UPDATES

സിനിമ

ജനാധിപത്യ വിരുദ്ധ സിനിമ സംഘടനകളുടെ കോമാളിത്തരങ്ങള്‍

മാദ്ധ്യമങ്ങളില്‍ നിന്ന് മറച്ച് വയ്‌ക്കേണ്ട എന്ത് രഹസ്യമാണ് ഇവര്‍ക്ക് ഈ കേസുമായി ബന്ധപ്പെട്ടുള്ളത്? ആരെയാണ് ഇവര്‍ ഭയപ്പെടുന്നത്?

ക്വട്ടേഷന്‍ സംഘത്താല്‍ ആക്രമിക്കപ്പെട്ട തങ്ങളുടെ സഹപ്രവര്‍ത്തകയായ നടിക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ച് പിരിഞ്ഞ ചലച്ചിത്രപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ ആക്രമണം നേരിടുന്നതായി പറയുന്ന തങ്ങളുടെ സഹപ്രവര്‍ത്തകനായ പ്രമുഖ നടനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാതൃകയായി. കൂടാതെ ഒരു ഒന്നാന്തരം സര്‍ക്കുലര്‍ പോലൊരു നിര്‍ദ്ദേശവും എല്ലാവര്‍ക്കും കൊടുത്തു. ഇനി മേലാല്‍ രാത്രി മാത്രമല്ല പകലും നടിമാര്‍ ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്ന്. കൊള്ളാം, നന്നായിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നും ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലുകളില്‍ നിന്നും ആക്രമണം നേരിടുന്ന സഹപ്രവര്‍ത്തകന് കൊടുത്ത പിന്തുണ മനസിലാക്കാം. പക്ഷെ മറ്റേ പിന്തിരിപ്പന്‍ നിര്‍ദ്ദേശമുണ്ടല്ലോ.. അതെന്തിനായിരുന്നു എന്ന് മനസിലാകുന്നില്ല. ബന്ധുക്കളേയോ സുഹൃത്തുക്കളേയോ വേണ്ടപ്പെട്ടവരേയോ ഒപ്പം കൂട്ടാതെ ഡ്രൈവര്‍ മാത്രമുള്ള വണ്ടിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്തതാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രശ്‌നം എന്നാണോ അമ്മ എന്ന് പേരുള്ള താരസംഘടന കണ്ടെത്തിയിരിക്കുന്നത്. ഈ സംഘടന ഒരു ദുരന്തമാണ് എന്ന് പറയാന്‍ വെറെ പ്രത്യേകിച്ചൊന്നും ആവശ്യമില്ല.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന നടിമാരുടെ കാര്യത്തില്‍ മാത്രമേ അമ്മയ്ക്ക് ആശങ്കയുള്ളോ നടന്മാരുടെ കാര്യത്തിലില്ലേ എന്ന ചോദ്യമുണ്ട്. രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന നടന്മാരുടെ ജീവന് ഒരു വിലയുമില്ലേ? ഓ, അവരെ അങ്ങനെ സ്ത്രീകളൊന്നും ആക്രമിക്കുന്ന പതിവില്ലല്ലോ അല്ലേ? എന്നാലും അവര്‍ക്ക് നേരെയും പല കാരണങ്ങളാലും ഗുണ്ടാ, ക്വട്ടേഷന്‍ ആക്രമണങ്ങള്‍ ഉണ്ടാകാമല്ലോ? നടിമാരേക്കാള്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണം വരാന്‍ സാധ്യതയുള്ളത് നടന്മാര്‍ക്ക് നേരെയാവാനാണ് സാധ്യത. അല്ലെങ്കില്‍ യക്ഷികളിലും പ്രേതത്തിലും ഒക്കെ വിശ്വസിക്കുന്ന സിനിമാക്കാരുണ്ടെങ്കില്‍ അവരെങ്കിലും രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതില്‍ നിന്ന് നടന്മാരെ വിലക്കി മാതൃക കാണിക്കണം. അല്ലാതെ അവരുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാതെ ഇങ്ങനെ പെരുമാറരുത്. നടിമാരോടുള്ള കരുതല്‍ നടന്മാരോടും വേണം.

ഇമ്മാതിരി ഐഡിയകള്‍ എവിടെ നിന്ന് വരുന്നു ആവോ. രണ്ട് എംപിമാരും രണ്ട് എംഎല്‍എമാരുമെല്ലാം അംഗങ്ങളായ സംഘടനയാണിത്. പ്രസിഡന്റ് ഇന്നസെന്റ് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ലോക്‌സഭാംഗമാണ്. മുകേഷും ഗണേഷ് കുമാറും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളാണ്. ഇവരെല്ലാം അഭിനേതാക്കള്‍ എന്ന നിലയിലാണ് അമ്മയില്‍ അംഗങ്ങളായിരിക്കുന്നതെങ്കിലും ഉത്തരവാദിത്തപ്പെട്ട കലാകാരന്മാര്‍ എന്നതിന് പുറമെ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികള്‍ കൂടിയാണ്. എന്നിട്ടാണ് ഇതുപോലൊരു വൃത്തികെട്ട പരിഹാര മാര്‍ഗം ഇവരുടെയൊക്കെ നേതൃത്വത്തിലുള്ള സംഘടന നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഏത് കാലത്ത് ഏത് ലോകത്താണ് ഇവര്‍ ജീവിക്കുന്നത് എന്ന് ചോദിക്കേണ്ടി വരും. ഡല്‍ഹിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായപ്പോള്‍ അവള്‍ എന്തിന് ആണ്‍സുഹൃത്തിനൊപ്പം രാത്രി പുറത്ത് പോയി എന്ന് ചോദിച്ചവരില്‍ നിന്ന് ഇവരിലേയ്ക്ക് എത്ര ദൂരമാണുള്ളത്.

‘നടികള്‍ ഒറ്റക്ക് യാത്ര ചെയ്യുന്നത് നിര്‍ത്തുക’ എന്ന ചരിത്രപരവും പുരോഗമനപരവുമായ അഭിപ്രായം മുന്നോട്ടുവെച്ച ‘അമ്മ’ എന്ന ‘കലാകാരന്മാരുടെ’ സംഘടനയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല !!!’ എന്നായിരുന്നു ഫേസ്ബുക്കില്‍ സംവിധായകന്‍ ആഷിഖ് അബുവിന്റെ പരിഹാസം. അമ്മയുടെ നിര്‍ദ്ദേശം വേദനിപ്പിച്ചെന്ന് നടി സജിത മഠത്തില്‍ പറഞ്ഞു. അമ്മയ്‌ക്കെതിരെ ഇക്കാര്യത്തില്‍ ആഷിഖ് അബുവിനേയോ സജിത മഠത്തിലിനേയോ പോലെ ചുരുക്കം ചിലര്‍ മാത്രമാണ് വിമര്‍ശനവും പരിഹാസവുമൊക്കെയായി രംഗത്തെത്തിയത്. അഭിനേതാക്കളുടെ ഇടയില്‍ നിന്ന് സജിത മഠത്തില്‍ മാത്രമേ അമ്മയുടെ അല്‍പ്പത്തരം ചോദ്യം ചെയ്തുള്ളൂ. സജിതയാണെങ്കില്‍ ഇതുവരെ അമ്മയില്‍ അംഗമായിട്ടില്ല. അമ്മയിലെ വനിതാ അംഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു അഭിപ്രായവുമില്ല എന്ന കാര്യത്തില്‍ അദ്ഭുതപ്പെടാനില്ല. അവര്‍ക്ക് ഈ വിഷയത്തില്‍ മാത്രമല്ല ഒരു വിഷയത്തിലും ഇന്നേവരെ അഭിപ്രായമുണ്ടായിരുന്നില്ല. അമ്മ എന്ന സംഘടനയിലെ ഭാരവാഹികളായി ഒരു വനിത പോലും ഇന്നേവരെ വന്നിട്ടില്ല. പൊതുപ്രശ്‌നങ്ങള്‍ പോയിട്ട് അവര്‍ ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങളില്‍ പോലും പ്രതികരിക്കാറുമില്ല. അതവരുടെ വ്യക്തിപരമായ കാര്യം. അവരുടെ സ്വാതന്ത്ര്യം. പക്ഷെ ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം തങ്ങളുടെ സംഘടനാ നേതൃത്വത്തില്‍ നിന്ന് വരുമ്പോള്‍ അത് ചോദ്യം ചെയ്യാനുള്ള ബോധമുള്ള ഒരാളും ഇവരുടെ കൂട്ടത്തിലില്ല എന്നതാണ് ശ്രദ്ധേയം.

തിലകനടക്കമുള്ള കലാകാരന്മാരോട് ചെയ്ത ദ്രോഹം വച്ച് നോക്കുമ്പോള്‍ നടന്മാരെ വിലക്കാനും ഒതുക്കാനും മാത്രം കരുത്തുള്ള, ഈ ജനാധിപത്യ വിരുദ്ധ കോമാളി സംഘടന എന്നേ പിരിച്ച് വിടേണ്ടതായിരുന്നു. വിവേകവും ബോധവുമുള്ള ആളുകള്‍ ഈ സംഘടനയ്ക്കകത്തുണ്ടെങ്കില്‍ പോലും ഒരു സംഘടന എന്ന നിലയില്‍ നോക്കുമ്പോള്‍ ഇത് വെറും മാലിന്യമാണ്. അമ്മയുടെ പ്രധാന നേതാക്കന്മാരിലൊരാളായ നടനും എംഎല്‍എയും മുന്‍ മന്ത്രിയുമായ ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം സംസാരിച്ചത് മലയാള സിനിമയുടെ മാഫിയ ബന്ധങ്ങളെക്കുറിച്ചാണ്. ബോളിവുഡിന് മുംബയ് അധോലോകവുമായി ഉണ്ടെന്ന് ആരോപിക്കപ്പെടുന്നത് പോലെയുള്ള ബന്ധം കൊച്ചിയിലെ അധോലോകവുമായി മലയാള സിനിമയ്ക്കുണ്ടായിട്ടുണ്ടെന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്. മാത്രമല്ല ചില യുവസംവിധായകര്‍ക്കിടയില്‍ കഞ്ചാവ്, ലഹരി മരുന്ന ഉപയോഗവും ഇതുമായി ബന്ധപ്പെട്ട് മാഫിയാ പ്രവര്‍ത്തനങ്ങളും ശക്തമാണെന്ന് ഗണേഷ് അഭിപ്രായപ്പെട്ടു. പഴയകാലത്തെ സിനിമാക്കാരൊക്കെ പുണ്യപ്രവൃത്തികള്‍ മാത്രം ചെയ്തിരുന്ന വിശുദ്ധന്മാരായിരുന്നോ എന്ന കാര്യം അറിയാന്‍ മലയാള സിനിമയുടെ ചരിത്രം പരിശോധിക്കേണ്ടി വരും. തല്‍ക്കാലം അതവിടിരിക്കട്ടെ.

കൊച്ചിയില്‍ നടന്ന ഐക്യദാര്‍ഢ്യ പരിപാടിയില്‍ യാഥാര്‍ത്ഥ്യബോധത്തോടെ സംസാരിച്ചത് മഞ്ജു വാര്യര്‍ മാത്രമായിരിന്നു. ഈ സംഭവത്തിന് പിന്നിലെ ക്രിമിനല്‍ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണം എന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അത് തന്നെയാണ് ഇതിലെ പ്രശ്‌നവും. മറ്റുള്ളവരെല്ലാം പൗരുഷം, മാനാഭിമാനം, ഡെറ്റോള്‍, കരുത്ത്, കഠിനമായ ശിക്ഷ, ശക്തമായ നിയമം, ഇനിയാര്‍ക്കും സംഭവിക്കാതിരിക്കെട്ടെ എന്ന ലൈനിലുള്ള തൊലിപ്പുറത്തെ വികാര പ്രകടനമാണ് നടത്തിയത്. ഈ കേസില്‍ ക്രിമിനല്‍ ഗൂഢാലോചന സത്യമാണല്ലോ. അപ്പോള്‍ അത് ആരാണ് നടത്തിയത് എന്ന് അന്വേഷിക്കേണ്ടി വരും. അങ്ങനെയൊരു അന്വേഷണം നടക്കുകയാണെങ്കില്‍ അതിനെ ഭയപ്പെടുന്നത് എന്തിനാണ്. ആദ്യം പ്രമുഖ നടനാണ് പിന്നിലെന്നും പിന്നെ പ്രമുഖ നടിയാണ് പിന്നിലെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഇതിനിടയില്‍ ഒരു സംഘടന ഉണ്ടാക്കിയതിന്‍റെ പേരിലാണ് തന്നെ ചിലര്‍ ക്രൂശിക്കുന്നതെന്നാണ് ദിലീപിന്‍റെ ആരോപണം.

ഇപ്പോള്‍ ഈ കേസുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കരുത് എന്ന നിര്‍ദ്ദേശവും ഫിലിം ചേംബര്‍ നല്‍കിയിട്ടുണ്ട്. ഇതോടെ സിനിമ മേഖലയില്‍ നിന്നുള്ളവര്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. മാദ്ധ്യമങ്ങളില്‍ നിന്ന് മറച്ച് വയ്‌ക്കേണ്ട എന്ത് രഹസ്യമാണ് ഇവര്‍ക്ക് ഈ കേസുമായി ബന്ധപ്പെട്ടുള്ളത്. ആരെയാണ് ഇവര്‍ ഭയപ്പെടുന്നത്. ആരെയെങ്കിലും രക്ഷിക്കാന്‍ ഇവര്‍ പല മാദ്ധ്യമങ്ങളും പല ഘട്ടത്തിലും വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ നല്‍കുകയും തെറ്റായ പ്രചാരണങ്ങളിലൂടെയും ആരോപണങ്ങളിലൂടെയും വ്യക്തിഹത്യ നടത്താനുമെല്ലാം ശ്രമിക്കാറുണ്ട്. അതിനെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്. അത് ചെയ്യാതെ ഇത്തരമൊരു നിര്‍ദ്ദേശം നല്‍കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്താണ്. അത് തീര്‍ച്ചയായും സംശയകരമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍