UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹേമ, ഹരീഷ് കൊലപാതകം; അന്വേഷണം ഇവിടെവരെ

അഴിമുഖം പ്രതിനിധി

ഹേമാ ഉപധ്യായ്,ഹരീഷ് ഭംഭാനി എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ അകന്നുകഴിഞ്ഞിരുന്ന ഭര്‍ത്താവ് ആര്‍ട്ടിസ്റ്റ് ചിന്തന്‍ ഉപധ്യായ് ഇന്നു പുലര്‍ച്ചെ അറസ്റ്റിലായി. തുടക്കം മുതല്‍ സംശയത്തിന്റെ നിഴലിലായിരുന്ന ചിന്തന്‍ ഉപധ്യായ് നല്‍കിയ മൊഴികള്‍ തമ്മിലുള്ള വൈരുദ്ധ്യമാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്.

പ്രശസ്ത ആര്‍ട്ടിസ്റ്റായ ഹേമ ഉപധ്യായ് അവരുടെ അഭിഭാഷകന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ അടച്ച നിലയില്‍  മുംബൈ ഖണ്ടിവാലിയിലെ ഓവുചാലില്‍ നിന്നും ഡിസംബര്‍ 12ന് കണ്ടെത്തുകയായിരുന്നു. കൈകള്‍ പിന്നില്‍ ചേര്‍ത്തു കെട്ടിയ നിലയിലായിരുന്നു ഹേമയുടെ മൃതദേഹമെങ്കില്‍ അഭിഭാഷകന്റെ മുഖം മുറിച്ച് വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. അര്‍ദ്ധനഗ്നരായ നിലയില്‍ ഇവരുടെ ശരീരങ്ങള്‍ കണ്ടെത്തിയെങ്കിലും തിരിച്ചറിഞ്ഞത് അടുത്ത ദിവസമായിരുന്നു. 

കേസില്‍ വിദ്യാധര്‍ രാജ്ബാര്‍, പ്രദീപ്‌ രാജ്ബാര്‍, വിജയ്‌ രാജ്ബാര്‍, ആസാദ് രാജ്ബാര്‍ എന്നിവരാണ്  പേരാണ് അന്വേഷണത്തിന്റെ തുടക്കത്തില്‍ അറസ്റ്റിലാവുന്നത്. ഇതില്‍ വിദ്യാധര്‍ രാജ്ബാറും ഹേമയും തമ്മില്‍ ഒരു ഇന്‍സ്റ്റലേഷനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു.

ഹേമയുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ജൂഹു താര റോഡിലുള്ള ഹേമയുടെ അപ്പാര്‍ട്ട്‌മെന്റിലെ വാച്മാന്‍, വീട്ടുജോലിക്കാരി എന്നിവരില്‍ നിന്നും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

ഖണ്ടിവാലിയില്‍ ശനിയാഴ്ച്ച ഉച്ചയ്ക്കുശേഷം മാലിന്യം നിക്ഷേപിക്കാന്‍ പോയ പിക് അപ്പ് വാന്‍ ഡ്രൈവറെ ചോദ്യം ചെയ്തതില്‍ നിന്നും അയാള്‍ ആ സമയത്ത് രണ്ടു പെട്ടികളില്‍ മാലിന്യങ്ങള്‍ അവിടെ നിക്ഷേപിച്ചതായി സമ്മതിച്ചിട്ടുണ്ട്. പൊട്ടിയ ആന്റീക് സാധനങ്ങളായിരുന്നു അവയെന്നും ഇയാള്‍ പറയുന്നു

കൊലപാതകത്തിനു പിന്നില്‍  ചിന്തന്‍ ഉപധ്യായ് ഉണ്ടെന്നുള്ള സംശയം ഹേമയുടെ മാതാപിതാക്കള്‍ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. രണ്ടുപേരും പിരിഞ്ഞു താമസിച്ചിരുന്നതിനാല്‍ അയാള്‍ ഇതില്‍ ഇടപെട്ടിട്ടുണ്ടാവില്ല എന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരുന്നത്.

പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മൊഴികള്‍ തമ്മില്‍ ചേര്‍ച്ചയില്ലാതെ വന്നപ്പോഴാണ് പോലീസ് ഇയാളെയും സംശയിക്കുന്നവരുടെ പട്ടികയില്‍ ചേര്‍ക്കുന്നത്.

ഹേമയും ചിന്തനും തമ്മില്‍ വസ്തുവകകളെപ്പറ്റി ഒരു കേസ് നിലനില്‍ക്കുന്നുണ്ട് എന്നകാര്യം അന്വേഷണ സംഘം ചോദ്യം ചെയ്യലിനിടയില്‍ ചിന്തന്‍ സമ്മതിച്ചിരുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് 2010ല്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ഹേമയ്ക്കുവേണ്ടി കേസ് വാദിച്ചത് ഹരിഷ് ഭംഭാനിയായിരുന്നു. ആ കേസില്‍ ഹേമയ്ക്ക് 16.5 ലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന് കുടുംബക്കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരായി അവര്‍ നല്‍കിയ അപ്പീല്‍ പ്രകാരം ഹൈക്കോടതിയില്‍ ഇപ്പോഴും കേസ് നിലവിലുണ്ട്.

പോലീസ് അന്വേഷണത്തിന്‍ പ്രകാരം മരണം നടന്നത് ഇപ്രകാരമാണ്.

ഇന്‍സ്റ്റാലെഷന്‍റെ ആവശ്യത്തിനാണ് എന്നാവശ്യപ്പെട്ട് വിദ്യാധര്‍ രാജ്ബാര്‍ ഹേമയെയും ഹരിഷിനെയും വര്‍ക്ക്ഷോപ്പിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സാക്ഷികളെ വിസ്തരിച്ചതിലും ഫോണ്‍ കാളുകള്‍ പരിശോധിച്ചതിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇവിടെയെത്തുന്ന രണ്ടു പേരെ പേടിപ്പെടുത്തണമെന്ന് വിദ്യാധര്‍ മറ്റുള്ളവരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഒരു കുപ്പി ക്ലോറോഫോം സ്ഥലത്തെത്തിക്കുകയും ചെയ്തു.

ഡിസംബര്‍ 11ന് വര്‍ക്ക്ഷോപ്പിലെത്തിയ രണ്ടുപേരെയും ലൈറ്റ് ഓഫ് ചെയ്തതിനു ശേഷം ക്ലോറോഫോമില്‍ മുക്കിയ തുണി ഉപയോഗിച്ച് ബോധം കെടുത്തുകയായിരുന്നു. ഹേമയ്ക്ക് പെട്ടന്നു തന്നെ ബോധം നഷ്ടപ്പെട്ടെങ്കിലും വിദ്യാധറിന്റെ മുഖത്ത് കൈകള്‍ കൊണ്ട് മുറിവുകള്‍ ഉണ്ടാക്കിയ ശേഷമാണ് ഹരീഷിന് ബോധം നഷ്ടമാവുന്നത്. തുടര്‍ന്ന് കൊലപ്പെടുത്തിയശേഷം രണ്ടു പേരുടെയും ശരീരം പെട്ടികളിലാക്കി ഉപേക്ഷിക്കുകയായിരുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

            

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍