UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങളാരെയാണ് മാറ്റിനിര്‍ത്തുന്നത്- ഒരു ഡൌണ്‍ ടൌണ്‍ ആരാധികയുടെ കുറിപ്പ്

Avatar

സുധ കെ.എഫ്

ഇപ്പോള്‍ “കുപ്രസിദ്ധമായ” ഡൌണ്‍ടൌണ്‍ റെസ്റ്റോറന്റ് എന്റെ കോഴിക്കോട്ടുള്ള വീട്ടില്‍ നിന്ന് അഞ്ചുമിനുട്ട് ദൂരത്താണ്. എന്റെ സ്കൂള്‍ പഠനകാലത്ത് ആ സ്ഥലം ഒരു പഴയ വര്‍ക്ക്ഷോപ്പായിരുന്നു. ഉന്നത പഠനത്തിനായി നാട്ടില്‍ നിന്നും ഞാന്‍ പുറത്തുപോയ കാലത്താണ് അവിടെ റെസ്റ്റോറന്റ് വരുന്നത്. കാഴ്ചയ്ക്ക് ഭംഗിയുള്ള, ഗ്ലാസ് ഭിത്തിയുള്ള ഈ റെസ്റ്റോറന്റ്/കോഫീഷോപ്പ് എന്റെ വീടിനരികില്‍ കണ്ടു ഞാന്‍ സന്തോഷിച്ചതോര്‍ക്കുന്നു. ഇതിനുമുന്‍പ് ഇതേ സ്ഥലത്ത് ചില കടകളൊക്കെ തുറന്നിരുന്നെങ്കിലും അവയൊക്കെ നഷ്ടം വന്നു വേഗം പൂട്ടിപ്പോയി. എന്നാല്‍ ഒരു വൈകുന്നേരം തിരക്കുള്ള ഈ റെസ്റ്റോറന്റ് കടന്നുപോയപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഇവിടെ ഡിന്നറിനൊക്കെ നല്ല തിരക്കാണ്, ഇത് അത്രവേഗം പൂട്ടിപ്പോകില്ല. എന്നിട്ടും അവിടം എനിക്ക് അപരിചിതമായിരുന്നു.

 

കുറെ കാലം കഴിഞ്ഞ് കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ എന്റെ നാട്ടില്‍ കുറച്ചധികം സമയം ചെലവഴിക്കാനിടയായി. ആ സമയത്ത് എന്റെ രണ്ടു സ്കൂള്‍കാലസുഹൃത്തുക്കളും നാട്ടിലുണ്ടായിരുന്നു. ബീച്ച് കഴിഞ്ഞാല്‍ ഞങ്ങളുടെ കൊച്ചുവര്‍ത്തമാനങ്ങളുടെ പ്രധാനസ്ഥലം ഡൌണ്‍ ടൌണ്‍ ആയി എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. കാപ്പിയും ജൂസും മില്‍ക്ക്ഷെയ്ക്കും കഴിഞ്ഞ് ചില വൈകുന്നേരകുശലം പറച്ചില്‍ അത്താഴം വരെ നീണ്ടതിന്റെ നല്ല ഓര്‍മ്മകള്‍ എനിക്കുണ്ട്. മൂന്നു പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതരായി നല്ലഭക്ഷണവും നല്ല ആളുകളും ഉള്ള ഒരിടത്ത് നേരം വൈകിയും ഇരിക്കാന്‍ കഴിയുന്നത് ഒരു അനുഗ്രഹം തന്നെയായിരുന്നു. ഞങ്ങളുടെ പ്രായത്തിലുള്ള യുവാക്കളും യുവതികളും അവിടെയുണ്ടായിരുന്നു. ചെറിയ കുട്ടികളുമായി എത്തിയ കുടുംബങ്ങളും. എട്ടുമണിയാകുമ്പോള്‍ നിറയുന്ന അവിടെ ചിലപ്പോഴൊക്കെ ഒരു സീറ്റ് കിട്ടാന്‍ കാത്തുനില്‍ക്കേണ്ടിവന്നിട്ടുണ്ട്. മികച്ച സര്‍വീസ് ആണ് ഡൌണ്‍ ടൌണിലേത്. കൂടുതല്‍ പണമില്ലാതെ തന്നെ എക്സ്ട്രാ ഭക്ഷണം, ഭക്ഷണത്തില്‍ ആവശ്യപ്പെടുന്ന ചെറിയ ചെറിയ മാറ്റങ്ങള്‍ ഒക്കെ ഡൌണ്‍ ടൌണ്‍ സന്തോഷത്തോടെ ചെയ്തു.

 

 

റെസ്റ്റോറന്റ് നടത്തുന്ന ചെറുപ്പക്കാര്‍ ഞങ്ങളുടെ നല്ല സുഹൃത്തുക്കളായി മാറി. അവര്‍ ഇടയ്ക്കിടെ സംസാരിക്കാനെത്തി, എങ്ങനെ അവരുടെ പേസ്ട്രികള്‍ മെച്ചപ്പെടുത്താം എന്നുതുടങ്ങി ബിസിനസിന്റെ രസകരമായ സംഭവങ്ങള്‍ വരെ ചര്‍ച്ച ചെയ്തു. നടത്തിപ്പുകാരിലൊരാള്‍ ഞങ്ങളുടെ ഓര്‍ഡര്‍ എടുക്കാന്‍ വന്നപ്പോള്‍ നടത്തിയ സംഭാഷണം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. തിരുവനന്തപുറം ടെക്നോപാര്‍ക്കിലെ എന്‍ജിനീയര്‍ ജോലി ഉപേക്ഷിച്ച് സ്വന്തം ഇഷ്ടത്തിനുള്ള രസകരമായ ജോലി തെരഞ്ഞെടുത്ത കഥയാണ് അയാള്‍ പറഞ്ഞത്.

 

ഞാനും ഒരു സുഹൃത്തും ഒരിക്കല്‍ റെസ്റ്റോറന്റില്‍ നടന്നുകയറിയപ്പോള്‍ എത്തിയത് ഒരു മ്യൂസിക് വീഡിയോ ലോഞ്ചിന്‍റെ നടുവിലേയ്ക്കാണ്. ആള്‍ത്തിരക്കില്‍ നിന്ന് പുറത്തുപോകാനാണ് ആദ്യം തോന്നിയതെങ്കിലും ആ വീഡിയോ കുറച്ചു ചെറുപ്പക്കാര്‍ നിര്‍മ്മിച്ചതാണെന്നും അതിനു പണം മുടക്കിയത് ഡൌണ്‍ ടൌണ്‍ ആണെന്നും മനസിലായപ്പോള്‍ അവിടെ തങ്ങി. ആഘോഷത്തിന്റെ ഭാഗമായി ഞങ്ങള്‍ക്കെല്ലാം സ്പെഷ്യല്‍ രസികന്‍ ഡൌണ്‍ ടൌണ്‍ മില്‍ക്ക്ഷെയ്ക്കും കിട്ടി!

 

കൂട്ടുകാര്‍ എന്നെ ആദ്യം അവിടെ കൊണ്ട്പോയതും അവിടുത്തെ നല്ല ഭക്ഷണത്തെപ്പറ്റിയും ഒന്നാന്തരം സര്‍വീസിനെപ്പറ്റിയും പറഞ്ഞതോര്‍ക്കുന്നു. പല ദിവസങ്ങള്‍ ഞാന്‍ അവിടെ വര്‍ത്തമാനം പറഞ്ഞും ചിലപ്പോഴൊക്കെ എഴുതിയും ഇരുന്നിട്ടുണ്ട്. എന്റെ കോഴിക്കോട് താമസക്കാലത്തെ കുറെ നല്ല ഓര്‍മ്മകള്‍ അവിടെയാണ്.

 

 

ഓഫീസില്‍ നിന്ന് തിരിച്ചുവരുംവഴി പൊളിഞ്ഞ ജനാലച്ചില്ലുകളും പോലീസും ആള്‍ത്തിരക്കും കണ്ട അച്ഛനാണ്  എന്നെ വിളിച്ച് വിവരം പറഞ്ഞത്. യുവമോര്‍ച്ചക്കാര്‍ ഡൌണ്‍ടൌണ്‍ തകര്‍ത്ത വിവരം നടുക്കത്തോടെയാണ് ഞാന്‍ കേട്ടത്. ബാംഗ്ലൂരിലും മാംഗ്ലൂരിരും ശ്രീരാം സേന നടത്തിയ ആക്രമണങ്ങളുടെ ഒരു റിപ്പീറ്റ് ടെലിക്കാസ്റ്റ് പോലെയാണ് എനിക്ക് തോന്നിയത്. കേരളത്തില്‍ പൊതുവിടങ്ങളായ ബീച്ചുകളിലും പാര്‍ക്കുകളിലുമൊക്കെ സംഭവിക്കുന്ന സദാചാരപോലീസിങ്ങിന്‍റെ ഒരു തുടര്‍ച്ച മാത്രമാണിത്. ഇതിന്റെ പല മോശം രൂപങ്ങളും കണ്ടിട്ടുള്ള ഞങ്ങളില്‍ പലര്‍ക്കും ഇതൊരു പുതിയ വാര്‍ത്തയല്ല.

 

മണിക്കൂറുകളോളം പല മലയാളം ന്യൂസ് ചാനലുകളും കണ്ടപോള്‍ പലരും യുവമോര്‍ച്ചയുടെ പ്രവര്‍ത്തികളെ അനുകൂലിക്കുന്നതും ചിലരൊക്കെ മൌനം പാലിക്കുന്നതും കണ്ടു. യുവാക്കള്‍ ഉമ്മവയ്ക്കുന്നതും കെട്ടിപ്പിടിക്കുന്നതും ചായ കുടിക്കുന്നതും തോള്‍ ചേര്‍ന്നിരിക്കുന്നതും ചാനലുകള്‍ തുടരെത്തുടരെ കാണിക്കുന്നത് കണ്ടാല്‍ തോന്നും കേരളസമൂഹം പ്രേമത്തെയും പ്രേമപ്രകടനത്തെയും ഒക്കെ ആദ്യമായി കാണുകയാണെന്ന്. തുടര്‍ന്നുവരാന്‍ പോകുന്ന ചര്‍ച്ചകള്‍ എങ്ങനെ പുരോഗമിക്കുമെന്നത് ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. ഈ വഴി പരിചയമുള്ളതാണ്, വഴുക്കലുള്ള വഴി. ഈ ചര്‍ച്ച എളുപ്പമല്ല. പല സ്വയംപ്രഖ്യാപിത “പുരോഗമന”ക്കാരും മിണ്ടാതിരിക്കുകയാണ്. യുവമോര്‍ച്ചയുടെ അക്രമത്തെ എതിര്‍ത്ത് സംസാരിച്ചവരും ചര്‍ച്ച പുരോഗമിക്കുമ്പോള്‍ പരിചിതമായ ചുവടുമാറ്റങ്ങള്‍ കൈക്കൊള്ളുമെന്നത് ഉറപ്പാണ്.

 

 

സദാചാരം എന്നത് കേരളത്തില്‍ സുവര്‍ണ്ണലിപികളിലാണ് എഴുതിവെച്ചിരിക്കുന്നത്. കൗമാരക്കാരുടെ പ്രേമമാണ് കേരളം ചങ്ങലയ്ക്കിടാന്‍ ശ്രമിക്കുന്ന ഭീകരസത്വങ്ങളില്‍ പ്രധാനപ്പെട്ടത്. ലിംഗം, ജാതി സമവാക്യങ്ങളുടെ സാമ്പ്രദായികചട്ടക്കൂടുകള്‍ക്ക് വെളിയില്‍ ‘ഇടപഴകാനുള്ള’ അവസരങ്ങള്‍ (ലവ് ജിഹാദ് ഓര്‍ക്കുക) കേരളസമൂഹത്തിന് പേടിസ്വപ്നമാണ്. അക്രമത്തെ തെരഞ്ഞെടുത്ത് മാത്രം എതിര്‍ക്കുന്നത് എത്ര കണ്ടതാണ്. അക്രമത്തെ സാധൂകരിക്കാന്‍ യുവമോര്‍ച്ചാ നേതാക്കള്‍ ഓരോ വാചകത്തിലും “അശ്ലീല”ദൃശ്യങ്ങള്‍ കുത്തിനിറയ്ക്കുമ്പോള്‍ നിശബ്ദത പടരും. നടത്തിപ്പുകാരില്‍ ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ നിന്നാകുന്ന ഈ സംരംഭം അടിച്ചുതകര്‍ത്തതിനുപിന്നിലെ ഭൂരിപക്ഷ ആശങ്കകളും കാണാതെ വിട്ടുകൂടാ.

 

ഇക്കാര്യത്തില്‍ മലയാളം ടിവി ചാനല്‍ ചര്‍ച്ചകള്‍ എല്ലാം പരിചിതമായ ഒരു വൃത്തത്തിലാണ് കിടന്നു കറങ്ങുന്നത്. ചർച്ചകൾ പലപ്പോഴും മേൽപ്പറഞ്ഞ സദാചാര വേവലാതികൾക്കൊപ്പം നിന്നുകൊണ്ട് എതിർപക്ഷം പറയുന്ന ഫെമിനിസ്റ്റിന്റെയൊ ആക്റ്റിവിസ്റ്റിന്റെയൊ വാദം പലപ്പോഴും പാർശ്വവാത്ക്കരിക്കപ്പെടുന്നു. ഒരു പെണ്‍കുട്ടിക്ക് സ്വാതന്ത്ര്യബോധത്തോടെ പൊതു ഇടത്ത് ഒരാണുമായി ഇടപഴകാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നമ്മുടെ ആ വാദം, ഭൂരിഭാഗം കാണികളുടെ ഇടയിലും അപഹാസ്യമാക്കപ്പെടുന്നുമുണ്ട്. എങ്കിലും പ്രതീക്ഷ കൈവിടുന്നില്ല. യുവാക്കളും യുവതികളും കുടുംബങ്ങളും ഈ സംഭവം നടന്ന അന്ന് തന്നെ പിന്തുണ പ്രഖ്യാപിച്ചു ഡൌണ്‍ ടൌണില്‍ എത്തിയത് സന്തോഷം തരുന്നു. അവരുടെ സാന്നിധ്യം പറയുന്നത് മതിലുകളുടെ മറവുകളിലേയ്ക്ക് തുടച്ചുനീക്കപ്പെടാനും മാറ്റിനിറുത്തപ്പെടാനും ഇതിനെ അനുവദിക്കില്ല എന്നുതന്നെയാണ്.

 

അഴിമുഖം പ്രസിദ്ധീകരിച്ച സുധയുടെ മറ്റൊരു ലേഖനം: ബഷീറിന്റെ ആഫ്റ്റര്‍ ഇഫക്റ്റ്

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍