UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബംഗാള്‍: മാറ്റങ്ങളിലേക്ക് നയിച്ച സംഭവങ്ങളുടെ ഓര്‍മ്മകള്‍

Avatar

പല്ലബി ബോസ്

സജീവ ബ്ലോഗറും ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ വിമണ്‍സ് സ്റ്റഡീസ് വിഭാഗം പ്രൊഫസറുമായ സോമ മരിക് സോഷ്യല്‍ മീഡിയയില്‍ ഒരു ചോദ്യമുന്നയിച്ചു. ‘എല്ലാ ബലാല്‍സംഗങ്ങളേയും ഒരേപോലെ കാണാത്തത് എന്തുകൊണ്ടാണ്?  നഗരപ്രാന്തത്തില്‍ ഒരു യുവതി ബലാല്‍സംഗത്തിനിരയാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്താല്‍ അത് അത്ര അമ്പരിപ്പിക്കുന്നതല്ല. പൊതുജന ശ്രദ്ധയ്ക്കും രോഷപ്രകടനങ്ങള്‍ക്കും വേഗത്തില്‍ കാരണമാകുന്നുമില്ല. ബറാസത്തില്‍ ഒരു യുവതി പീഡിപ്പിക്കപ്പെടുന്നതിനേക്കാള്‍ ദല്‍ഹിയിലെ പീഡനം നമ്മെ ഇളക്കിമറിക്കുന്നു’

ഇത്തരം ചോദ്യങ്ങള്‍ നമ്മുടെ സ്വത്വത്തെ തന്നെ ചോദ്യം ചെയ്യുന്നു. ‘ഒരു സ്ത്രീയുടെ ജീവിതവും അന്തസ്സും നീതി എന്ന അവകാശവും അവര്‍ എവിടെ നിന്നു വരുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണോ നിര്‍ണയിക്കപ്പെടുന്നത്?’ ഇന്ത്യയിലെ രാഷ്ട്രീയ, നീതിന്യായ സംവിധാനങ്ങള്‍ പറയുന്നത് ഒരു സ്ത്രീക്ക് അല്ലെങ്കില്‍ ഏതൊരു വ്യക്തിക്കും നീതിക്കായി പൊലീസില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ സഹായം തേടാന്‍ പൂര്‍ണ അവകാശമുണ്ടെന്നാണ്. എന്നാല്‍ പലപ്പോഴും ഒരു ഇര നീതി ആവശ്യപ്പെടുമ്പോഴെല്ലാം മറുപടിയായി സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നവരില്‍ നിന്ന് വിവാദപരമായ പ്രതികരണങ്ങളാണ് ഉണ്ടായിട്ടുള്ളത് എന്നതിന് ചരിത്രം സാക്ഷിയാണ്.

സിപിഎമ്മിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട  മൂന്ന് പതിറ്റാണ്ടു കാലത്തെ ഭരണ കാലയളവില്‍ ഇത്തരത്തില്‍ പല വിവാദങ്ങളും അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഓപ്പറേഷന്‍ ബര്‍ഗയ്ക്കും ഭൂപരിഷ്‌കരണ നിയമത്തിനും ലഭിച്ച തൊഴിലാളി യൂണിയനുകളുടേയും കര്‍ഷകരുടേയും ഉറച്ച പിന്തുണ കമ്മ്യൂണിസ്റ്റുകളെ ഭരണം നിലനില്‍ത്താന്‍ സഹായിച്ചു. എന്നിട്ടും വാദപ്രതിവാദങ്ങളുടെ കൊടുങ്കാറ്റ് അവരെ വിട്ടൊഴിഞ്ഞില്ല. അത് ഒടുവില്‍ 2011 നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്ക് വഴിയൊരുക്കുകയും ചെയ്തു.

ബംഗാളിലെ സിപിഎം സര്‍ക്കാരിന്റെ പരമ്പരാഗത ജീവരക്ഷകനായി അറിയപ്പെട്ട മുഖ്യമന്ത്രി ജ്യോതി ബസു പോലും തന്റെ പ്രസ്താവനകളുടെ പേരില്‍ പല വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. 1990-കളില്‍ ആരോഗ്യ വകുപ്പിലെ രണ്ട് ഓഫീസര്‍മാരും യുനിസെഫിലെ ഒരു ഓഫീസറും ഒരു സംഘം ആക്രമികളാല്‍ കൊല്‍ക്കത്തയിലെ ബന്‍ടാലയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടപ്പോള്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വളരെ വ്യക്തമാണെന്നു ചൂണ്ടിക്കാട്ടി ബസു അതിനെ പ്രാധാന്യം കുറച്ചു കണ്ടത് വിവാദമായിരുന്നു.

വര്‍ധിച്ചു വരുന്ന സാമ്പത്തിക കുംഭകോണങ്ങളും മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലെ പരാജയവും വ്യവസായികവല്‍ക്കരണത്തിനു വേണ്ടി കൃഷിഭൂമി അന്യായമായി ഏറ്റെടുത്തതും പെണ്‍കുട്ടികള്‍ വ്യാപകമായി ബലാല്‍സംഗത്തിനിരയാക്കപ്പെട്ട് ക്രൂരമായി കൊലചെയ്യപ്പെട്ടതുമെല്ലാം ഭരണകക്ഷിക്കെതിരായ രോഷവും അവിശ്വാസവും വളരാന്‍ ഒരു ഇന്ധനമായി മാറി. ഇതിലൊരു സംഭവമായിരുന്നു, ടാറ്റ മോട്ടോഴ്‌സിന്റെ വിലകുറഞ്ഞ കാറിന്റെ നിര്‍ദിഷ്ട ഉല്‍പ്പാദന കേന്ദ്രത്തിന്റെ മതിലിനടുത്ത് അര്‍ദ്ധ നഗ്നയായ ഒരു പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കാണപ്പെട്ടത്. ബഹുജന രോഷം ആളിക്കത്താന്‍ ഇടയാക്കിയ ഒരു സംഭവമായിരുന്നു ഇത്. ഹൂഗ്ലി ജില്ലയിലെ സിംഗൂരിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നുള്ള തപസി മാലിക് ആണ് ഈ ക്രൂരകൃത്യത്തിനരയായ പെണ്‍കുട്ടിയെന്നും സിംഗൂര്‍ കര്‍ഷകഭൂമി സംരക്ഷണ സമിതിയുടെ സമരങ്ങളിലും സിപിഎം-പൊലീസ്-കോര്‍പറേറ്റ് രാജിനുമെതിരെ ശക്തമായി നിലകൊണ്ടിരുന്ന പ്രവര്‍ത്തകയായിരുന്നു ഇവരെന്നും പിന്നീട് തെളിഞ്ഞു. 2006 ഡിസംബര്‍ എട്ടിന് സിപിഎം ഗുണ്ടകളെന്ന് ആരോപിക്കപ്പെടുന്നവരും പൊലീസും ചേര്‍ന്നാണ് തപസിയെ സുരക്ഷിത ഇടത്തെത്തിച്ചതെന്നും പിന്നീട് കൂട്ടബലാല്‍സംഗത്തിനിരയാക്കി തെളിവു നശിപ്പിക്കാന്‍ ചുട്ടെരിക്കുകയുമായിരുന്നെന്നും വ്യക്തമായി. ഈ കേസ് വേഗത്തില്‍ തന്നെ സിബിഐക്കു കൈമാറിയെങ്കിലും സംഭവം സര്‍ക്കാര്‍ നേതാക്കള്‍ നടത്തിയ ദുരഭിമാനക്കൊലയായി മുദ്രകുത്തപ്പെട്ടു. പിന്നീട് തപസിയുടെ മൃതദേഹത്തില്‍ കണ്ട പുറത്തേക്കു തള്ളിയ നാവും പ്രദേശത്ത് ചിതറിക്കിടന്ന തലമുടിയും അടിവസ്ത്രങ്ങളും കണങ്കാലിലെ ആഴത്തിലുള്ള മുറിവും കൊലയ്ക്കു മുമ്പായി കടുത്ത മര്‍ദ്ദനവും നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു.

കൊല്‍ക്കത്തയിലെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് അധ്യാപകനായ റിസ്വാനുര്‍ റഹ്മാന്റെ അസാധാരണ മരണവും സമാനമായിരുന്നു. വ്യവസായിയായ അശോക് ടോഡിയുടെ മകളെ അവരുടെ കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹം ചെയ്തതായിരുന്നു റഹ്മാന്റെ തെറ്റ്. ഇതിനു പിന്നിലെ സര്‍ക്കാര്‍ ബന്ധവും വെളിച്ചത്തായി. കേസ് അന്വേഷിച്ച ഓഫീസര്‍ അരിന്ദം മന്നയെ പിന്നീട് റെയില്‍വേ ട്രാക്കില്‍ മരിച്ചു കിടക്കുന്നതായി കാണപ്പെടുകയുണ്ടായി. വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍ പൊതുജനവും കേസും നിശബ്ദരാകുകയും ഇതൊരു ആത്മഹത്യയായി പ്രഖ്യാപിക്കുകയും ചെയ്തു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വര്‍ധനയും പരിഹരിക്കപ്പെടാത്ത കേസുകളും പ്രത്യയശാസ്ത്ര ഭിന്നതകളും രാഷ്ട്രീയ സഖ്യങ്ങളുടെ കാര്യത്തില്‍ തീര്‍ത്തും വിരുദ്ധമായ കാഴ്ചപ്പാടുകളുമെല്ലാം ചേര്‍ന്ന് സിപിഎമ്മിന്റെ തകര്‍ച്ചയ്ക്കു വിത്തു പാകി. നിരവധി ബുദ്ധിജീവികളും മഹേശ്വേതാ ദേവി, കബിര്‍ സുമന്‍ എന്നിവരെ പോലുള്ള എഴുത്തുകാരും കവികളും പൊതുജനത്തോടൊപ്പം തെരുവിലിറങ്ങുകയും സിപിഎമ്മിനും സര്‍ക്കാരിനുമെതിരായ അവരുടെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. പ്രസിഡന്‍സി, ജാദവ്പൂര്‍ പോലുള്ള പ്രശസ്ത കലാലയങ്ങളിലെ വിദ്യാര്‍ത്ഥി യൂണിയനുകളും ഇവര്‍ക്കൊപ്പം ചേര്‍ന്നു.

രാഷ്ട്രീയ താളപ്പിഴകളുടേയും ഭരണപരമായ കലഹങ്ങളുടേയും ഈ കാലത്താണ് മമത ബാനര്‍ജി തന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസുമായി രംഗത്തു വന്നത്. ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയ സിപിഎം ഭരണകൂടത്തെ താഴെയിറക്കാന്‍ സഹായിക്കുന്നതില്‍ അവര്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തു. കാലം മാറിയപ്പോള്‍ സിപിഎം വീണ്ടും അധികാരത്തിനും സീറ്റിനും വേണ്ടിയുള്ള യുദ്ധത്തില്‍ കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി.

എങ്കിലും സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഇപ്പോഴും തര്‍ക്കവിഷയമായി തുടരുന്നു. ഏറെ വികസിച്ച മെട്രോ നഗരങ്ങളോ ചെറുപട്ടണങ്ങളോ ഗ്രാമങ്ങളോ ആയാലും, ഏത് പാര്‍ട്ടി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരുന്നാലും നീതിക്കു വേണ്ടിയുള്ള ഇരകളുടെ പോരാട്ടം സ്ത്രീ പുരുഷഭേദമന്യേ തുടരുകയാണ്.

(പശ്ചിമ ബംഗാള്‍ സ്വദേശിയും മാധ്യമപ്രവര്‍ത്തകയുമാണ്‌ പല്ലബി)

അഴിമുഖം പ്രസിദ്ധീകരിച്ച പല്ലബിയുടെ മുന്‍ലേഖനം 

ബംഗാള്‍: സി.പി.ഐ-എം ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കും?


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍