല്ല സിനിമ ആണെന്നും ഏറ്റവും മോശം സിനിമ ആണെന്നും പറയുന്നത് അതിവാദമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍